17.1 C
New York
Wednesday, September 22, 2021
Home Literature മൗനസഞ്ചാരി (തുടർക്കഥ - ഭാഗം -1)

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം -1)

സുബി വാസു, നിലമ്പൂർ

നീളൻ വരാന്തയിലൂടെ വെറുതെ നടന്നു മനസ്സ് മുഴുവൻ ആ പഴയ കൗമാരക്കാരിയാണ്. ഒട്ടും അപരിചിതത്വം തോന്നിയില്ല ഓടിക്കളിച്ച വരാന്തയും മുറ്റവും ഗ്രൗണ്ടും പുതിയ കുറച്ചു കെട്ടിടങ്ങൾ വന്നത് ഒഴിച്ചാൽ എല്ലാം പഴയ പോലെ തന്നെ.കൊറോണക്കാലം ആയതിനാലാവാം സ്കൂൾ മൊത്തം നിശബ്ദമാണ്.വെറുതെ ചുമരിനോട് കാതോർത്തു വലിയ ആരവങ്ങൾ കേൾക്കുന്നുണ്ട് തോന്നി അതിനേക്കാൾ കൂടുതൽ ആരവം എൻറെ മനസ്സിൽ ആണ്. അവസാനമായി പഠിച്ച ക്ലാസിന്റെ മുൻപിൽ എത്തിയപ്പോൾ അറിയാതെ കാലുകൾ നിശ്ചലമായി.മൂന്നാമത്തെ ബെഞ്ചിന്റെ അറ്റത്തു ഇരിക്കുന്ന കൗമാരക്കാരിയിലേക്ക് അറിയാതെ മനസ്സ് പോയി. ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു. പിറകിലെ ബെഞ്ചിലെ പ്രകാശമുള്ള കണ്ണുകൾ തന്നെ പിന്തുടരുന്നു.

വീണ്ടും തിരിഞ്ഞു നടക്കാൻ കൊതിക്കുന്ന കാലം.കണ്ണുകളിൽ വിരിഞ്ഞ കുസൃതിയും, കൗതുകവും,പ്രണയവും. ആ ഓർമ്മകളിൽ മനസിനെ വിട്ട് തൂണിൽ ചാരി നിന്നു കണ്ണടച്ചു. ചെറുതായി ചന്നംപിന്നം മഴ പെയ്തുകൊണ്ടേയിരുന്നു.മനസ് ഏതോ നിർവൃതിയിൽ ആയിരുന്നു.

എതിർവശത്തു നിന്നും വരികയായിരുന്നു ജയൻ തൂണിൽ ചാരി ഏതോ ഓർമ്മകളിൽ അങ്ങനെ നിൽക്കുന്ന ആളെ കണ്ടപ്പോൾ അവൻ ചുണ്ടിലും ഒരു പുഞ്ചിരിവിരിഞ്ഞു.

“എന്താണ് ദേവൂ ടീച്ചറെ പണ്ട് മറന്നുവെച്ചതൊക്കെ വീണ്ടെടുത്തോ?”
ദേവൂ ഒന്ന് പുഞ്ചിരിച്ചു

“ജയൻ പറഞ്ഞത് സത്യമാണ് പഴയ ആ കുസൃതിക്കാരിയെ ഒന്ന് പൊടിതട്ടി എടുത്തതാണ്.”

“ആഹാ,വല്ലാത്ത ഭാഗ്യമാണ് അല്ലേ പഠിച്ച സ്കൂളിൽ തന്നെ പഠിപ്പിക്കാൻ വരണത്.”

“സത്യമാണ് ജയൻ നമുക്ക് നമ്മളെ വീണ്ടെടുക്കാനുള്ള ഒരു അവസരം കിട്ടി എന്ന് കരുതിയാൽ മതി.എത്ര മനോഹരമായ കാലമാണതു.”

“ദേവു ഓർക്കുന്നുവോ നമ്മുടെ ആ കാലം, നമ്മുടെ ക്ലാസ്സ്‌, കൂട്ടുകാർ?”

“എല്ലാം മനസ്സിലുണ്ട് ജയൻ, അതൊന്നും മറവിക്കു വിടാൻ പറ്റുന്ന ഓർമ്മകൾ അല്ലല്ലോ. നമ്മുടെ ക്ലാസും, കൂട്ടുകാരും പിന്നെ…ആ കണ്ണുകൾ”

“അറിയാം, ആൽബി “

“അവൻ ഇപ്പോൾ എവിടെയാണ്?”

“അറിയില്ല, പത്താംക്ലാസ് കഴിഞ്ഞ് പിന്നെ അവൻറെ അച്ഛൻറെ കൂടെ പോയതാണ് ഇപ്പോ ഒരു കോൺടാക്ട് ഇല്ല.”
“എന്നെങ്കിലും കാണുമ്പോൾ പറയണം അന്വേഷിച്ചതായി.”

ജയൻ അലസമായി മൂളി.അവന്റെ ചിന്തകൾ ആൽബിയെ തേടി പോയിരുന്നു. പെട്ടന്ന് തന്നെ അവൻ ചിന്തയിൽ നിന്നുണർന്നു

“ദേവു ഇപ്പോൾ എവിടെയാണ് താമസം?”

“എൻറെ വീട്ടിൽ തന്നെയാണ് അവിടെ അമ്മ മാത്രമല്ലേ ഉള്ളൂ.അമ്മയ്‌ക്കൊരു കൂട്ടായി അവിടെ നിൽക്കണം.”

“ഹസ്സ്,കുട്ടികൾ?”

“പ്രഭേട്ടനും കുട്ടികളും അവിടെയാണ്.ഏട്ടൻറെ ജോലി കുട്ടികളുടെ പഠനം അതിനൊക്കെ അവിടെയാണ് നല്ലത് ഞാൻ ആഴ്ചയിൽ പോകും.”

“ഈ ട്രാൻസ്ഫർ തനിക്കൊരു കുരുക്കായി അല്ലേ.”

“ഒരർഥത്തിൽ അങ്ങനെ ആണ്.എന്നാൽ അമ്മയുടെ കാര്യം ആലോചിക്കുമ്പോൾ ഇതൊരു അനുഗ്രഹവുമാണ്.”

“പിന്നെ എന്തൊക്കെയാ വിശേഷങ്ങൾ?”
എന്ത് വിശേഷം ജയൻ, സുഖമായി പോകുന്നു ജോലി,മക്കൾ അവരുടെ കാര്യങ്ങൾ.അതിനിടയിൽ ഒന്നും ആലോചിക്കാൻ സമയം ഇല്ല ല്ലോ “
” മക്കൾ? “

രണ്ടാൾ, ഒരാണു, ഒരു പെണ്ണും. മൂത്തവൻ വിവേക് bba മൂന്നാംവർഷം പഠിക്കുന്നു. മോൾ വിസ്മയ പ്ലസ് ടു കഴിഞ്ഞു . “

” വലിയ കുട്ടികളായി ല്ലേ?എത്ര പെട്ടെന്നാണ് കാലം പോയത്.”
ദേവു ചെറുതായി പുഞ്ചിരിച്ചു.
“കാലം കുറെ മുന്നോട്ടു പോയി ജയൻ. പഴയ ജയനും ദേവികയുമാണോ ഇപ്പൊ. പ്രായം ഒരുപാടായി.”
“പ്രായം, നരച്ച മുടിയിഴകൾ മാത്രം ഇടക്കൊന്നു ഓർമ്മപ്പെടുത്തുന്നു. “
“സത്യം, മനസുകൊണ്ട് ഇപ്പോഴും ആ പഴയ ദേവികയാണു ഞാൻ, ചോദിക്കാൻ വിട്ടു
ജയന്റെ ഫാമിലി “

“എൻറെ ഫാമിലി കൂടെയുണ്ട് ഭാര്യ ലക്ഷ്മി അവൾ നമ്മുടെ എൽപി സ്കൂളിലെ ടീച്ചറാണ് മക്കൾ രണ്ടുപേർ.രണ്ടു പെൺകുട്ടികളാണ് ഒരാൾ ഇപ്പോ പത്താം ക്ലാസിലും ഒരാൾ ഏട്ടിലും ഈ സ്കൂളിൽ തന്നെ ഉണ്ട്.”

“അമ്മയും അച്ഛനും?”

“അച്ഛൻ മരിച്ചിട്ട് ഇപ്പൊ മൂന്നുവർഷമായി അമ്മ കൂടെയുണ്ട്.”

“ഏതായാലും താൻ ഇവിടെ തന്നെ ഉണ്ടല്ലോ .സമയം കിട്ടുമ്പോൾ വീട്ടിലേക്ക് വാ. ആ പഴയ വീടുതന്നെ ആണ്. വഴികളൊക്കെ മാറി. പണ്ട് പാടത്തൂടെ വരണം ഇപ്പൊ ആ പാടം റോഡായി.”
“ഞാൻ വരാം ജയൻ. പണ്ട് വന്നു ഇടയ്ക്കിടെ മാങ്ങയും ചക്കയുമൊക്കെ കൊണ്ട് പോന്നതല്ലേ.”
“ശരി ദേവൂ “
ജയൻ അതും പറഞ്ഞ് സ്റ്റാഫ് റൂമിലേക്ക് നടന്നു നീങ്ങി. ദേവു പിന്നെയും ആ വരാന്തയിലൂടെ ചുറ്റിക്കറങ്ങി നടന്നു.
തന്നെത്തന്നെ വീണ്ടെടുക്കാനുള്ള ഒരു ശ്രമം. അവൾ വെറുതെ മഴയിലേക്ക് കൈകൾ നീട്ടി മഴവെള്ളം മുഖത്തേക്ക് തെറിപ്പിച്ചു. വല്ലാത്തൊരു കുളിർ, സുഖമുള്ള തണുപ്പ് ശരീരത്തിലേക്കു അരിച്ചു കയറി.

“ഡീ “ഒരു വിളി കേട്ടുവോ വെറുതെ തിരിഞ്ഞു നോക്കി. ഇല്ല ആരുമില്ല.
മുഖം നിറയെ വെള്ളം തെറിച്ചു
കുസൃതിയോടെ തന്നെ കളിയാക്കി നിൽക്കുന്ന ആ കുസൃതി ചെക്കനെ ഓർമ്മ വന്നു.

“നനയാൻ ആണെങ്കിൽ ആ മഴയത്തിറങ്ങിക്കൂടെ “

“അയ്യടാ അങ്ങനെ ഇപ്പൊ നനയാൻ മനസില്ല “

“എന്നാ ഞാൻ നനക്കട്ടെ?”
മഴയിൽ കൈനീട്ടി വെള്ളം തെറിപ്പിച്ചത് ഒരുമിച്ചായി. ഞാൻ പെട്ടന്ന് ഒഴിഞ്ഞു മാറി വെള്ളം നേരെ വീണത് ബയോളജി പഠിപ്പിക്കാൻ വന്ന മേഴ്‌സി ടീച്ചറുടെ ദേഹത്തു.

ടീച്ചർ കുട്ടികളോട് ദേഷ്യപ്പെടാറില്ല അന്ന് ആൽബിയോടും പുഞ്ചിരിയോടെ ടീച്ചർ
“എന്താ ആൽബി തു, കുഞ്ഞു കുട്ടിയെ പോലെ “
“സോറി ടീച്ചർ ഞാൻ ദേവൂനെ വെറുതെ… “
വാക്കുകൾക്കു കുഴങ്ങി, വിളറി നിന്നവൻ.
ഓർത്തോപ്പോ വീണ്ടും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

ടീച്ചർ ഇപ്പൊ കിടപ്പിലാണ്. പാവം കുട്ടികളില്ലാത്ത ടീച്ചർക്ക് ഞങ്ങളായിരുന്നു കുട്ടികൾ.ഒന്ന് പോയി കാണണം.

മനസ് ചരട്ടില്ലാത്ത പട്ടം പോലെ പാറികളിക്കുന്നതറിഞ്ഞു. ഏതൊക്കെ വഴിയിലൂടെ, ഒരുപാട് മുഖങ്ങളിലൂടെ അങ്ങനെ പോകുന്നു.
എങ്കിലും ചില മുഖങ്ങൾക്ക് തെളിച്ചം കൂടുതലുണ്ട്. ആ ഓർമ്മകൾ പൂത്തിരി കത്തിച്ചപോലെ നിൽക്കുന്നു. ആൽബി അവൻറെ നോട്ടവും ചിരിയും ആ കുസൃതിയും, നീലിമ തന്റെ കളികൂട്ടുകാരിഅതിലുപരി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരി,ആനി മെഴുകുതിരിപോലെ ഉരുകി, മാലാഖയുടെ മുഖമുള്ള സുന്ദരിക്കുട്ടി, ശബാന ഒറ്റപ്പുറത്തെ മുഹമ്മദ്‌ ഹാജിയുടെ ചെറുമകൾ, ചിരിക്കുമ്പോൾ മുത്ത്‌ ചിതറുന്ന മൊഞ്ചുള്ള പെണ്ണ്, പത്താം ക്ലാസ്സ്‌ കഴിഞ്ഞ പ്പോഴേക്കും അവളുടെ നിക്കാഹ് കഴിഞ്ഞു, ദീപു, സുധീർ, റിയാസ്, അങ്ങനെ എത്രയോ പേരുകൾ, താൻ മറന്നുപോയ എത്രയോ പേര്. ഇനിയും തിരിച്ചു തരുമോ കാലമേ ആ കാലം…..
ആഗ്രഹിച്ചുപോകുന്നു എത്രയോ വർഷമായികൂട്ടിലടച്ചിട്ട കിളിയെ പോലെ താനും മനസ്സും. തന്നിലേക്ക് തന്നെ ചുരുങ്ങിയ ലോകം.ഏതോ ഒരു ലോകത്തായിരുന്നു . ജോലി,വീട്, പ്രഭേട്ടൻ കുട്ടികൾ.പക്ഷേ എപ്പോഴാണ് താൻ താനായി ജീവിക്കാൻ തുടങ്ങിയത്?
ഓർത്തെടുക്കാൻ നോക്കി. എവിടെയൊക്കെയോ കുരുങ്ങി ശ്വാസം കിട്ടാതെ പിടയുന്ന ഓർമ്മകൾ അടുക്കും ചിട്ടയുമില്ലാതെ ഒന്നിച്ചു മനസിലേക്ക് കയറി വന്നു.
വേണ്ട മറന്നുവച്ചതൊക്കെ വീണ്ടും ചികയണ്ട.ഉള്ളുകൊണ്ട് നീറിപുകയുമ്പോഴും അതൊന്നും പുറത്തു കാണിക്കാൻ പാടില്ല. വലിയവീട്ടിൽ കൃഷ്ണൻകുട്ടി മേനോന്റെ മരുമകൾ, ബിസ്സിനെസുകാരൻ പ്രഭാകരന്റെ ഭാര്യ, ഹൈസ്കൂൾ അധ്യാപിക. സ്ഥാനമാനങ്ങൾ ഒരുപാട് ഉണ്ട് അതിനനുസരിച്ചു ഒതുങ്ങണം, ഒതുക്കണം. അങ്ങനെ മനസിനെ പറഞ്ഞു പഠിപ്പിച്ചു വച്ചതാണ്.
വിഷാദത്തിന്റെ കരിനിഴലിനു മുകളിൽ പുഞ്ചിരിയുടെ മേലങ്കി ചുറ്റി നടക്കാൻ പഠിച്ചിരിക്കുന്നു. പഠിച്ചതല്ല ജീവിതം പഠിപ്പിച്ചതാണ്.

എത്രയൊക്കെ വിദ്യാഭ്യാസവും, സൗന്ദര്യവും ഉണ്ടെങ്കിലും പണം അതിനു പെണ്ണിന്റെ ജീവിതത്തിൽ വലിയൊരു റോളുണ്ടെന്നു മനസിലായത് കല്യാണം കഴിഞ്ഞശേഷമാണ്. സൗന്ദര്യം അതു കൈയിൽ കിട്ടുന്നതുവരെയുള്ള വെറുമൊരു ഭ്രമം ആണ്. അതുകഴിഞ്ഞാൽ പിന്നെ അതിനൊരു വിലയില്ല.
വിദ്യാഭ്യാസം,അതു നേടിയവർക്കേ അതിന്റെ വിലയറിയൂ. അല്ലാത്തവന് വെറും കുറച്ചു കടലാസുകൾ. അതുകൊണ്ടാണല്ലോ ബിഎഡ് പാസ്സായിട്ടും ഒന്ന് അനുമോദിക്കാൻ വരെ ആരും ഇല്ലാതെ പോയത്, പഠിച്ചു ജോലി കിട്ടിയിട്ടും അതു വേണ്ട എന്ന് പറഞ്ഞത്.

എപ്പോഴും നിഷേധഭാവങ്ങൾ മാത്രമാണ്. അമ്മയുടെ നിഷേധങ്ങൾ പതിയെ മകനും ഏറ്റെടുത്തു തുടങ്ങിയപ്പോൾ അകന്നുപോയത് രണ്ടു മനസുകളാണ്. ‘നന്നായിരിക്കുന്നു’, congrats ദേവൂ ന്നു പറഞ്ഞു ചേർത്തുപിടിച്ചെങ്കിലെന്നു എത്രയോ വട്ടം ആഗ്രഹിച്ചിട്ടുണ്ട്.
മക്കൾ ഓരോ പരീക്ഷയും ജയിച്ചു വരുമ്പോൾ അവർക്കു കൊടുക്കുന്ന സമ്മാനങ്ങൾ പ്രോത്സാഹനങ്ങൾ കാണുമ്പൊൾ ഇത്തിരി അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.

മക്കളും അച്ഛൻറെ പാതയിൽ തന്നെ ഞാൻ ചെയ്യുന്നതെല്ലാം അവർക്ക് പുച്ഛവും പരിഹാസവും പക്ഷേ അവരുടെ പപ്പാ അതാണ് അവർക്കു വേദവാക്യം.ശരിക്കും ഒറ്റപ്പെടുകയും പലപ്പോഴും ഒറ്റപ്പെടലിനെ നേരിടാൻ സ്വയം പൊട്ടിത്തെറിച്ചാലോ ന്നാലോചിച്ചിട്ടുണ്ട് അപ്പോഴൊക്കെ ദീർഘനിശ്വാസം എടുത്തു തന്നിലേക്കുതന്നെ ചുരുങ്ങുകയാണ് ചെയ്യാറ്.

“അല്ല ദേവൂ ഇവിടിങ്ങനെ നിൽക്കാൻ ആണോ ഭാവം,വീട്ടിൽ പോകണ്ടേ “
അപ്പോഴാണ് വാച്ചിലേക്ക് നോക്കുന്നത്. സമയം ഒരുപാട് ആയിരിക്കുന്നു.
“പോകാം “
“ദാ വരണു”
വേഗം സ്റ്റാഫ് റൂമിലേക്കോടി. വണ്ടിയുടെ ചാവിയും ബാഗും എടുത്തു. വണ്ടി പാർക്ക് ചെയ്തിടത്തു ജയൻ നിന്നിരുന്നു. വേഗം റൈൻ കോട്ട് എടുത്തിട്ടു. പതിയെ ഓടിച്ചു ജയന്റെ കൂടെ പോയി.
നാട്ടുവഴികളും,പാടവും തോടുമൊക്കെ എവിടെയോ മറഞ്ഞിരിക്കുന്നു.പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഒരുപാട് വന്നിരിക്കുന്നു. എത്ര പെട്ടെന്നാണ് ഓരോന്നും മുഖചായ മാറിയത്.ജയന്റെ വീട്ടിലേക്കുള്ള വഴിയിൽ അവൻ തിരിഞ്ഞു ഞാനും എന്റെ ചിന്തകളും തനിച്ചായി. ചെറിയൊരു ചാറ്റൽ മഴയുടെ അകമ്പടിയോടെ ഞാൻ വീട്ടിലെത്തി.
അമ്മ ഉമ്മറത്ത് തന്നെ നിന്നിരുന്നു. അമ്മാമ്മയും ഉണ്ട്.പഴയ ശീലം ഇന്നും ഒരു മുടക്കം ഇല്ല…

“നനഞ്ഞോ കുട്ട്യേ യ്, നേരം വൈകിപ്പോ ഒരാന്തൽ, ഇപ്പൊ കുറെ ആയില്ലേ ഇവിടൊന്നും പരിജയം ഇല്ല്യാലോ “

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഞാനിപ്പോ പഴയ കുട്ട്യാണോ അമ്മേ, രണ്ടുമക്കളുടെ അമ്മയാണ്, ഒരുപാട് കുട്ട്യോൾക്ക് അക്ഷരം പകർന്നുകൊടുക്കുന്ന അധ്യാപികയാണു. “
“അതൊന്നും പറഞ്ഞിട്ട് കാര്യമില്ല കുട്ട്യേ. ഇപ്പത്തെ കാലം അതാണ്. പേടിയാണ്, ഓരോ വാർത്തകൾ കേക്കണില്ല്യെ യ് “

“ഉം, അതൊരു സത്യമാണ്.”
ഓരോ വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഉള്ളിൽ തീയാണ്. പൊന്നുമോളെ വിളിക്കട്ടെ, നല്ലതും ചീത്തയും പറഞ്ഞു കൊടുത്തിട്ടുണ്ട്. അത്യാവശ്യം നല്ല കായിക വിദ്യാഭ്യാസവും. എന്തൊക്കെ പറഞ്ഞാലും ആ കാര്യത്തിൽ പ്രഭേട്ടന്റെ അമ്മ കരുത്തായി കൂടെയുണ്ട്. തന്നെ പുച്ഛിച്ചു പരിഹസിക്കുമെങ്കിലും കൊച്ചുമക്കളെ എല്ലാം ഒരുപോലെ സ്നേഹമാണ്. അവരുടെ പിടിവാശികൾക്കു കൂട്ടു നിൽക്കും. തന്നോട് സംസാരിക്കുന്നതിനേക്കാൾ മക്കളും അച്ഛമ്മയോട് സംസാരിക്കും.
ഒരർഥത്തിൽ അതൊരു അനുഗ്രഹമാണ്. പക്ഷേ മറ്റൊരാർത്ഥത്തിൽ തന്നെ മക്കളിൽ നിന്നകറ്റിയത്തും അവരാണ്.
ഫോൺ എടുത്തപ്പോൾ തന്നെ അവളുടെ പരിഭവം നിറഞ്ഞ പരാതിയാണ് വന്നത്.
“അമ്മക്കിപ്പോ അമ്മമ്മയെ മതിലോ ഞങ്ങൾ എങ്ങനെ കഴിയുന്നു ചിന്തിക്കണ്ടല്ലോ “

“അമ്മമ്മക്ക് തീരെ സുഖമില്ല മോളെ. പിന്നെ ഇപ്പോഴത്തെ സാഹചര്യം അങ്ങോട്ടും ഇങ്ങോട്ടും യാത്ര വയ്യ കുട്ടി.”

“മനസിലായി, അമ്മക്കിപ്പോ ഞങ്ങളോട് സ്നേഹം ഇല്ല.”
“എന്താ മോളെ ഇങ്ങനൊക്കെ പറയുന്നത്. അച്ഛമ്മയും അച്ഛനുംചേട്ടനും അവിടുണ്ട്. മോൾക്ക് സ്കൂളും ഇല്ല. പിന്നെ രാധേടത്തി വരണില്ലേ എല്ലാദിവസവും.”
“ന്നാലും അമ്മയെ പോലെ ആവുമോ?”
“മോളോട് അമ്മ പറഞ്ഞതല്ലേ ഇവിടെ നിൽക്കാൻ, അമ്മമ്മക്ക് ഞാനെ ഒള്ളൂ മോളെ. ഇപ്പൊ ഒരു തുണ ആവശ്യമുള്ള സമയമാണ് “

തുടരും…

സുബി വാസു, നിലമ്പൂർ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: