17.1 C
New York
Tuesday, May 17, 2022
Home Literature മൂന്ന് മാവുകൾ - ✍ കരുണാകരൻ പേരാമ്പ്ര

മൂന്ന് മാവുകൾ – ✍ കരുണാകരൻ പേരാമ്പ്ര

കരുണാകരൻ പേരാമ്പ്ര✍

മൂന്നാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലാണ് ആ ദൃശ്യം ഞാൻ കണ്ടത്! അത് പോലെ ഒരനുഭവത്തിലൂടെ പിന്നീട് കടന്നു പോയതുകൊണ്ടാവാം ആ കാഴ്ച അത്രമേൽ മനസ്സിൽ മുദ്രണം ചെയ്യപ്പെട്ടത്.
മാവിന് സമീപം നിൽക്കുന്ന ഒരു ബാലൻ്റെ ചിത്രമായിരുന്നു അത്.
മഹാകവി ഇടശ്ശേരിയുടെ”കാറ്റിനോട് ” എന്ന കവിതയോടൊപ്പമായിരുന്നു അജ്ഞാതനായ ചിത്രകാരൻ വരച്ച ആ ചിത്രം.

മാവിനെ പതുക്കെ തൊട്ട് തലോടിയാൽ മതിയെന്നും, ശക്തിയിൽ വീശി മാമ്പൂ കൊഴിക്കരുതെന്നും അവൻ കാറ്റിനോട് പറയുന്നു.
എവിടെയാവാം ആ കുട്ടി? ആ രേഖാ ചിത്രം ഒരു വിഷാദ ചിന്തയായി ഏറെക്കാലം മനസ്സിനെ മഥിച്ചു.

അക്കാലത്തെ കുട്ടികളെപ്പോലെ നിക്കർ ധരിച്ച് അവൻ പുസ്തകത്താളിൽ നിലകൊണ്ടു.

കവിത മനഃപ്പാഠമാക്കുകയായിരുന്നല്ലോ അന്നത്തെ പാഠ്യ രീതി! പക്ഷെ മനസ്സിലുറച്ചതും, പിന്തുടർന്നതും ആ ചിത്രമായിരുന്നു.

നാലിൽ നിന്ന് അഞ്ചിലേക്കെത്തിയ ആദ്യ ദിവസം ശ്രീധരൻ മാസ്റ്റർ പറഞ്ഞു.
‘നിങ്ങൾ ഉയർന്ന ക്ലാസിലെത്തിയിരിക്കുന്നു. കാര്യങ്ങളെല്ലാം കുറേക്കൂടി ഗൗരവമായി കാണണം.’
ഓ! അങ്ങിനെയോ,എന്ന് ഞങ്ങൾ അഭിമാനം കൊണ്ടു.
ഉച്ചനേരങ്ങളിൽ മാസ് കളിക്കാൻ അടുത്തുള്ള അമ്പലപ്പറമ്പിലും നാട്ടുമാങ്ങ വീഴ്ത്താൻ റോഡിനരികിലുള്ള മാഞ്ചുവട്ടിലും പോകാനുള്ള യോഗ്യത ഞങ്ങൾക്കും കൈവന്നതായി തോന്നി.

സ്കൂളിന് എതിർവശത്തായി മെയിൻ റോഡിന് ഓരം ചേർന്ന് കുട്ടമ്പത്ത് മാധവൻ മാഷിൻ്റെ പറമ്പിലാണ് ആ മാവ് തലയുയർത്തി നിന്നത്.. ഒഴിവു വേളകളിൽ
ഒരേ സമയം ഒട്ടനവധി പേർ പ്രതാപികളായി നിന്ന ആ മാവിൻ ശാഖികളിലേക്ക് കല്ലെറിഞ്ഞു കൊണ്ടിരുന്നു.
മാങ്ങകൾ വീഴുമ്പോൾ കയ്യൂക്കും, ഉച്ചത്തിലുള്ള വാദങ്ങളും വിജയിച്ചു.
തീർത്തും മൽസരനിബിഢമായ മധ്യാഹ്നങ്ങൾ !

എല്ലാവർക്കും എന്നും മാങ്ങ കിട്ടിയോ ആവോ?
നാട്ടുമാങ്ങകളുടെ പ്രലോഭനത്തിൽ ആയിരം കല്ലുകൾ ഉയർന്നു താണു.
നിസ്സംഗനും നിർമ്മമനുമായി ആ വലിയ മാവ് കുട്ടികളുടെ ഇടയിൽ നിന്നു.
കടും പച്ചയിലകൾ നിറഞ്ഞ മാവിൽ കായ്ച്ച ഇളം പച്ച നിറമുള്ള മാങ്ങകൾ എല്ലാവരെയുമെന്ന പോലെ എന്നെയും മോഹിപ്പിച്ചു.
ഭാവനയിൽ പലപ്പോഴും രുചി നുണഞ്ഞു.
ആ മൽസരത്തിൽ പങ്കെടുത്ത് ഒരു മാങ്ങ നേടാൻ കഴിയില്ലെന്ന് ബോധ്യമുള്ളതു കൊണ്ട് മാറി നടന്നു. ചിലപ്പോൾ ആ പ്രകടനം നോക്കി നിന്ന് ആശ്വസിച്ചു.

പിന്നെപ്പിന്നെ എൻ്റെ ഉച്ചനേരങ്ങളെ ഞാൻ മാഞ്ചുവട്ടിൽ നിന്ന് മാസ് കളിയിലേക്ക് തിരിച്ചുവിട്ടു.

ഒരു നാൾ സ്കൂൾ വിട്ട് ഒറ്റയ്ക്ക് വീട്ടിലേക്ക് പോകുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്! സ്കൂളിന് പിറകിലുള്ള ഇടവഴിയുടെ ഓരത്ത് ഒരു മാവ് വലിയൊരു പ്ലാവിന് പിറകിലായി ഒതുങ്ങി നിൽക്കുന്നു.
ശ്രദ്ധിച്ചു നോക്കിയപ്പോൾ കണ്ടു, അഞ്ചെട്ടുമാങ്ങകൾ !!
അല്പം ഉയരമുള്ള പറമ്പിൽ കയറിയാൽ മതി,പിന്നെ എളുപ്പം ഒടിച്ചെടുക്കാൻ പാകത്തിലാണ് അതിൻ്റെ നിൽപ്.
പതുക്കെ ഞാൻ പറമ്പിലേക്ക് കയറി. എന്നെ പ്രതീക്ഷിച്ചതു പോലെ നിന്ന ആ മാവിൻ്റെ, ഞാന്നു കിടന്ന ചില്ലയിൽ നിന്ന് ഒരു മാങ്ങ ഒടിച്ചു.!!
അതോ എൻ്റെ കൈവെള്ളയിലേക്ക് വെച്ചു തന്നുവോ?
ശേഷം സംഘർഷമില്ലാതെ, ആരവമില്ലാതെ ആ കൊച്ചു മാവിന്നരികിൽ നിന്ന് ഞാൻ പിൻവാങ്ങി.
ആ അസുലഭ നിർവൃതിയിൽ മാങ്ങയുടെ രുചി മുങ്ങിപ്പോയി.

സമാധാനത്തിൻ്റെയും അഹിംസാ മാർഗത്തിൻ്റെയും വഴിയിലൂടെ കൈവന്ന നേട്ടം എന്നിൽ ആത്മഹർഷമായി നിറഞ്ഞു.
ഞാൻ മാവിനോട് നീതി പാലിച്ചു. നാവിൽ കൊതിയുടെ ആസക്തി പുത്തപ്പോൾ മാത്രം മാവിൻ്റെ സവിധത്തിലെത്തി.
ഒരു ആചാരത്തിൻ്റെ കണിശതയോടെ ഒറ്റ മാങ്ങ മാത്രം ‘സ്വീകരിച്ച് ‘ സ്വസ്ഥനായി മടങ്ങി. വിജനവും ശാന്തവുമായ ഇടവേളകളിൽ മാത്രം ഞങ്ങളുടെ സംഗമങ്ങൾ നടന്നു.ഏറെ പുളിയുളള,മങ്ങിയ പച്ച നിറമുള്ള ആ മാങ്ങകൾ, എന്നെ സംബന്ധിച്ച് അക്കാലത്തെ മികച്ച നേട്ടങ്ങളായിരുന്നു.

ഏഴാം ക്ലാസ് കഴിഞ്ഞ്,ആ സ്കൂൾ വിടുന്നതു വരെ ഞങ്ങളുടെ ബന്ധം നിലനിന്നു.
മൗനിയായ മാവിൻ്റെ സാന്നിധ്യം ആസക്തിയെ ആനന്ദമാക്കി പരിണമിപ്പിച്ചു.

വഴിപോക്കരുടെ കാഴ്ചയിൽ പെടാതെ ഏറെക്കാലം ആ മാവ് അവിടെ നിലകൊണ്ടു.
പിൽക്കാലത്ത് ആ വഴി പോകുമ്പോഴൊക്കെ ഞാൻ അല്പ നേരം അവിടെ ചെലവഴിക്കാറുണ്ടായിരുന്നു.
സൗമ്യയായ് ഒതുങ്ങി നിൽക്കുന്ന എൻ്റെ ‘കൂട്ടുകാരി ‘യോടുള്ള കടപ്പാട്
പ്രകടിപ്പിക്കാനായി മാത്രം.

ഏറെ നാൾ എൻ്റെ രസനയെ നിർവൃതി കൊള്ളിച്ച ആ മാവിനോട് അത്രമേൽ മമതയുണ്ടായിരുന്നു എനിക്ക്.

നിഷ്കാമ സ്നേഹത്തിൻ്റെ സൗമ്യ പാoങ്ങൾ എനിക്ക് പകർന്നു തന്നു ആ ഹരിതകേശിനി.

ഒരിക്കൽ ആ വഴി പോകുമ്പോൾ കൂടെയുണ്ടായിരുന്ന ചങ്ങാതിയോട് ഞാൻ എൻ്റെ മാവിനെപ്പറ്റി പറഞ്ഞു.
“കുറുക്കൻ മാവാണ്! മാങ്ങയ്ക്ക് ഗുണമില്ല” എന്നായിരുന്നു അവൻ്റെ
മറുപടി .!!!

കരുണാകരൻ പേരാമ്പ്ര✍

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: