കൃഷ്ണാ..,
നീയെന്നെയറിയുന്നില്ലെന്നോ..?!!
നിൻറെ ഭോഗങ്ങളുടെ അവശേഷിപ്പുകൾ
നീളെ മയങ്ങി കിടക്കും വീഥികളിലെൻറെ
മരണമില്ലാത്ത ഭക്തിയുടെ നിറം
മരവിച്ചിരിക്കുന്നതു നീയറിയുന്നില്ലെന്നോ..?
കളഭ ചുംബനങ്ങൾ തിങ്ങിയ ശീതളതയിൽ
കൊരുത്തിട്ടിരിക്കുന്നെൻറെ ഹൃദയമാല്യം
കൃഷ്ണാ.., നീ കാണുന്നില്ലെന്നോ..?
ശിശിരങ്ങൾ ഇലകൾ
കൊഴിക്കുമ്പോഴും
വസന്തങ്ങൾ പൂക്കൾ
പൊഴിക്കുമ്പോഴും
ഹേമന്തങ്ങൾ
ദീപക്കാഴ്ച്ചകളണക്കുമ്പോഴും
നിനക്കായുള്ള വർഷോത്സവങ്ങളെ
വീണ്ടും
മൺവീണയിൽ ശ്രുതി
മീട്ടിയുണർത്തുന്നീ
രാജകോകിലത്തെ നീ
കേൾക്കുന്നില്ലെന്നോ..?
എന്നിലെ മിടിപ്പ് നിലയ്ക്കാത്തതും
പുലർകാലങ്ങൾ മിഴികൾ തുറക്കുന്നതും
പകലറുതികൾ കാത്തിരിക്കുന്നതും
നീയിനിയും കവരാത്തയെൻറെ പ്രണയം
ഒരേയൊരു ചുംബനം കൊതിച്ചാണെന്ന്
ഏതു ഋതുവാണു നിന്നോടു പറയേണ്ടത്?
ഇരുൾപാതയകറ്റി നിൻറെ മടിത്തട്ടിൽ
ഇരുന്നിളംവെയിൽ കായുവാൻ,
പ്രണയമാകും നിൻറെ പൂമരത്തണലിൽ
പൊഴിയുമൊരു ഞാവൽപഴമാകുവാൻ,
പൈദാഹം കൊള്ളുമ്പോളധരങ്ങളെ
പാഥേയമാക്കി പങ്കിട്ടു നുകരുവാൻ,
പകലോനകലുമ്പോൾ വഴിമാറും നിൻറെ
പ്രണയത്തിനു കർപ്പൂരമായി തെളിയുവാൻ,
ഇരുയിളയൊരിളയായിരുളിൽ പുതയുവാൻ
ഇനിയേതു ജന്മം ഞാൻ പൂകണം നാഥ..?
സൂര്യ✍