17.1 C
New York
Sunday, June 13, 2021
Home Literature രാജുവും രാമുവും (കഥ )

രാജുവും രാമുവും (കഥ )

കേണൽ രമേശ്‌ രാമകൃഷ്ണൻ

രാജുവും രാമുവും കൂട്ടുകാർ ആയിരുന്നു. വളരെ അടുത്ത കൂട്ടുകാർ. ഒരാളില്ലാതെ മറ്റേയാൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ. അത്രയ്ക്ക് ഇഷ്ടമായിരുന്നു അവർക്ക് തമ്മിൽ. എന്തിന്, ഉറങ്ങുന്നത് പോലും ഒരുമിച്ച് ആയിരുന്നു. രാജു അയാളുടെ ഒരു കീറിയ വിരിപ്പിലും രാമു അയാളുടെ കൂടയ്ക്കുള്ളിലും . അതെ. രാജു ഒരു പാവപ്പെട്ട മനുഷ്യനും രാമു ഒരു വയസ്സായ മൂർഖൻ പാമ്പും.

ഏകദേശം ഇരുപത് വർഷത്തോളം പഴക്കമുള്ള ഒരു സുഹൃത്ത് ബന്ധം.
രാജുവും രാമുവും എങ്ങനെ ഇത്രയും നല്ല കൂട്ടുകാരായി എന്നറിയാൻ നമുക്ക് അവരുടെ കഴിഞ്ഞകാല ജീവിതത്തിലേക്കൊന്ന് എത്തിനോക്കാം.

രാജുവിന്റെ കുട്ടിക്കാലത്തെപ്പറ്റി അയാൾക്ക് നല്ല നിശ്ചയമില്ല. ഏതോ കുഗ്രാമത്തിൽ ആയിരുന്നു ജനനമെന്നറിയാം. അച്ഛൻ, അമ്മ എന്നിവരെക്കുറിച്ച് വലിയ ഓർമ്മകളൊന്നുമില്ല. കുറച്ചു വളർന്ന പ്രായത്തിലെ ഓർമ്മയിൽ ഏതോ കുറെ ബന്ധുക്കളുണ്ട്. എന്തിനും ഏതിനും ശകാരിക്കുകയും അടിക്കുകയും ചെയ്യുന്ന ബന്ധുക്കൾ. ഒരധികപ്പറ്റായ ജീവിതം. അവസാനം സഹികെട്ട് അവിടെനിന്നും ഓടിപ്പോയി ഒരു ലക്ഷ്യവുമില്ലാതെ.

ഏതോ ഒരു പട്ടണത്തിലെത്തി. എന്ത് ചെയ്യണമെന്നറിയാതെ അലഞ്ഞു തിരിഞ്ഞ് നടന്നു. വിശപ്പ് സഹിക്കാൻ വയ്യാതെ തലകറങ്ങി വീണപ്പോൾ ഏതോ ഒരു ഭിക്ഷക്കാരൻ താങ്ങിക്കിടത്തി. ആഹാരം കൊടുത്തു. കുറെ നാളത്തേക്ക് അവരുടെ കൂടെക്കൂടി.

കാലം കടന്നുപോയി. ഭിക്ഷക്കാരനായി ജീവിക്കുന്നത് ഒരു നാണക്കേടായി തോന്നി. അങ്ങനെ ആ പട്ടണം വിട്ടു. വേറൊരു ടൗണിൽ കൂലിപ്പണി ചെയ്ത് ജീവിക്കാൻ തുടങ്ങി. കുറെ വർഷം അങ്ങനെ ജീവിച്ചു. ഒരുദിവസം ലോറിയിൽ നിന്നും പാറ ഇറക്കുന്നതിനിടയിൽ ഒരു പാറ കാലിൽ വീണ് വലതുകാല് വല്ലാതെ ചതഞ്ഞു. കുറെ നാൾ ഗവൺമെന്റ് ആശുപത്രിയുടെ വരാന്തയിൽ കിടന്നു. ആശുപത്രിയിൽ നിന്നും കിട്ടുന്ന ആഹാരം കഴിച്ചു ജീവിച്ചു. മുറിവുണങ്ങിയപ്പോൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. പിന്നെ അവിടെ കിടക്കാൻ പറ്റില്ലെന്ന് അധികൃതർ തീർത്തും കർശനമായി പറഞ്ഞു. അങ്ങനെ വീണ്ടും രാജു കടത്തിണ്ണയിലെത്തി.

മിക്ക ദിവസവും പട്ടിണി. മുറിവുപറ്റിയ കാലുമായി ചെന്നപ്പോൾ ആരും ഒരു ജോലിയും കൊടുത്തില്ല. വീണ്ടും ഒരു ഭിക്ഷക്കാരനാകാൻ മനസ്സനുവദിച്ചില്ല.
ജീവിതം പൂർണമായും വഴി മുട്ടിയെന്ന് മനസ്സിലായി ഒരു രാത്രി ഉറങ്ങുന്നതിന് മുമ്പ് ഭഗവാനോട് അകമഴിഞ്ഞ് പ്രാർത്ഥിച്ചു.

“ഭഗവാനേ, എനിക്ക് ജീവിക്കാൻ ഒരു വഴി കാണിച്ചു തരണേ”.

ഉറക്കത്തിൽ രാജു ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ ആരോ വന്നു പറഞ്ഞു.

“നിന്റെ ജീവിതമാർഗ്ഗം നാളെ നിന്നെത്തേടിയെത്തും”

രാജു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. ചുറ്റും നോക്കി. ആരെയും കണ്ടില്ല. വീണ്ടും കിടന്നുറങ്ങി.
രാവിലെ, കാലിന്റെ വണ്ണയിൽ ഒരു തണുപ്പ് തോന്നിയപ്പോൾ ഉണർന്നു. നോക്കിയപ്പോൾ ഒരു പാമ്പിന്റെ കുഞ്ഞ് പുതപ്പിനുള്ളിലേക്ക് ഇഴഞ്ഞു കയറുന്നു. പെട്ടെന്ന് കൈകൊണ്ട് അതിനെ വലിച്ചെടുത്ത് ദൂരേയ്ക്കെറിഞ്ഞു. ആ പാമ്പ് തിരികെ ഇഴഞ്ഞു വന്നു. അടുത്ത് കിടന്ന ഒരു തടിയുടെ കഷണം കൊണ്ട് അതിനെ വീണ്ടും ദൂരേക്ക് മാറ്റി. വീണ്ടും ആ പാമ്പിന്റെ കുഞ്ഞ് അടുത്തേക്ക് ഇഴഞ്ഞു വന്നു. ആക്രമിക്കാൻ വരുന്നതല്ലെന്ന് ലക്ഷണത്തിൽ നിന്നും മനസ്സിലായി. പാമ്പ് ചെറിയ പത്തിയുയർത്തി അങ്ങനെ തന്നെ നിന്നു. പെട്ടെന്ന് രാജു രാത്രിയിൽ കണ്ട സ്വപ്നം ഓർത്തു. എന്തോ , മനസ്സു പറഞ്ഞു

“നിന്റെ ജീവിതമാർഗ്ഗം. നിന്നെത്തേടിയെത്തിയിരിക്കുന്നു.”

രാജു പതിയെ പാമ്പിന്റെ അടുത്തേക്ക് നീങ്ങി. അതിന്റെ നേരെ കൈനീട്ടി. പാമ്പ് പത്തി താഴ്ത്തി. എന്തും വരട്ടെ എന്ന് ചിന്തിച്ചകൊണ്ട് രാജു പാമ്പിന്റെ പുറത്ത് തലോടി. ഒരു കൊച്ചു കുട്ടിയെ പോലെ പാമ്പ് രാജുവിന്റെ അടുത്തേക്ക് ഇഴഞ്ഞു വന്നു. രാജു പാമ്പിനെ പതിയെ കയ്യിലെടുത്തു. ഏതോ ഒരാത്മബന്ധം അയാൾ അനുഭവപ്പെട്ടു. തന്റെ സ്വന്തം കുഞ്ഞിനെപ്പോലെ ആ പാമ്പിന്റെ കുഞ്ഞിനെ മാറോടണച്ചു.

രാജു തന്റെ പാമ്പിന്റെ കുഞ്ഞിന് ഒരു പേരിട്ടു “ രാമു”.

രാമുവിന് വിശക്കുമ്പോൾ എന്ത് കൊടുക്കണം എന്നറിയാതെ വിഷമിച്ചിരുന്ന സമയം ഒരു എലിക്കുഞ്ഞ് അതുവഴി ഓടിപ്പോയി. രാജു ആ എലിക്കുഞ്ഞിനെപ്പിടിച്ച് രാമുവിന്റെ മുന്നിലേക്കെറിഞ്ഞു. രാമു അതിനെ പിടിച്ചു വിഴുങ്ങാൻ തുടങ്ങി. രാമുവിനെ വളർത്താനുള്ള മാർഗ്ഗം രാജുവിന്റെ മുന്നിൽ തെളിഞ്ഞു. അങ്ങനെ ചെറിയ എലികളെയും തവളക്കുഞ്ഞുങ്ങളെയും ഒക്കെ പിടിച്ചു കൊടുത്ത് രാമുവിനെ അയാൾ വളർത്തി. ഒരു പാമ്പിന്റെ കുഞ്ഞിനെ വളർത്താൻ പാടുപെടുന്ന രാജുവിനോട് അനുകമ്പ തോന്നി ആളുകൾ ആഹാരവും പൈസയും ഒക്കെ രാജുവിന് കൊടുക്കാൻ തുടങ്ങി. രാജുവിന്റെയും രാമുവിന്റെയും ജീവിതം അങ്ങനെ മുന്നോട്ട് നീങ്ങി.

കുറെ നാൾ അങ്ങനെ കഴിഞ്ഞു പോയി.
ഒരുദിവസം രാമുവിനെയും കയ്യിൽ പിടിച്ചു കൊണ്ട് റോഡരികിൽ ഇരിക്കുന്ന രാജുവിന്റെ അടുത്തേക്ക് ഒരു വയസ്സായ പാമ്പാട്ടി നടന്നു വന്നു. അയാൾ ചോദിച്ചു

“ നിനക്കറിയാമോ ഏത് പാമ്പിനെയാ നീ പിടിച്ചിരിക്കുന്നതെന്ന് “

രാജു കൈമലർത്തിക്കാണിച്ചു.
ആ പാമ്പാട്ടി പറഞ്ഞു.

“ ഇത് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പാണ്. ആരെയെങ്കിലും കടിച്ചാൽ അയാൾ പെട്ടെന്ന് തന്നെ മരിക്കും. വളർത്താനാണെങ്കിൽ അതിന്റെ വിഷപ്പല്ല് പിഴുത് കളയണം”.

മുഖലക്ഷണത്തിൽനിന്നും രാജു ആകെ വിരണ്ടിരിക്കുകയാണെന്നു മനസ്സിലാക്കിയ പാമ്പാട്ടി പറഞ്ഞു.

“ വിഷമിക്കണ്ട, ഞാൻ ശരിയാക്കി തരാം”.

അയാൾ തന്റെ സഞ്ചിയിൽ നിന്നും റബ്ബർ കൊണ്ട് വായ മൂടിക്കെട്ടിയ ഒരു കുപ്പിയും കൊടിൽ പോലത്തെ ഒരു സാധനവും എടുത്തു. വളരെ ലാഘവത്തോടെ പാമ്പിനെ കയ്യിലെടുത്തു. എന്നിട്ട് ആദ്യം പാമ്പിന്റെ വായ് തുറന്ന് അതിന്റെ വിഷം കുപ്പിയിലെടുത്തു. പിന്നീട് കൊടിൽ ഉപയോഗിച്ച് പാമ്പിന്റെ രണ്ട് വിഷപ്പല്ലുകളും പിഴുതെടുത്തു. പാമ്പിന്റെ വായിൽ നിന്നും അല്പം രക്തം വെളിയിൽ വന്നു. രാമുവിനെ രാജുവിന്റെ കയ്യിൽ കൊടുത്തു കൊണ്ട് പാമ്പാട്ടി പറഞ്ഞു

“ഇനി നീ ഇതിനെ നീ വളർത്തിക്കോ. ഇത് നിനക്കൊരു വരുമാനം തരും. എങ്ങനെയെന്ന് ഞാൻ പഠിപ്പിച്ചു തരാം.”

അങ്ങനെ പാമ്പിനെ എങ്ങനെ വളർത്തണമെന്നും, പാമ്പിന്റെ വിളയാട്ടവും, ആഹാരവും, ശീലവുമെല്ലാം പറഞ്ഞു കൊടുത്തു . ഒപ്പം ഒരു ചെറിയ കൂടയും കൊടുത്തുകൊണ്ട് പറഞ്ഞു.

“ ഈ കൂട ഇവനൊരു സമ്മാനമായി ഇരിക്കട്ടെ. കാശൊക്കെ വരുമ്പോൾ ഒരു വലിയ കൂട ഇവനുവേണ്ടി വാങ്ങിക്കൂ”

രാജുവിന്റെ കണ്ണുനിറഞ്ഞു. പാമ്പാട്ടി യുടെ കാലിൽ തൊട്ടു വന്ദിച്ചു കൊണ്ട് പറഞ്ഞു.

“ നിങ്ങളെനിക്ക് ദൈവമാണ്. പക്ഷേ നിങ്ങൾക്ക് തരാൻ എന്റെ കയ്യിൽ ഒന്നുമില്ല.”

“ ഏയ്. ഒന്നും വേണ്ട. എല്ലാം ദൈവനിശ്ചയം എന്ന് കരുതിയാൽ മതി”.

ഇത്രയും പറഞ്ഞ് തന്റെ പാമ്പുകളുടെ കൂടകളും എടുത്തു കൊണ്ട് അയാൾ പോയി.

രാജുവും രാമുവും അവരുടെ ജീവിതം ആരംഭിച്ചു. രാജു പകൽ കാലങ്ങളിൽ, റോഡരികിൽ രാമുവിനെയും അവന്റെ കഴിവുകളും പ്രദർശനം നടത്തി ജീവിച്ചു. രാത്രിയിൽ അടുത്തുള്ള വയലുകളിൽ നിന്നും തവളകളെ പിടിച്ച് രാമുവിനെ തീറ്റിച്ചു. ജീവിക്കാനുള്ള വരുമാനം അതിൽ നിന്നും കിട്ടി.

പത്തിരുപത് വർഷം ഇങ്ങനെ കടന്നു പോയി. ഗ്രാമങ്ങളും പട്ടണങ്ങളും മാറി മാറി സഞ്ചരിച്ച് അവർ രണ്ടുപേരും ജീവിതം കഴിച്ചു കൂട്ടി.

പെട്ടെന്നൊരു ദിവസം രാജുവിനെ കോവിഡ് വൈറസ് ബാധിച്ചു. ഒരു ചെറിയ പനിയായിട്ടാണ് തുടങ്ങിയത്. പിന്നെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. ആശുപത്രിയിൽ കൊണ്ടുപോകാനൊന്നും ആരുമില്ലാതെ രാമുവിന്റെ കൂടയും കെട്ടിപ്പിടിച്ച് റോഡരികിൽ കിടന്നു പുളഞ്ഞു. പാമ്പ് കൂടെയുണ്ടായിരുന്നതുകൊണ്ട് മറ്റാരും അയാളുടെ അടുത്തേക്ക് ചെന്നില്ല.

മരണം അടുത്തെത്തിയെന്ന് അറിഞ്ഞ രാജു, രാമുവിന്റെ കൂട തുറന്ന് അവനെ വെളിയിലാക്കിക്കൊണ്ട് ഇരച്ചു പറഞ്ഞു

“പോ, നീ പോയി രക്ഷപെടൂ”

രാജു മരിച്ചു വീണു. രാജുവിന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ രാമു, രാജുവിന്റെ പുറത്തു കൂടി അങ്ങോട്ടുമിങ്ങോട്ടും ഇഴഞ്ഞു.
ആരെങ്കിലും മനുഷ്യൻ രാജുവിന്റെ അടുത്തേക്ക് ചെന്നാൽ രാമു പത്തി ഉയർത്തി ചീറ്റിയങ്ങെനെ നിലക്കും . അടുത്തേക്ക് ചെല്ലാൻ എല്ലാ മനുഷ്യരും ഭയന്നു.

ഇതിനകം രാജു മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് മനസ്സിലായി. എത്രയും വേഗം ശവസംസ്കാരം നടത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമായി. പോലീസ് വന്നു, മുനിസിപ്പാലിറ്റിയിൽ നിന്നും ആളുകളെത്തി. ഫയർ സ്റ്റേഷനിൽ നിന്നും പാമ്പ് പിടിക്കാൻ വിദഗ്ദ്ധനായ ഒരാളെ കൊണ്ടുവന്നു. അയാൾ Y ആകൃതിയിൽ ഉള്ള ഒരു കമ്പുയോഗിച്ച് രാമുവിനെ പിടിച്ചു.

വളരെ പെട്ടെന്ന് തന്നെ ഒരു പ്ളാസ്റ്റിക് ഷീറ്റിട്ട് മൂടി, രാജുവിന്റെ മൃതദേഹം മുനിസിപ്പാലിറ്റി യുടെ ശവ വണ്ടിയിൽ കയറ്റി ശ്മശാനത്തിലേക്ക് നീങ്ങി.

ഒരു കുതിപ്പോടെ പിടഞ്ഞ് രാമു കയ്യിൽ നിന്നും താഴെ വീണു. ഒരു ഭ്രാന്തനെപ്പോലെ ശവം വണ്ടിയെ ലക്ഷ്യം വെച്ച് ഇഴഞ്ഞു. വണ്ടിയുടെ വേഗത കൂടുന്നതിനനുസരിച്ച് വേഗത്തിൽ രാമു ഇഴയാൻ തുടങ്ങി. റോഡിന്റെ അരികിൽ നിന്നവരൊക്കെ വഴി മാറിക്കൊടുത്തു.
ഏകദേശം ഒരു ഫർലോങ്ങ് ദൂരം രാമു ശവ വണ്ടിയുടെ പുറകിൽ റോഡിലൂടെ ഇഴഞ്ഞു കാണും . റോഡിന്റെ എതിർവശത്ത് നിന്നും പാഞ്ഞു വന്ന ഒരു ലോറിയുടെ ഡ്രൈവർ റോഡിന്റെ നടുക്കൂടെ ഇഴയുന്ന രാമുവിനെ കണ്ടില്ല.

രാമുവിന് രാജുവിന്റെ ഒപ്പമെത്താൻ അധികനേരം വേണ്ടിവന്നില്ല….

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap