17.1 C
New York
Saturday, October 16, 2021
Home Literature മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

✍സുബി വാസു, നിലമ്പൂർ

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്
ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ കൂടുതൽ ആഴങ്ങളിൽ വീണപ്പോൾ എഴുനേറ്റു. അർദ്ധരാത്രിയാണു,എണീറ്റ് ജനലിന്റെ അരുകിൽ പോയിപുറത്തേക്ക് നോക്കി നിന്നു. കറുത്ത കമ്പളത്തിൽ ഭൂമി ഉറങ്ങുന്നു. ആകാശത്തു കറുത്ത മേഘങ്ങൾ,നല്ല ഇരുട്ടാണ് എവിടെയും പ്രകാശത്തിൻറെ ഒരു കണിക പോലുമില്ല. ചന്നം പിന്നം പെയ്യുന്ന മഴ, അതിനനുസരിച്ചു കരയുന്ന മാക്രികളും ചീവിടും,മത്സരിച്ചു താളം പിടിക്കുന്നു. കൂരിരുട്ടും, ശബ്ദകോലാഹങ്ങളും മനസിനെ വല്ലാത്ത പേടിപ്പെടുത്തുന്ന അവസ്ഥ.
ലൈറ്റിറ്റു പതിയെ അമ്മയുടെ മുറിയിലേക്ക് പോയി.അമ്മ ശാന്തമായി ഉറങ്ങുകയാണ് പതിയെ അമ്മയുടെ കട്ടിലിന്റെ ഓരം ചേർന്ന് അമ്മയോട് ചേർന്ന് കിടന്നു.കുറെ നാളുകൾക്കു ശേഷമാണ് താൻ ഇങ്ങനെ കിടക്കുന്നതെന്നോർത്തു.

അമ്മ ഉറക്കത്തിനിടയിലും ഞാൻ വന്നുകിടന്നത് തിരിച്ചറിഞ്ഞു തോന്നുന്നു ആ കൈകൾ പതുക്കെ എന്റെ വയറിൻറെ മുകളിലൂടെ ചുറ്റിപ്പിടിച്ചിരുന്നു.വല്ലാത്തൊരു സുരക്ഷിതത്വബോധം എന്നിൽ നിറഞ്ഞു.
അങ്ങനെ കിടന്നുഎപ്പോഴോ ഉറങ്ങി.

രാവിലെ അമ്മ എണീറ്റപ്പോൾ തന്നെ എണീക്കാൻ പറ്റി.
അമ്മ എണീറ്റപ്പോൾ പെട്ടന്ന് താൻ അറിഞ്ഞു.

“എന്തുപറ്റി മോളെ നീ ഇന്നലെ ഇവിടെ വന്നു കിടതു? “
“എന്തോ വല്ലാത്ത പേടി,സ്വപ്നങ്ങൾ കണ്ടപ്പോൾ അതിലേറെ പേടിയായി അതുകൊണ്ടാ. “

“ഇപ്പോഴും ഒരു മാറ്റോം ഇല്ല. എപ്പളും പറയാറില്ലേ നാമം ജപിച്ചു കിടക്കണന്നു കുട്ടിക്കാലത്ത് നീ ഇങ്ങനെയായിരുന്നു ഒറ്റയ്ക്കു കിടക്കണം പറഞ്ഞു വലിയ വീരവാദം പറഞ്ഞു അപ്പറത്തെ മുറിയിൽ കിടക്കും.കുറച്ച് കഴിയുമ്പോൾ അമ്മമ്മയുടെ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടും.”

അമ്മ കളിയാക്കി ചിരിച്ചു.
“ഒന്ന് പോ അമ്മേ രാവിലെ എന്നെ കളിയാക്കാതെ. “

“ഇന്നുസ്കൂളിൽ പോണോ? “

“പോണം കുറച്ച് വർക്കുകൾ ചെയ്യാനുണ്ട് കുട്ടികളുടെ ലിസ്റ്റുകളും കാര്യങ്ങളും ശരിയാക്കണം.അഡ്മിഷൻ നമ്പർ നോക്കി എടുക്കണം.ബുക്ക്‌ വന്നിട്ടുണ്ട്, കിട്ടാത്ത കുട്ടികൾക്ക് കൊടുക്കണം.എച്ച്. എം മീറ്റിംഗ് വിളിച്ചിട്ടുണ്ട്. എന്തൊക്കെ ചെയ്യണം എന്ന് എനിക്ക് തന്നെ അറിയില്ല എന്തായാലും ഞാൻ പോട്ടെ “

“സ്കൂൾ തുറക്കുന്നതാണ് നല്ലതു. ഇത്‌ എന്തോരു മേനെക്കെടാ. കുട്ടികൾക്കും വല്ലാത്ത എടങ്ങേറ് ആണ്.
ആം, ഇങ്ങനെയും ഒരു കാലം. “

ഇന്നലത്തെ കാര്യങ്ങൾ മനസ്സിലേക്ക് ഓടിയെത്തി വേഗം മോളെ വിളിച്ചു ഉറക്കച്ചടവോടെ ഫോൺ എടുത്തു.

“എന്താമ്മേ രാവിലെ? “
ഉറക്കം നഷ്ടപ്പെട്ടതിന്റെ മുഷിച്ചിൽ അവളുടെ സ്വരത്തിലുണ്ട്.
“പപ്പാ എണീറ്റില്ലേ? “

“ഇല്ല, ഇന്നലെ ഒത്തിരി ലേറ്റായിട്ടാണ് വന്നത്. “

“അച്ഛമ്മ എണീറ്റില്ലേ?”

“എണീറ്റില്ല”

“മോളു ഇങ്ങനെ കിടക്കാതെ എണീറ്റെ, കുറെ പഠിക്കാനില്ലേ?”

“ഞാൻ എണീറ്റോളാം “

ഇന്നലെ മക്കൾ ഉറങ്ങിയിട്ട് ആണ് പ്രഭേട്ടൻ വന്നത് എന്ന് മനസ്സിലായി എന്തായാലും കുറച്ചു കഴിയട്ടെ എന്നിട്ടു വിളിക്കാം. വേഗം കുളിച്ച് റെഡിയായി,കുട്ടികളുടെ രെജിസ്റ്റർ എടുത്തു സ്കൂളിലേക്ക് പോയി.

രാവിലെ നല്ല മഴയാണ് അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് വണ്ടിയൊടിച്ചത്. ജയന്റെ വീടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോൾ
ജയൻ തന്നെ കാത്ത് അവിടെത്തന്നെ ഉണ്ടായിരുന്നു.
“പഴയ ആ പതിവ് തെറ്റിയില്ല ല്ലോ ദേവൂ “

“ആഹാ ജയൻ ഇപ്പോഴും ഇതൊക്കെ അറിയോ?”
“മറക്കാൻ പറ്റുമോ? നീയും, മായയും, ആനിയും ഷീബയുമൊക്കെ കലപില കൂട്ടി നടന്നു വരും. ഞങ്ങൾ നിങ്ങടെ പുറകെയും “

“കള്ള കാമുകൻമാർ അല്ലേ ജയാ, മായയെ തനിക്ക് അത്രയ്ക്ക് ഇഷ്ടായിരുന്നുച്ചാ പറയാരുന്നില്ലേ “
ജയൻ അത്ഭുദത്തോടെ അവളെ നോക്കി. അവന്റെ മുഖത്തപ്പോൾ കള്ളംപിടിച്ച കുട്ടിയുടെ ഭാവമായിരുന്നു.

“ഹേയ് അങ്ങനെ ഒന്ന്….ആഗ്രഹിച്ചിരുന്നു അതെ സമയം മനസിനെ പഠിപ്പിച്ചിരുന്നു. അന്നത്തെ ജയന്റെ അവസ്ഥ അതായിരുന്നു.”
അതേയ് പഴയ കാര്യങ്ങൾ പറഞ്ഞു നിൽക്കണ്ട സമയമല്ല. ഇന്ന് മീറ്റിംഗുണ്ട് “

സ്കൂളിൽ എല്ലാരും വന്നിട്ടുണ്ട്. മാസ്കിനുള്ളിൽ നിന്നുകൊണ്ട് ഔപചാരികത നിറഞ്ഞൊരു പരിജയപ്പെടൽ. പുതിയ തായി വന്ന നാലു ആളുകൾ. ഞാനും, വേറെ മൂന്നു ടീച്ചർമാരും.ഹെഡ്മാഷ് എന്നെ പഠിപ്പിച്ച നാരായണൻകുട്ടി സാർ ആണ്. സാറിന് വലിയ മാറ്റമൊന്നും ഇല്ല. ലാളിത്യമാർന്ന സംസാരം, ലളിതമായ വസ്ത്രം, ആ കട്ടികണ്ണടക്കുള്ളിൽ ചൂഴ്ന്ന നോട്ടം.
രാവിലെ തന്നെ മീറ്റിംഗ് ആരംഭിച്ചു പ്രധാനമായും ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്തു. ഏതൊക്കെ ക്ലാസിൽ ഫോണില്ലാതെ കുട്ടികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നു കണ്ടെത്തി ലിസ്റ്റ് ചെയ്തിരുന്നു. അതിനോട് ചേർന്നു കുട്ടികൾക്ക് വേണ്ടിയിട്ട് ചെറിയൊരു സംരംഭംതുടങ്ങാൻ പദ്ധതിയുണ്ടായിരുന്നു. സ്കൂളിൽ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ കൊടുക്കുന്നതുപോലെ ഫോൺ കൊടുക്കുന്ന ഒരു പദ്ധതിക്ക് തുടക്കമിട്ടു. ഓരോ ടീച്ചർമാരുടെയും വകയായി 2000 രൂപ അതിലേക്കു സംഭാവന കൊടുക്കുകയും ചെയ്തു. പിന്നെയും ഒരുപാട് കാര്യങ്ങൾ സംസാരിച്ചു, ചർച്ചകൾ സമയം നീണ്ടു ഉച്ചയായി.
പുറത്തേക്കു ഇറങ്ങിയപ്പോൾ ആണ് നല്ല മഴയാണെന്ന് അറിഞ്ഞത്. ആ മഴയത്ത് പോവാൻ എന്തായാലും കഴിയില്ല കുറച്ചു കഴിഞ്ഞിട്ട് പോവാം. എല്ലാവരോടും കുറച്ച് സംസാരിച്ചിരിക്കാം എന്ന് വിചാരിച്ചു വരാന്തയിലേക്ക് നടന്നു.

“അതേയ് തനിക്കൊരു സർപ്രൈസ് ഉണ്ട് ട്ടോ “

“അതെന്താ ജയൻമാഷേ? ദേവിക ടീച്ചർക്ക് മാത്രമോരു സർപ്രൈസ്?”

“അതൊക്കെയുണ്ട് പ്രിൻസി ടീച്ചറെ, ടീച്ചർക്ക് അതൊന്നും മനസിലാവില്ല “

ആയിക്കോട്ടെ എന്നാലും എന്താപ്പോ അതു പ്രിൻസി ടീച്ചർ ആലോചനയോടെ അവരുടെ കൂടെ കൂടി. ജയന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു നിന്നു.ഞങ്ങൾ നടക്കുന്ന എതിർവശത്തെ വരാന്തയിൽ ഒരു നിഴലനക്കം
ഒരു കസേരയാണ് ആദ്യം കണ്ടതു.പിന്നീടാണ് മനസിലായ്തു അംഗപരിമിതർ ഉപയോഗിക്കുന്ന വീലചെയർ ആയിരുന്നു അതു അതിൽ ഇരിക്കുന്ന ആളെ കണ്ട് ഞാൻ അത്ഭുതപ്പെട്ടു പോയി.

ആൽബി!
ഇന്നലെ കൂടെ ജയനോട് സംസാരിച്ചതാണ് അവനെ പറ്റി ചോദിച്ചതാണ്. ഇന്ന് തന്റെ മുന്നിൽ മനസ്സിൽ ഒരുപാട് സന്തോഷവും അതിലേറെ ആകാംക്ഷയായിരുന്നു.

ആൽബി പുഞ്ചിരിച്ചുകൊണ്ട് അവളെ കൈയുയർത്തി കാണിച്ചു. ജയൻ കണ്ണുചിമ്മി കാണിച്ചു. പ്രിൻസി ടീച്ചർക്ക്‌ ഒന്നും മനസിലായില്ല.

ആൽബി നീ…എവിടെയായിരുന്നു? എന്താ നിനക്കു പറ്റിയത്?ഒരുപാട് ചോദ്യങ്ങൾ ഒന്നിച്ചു എന്റെ നാവിലേക്കു വന്നു.

ആൽബി അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. പഴയ ദേവുവിൽ നിന്നോരുപാട് മാറിയിരിക്കുന്നു അവൾ. സാരിയും, ആ മുഖത്തെ ഗൗരവവും ഇരുത്തം വന്ന ഒരു അധ്യാപികയുടെതായിരുന്നു.

“താൻ ആകെ മാറിയിരിക്കുന്നു. ഒരുപാട് പ്രായം ആയപോലെ. ഒരു ഒത്ത ടീച്ചറമ്മ “

ആൽബി അവളെ കളിയാക്കി.
” ഒന്ന് പോ ആൽബി, പ്രായം തോന്നാതിരിക്കുമോ രണ്ടു കുട്ടികളുടെ അമ്മയാണ് ഞാൻ അതും 21ഉം,17വയസുള്ള രണ്ട് കുട്ടികളുടെ അമ്മ.
പിന്നെ ഒരു ചെറുപ്പക്കാരൻ വന്നിരിക്കുന്നു എത്ര വയസായി കിളവാ “

കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
ആൽബിയും ചിരിച്ചു.

“ജയനോട്‌ ഇന്നലെ ഞാൻ ആൽബിയെ കുറിച്ച് പറഞ്ഞപ്പോൾ അവൻ ഒന്നും അറിയില്ല ന്നു പറഞ്ഞു ഒഴിഞ്ഞു മാറി. “
” അതൊക്കെ ജയന്റെ ഒരു നമ്പർ അല്ലെ.
ജയനോട് ഞാൻ പറഞ്ഞിരുന്നു. ആരെയും ഒന്നും അറിയിക്കരുതെന്നു.ജയനല്ലാതെ ആരും അന്വേഷിച്ചു വന്നില്ല ഇതുവരെ പക്ഷേ താൻ ഇന്നലെ എന്നെ അന്വേഷിച്ചു എന്ന് കേട്ടപ്പോൾ മുതൽ എനിക്ക് തന്നെ കാണണമെന്ന് തോന്നി.ഒരുപാട് സംസാരിക്കണമെന്ന് തോന്നി. “

“നിന്നോക്കൊരു മാറ്റവും ഇല്ല ആൽബി. പഴയ ആർക്കും പിടികൊടുക്കാതെ വഴുതുന്ന ആ സ്വഭാവം അതുതന്നെ ഇപ്പോഴും.
ആൽബി നിനെക്കെന്താണ് പറ്റിയത്.? “

“അതൊരു വലിയ കഥയാണ് ദേവൂ. ഒരുപാട് ഒരുപാട് വലിയൊരു കഥ. എന്റെ കുഞ്ഞു ജീവിതത്തിൽ ഞാനനുഭവിച്ച വലിയ വലിയ കാര്യങ്ങളുടെ കഥ.ഇന്ന് ആൽബി ഇവിടെയിരിക്കുന്നത് അവളുടെ കാരുണ്യമാണ് മെഴുകുതിരിയായി എനിക്കായി സ്വയം എരിഞ്ഞ എന്റെ പെണ്ണ്…”

അതുപറയുമ്പോൾ അവന്റെ ശബ്ദം വിറച്ചിരുന്നു. കണ്ണീരിന്റെ നനവ് അവന്റെ കവിളിണയെ തലോടി താടിരോമങ്ങളിൽ പതിയെ അപ്രത്യക്ഷമായി.
“ആൽബി ഇതിനാണോ നീ വാശി പിടിച്ചു പോന്നത്.”
ജയൻ അവനെ ശാസിച്ചു.

“ദേവൂ, നിന്നെ കാണണം പറഞതോണ്ടാ ഇവനെ കൊണ്ടു വന്നത്.”

“അതെ ജയാ എനിക്ക് കാണണം സംസാരിക്കണം, ആരോടെങ്കിലും മനസു തുറക്കേണ്ടടാ…”

“എന്നാ നീ മനസു തുറക്ക് “
ജയൻ അവിടെനിന്നു പോയി.

“ആ പഴയ ദേഷ്യക്കാരൻ സഖാവ് തന്നെ ഒരു മാറ്റോം ഇല്ല അവനു.”
ജയൻ പോയ വഴിയേ നോക്കി പറഞ്ഞു

“തന്നെ കണ്ടപ്പോൾ പഴയ ഓർമ്മകൾഓടിവരുന്നു ദേവൂ, പക്ഷേ ഇന്ന് അതെല്ലാം എന്നെ കുത്തി നോവിക്കുന്നു .തന്റെ പഴയ വട്ടൊക്കെ ഉണ്ടോ. ഉണ്ടെങ്കിൽ താൻ ഒരു കഥ എഴുതണം എൻറെ കഥ….പറയാൻ ഒരുപാടുണ്ട് ദേവു, എഴുതിയാൽ തീരാത്തത്ര എങ്കിലും നീ എഴുതണം…”

“നീ എന്തൊക്കെയാ ആൽബി പറയുന്നത്. ആ കാലം എന്തു രസം ആയിരുന്നു. ഓർക്കുമ്പോൾ ചിലപ്പോൾ പ്രാർഥിക്കാറുണ്ട് തിരികെ തരാൻ….എന്നിട്ടും…ഇപ്പോ “

“ആൽബി ,
നീളൻവരാന്തയുടെ തൂണുകൾക്കിടയിലൂടെ കാലം ഒളിച്ചുകളിച്ചപ്പോൾ നമുക്ക് നഷ്ടമായതു നല്ലൊരു കാലമായിരുന്നു. പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുടെ, പറഞ്ഞുകൊണ്ടിരുന്ന കഥകളുടെ, വിശേഷങ്ങളുടെ, സ്വപ്നങ്ങളുടെ വിശാലമായ ലോകത്തു നിന്നും എത്രപെട്ടെന്നാണ് വിശാലമായ ജീവിതതുരുത്തിലെത്തിപെട്ടത്. ഇവിടെ സ്വപ്‌നങ്ങൾ ഇല്ലല്ലോ, യാഥാർഥ്യങ്ങൾ മാത്രം.
കൈയെത്തി പിടിച്ച മഴ, ഇപ്പോൾ നനയുന്നു. വെയിലേൽക്കാൻ മടിച്ചു ചടഞ്ഞിരുന്ന നാളുകൾ, ഇപ്പൊ പൊള്ളുന്ന ജീവിത പാതയിലൂടെ ഓടുന്നു. നഷ്ടങ്ങൾ അതെന്നും നഷ്ടങ്ങൾ മാത്രമായി അവശേഷിക്കും…..”

“അങ്ങനെ അവശേഷിക്കണമല്ലോ അപ്പോഴല്ലേ അതൊക്കെ ഓർമകളായി തീരൂ.”

“എല്ലാം ഓർമകളായി ലെ ദേവു”

“ഉം”

“ഇതും മറ്റൊരു ഓർമ്മയായി മനസിന്റെ ഏതെങ്കിലും കോണിൽ അവശേഷിക്കും.”
“ഹാ “

ചിലപ്പോൾ കാലം ഇനിയും എന്തെങ്കിലും നമുക്കിടയിൽ ഒളിപ്പിച്ചു വച്ചാലോ?

അങ്ങനെ ഉണ്ടാവുമോ?

“ഉണ്ടാവും, ഉണ്ടാവാതിരിക്കുകയുമാവാം.”

“ദേവു നീയെത്രയകലെയാണു.”

“നിന്റെ തൊട്ടടുത്തിരിക്കുന്ന ഞാൻ അകലെയാണെന്നോ?”

“നീയേ അരികിലുള്ളൂ. നിന്റെ മനസ് അത് വേറെതോ ലോകത്താണ്.”

തുടരും…

✍സുബി വാസു, നിലമ്പൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.
WP2Social Auto Publish Powered By : XYZScripts.com
error: