അനീറ്റ അനീഷ്, സിൽവാസ്സ
പേരിനൊപ്പം എഴുതിച്ചേർത്ത
മേൽവിലാസം
സ്വന്തമായിരുന്നില്ല
അവൾക്ക്
ബന്ധങ്ങളുടെ നിഴലിൽ
ആണിയടിച്ചു
കൊടുക്കപ്പെട്ട
ഔപചാരികത മാത്രം
കൂലിയില്ലാതെ വേല
ചെയ്യേണ്ടവൾ
മക്കളെ പോറ്റി
വളർത്താൻ
അമ്മ സ്ഥാനം
പേറേണ്ടവൾ
ഒറ്റപ്പെടലിന്റെ കണ്ണുനീർ
ചിരിച്ചു തുടയ്ക്കേണ്ടവൾ
വിഷാദത്തിന്റെ ചിതൽ
അരിയ്ക്കുമ്പോഴും
അവഗണനയുടെ
നീറ്റലിൽ പിടയുമ്പോഴും
മൗനത്തിന്റെ കടലിൽ
മുങ്ങിത്താഴുന്നവൾ
‘കടമ ‘ എന്ന ചട്ടക്കൂടിൽ
സ്വയം തളച്ചിടുമ്പോഴും
നഷ്ട്ടമാകുന്ന ഓരോ
സ്വപ്നങ്ങളെയും
വെറുതെയെങ്കിലും
വാരി പുതച്ചുറങ്ങാൻ
മനസ്സുകൊണ്ട്
ആഗ്രഹിക്കുന്നവൾ
ഈ ഭൂമി നിന്റേതും
കൂടിയാണന്നറിയാതെ
ഈ മഴ നിനക്കും
നനയാനുള്ളതാണന്നറിയാതെ
ഓരോ പ്രഭാതവും നിന്റെ പുഞ്ചിരിയാണന്നറിയാതെ
കണ്ണീർ വീണ
സ്വപ്നങ്ങളെ
താലോലിച്ച്
സ്വന്തം മേൽവിലാസം
നഷ്ട്ടമായതറിയാതെ
നരച്ച സ്വപ്നങ്ങൾക്ക്
കാവലായി
ഇപ്പോഴും അവൾ
നമ്മളിൽ തന്നെയുണ്ട്.
അനീറ്റ
ശരിയാണ്..അങ്ങിനെയൊരു
അവൾ എല്ലാ സ്ത്രീകളിലും ഉണ്ട്..
നല്ലെഴുത്ത്..