17.1 C
New York
Wednesday, October 5, 2022
Home Literature മൗനം കുടിച്ചവൾ (കഥ )

മൗനം കുടിച്ചവൾ (കഥ )

സുബി വാസു. നിലമ്പൂർ✍

തിരക്കേറിയ റോഡിലൂടെ വണ്ടി ഓടിക്കുമ്പോഴും മനസ്സ് അരുണേട്ടന്റെ അടുത്തെതാനുള്ളവ്യഗ്രതയിൽ ആയിരുന്നു.ആ വ്യഗ്രതക്കനുസരിച്ചു സ്റ്റിയറിംഗ്തിരിച്ചു വേഗത കൂടിക്കൂടി വന്നു.

അരുണേട്ടന്റെ മുഖമാണ് മനസു നിറയെ.

“നിമ്മി സ്വസ്ഥമായി ജീവിക്കണം അതിനിടയിൽ എന്റെ നിഴൽപോലും ഉണ്ടാവില്ല”

ആ വാക്കുകൾക്ക് ഇങ്ങനെ ഒരർത്ഥമുണ്ടായിരുന്നു. ഞാനതു മനസിലാക്കിയില്ലല്ലോ ദൈവമേ.
ഞാനാണ് അരുണേട്ടനെ മരണത്തിനു വിട്ടു കൊടുത്തത്,എൻറെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു.കരയാൻ പോലും അർഹതയില്ലാത്തവൾ.ചിന്തകൾക്ക് തീപ്പിടിച്ചു തുടങ്ങി വണ്ടിയുടെ നിയന്ത്രണം പിഴച്ചു പക്ഷേ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ലോറിഡ്രൈവർ നല്ല ചീത്ത വിളിച്ചു. സ്റ്റിയറിങ്ങിൽ തലകുനിച്ചിരുന്നു. പലരും റോട്ടിൽ വാഹനങ്ങൾ നിർത്തി ഞങ്ങളെ ശ്രദ്ധിക്കുന്നു. എല്ലാം കേട്ടു മറുത്ത് ഒരക്ഷരം മിണ്ടിയില്ല ഒരു പെണ്ണ് ആയതിനാലാവാം അയാൾ കൂടുതലൊന്നും പറയാതെ വണ്ടിയോടിച്ചു പോയി.

ഞാൻ ആകെ പരിഭ്രമിച്ചിരുന്നു ചുറ്റും നോക്കി. എല്ലാവരുടെയും കണ്ണുകൾ എന്നിലാണ്. സഹതാപം, ദേഷ്യം പലവികാരങ്ങൾ അവരുടെ മുഖങ്ങളിൽ മാറി മറിഞ്ഞു. സമനില വീണ്ടെടുത്ത് വീണ്ടും ഓട്ടം തുടങ്ങി. മനസ് അതിനു മുൻപേ ഓടുകയായിരുന്നു.

അരുണേട്ടന് ഒന്നും പറ്റല്ലേ അതായിരുന്നു പ്രാർത്ഥന മുഴുവൻ. ആശുപത്രിയിൽ എത്തി നേരെ പാർക്കിംഗ് ഏരിയയിൽ കാർ ഒതുക്കി. റിസപ്‌ഷനിൽ ചെന്നു പേരുപറഞ്ഞപ്പോൾ ഐസിയുവിൽ ആണെന്ന് പറഞ്ഞു. കാണാൻ പറ്റില്ല എന്നാലും എൻറെ സാന്നിധ്യം അവിടെ വേണമെന്നു തോന്നി.

കറണ്ട് ഇല്ലാത്തതിനാൽ ലിഫ്റ്റ് വർക്ക് ചെയ്യുന്നില്ല വേഗം സ്റ്റെപ്പുകൾ ഓടിക്കയറുകയായിരുന്നു.കുറ്റബോധം മനസ്സിനെ വല്ലാതെ തളർത്തിയിരുന്നു. കാലും കൈയും വിറച്ചുകൊണ്ടാണ് അവിടെ എത്തിയത്.അവിടെ ചെല്ലുമ്പോൾ അച്ഛനുമമ്മയും എല്ലാവരുമുണ്ട് എല്ലാവരുടെ മുഖത്തും ആശങ്കകൾ.അമ്മ എൻറെ കൈ പിടിച്ചു.

ഒരു ആശ്രയത്തിനായി നിന്നവൾക്ക് കച്ചിതുരുമ്പ് കിട്ടിയപോലെ ഞാനും അമ്മയുടെ കയ്യിൽ പിടിമുറുക്കി ഞാൻ അവരെ കെട്ടിപ്പിടിച്ചു.

“ക്ഷമിക്കണം കുട്ട്യേ ഞാൻ കാരണം ന്റെ കുട്ടി”
അമ്മയുടെ തേങ്ങലുകൾ വാക്കുകൾ മുറിച്ചു.

“ഞാനൊന്നുമറിഞ്ഞില്ല അവനെ വേദനിപ്പിച്ചു നിന്നെ വേദനിപ്പിച്ചു വെറുതെ ആയിരുന്നു. അറിയാൻ വൈകി നിന്നെ അവനെ.. ഇതാ നിനക്കുള്ളതാണു ഇത് വായിച്ചു നോക്കൂ.”

ചെറുതായി മടക്കിയ ആ കത്തു ഞാൻ തുറന്നു കണ്ണോടിച്ചു.

‘എൻറെ നിമ്മിക്ക് നീ എന്നെ വെറുത്തോ? എനിക്കറിയാം എന്നെങ്കിലുമൊരിക്കൽ വേർപിരിയേണ്ടി വരുമെന്ന്. കാരണം നിന്റെ സ്നേഹത്തിന് എനിക്ക് അർഹതയില്ല.പക്ഷേ നീയൊന്ന് അറിയണം നമ്മുടെ കല്യാണം ഞാനൊന്നും അറിഞ്ഞുകൊണ്ടല്ല. അറിഞ്ഞുകൊണ്ടു ഞാൻ ആരെയും ചതിച്ചിട്ടില്ല. ചെറുപ്പത്തിൽ സംഭവിച്ച ഒരു അപകടം എന്റെ പുരുഷത്വം തളർത്തിയെന്ന് ഞാൻ അറിഞ്ഞില്ല. നിനക്ക് ഒരു കുഞ്ഞിനെ തരാൻ എനിക്കാവില്ല വളരെ വൈകിയാണ് ഞാനും അറിഞ്ഞത്.പക്ഷേ അപ്പോഴേക്കും നീ എൻറെ മനസ്സ് കീഴടക്കി പെണ്ണെ…ഒരു താലിയിൽ ഞാൻ നിനക്കായി കൊരുത്തതു എൻറെ ജീവനും ജീവിതവും ആയിരുന്നു.

എനിക്കറിയാമായിരുന്നു ഒത്തിരി കുറവുകൾ സഹിച്ചു നീ എന്റെ കൂടെ ജീവിച്ചത്. ഒരു പെണ്ണും നിൽക്കില്ല ഇങ്ങനെ എന്നിട്ടും നീ നിന്നില്ലേ.ഒരു കുഞ്ഞിനെ തരാൻ കഴിവില്ലാഞ്ഞിട്ടും നീ എന്നെ വെറുത്തില്ല. പക്ഷേ എല്ലാവരും നിന്നെയാണ് പഴിചാരിയത്.
അവിടെയാണു നീ തളർന്നത് എനിക്കറിയാം.
കുറ്റപെടുത്തില്ല. സന്തോഷത്തോടെ ജീവിക്കണം.

നിൻറെ വീട്ടുകാർ നിന്നെ വിളിച്ചു കൊണ്ട് പോകുമ്പോൾ ഞാൻ തളർന്നില്ല നീ എന്നെ മനസ്സിലാക്കി തിരികെ വരും എന്ന് കരുതി. വെറുതെ ഒരാഗ്രഹം മാത്രമായിരുന്നു. അതിന്റെ പുറത്താണ് ഇന്നലെ ഞാൻ വന്നത്. പക്ഷേ നിന്റെ മനസ് മനസ്സിലായി ഇനി ഞാനും നീയും രണ്ടു വഴിക്കാണ്. നിന്നെ വിളിക്കാൻ വന്നപ്പോൾ നിന്റെ മൗനം എന്നെ വല്ലാതെ തളർത്തി.മനസ്സ് മരിച്ചിരിക്കുന്നു.പക്ഷേ ചിന്തിച്ചപ്പോൾ അതാണ് ശരി.
എനിക്കുവേണ്ടി നിന്റെ ജന്മം പഴക്കാനില്ല. പക്ഷേ എനിക്കിനി..
ഇനി മുന്നോട്ടു പോകാൻ കഴിയില്ല. എല്ലാവർക്കു മുൻപിലും തലതാഴ്ത്തി ഒരു പരിഹാസമായി ഇനി വയ്യ. ഒരുപാഴ്ജന്മമായി ഞാൻ ഇവിടെ അവസാനിക്കട്ടെ.. നീ ജീവിക്കണം എനിക്കുവേണ്ടി നിൻറെ ജീവിതം നീ കളയരുത് ഒരു പുരുഷൻറെ ഭാര്യയായി കുഞ്ഞുങ്ങളുടെ അമ്മയായി…ഭാവി ഇനിയുമുണ്ട് ഞാനായിട്ട് നഷ്ടപ്പെടുത്തുന്നില്ല. അടുത്ത ജന്മത്തിലെങ്കിലും എനിക്ക് നിന്നെ വേണം..

ആ കത്തിലൂടെ കണ്ണോടിക്കും തോറും ഹൃദയം പിളർന്നപോലെ തോന്നി. മനസ്സിലേക്ക് ഞങ്ങളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും ഘോഷയാത്രയായി കടന്നുവന്നു.

പെണ്ണുകാണാൻ വന്ന പയ്യൻ കണ്ടാൽ തന്നെ പക്വതയില്ല എന്നു തോന്നും.എന്നാൽ ആ കണ്ണുകളിലെ കുസൃതിയും മുഖത്തെ നിഷ്കളങ്കയും ആരെയും ആകർഷിക്കുന്നതായിരുന്നു. അമ്മയുടെയും അച്ഛന്റെയും ചെല്ലക്കുട്ടിയായി വളർന്നതിന്റെയായിരുന്നു. എനിക്ക് ഇഷ്ടമായി. കുടുംബവും ജോലിയും എല്ലാം അനുയോജ്യം പെട്ടെന്ന് തന്നെ കല്യാണം തീരുമാനിച്ചു.

വിളിയും കാണലും പരസ്പരം സ്നേഹിച്ചു ഒരു മാസം ആഘോഷമായി കടന്നുപോയി.രണ്ടാളും കുട്ടിക്കളി മാറാത്തവർ കളിച്ചും ചിരിച്ചും പരിഭവിച്ചും രണ്ടാളും അറിയുകയായിരുന്നു.

കല്യാണം കഴിഞ്ഞ അന്ന് രാത്രി പാലുമായി ചെന്നപ്പോൾ അരുൺ ഉറങ്ങി തുടങ്ങിയിരുന്നു. എനിക്കും നല്ല ക്ഷീണമുണ്ടായിരുന്നു. ആദ്യരാത്രി എന്തൊക്കെ പറഞ്ഞെങ്കിലും ആകാംക്ഷ ഉണ്ടെങ്കിലും ക്ഷീണം കാരണം രണ്ടാളും ഉറങ്ങി.പിറ്റേദിവസം സൽക്കാരം തിരക്കും കഴിഞ്ഞ് വീണ്ടും രാത്രി അങ്ങനെ കടന്നുപോയി തൊട്ടടുത്തു കിടന്നിട്ടും വലിയ ഉന്മേഷമില്ലാതെ.

മൂന്നാം ദിവസം കുളിച്ചു ഡ്രസ്സ്‌ മാറി ചെല്ലുമ്പോൾ കുസൃതിച്ചിരിയോടെ ഇരിക്കുന്നു.ആ കണ്ണുകളിലെ നോട്ടവും ഭാവവും എനിക്കാകെ നാണം വന്നു. കട്ടിലിൽ ഇരുന്നപ്പോൾ ആ നെഞ്ചിലേക്ക് വലിച്ചിട്ടും രണ്ടുദിവസത്തെ പരിഭവം തീർക്കാൻ എന്നപോലെ ഉമ്മകൾ കൊണ്ടു മൂടി.

അരുണേട്ടന്റ സ്പർശനത്തിൽ, വിരലുകളുടെ സഞ്ചാരത്തിൽ വികാരത്തിൻറെ ഉന്മാദാവസ്ഥയിൽ ഞാൻ കിടന്നു. പക്ഷേ പെട്ടന്ന് എല്ലാം നിലച്ചു. അരുണേട്ടനു പൂർത്തിയാക്കാൻ കഴിയാതെ വിയർത്തൊലിച്ച് ആകെ പരവേശം.കുറച്ചു കഴിഞ്ഞു വീണ്ടും എന്നെ ഉണർത്തി പക്ഷേ എന്നിൽ പടർന്നു കയറാൻ കഴിയാതെ നിസ്സഹായനായി..

പിന്നീടുള്ള നാളുകളിലും ഇത് തുടർന്നു ആവേശത്തോടെ പടർന്നു കയറാൻ ശ്രമിച്ചാലും പകുതിയിൽ മുറിഞ്ഞ രതിസ്വപ്നങ്ങൾ എന്നെയും മടുപ്പിച്ചു.

രണ്ടാളും ശ്രമിച്ചു നോക്കി. അരുണേട്ടനോട് സംസാരിച്ചു ധൈര്യം കൊടുത്തു നോക്കി. ഒടുവിൽ ആരുമറിയാതെ ഒരു ഡോക്ടറെ കാണാൻ പോയി.

അന്നാണ് ഞാൻ ഞെട്ടിപ്പോയത് അരുണേട്ടന് ലൈംഗിക ശേഷി ഇല്ല. രണ്ടാളും ആകെ തകർന്നു പോയിരുന്നു.നമുക്ക് ശ്രമിക്കാം ശരിയാക്കി എടുക്കാം എന്ന ഡോക്ടറുടെ വാക്കുകളിൽ ഞങ്ങൾ ആശ്വാസം കണ്ടെത്തി. സപ്പോർട്ടുമായി ഞാനും കൂടെ നിന്നു.മരുന്നുകൾ മാറി മാറി പക്ഷേ വലിയ മാറ്റങ്ങൾ ഇല്ലാതെ ജീവിതം വിരസത നിറഞ്ഞു.

കല്യാണം കഴിഞ്ഞു കന്യകയായി മൂന്നു വർഷം ജീവിക്കേണ്ടി വന്ന ഒരു പെൺകുട്ടി.പിന്നീട് അവൾ സഹിക്കേണ്ടിവന്നത് നിരവധിയായിരുന്നു. അരുണേട്ടന്റെ സ്നേഹവും ആ സാന്ത്വനവും അതൊന്നു വേറെ ആയിരുന്നു. അതുകൊണ്ട് തന്നെ മറ്റൊന്നും എനിക്ക് ഒരു കുറവായി തോന്നിയിരുന്നില്ല.പക്ഷേ ഒരു വർഷം കഴിയുമ്പോഴേക്കും പലഭാഗത്തുനിന്നും ചോദ്യങ്ങളുയർന്നു.

അരുണേട്ടന് ഭയമായിരുന്നു മറ്റാരെങ്കിലും അറിഞ്ഞാൽ മാനക്കേടും താനൊരു പുരുഷനല്ല ഒരു ഷണ്ഡൻ ആണെന്ന് അറിവ് അതൊരു വല്ലാത്ത നോവായി മനസ്സിൽ കിടന്നു.വീട്ടിൽ എല്ലാവരും കുഞ്ഞിനെ പറ്റി പറഞ്ഞു ഞാനും വിഷമത്തിലായി.പതിയെ എല്ലാവരുടെയും കുത്തുവാക്കുകൾ എന്റെ നേരെയായിരുന്നു.

കുറ്റപ്പെടുത്തലുകൾ വിള്ളലുകൾ അസഹ്യമായി ഒരിക്കൽ എന്നെ കുറ്റപ്പെടുത്തുന്ന കേട്ടതു കൊണ്ടാണ് അച്ഛനും അമ്മയും വന്നത്. ഞാൻ എന്റെ വിഷമങ്ങൾ അമ്മാവൻറെ മകളോട് പറഞ്ഞിരുന്നു. അവൾ എന്റെ അമ്മയോട് എല്ലാം പറഞ്ഞിരുന്നു.

അതിനിടയിൽ ഇതും കൂടി ആയതോടെ വീട്ടിൽ നിന്നും എനിക്ക് സമ്മർദ്ദങ്ങൾ ഏറി. അരുണേട്ടനെ ഉപേക്ഷിച്ചു ചെല്ലുക ആദ്യമൊന്നും എനിക്ക് അംഗീകരിക്കാൻ പറ്റിയില്ല ക്രമേണ അമ്മയുടെയും അച്ഛന്റെയും വാക്കുകളും ഒരു കുഞ്ഞെന്ന സ്വപ്നം എന്നിലും മുളച്ചപ്പോൾ പതുക്കെ അരുണേട്ടനിൽ നിന്നു ഒഴിയാൻ ഞാൻ ശ്രമിച്ചു തുടങ്ങി.അതോടെ അരുണേട്ടനും നീറിതുടങ്ങി. പോകല്ലേ എന്നു പറയാനും വയ്യ. എന്നാ പൊയ്ക്കോ എന്നു പറയാനും കഴിയാതെ വിങ്ങി.

അരുണേട്ടന്റെ അമ്മ അന്ന് മച്ചി എന്ന് പറഞ്ഞപ്പോൾ എല്ലാവരുടെയും മുന്നിൽ വച്ചു കുറ്റപ്പെടുത്തിയപ്പോൾ സഹിച്ചില്ല. അതുവരെ പിടിച്ചുവച്ച ദേഷ്യം പൊട്ടിത്തെറിച്ചുപ്പോൾ ഉണ്ടായിരുന്ന വിള്ള ലുകൾ ഒന്നൂടെ വലുതായി. ആ ദേഷ്യത്തിന്റെ പുറത്താണ് അമ്മയും അച്ഛനും വന്നപ്പോൾ ഞാൻ അവരുടെ കൂടെ പോയത്. അരുണേട്ടനെ മറക്കാൻ വേണ്ടി ഒരു ശ്രമം.പക്ഷേ അരുണേട്ടൻ തേടിവന്നു.

അച്ഛനും അമ്മയും ആങ്ങളമാരും എല്ലാരും അപമാനിച്ചു. അവരുടെമുന്നിൽ, ചോദ്യങ്ങൾക്ക് മുന്നിൽ നിസ്സഹായനായി.താൻ ഒന്നും മിണ്ടിയില്ല, ന്യായീകരിക്കാൻ ശ്രമിച്ചില്ല. തൻറെ മൗനം അതാണ് വേദനിപ്പിച്ചത്.കണ്ണീരോടെ പുഞ്ചിരിച്ചുകൊണ്ട് എനിക്ക് നന്മകൾ നേർന്നു
അവിടുന്ന് ഇറങ്ങി പോയതാണ്.

സഹിച്ചിട്ടുണ്ടാവില്ല, കുഞ്ഞുങ്ങളുടെ മനസാണ് അരുണേട്ടന് താനത് ഓർത്തില്ല. കാർ ഓവർ സ്പീഡിൽ ഓടിച്ചു എതിരെവന്ന ലോറിയിൽ തട്ടി റോഡിൽ നിന്ന് വലിയൊരു കുഴിയിലേക്കാണ് വീണത്. വീഴ്ചയുടെ ആഘാതം തലഇടിച്ചു വീണതകൊണ്ട് രക്ഷപ്പെടാൻ സാധ്യതയില്ല.

ഡോക്ടർ പറഞ്ഞ നാൽപ്പത്തിയെട്ടു മണിക്കൂർ നിർണ്ണായകമായ 48 മണിക്കൂറുകൾ.
ഓരോ നിമിഷങ്ങളും യുഗങ്ങൾ പോലെ ഞങ്ങളെ കടന്നു പോയി. മൗനം അവിടെ തളംകെട്ടിനിന്നു.മൗനത്തെ മുറിക്കുന്ന തേങ്ങലുകൾ ഒതുക്കാൻ പാടുപെട്ടു.ഒരു നേഴ്സ് icu വിന്റെവാതിൽ തുറന്നു പുറത്തു വന്നു.

“അരുണിന്റെ ആൾക്കാർ ആരെങ്കിലും വരണം ഡോക്ടർ വിളിക്കുന്നു.”

അച്ഛനും ചേച്ചിയുടെ ഭർത്താവും ഡോക്ടറുടെ അടുക്കലേക്കു കയറി.നിമിഷങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു.
വീണ്ടും icu വിന്റെ വാതിൽ തുറന്നു വെള്ളവിരിപ്പിട്ട് ചേതനയറ്റ ശരീരം പുറത്തേക്ക് കൊണ്ടുവന്നു.ആർത്തലച്ചു കൊണ്ട് മൗനം അവിടെ പെയ്തു തുടങ്ങി..

തൻറെ മൗനം അതാണ് അരുണിനെ കൊന്നത്. അന്നു ഒന്നു ചേർത്തുപിടിച്ചെങ്കിൽ, സാരമില്ല അരുണേട്ടാ എല്ലാം ശരിയാകും എന്നു പറഞ്ഞിരുന്നെങ്കിൽ,സാവധാനം എല്ലാം മനസിലാക്കിയിരുന്നെങ്കിൽ…. എല്ലാവരും പരിഹസിച്ചപ്പോഴും ഓർത്തിട്ടുണ്ടാവില്ലേ ഞാൻ കൂടെ ഉണ്ടെന്നു,എന്റെ നിമ്മിയുണ്ടെന്ന് ആ വിശ്വാസം അതാണ് ഞാൻ തെറ്റിച്ചത്..സ്വയം കീറിമുറിച്ച ചിന്തകൾ അവളെ വാദിയും, പ്രതിയുമാക്കി. മനസാക്ഷിയുടെ കോടതിയിൽ അവളൊരു കുറ്റവാളിയായിരുന്നു.

ആ നോവിൽ അവളുടെ ചിന്തകൾ താളംതെറ്റി.പിന്നെ അവൾ മൗനമായിരുന്നു മൗനത്തെ കൂട്ടുപിടിച്ച് കാഴ്ചക്കാർക്ക് ഒരു നൊമ്പരമായി അവളെങ്ങനെ ജീവിക്കുന്നു…

സുബി വാസു. നിലമ്പൂർ✍

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: