ഓട്ടോഡ്രൈവർ ആയിരുന്നു വിനയൻ. അച്ഛൻ ഭാഗം വെച്ചപ്പോൾ കിട്ടിയ പറമ്പിൽ ഒരു കുഞ്ഞു വീടുവെച്ചാണ് വിനയനും ഭാര്യ മീരയും താമസിച്ചു പോന്നത്. കല്യാണം കഴിഞ്ഞു കുറെ വർഷത്തെ പ്രാർത്ഥനകൾക്കൊടുവിലാണ് അവർക്കു അപ്പുവിനെ കിട്ടിയത്. അതുകൊണ്ട് തന്നെ അവർ അവനെ വളരെ താലോലിച്ചായിരുന്നു വളർത്തിയത്. അപ്പു വളരും തോറും അവനിൽ സഹജീവികളോട് കരുണ നിറയുന്ന പെരുമാറ്റങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അടുത്ത വീട്ടിൽ വളർത്തി വലുതാക്കിയപ്പോൾ മക്കൾ ഉപേക്ഷിച്ചു പോയ ഒരു മുത്തശ്ശി ഉണ്ടായിരുന്നു. അപ്പുവിന് എന്തു കിട്ടിയാലും അവൻ മുത്തശ്ശിക്കും കൊണ്ടു പോയി കൊടുക്കും. അത് കാണുമ്പോൾ അപ്പുവിന്റെ അച്ഛന് വളരെ സന്തോഷം തോന്നാറുണ്ട്.
കാലം പൂവിലെ ദളങ്ങൾ പോലെ അടർന്നു വീണു കൊണ്ടിരുന്നു. അപ്പു വലുതായി. ഇപ്പോൾ അവൻ പ്ലസ് വൺ വിദ്യാർത്ഥിയാണ്. എന്നും ക്ലാസ്സിൽ ഒന്നാമൻ ആയിരുന്നു അവൻ. സ്കൂളിന് അടുത്താണ് അവന്റെ വീട്. അതിനാൽ ഉച്ചക്ക് ഉണ്ണാൻ എന്നും അവൻ വീട്ടിലെത്തും. മകൻ വരുമ്പോഴേക്കും വിനയനും ഉണ്ണാൻ വരും. ഭക്ഷണം തയ്യാറാക്കിക്കഴിഞ്ഞാൽ മീര മേശയിൽ എന്നും നാല് പ്ലേറ്റുകൾ വെക്കാറുണ്ട്. അപ്പു ആദ്യം ഒരു പ്ലേറ്റിൽ ഭക്ഷണം വിളമ്പി അടുത്ത വീട്ടിലെ മുത്തശ്ശിക്കു കൊണ്ടു പോയി കൊടുക്കും. എന്നിട്ട് തിരിച്ചു വന്നിട്ടാണ് അവൻ ഭക്ഷണം കഴിച്ചു സ്കൂളിലേക്ക് പോകാറ്. സ്കൂളിൽ ഏതെങ്കിലും കൂട്ടുകാർ ഭക്ഷണം കൊണ്ടു വന്നില്ലെന്ന് അറിഞ്ഞാൽ അവൻ അവരെയും വീട്ടിലേക്ക് കൊണ്ടു പോയി ഒരുമിച്ചു ഭക്ഷണം കഴിക്കും. എപ്പോഴും എല്ലാവരോടും പുഞ്ചിരിച്ചു മാത്രമേ അവനെ കണ്ടിട്ടുള്ളു. അവനെപ്പറ്റി അധ്യാപകരും നാട്ടുകാരും നല്ലത് മാത്രം പറയുന്നത് കേൾക്കുമ്പോൾ വിനയനും മീരക്കും അടക്കാനാവാത്ത സന്തോഷം ഉണ്ടാവാറുണ്ട്. ദൈവത്തിന്റെ വരദാനമായിട്ടായിരുന്നു അവർ അപ്പുവിനെ കണ്ടിരുന്നത്.
ആ വർഷത്തെ പിറന്നാളിന് വിനയൻ അവനൊരു സൈക്കിൾ ആയിരുന്നു സമ്മാനമായി നൽകിയിരുന്നത്. അത് അവനിൽ ഏറെ സന്തോഷം ഉണ്ടാക്കി. ഇനി ഉച്ചക്ക് നടന്നു വരേണ്ടല്ലോ. സമാധാനം ആയി എന്നവൻ പറഞ്ഞു. എന്നാൽ സൈക്കിൾ വാങ്ങിയത് മീരക്ക് ഇഷ്ടമായില്ല. സൈക്കിളിൽ കയറിയാൽ ഇവനൊരു ശ്രദ്ധയും ഉണ്ടാകില്ല. വേണ്ടായിരുന്നു അവൾ പറഞ്ഞു. അവൻ കൊച്ചു കുട്ടിയല്ലല്ലോ. അതൊക്കെ അവനറിയാം വിനയൻ മീരയെ സമധാനിപ്പിച്ചു. പിറന്നാളിന് അപ്പൂപ്പനും അമ്മൂമ്മയുമടക്കം കുറച്ചു പേർ ഉണ്ടായിരുന്നു. എന്നാൽ ഈ ആഘോഷത്തിരക്കിലും ഊണ് വിളമ്പിയപ്പോൾ അവൻ എന്നത്തേയും പോലെ ആദ്യം തന്നെ ഭക്ഷണമെടുത്തു മുത്തശ്ശിക്കു കൊണ്ടുപോയി കൊടുത്തു. തിരിച്ചു വരുമ്പോൾ ഉമ്മറത്ത് തന്നെ ദേഷ്യത്തോടെ നോക്കുന്ന അപ്പൂപ്പനെ അവൻ കണ്ടു. "എന്തിനാടാ മക്കൾക്ക് പോലും വേണ്ടാത്ത ആ തള്ളയെ നീ സ്നേഹിക്കുന്നത്. നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരെ."അപ്പൂപ്പൻ ദേഷ്യത്തോടെ ചോദിച്ചു. അതിനു മറുപടി എന്ന വണ്ണം സ്നേഹത്തോടെ ഒരു പുഞ്ചിരി സമ്മാനിച്ചു അവൻ അകത്തേക്ക് പോയി. വളരെ മനോഹരമായി എല്ലാവരും ചേർന്നു അവന്റെ പതിനേഴാം പിറന്നാൾ ആഘോഷിച്ചു.അങ്ങിനെ സ്കൂളിലേക്ക് സൈക്കിളിലുള്ള പുതിയൊരു യാത്രയുടെ സന്തോഷം അവനിൽ നിറഞ്ഞു നിന്നു.
രണ്ടു മാസത്തിനു ശേഷമുള്ള ഒരു ദിവസം. പതിവുപോലെ ഓട്ടോയുമായി വിനയൻ ഊണ് കഴിക്കാൻ വീട്ടിലേക്കു വരുകയായിരുന്നു. പതിവില്ലാതെ റോഡിൽ ഒരാൾക്കൂട്ടം. വല്ല ആക്‌സിഡന്റും ആയിരിക്കും. വിനയൻ അടുത്തെത്തിയപ്പോഴേക്കും ആളുകൾ എടുത്തു ആംബുലൻസിൽ കയറ്റുന്ന കുട്ടിയുടെ മുഖം ഒന്നേ അവൻ കണ്ടുള്ളു. ഞെട്ടിത്തരിച്ചു പോയി. തന്റെ പൊന്നുമോൻ. വിനയനെ കണ്ടതും ആളുകൾ പിടിച്ചു ആംബുലൻസിൽ കയറ്റി. രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ കുഞ്ഞു. ഈശ്വരാ.... എന്തൊരു പരീക്ഷണം.
ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അപ്പു മറ്റൊരു ലോകത്തിലേക്കുയാത്രയായിരുന്നു.
ഊണുവിളമ്പി കാത്തിരിക്കുന്ന അമ്മയെ ഒരു നോക്ക് കാണാതെ, യാത്രപറയാതെ തിടുക്കപ്പെട്ടു പോകുന്നയാത്ര.
.അച്ഛനോടും അമ്മയോടുമൊത്തു ഉച്ചക്ക് ഉണ്ണാനോ, മുത്തശ്ശിക്ക് ഭക്ഷണം കൊടുക്കാനോ തിരിച്ചെത്താത്ത അവസാന യാത്ര.
സംഗീത
മനസ്സിെനെ വല്ലാെതെ വേദനിപ്പിച്ചു ഈ എഴുത്ത്… ഇത് നമ്മുടെ ഇടയിൽ നടന്ന ഒരു കഥ പോെലെ തോന്നുന്നു എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അവിടെ ഈ എഴുത്തുകാരിയുടെ വിജയവും…..
എല്ലാവിധ നന്മകളും നേർന്നുകൊണ്ട് അഭിനന്ദങ്ങൾ സംഗീത…