വംശശുദ്ധിയെക്കുറിച്ച് അറിയണമെങ്കില്‍
ചോദിച്ചുനോക്കുക,മുക്കുപണ്ടത്തോട്.
വംശശുദ്ധിയില്‍ ഊറ്റംകൊള്ളുന്ന
സുവര്‍ണ്ണകുമാരികള്‍ക്കിടയില്‍
അപകര്‍ഷത്താല്‍ ഉരുകിയൊലിച്ചുപോയേക്കാവുന്ന
സുവര്‍ണ്ണശോഭയോര്‍ത്ത്
വെട്ടത്തെ വെറുത്തവള്‍.
ചില്ലലമാരയിലെ ഇത്തിരിലോകത്തില്‍
നിറചിരി പൂത്തിരികത്തിച്ചുനില്ക്കവേ,
കൊതിക്കണ്ണെറിഞ്ഞ് കൊണ്ടുപോകുമ്പോഴോര്‍ത്തില്ല,
കാത്തിരിക്കുന്നത് പന്തിയില്‍ പക്ഷഭേദം,
കുലമഹിമയില്ലാത്ത സപത്നീതുല്യം.
പത്തരമാറ്റിനിടയില്‍ ചായമിട്ട പകിട്ടിന്
നൂറില്‍ നൂറ്;
മാറ്റുരച്ചുനോക്കണമെന്ന് സുവര്‍ണ്ണപ്പതക്കം.
ഉരച്ചുരച്ച് ചെല്ലവേ നെഞ്ചകം തിളച്ച ലാവ
പണയപ്പെടുത്തുമ്പോള്‍ തിളച്ചുതൂകി
കറുത്തുപോയ മുക്കുപണ്ടം
വംശശുദ്ധിയുടെ രക്തസാക്ഷി!
ഗീത ശ്രീകുമാര്‍
നരിക്കുനി
കോഴിക്കോട്