" ഡോക്ടറെ എന്റെ മോളെ കണ്ടോ... അവളെത്ര സുന്ദരിയാണ്.. അമ്മയവളെ കുളിപ്പിച്ചു... പുത്തനുടുപ്പു അണിയിച്ചു... കണ്ണെഴുതി... പൊട്ടുതൊട്ടു.."
കയ്യിലിരിക്കുന്ന പാവയേ നീട്ടി തന്നോട് വിശേഷങ്ങൾ പറയുന്ന രേവതിയമ്മയുടെ നിറുകയിൽ വാത്സല്യത്തോടെ ‘ഹിമ ഡോക്ടർ തഴുകി…
“ആഹാ മോളൂട്ടീ സുന്ദരിയായിരിക്കുന്നല്ലോ ” അവൾ ആ പാവക്കുട്ടിയെ കയ്യിൽ വാങ്ങി
” രേവു.. വന്നേ… വന്നാഹാരം കഴിച്ചേ… മരുന്നു കഴിക്കേണ്ടതല്ലേ.”
“ശ്… ഒന്നു പതുക്കെ പറ മാധവേട്ടാ… നമ്മുടെ മോൾ ഉറങ്ങുവാ…അല്ലേലും മാധവേട്ടന് ഒരു ശ്രദ്ധയുമില്ല.. ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ അടുത്ത്
വന്നങ്ങു ഉച്ചത്തിൽ സംസാരിച്ചോളും “
രേവതിയമ്മ അദ്ദേഹത്തോട് പരിഭവിച്ചു…
“അയ്യോ സോറി രേവൂ…. ഞാൻ അറിഞ്ഞില്ല മോളുറങ്ങിയത്… അയാൾ വാ പൊത്തിപിടിച്ചു ചെറിയ ശബ്ദത്തിൽ പറഞ്ഞു…
” മോളെ…ഞാൻ നോക്കിക്കോളാം അമ്മേ.. അമ്മ പോയി ആഹാരമൊക്കെ കഴിച്ചു.. മരുന്നൊക്കെ കഴിച്ചു.. നല്ല കുട്ടിയായി വരണം… അപ്പോളേക്കും ഞാനിവൾക്കു കൂട്ടിരിക്കാം..”
” ശരി മോളെ ” അവർ സന്തോഷത്തോടെ സമ്മതിച്ചു… “
ആ അച്ഛൻ.. ആ അമ്മയെ ഊട്ടുന്നതും അവരുടെ കൂടെ നടക്കുന്നതുമെല്ലാം ഹിമ ഡോക്ടർ വളരെ വേദനയോടെ നോക്കി നിന്നു…
എത്രയോ രോഗികളെ കണ്ടും കേട്ടും അറിഞ്ഞും ചികിത്സനൽകുകയും ചെയ്തിരിക്കുന്നു താൻ.... എപ്പോളും അവർക്കെല്ലാമിടയിൽ ഒരു നൊമ്പരമായി കടന്നുവരും രേവതിയമ്മയും മാധവൻനായരും...
സ്വർഗ്ഗതുല്യമായ ജീവിതം ആയിരുന്നു അവരുടേത്...ഉത്സവത്തിന് അമ്പലത്തിൽ പോയതാണ് മൂന്നുവയസുകാരി ശ്രീകുട്ടിയേം കൊണ്ടു... ഉത്സവകാഴ്ചകൾ കണ്ടു നിൽക്കുമ്പോളാണ് 'ആന ഇടഞേ 'എന്നാരോ പറയുന്നത് കേട്ടത്... ജനം പരിഭ്രാന്തരായി അങ്ങുമിങ്ങും ഓടിനടന്നു.. തിരക്കിൽ പെട്ട മാധവൻ നായർക്കും രേവതിക്കും അവരുടെ കുഞ്ഞിനെ നഷ്ടപ്പെട്ടു... ഒരുപാട് അന്വേഷണങ്ങൾ ഒക്കെ നടത്തിയിട്ടും മോളെ കണ്ടു കിട്ടിയില്ല... മരിച്ചോ.. ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല.. തന്റെ എല്ലാമെല്ലാമായ പൊന്നുമോളെ നഷ്ടപെട്ട രേവതിയുടെ മനസ്സ് അന്നു താളം തെറ്റിയതാണ്.. ഒരുപാട് ചികിത്സകൾ നടത്തി.. അതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല... അന്നുമുതൽ രേവതിയുടെ കയ്യിൽ എപ്പോഴും ഒരു പാവക്കുട്ടി ഉണ്ടാകും... അതിനെ കുളിപ്പിച്ചും കണ്ണെഴുതിയും പൊട്ടു തൊട്ടും അവരുടെ ലോകത്തു പാറി നടക്കും.... അവരുടെ കഥ കേട്ടപ്പോൾ മുതൽ ഉള്ളിലൊരു വിങ്ങലാണ്...
"തനിക്കുമുണ്ട് ഒരു മോൾ... അവളെ തങ്ങൾക്കു നഷ്ടപ്പെട്ടാലോ... ഈശ്വരാ ഞാനെന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്.. ഓർക്കാൻ കഴിയുന്നില്ല.. അപ്പോൾ ആ അമ്മ അനുഭവിച്ച ദുഃഖം എത്രയാവും..?? . ആ അച്ഛന്റെ മനസ്സ് അതിനേക്കാൾ നീറുന്നില്ലേ??? ഒരുപോലെ ഭാര്യയേം മകളെയും നഷ്ടമായില്ലേ അദ്ദേഹത്തിന്?? "
ഹിമക്കു പെട്ടെന്നു അവളുടെ അമ്മയെ വിളിക്കണമെന്ന് തോന്നി... ഫോണിൽ അമ്മയുടെ ശബ്ദം കേട്ടപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി... ചെറുപ്പത്തിൽ അമ്മയോടൊത്തിരി വഴക്കു കൂടുമായിരുന്നു... താനും ഒരമ്മയാകേണ്ടി വന്നു തന്റമ്മയുടെ വില നന്നായി അറിയാൻ...
” എന്താ മോളെ നീയിപ്പോൾ വിളിച്ചത് “?
“ഒന്നുമില്ലമ്മേ വെറുതെ വിളിച്ചതാ… അമ്മയുടെ ശബ്ദം കേൾക്കണമെന്നു തോന്നി.. അമ്മേ കുഞ്ഞാറ്റ എന്തെടുക്കുവാ..?
“അവൾ ഉറങ്ങി “
മോളോട് സംസാരിക്കാൻ പറ്റാത്തതിൽ അവൾക്കു നല്ല നിരാശ തോന്നി..
വിദേശത്തുള്ള ഭർത്താവിനെ വിളിച്ചു സംസാരിച്ചു…
വീട്ടിലെത്തിയിട്ടും മനസ്സ് അസ്വസ്ഥമായിരുന്നു... ഓരോ ദിവസത്തെയും വിശേഷങ്ങൾ അമ്മയോട് പങ്കുവയ്ക്കും...ഓരോ ദിനവും കൊഴിഞ്ഞുവീണു... രേവതിയമ്മയോടും മാധവൻനായരോടും വല്ലാത്ത അടുപ്പം ഉണ്ടായി ഹിമക്കു.. രേവതിയമ്മയുടെ അവസ്ഥയിൽ മാറ്റമൊന്നും തന്നെ ഉണ്ടായില്ല... പാവക്കുട്ടിയുമായി നടക്കുന്ന അവർ അവൾക്കൊരു തീരാനൊമ്പരമായിരുന്നു... ഹിമയേ അവർക്കു വലിയ ഇഷ്ടമാണ്...കാണുമ്പോൾ ഒക്കെ ചോദിക്കും "മോളെ എനിക്കൊരുമ്മ തരുമോ "? അതുകേൾക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയും... അവരെ കെട്ടിപിടിച്ചു ഒത്തിരി ഉമ്മ കൊടുക്കും അവൾ... മാധവൻനായർ ആ കാഴ്ച്ച കാണുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ കരയാറുണ്ട്...
ചിലപ്പോൾ ഒക്കെ അവൾ ഓർക്കാറുണ്ട് ചില അവസ്ഥകളിൽ ഭ്രാന്ത് ആണ് നല്ലതെന്നു... ഒന്നും അറിയാതെ.. ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ ഇങ്ങനെ ജീവിക്കാൻ ഭ്രാന്തുള്ളവർക്കേ കഴിയൂ..
" മോളെ ഇന്നെനിക്കു മോളു ചോറു വാരിത്തരുമോ "?
പതിവില്ലാതെ രേവതിയമ്മയുടെ ചോദ്യം കേട്ടപ്പോൾ അവൾക്കു വല്ലാത്ത സന്തോഷം തോന്നി... എന്തോ ഒരു മാറ്റം പോലെ.... അവൾ അവർക്കു ചോറുവാരിക്കൊടുത്തു... തിരിച്ചു അവർ അവൾക്കും....
” മോളെന്റെ മടിയിൽ ഒന്നു കിടക്കുമോ “?
ആ ആഗ്രഹവും അവൾ സാധിച്ചു കൊടുത്തു... അവളെ മടിയിൽ കിടത്തി... തലമുടിയിൽ തഴുകി... നെറ്റിയിൽ ഉമ്മ വച്ചു... 'ഓമനതിങ്കൾക്കിടാവോ 'മധുരമായി പാടി... അവൾ മെല്ലെ കണ്ണടച്ചു....
"അയ്യോ എന്റെ ശ്രീക്കുട്ടി എണീറ്റു... ഞാനവൾക്കേ പാലു കൊടുക്കട്ടെ "
പെട്ടെന്നവർ ചാടിയെണീറ്റു... ഓടിച്ചെന്നു പാവക്കുട്ടിയുമായി പുറത്തേക്കോടി...
കുറച്ചു സമയത്തെ സന്തോഷം വീണ്ടും സങ്കടമായി മാറി… ഹിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
അന്നു രാത്രിയിലും പതിവുപോലെ ഉറക്കമില്ലാതെ അവൾ കിടന്നു… പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്.. മാധവൻ നായർ എന്നുകണ്ടപ്പോൾ തന്നെ അറ്റൻഡ് ചെയ്തു… അവൾ അമ്മയെ വിളിച്ചുണർത്തി…
"അമ്മേ രേവതിയമ്മക്ക് സുഖമില്ലെന്ന്... ഞാൻ പോയിട്ടു വരാം "
“ഈ രാത്രിയിൽ നീയൊറ്റക്ക് പോകേണ്ട മോളെ. ഞാനും കൂടെ വരാം.. മോളേം എടുക്കാം “
അവർ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി….
"അമ്മേ... അമ്മേ.. അവൾ അവരെ കുലുക്കി വിളിച്ചു... അവർ വിളികേട്ടില്ല... ആ പാവകുട്ടിയേം നെഞ്ചോട് ചേർത്ത് അവർ ഉറങ്ങുകയാണ്....ഒരിക്കലും ഉണരാത്ത ഉറക്കം....
രേവതിയമ്മയുടെ ജീവനറ്റ ശരീരം കാണവേ ഹിമയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവരുടെ അടുത്തിരുന്നു വിലപിക്കുന്ന ഹിമയേ പറഞ്ഞാശ്വസിപ്പിക്കാൻ അവർക്കു വാക്കുകൾ കിട്ടിയില്ല. അവരുടെ ചിന്തകൾ കുറേ വർഷം പുറകോട്ടു പോയി.
അമ്പലത്തിൽ തൊഴാനെത്തിയതായിരുന്നു താനും.ഭർത്താവിന്റെ മരണം നൽകിയ വേദനയിൽ ദിവസങ്ങൾ തള്ളി നീക്കിയ കാലം.താലോലിക്കാൻ ഒരു കുഞ്ഞുപോലുമില്ലാത്ത ഹതഭാഗ്യ.
അച്ഛന്റെയും അമ്മയുടെയും കയ്യിലിരുന്നു കൊഞ്ചുന്ന ഹിമയേ താനും ശ്രദ്ധിച്ചിരുന്നു. അവളുടെ കളിചിരികൾ മനസ്സിനൊരു കുളിർമ്മ നല്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ആന ഇടഞ്ഞതും ജനം പരിഭ്രാന്തരായതും. തിക്കിലും തിരക്കിലും താനും പെട്ടു. എങ്ങനെയോ രക്ഷപെട്ടു പോകാൻ ശ്രമിക്കുമ്പോൾ ആണ് ഒറ്റപ്പെട്ടു മാറി നിന്നു കരയുന്ന കുഞ്ഞിനെ കണ്ടത്. ഓടിചെന്നു കുഞ്ഞിനെ മാറോടണച്ചു.. അവളുടെ മാതാപിതാക്കളെ കുറെ അന്വേഷിച്ചു. കണ്ടെത്തിയില്ല.
പിന്നീടുള്ള ദിവസങ്ങളിൽ അവളെകുറിച്ചുള്ള വാർത്തകളും അന്വേഷണങ്ങളും നടക്കുന്നത് അറിയുന്നുണ്ടായിരുന്നു.എന്നാൽ തന്നിലെ സ്വാർത്ഥത.. ഒറ്റപ്പെടൽ എല്ലാം അവളെ കൈമാറാൻ വിസമ്മതിക്കുകയായിരുന്നു. ആരുടെയും ശ്രദ്ധ എത്താത്തിടത്തു അവളെയും കൊണ്ടു വർഷങ്ങൾ കഴിച്ചു കൂട്ടി. ചെയ്തു പോയ തെറ്റിന്റെ ആഴം അറിയാമെങ്കിലും ഒരു ഭ്രാന്തിയായി മാറാതിരിക്കാൻ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നു. ഈശ്വരന്റെ മുൻപിൽ മാപ്പർഹിക്കുന്നില്ല താൻ. മനസാക്ഷിയുടെ മുന്നിൽ തീരെ !
ഹിമ ഇതൊന്നും അറിയുന്നില്ല. ഒരു വശത്തു തന്നെ നഷ്ടപ്പെട്ടാൽ ഭ്രാന്ത് പിടിയ്ക്കുന്നൊരമ്മ.. മറുവശത്തു തന്നെ നഷ്ടപ്പെട്ടതിന്റെ പേരിൽ ഒരായുസ്സ് മുഴുവനും ഭ്രാന്തിയാവുകയും മകളെ ഓർത്തു ചങ്കുപൊട്ടി മരിക്കുകയും ചെയ്ത തന്റെ പെറ്റമ്മ !
"അമ്മേ ഒരുമ്മ തരുമോ അമ്മേ.. എന്നെ ആ മടിയിൽ ഒന്നു കിടത്തുമോ അമ്മേ..." ഹിമ അപ്പോഴും വിലപിച്ചു കൊണ്ടിരുന്നു.