17.1 C
New York
Wednesday, October 27, 2021
Home Literature *റാന്തൽ*-(ചെറുകഥ)-അനുപ ചെറുവട്ടത്ത്

*റാന്തൽ*-(ചെറുകഥ)-അനുപ ചെറുവട്ടത്ത്

അയാളുടെ കണ്ണുകൾ പരതലിലാണ്; മനസ്സും….
വന്നതു മുതൽ.

അടുക്കിപ്പാകി മണ്ണുമറച്ച ടൈൽസ്..വെട്ടി വെടിപ്പാക്കി നിർത്തിയ പുൽത്തകിടി..നിരയൊത്ത ചട്ടികളിൽ പേരറിയാ ചെടികളും പൂക്കളും..മിനുമിനുത്ത തറയിൽ മുഖം കാണാമെങ്കിലും അയാളുടെ മനസ്സുറച്ചില്ല…കാലുകളും.

അയാൾ തിരഞ്ഞുകൊണ്ടേയിരുന്നു…..

പൂമുഖത്ത് തലയെടുപ്പോടെ തൂങ്ങിയാടിയ ‘ഷാൻറ്ലിയർ’ വെളിച്ചം. ആവശ്യത്തിലേറെ പ്രകാശിച്ച LED കൾ..

തേച്ചു മിനുക്കിയ ചില്ലിലൂടെയെത്തിയ മഞ്ഞ വെളിച്ചത്തിൽ പഠിച്ചു പത്ത് ജയിച്ചെങ്കിലും തുടർന്ന് പഠിക്കാനാവാതെ പടികളിറങ്ങുമ്പോഴും മുനിഞ്ഞുകത്തിയ ആ റാന്തൽ..

ശീതീകരിച്ച മുറികൾ. രാജകീയമായി സോഫകൾ.
“ഡാ..സിനിമ കൊട്ടകയിലൊന്നും പോണ്ടയിപ്പോ”
ഹോമ് തിയറ്ററിൽ
അമ്മയുടെ ചിരിയോടെയുള്ള ശബ്ദം.

ആദ്യ ശമ്പളം മുഴുവനും അയക്കുമ്പോൾ കൈ വിറക്കുന്നുണ്ടായിരുന്നു.വിശപ്പോർക്കാതെ വീടിനെയോർത്തു.

വീട്ടിൽ ആദ്യമായി ബൾബ് കത്തിയെന്നറിയിച്ചെത്തിയ കത്ത്…

വീട്പൊളിച്ചപ്പോൾ  അസ്ഥിവാരമിടാൻ കൊള്ളപ്പലിശക്കാരൻ മാർവാഡിയുടെ കയ്യിൽ നിന്നും വാങ്ങിയ പലിശപ്പണം അടച്ചു തീർക്കാൻ പെട്ട പാട്…..ഇന്നതേ വീട് ,ഒന്ന് ചോദിച്ചു പോലുമില്ല.. എഴുതിക്കൊടുക്കുമ്പോൾ. അമ്മയ്ക്കും മക്കൾ ഒരുപോലെയല്ലെന്ന സത്യം.. വളക്കൂറിലേക്കുള്ള ചായവ്.

വിയർത്തതും വിശന്നിരുന്നതും ആരേയും അറിയിച്ചില്ല… ഉള്ളതിലേറെ ഊട്ടി.. എല്ലാം സ്വന്തമെന്ന വിശ്വാസം. വെറുതെയെന്ന തിരിച്ചറിവ്.

ഒന്നിനും വേണ്ടിയല്ല.. ഒന്നാണെന്ന തോന്നൽ ഇന്ന് ഒറ്റയാക്കപ്പെട്ടിരിക്കുന്നു. ഒറ്റയ്ക്ക് ഒന്നും കൂട്ടിവെച്ചില്ല….

പണ്ടത്തെ ഒറ്റമുറി വീടിന്നിരുനില മാളികയാണ്.. വിരുന്നുകാരനെപ്പോലെ ചുറ്റിക്കണ്ടു..

ആ ഷട്ടറുകളുള്ള കെൽട്രോൺ T.V സ്റ്റോർ മുറിയിലെ മാർബിൾ തട്ടിൽ പുതച്ചിരിക്കുന്നു. അച്ഛൻ്റെ പഴയ പട്ടാളപ്പെട്ടിയുമുണ്ട് കൂട്ടിന്.

അടുക്കളയിൽ മൊഞ്ചോടെ ഡബിൾ ഡോർ ഫ്രിഡ്ജിൽ പഴങ്ങളും പാനീയങ്ങളും നിറഞ്ഞ ങ്ങനെ..

ഒതുക്കുകല്ലിനോട് ചേർന്ന് ഒടിഞ്ഞ കാലും നിറമിളകിയ ദേഹവുമായി അമ്മക്കാദ്യം വാങ്ങിക്കൊടുത്ത ഫ്രിഡ്ജ്…ചായ്പ്പിൻ്റെ കോണിൽ പുല്ലളിഞ്ഞ് തുരുമ്പെടുത്ത് ഉറങ്ങിത്തൂങ്ങുന്ന കൂളർ.

അയാൾ തിരയുകയാണ്… ആറു പേർക്കും വെളിച്ചമേകിയ, ആർക്കും വേണ്ടാതായ ആ  വലിയ റാന്തലിനെ……

ഒന്നും ഒന്നല്ല…. ദേഹവും ദേഹിയും തന്നെ വേറെയല്ലെ…. ?

ആക്രിക്കാരൻ്റെ കീറിയ പഴഞ്ചാക്കിലൂടെ ആ ചില്ലു പൊട്ടിയ റാന്തൽ  അയാൾ പടിയിറങ്ങുന്നത് നോക്കിക്കണ്ടു …..!!

*(അനുപ ചെറുവട്ടത്ത്)*

COMMENTS

1 COMMENT

  1. ചിലരുടെ വിയർപ്പിന്റെ വില രക്തബന്ധങ്ങൾ പോലും കാണില്ല .അപ്പൊ അമ്മയാണെങ്കിലോ ?!തകർന്നുപോകും

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിശാഗന്ധിയോട്….. (കവിത)

പകലിനോടിന്നും പിണക്കമാണോ ...

സ്നേഹക്കൂടാരം (കവിത)

മഹാമാരി കാലത്തിന് ശേഷം നൻമയുടെ അറിവിന്റെ കലയുടെ കളിയുടെ പുതുവസന്തം തീർക്കാൻ അറിവിൻ കൂടാരങ്ങളിലേക്കെത്തുകയാണ് കുട്ടി പട്ടാളം. കളിചിരികളാലെ ഉണരുകയാണ് ക്ലാസ് മുറികളും കളിമുറ്റങ്ങളും. സ്നേഹക്കൂടാരം(കവിത) അറിവ് തേടി വന്നിടുന്നു കൂട്ടമായ് ...

ഓരോരോ ആചാരങ്ങളെ …(തങ്കം വർഗീസ്)

എന്റെ കുട്ടിക്കാലത്ത് എന്റെ അമ്മയുടെ വീട്ടിലെ ഒരു കല്ല്യാണത്തെപറ്റി ആണ് പറയുന്നത്. ഇന്നത്തെ തലമുറക്കു കേട്ടുകേൾവി പോലും ഉണ്ടാകില്ല. അമ്മ യുടെ വീട് ഒരു ഗ്രാമത്തിലാണ് അവിടെ ഞങ്ങളുടെ വല്യച്ഛൻറെ മകളുടെ വിവാഹമാണ്....

വൈക്കത്ത് സാമൂഹ്യ മാറ്റത്തിന്റെ കൊടുങ്കാറ്റുയർന്നപ്പോൾ : (കോട്ടയത്തിന്റെ സുവിശേഷം -14)

വൈക്കത്ത് സാമൂഹ്യ മാറ്റത്തിന്റെ കൊടുങ്കാറ്റുയർന്നപ്പോൾ : "ഇണ്ണയിക്ക് സായന്തിനം അഞ്ചുമണിക്ക് ബോട്ടുജെട്ടിക്ക് പക്കത്തിൽ ജാർജ് ജാസഫ് പേശുകിറാർകൾ"… ഡും.. ഡും… ഡും…. മുത്തുസാമി എന്ന ആ പാവം തമിഴൻ തന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ തകരപാട്ടയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: