17.1 C
New York
Sunday, June 4, 2023
Home Literature മിഴിനീർ പൂക്കൾ (നീണ്ടകഥ)

മിഴിനീർ പൂക്കൾ (നീണ്ടകഥ)

രചന. മോഹൻദാസ് എവർഷൈൻ.

തുറന്നിട്ട ജാലകത്തിലൂടെ മാത്രം
കാണുന്ന ലോകത്തിലേക്ക് അയാൾ ഒതുങ്ങി പോയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു..
സുഗന്ധദ്രവ്യങ്ങൾ പൂശി നടന്നിരുന്ന പകലുകളിൽ നിന്ന്,വിസർജ്യങ്ങൾ മണക്കുന്ന ഇരുട്ട് മുറിയിലേക്ക് അയാളുടെ ജീവിതം പറിച്ച് നട്ടത് വളരെ പ്പെട്ടെന്നായിരുന്നു..
അയാളുടെ ഒരു വിളിക്കായി കാതോർത്തവർ, വിളിച്ചാലും ചെവി കൊടുക്കാത്ത അവസ്ഥ അയാൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
മരണത്തെ,അറിയാതെ മനസ്സ് കൊണ്ട് സ്നേഹിച്ചു പോകുന്ന നിമിഷങ്ങൾ..

‘ഒരു പക്ഷെ അവൾ മുൻപേ പോയിരുന്നില്ലെങ്കിൽ ഈ ഒറ്റപ്പെടൽഉണ്ടാകുമായിരുന്നില്ലെന്നു ഉറപ്പാണ്.
എത്രയോ ശകാരങ്ങൾക്കിടയിലും, പിണങ്ങാതെ, ചേർന്ന് നില്കുവാൻ അവൾക്ക് ഒരു മടിപ്പും തോന്നിയിരുന്നില്ല.
അന്നൊന്നും അതിന്റെ മൂല്യം തിരയുവാൻ തനിക്ക് നേരം തികഞ്ഞിരുന്നില്ല.
വീട്ടിലെ വെളിച്ചത്തേക്കാൾ, അരണ്ടവെളിച്ചത്തിലെ മദ്യശാലകളിലേക്ക് മുങ്ങാംകുഴിയിടുന്ന സായാഹ്നങ്ങളിൽ താൻ ആരായിരുന്നു.അയാൾ ആലോചിച്ചു..

രാജാവ്, അല്ല, ചക്രവർത്തി തന്നെയാണെന്ന് തോന്നിയിട്ടുണ്ട്, നിറയെ ആജ്ഞാനുവർത്തികൾ, തൂമന്ദഹാസം പൊഴിക്കുന്ന കാമിനിമാർ, കലകൾ അറുപത്തി നാല് പോരെന്ന് തോന്നിയ നിമിഷങ്ങൾ,ഒന്നിനും ഒരുകുറവും വരാതെ ചുറ്റിനും സൗഹൃദങ്ങളുടെ സാമ്പ്രാജ്യം.അതിനിടയിൽ
പരിഭവങ്ങളും,പരിദേവനങ്ങളുമായി അവൾ ഒരപശകുനം പോലെഎന്നും എന്റെ വഴികൾ മുടക്കുവാൻ നില്കുന്നതയാണ് എപ്പോഴും തോന്നുയിരുന്നത്.

എവിടെ വെച്ചാണ് അവൾ തനിക്ക് അപ്രിയമായത്?. അയാൾ അതിനെപ്പറ്റി ചിന്തിക്കുവാൻ ശ്രമിച്ചില്ല.ആദ്യമൊക്കെ മദ്യത്തിന്റെ രൂക്ഷമായ മണം തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞ് അവൾ കട്ടിലിന്റെ താഴെ പായ വിരിച്ച് തനിയെ കിടന്നു.
എങ്കിലും മദ്യപിയ്ക്കാതെ ഒരു ദിവസം പോലും അയാൾക്ക് വീട്ടിൽ വരാൻ കഴിഞ്ഞില്ല. അത് തന്റെ ബിസിനസിന്റെ അനിവാര്യതയാണെന്ന് സ്വയം ന്യായീകരിക്കാൻ അയാൾ ശ്രമിച്ചു.
പുലരുമ്പോൾ തന്നെ പുണർന്നുറങ്ങുന്ന അവളോട്‌ എപ്പോഴെങ്കിലും സ്നേഹം തോന്നിയിരുന്നോ തനിക്ക്.ഇല്ല.
തന്റെ ശരികളെ തെറ്റെന്ന് പറയുന്ന ആരെയും അയാൾക്ക് ഇഷ്ടമായിരുന്നില്ല.എല്ലാം ഒരുതരം യാന്ത്രികതയിലോട്ട് വഴുതി പോയിരുന്നു

സഹികെടുമ്പോൾ അവൾ പറയും, “മക്കൾ വലുതായി വരികയാണ്, നമ്മൾ ചെറുതാകരുതെന്ന് “
അയാൾ അത് കേട്ടതായിപ്പോലും ഭാവിക്കാറില്ല…
ദുഃഖത്തിന്റെ നീർചാലുകൾ പുറത്തോട്ടൊഴുകാതെ അവൾ അണകെട്ടി ഹൃദയത്തിൽ സൂക്ഷിക്കുകയാണെന്നൊന്നും അയാൾഅറിഞ്ഞതേയില്ല. കാരണം ദുശകുനം കാണുമ്പോലെയാണ് അവളെ കണ്ടത്.തന്നെ ആരെങ്കിലും നിയന്ത്രിക്കുന്നത് അയാൾക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല.
പി ഡബ്ല്യൂ ഡി കോൺട്രാക്ടർ ശിവൻകുട്ടി, ആരുടെ മുന്നിലും തോൽക്കില്ലെന്ന് ഊറ്റം കൊണ്ട് നടന്നു.എല്ലാം പണം കൊടുത്തു വരുതിയിലാക്കുവാൻ കഴിയുമെന്ന് കരുതുന്ന കാലത്ത് ഈശ്വരന് പോലും കൊടുക്കുന്നത്
‘കാണിക്കയല്ല ശിവൻകുട്ടിയുടെ ദാനമായിരുന്നു.

വീട്ടിൽ വൈകി എത്തുമ്പോൾ അവളുടെ നിറയുന്ന മിഴികൾ എപ്പോഴും ഒരു രസം കൊല്ലിയായിരുന്നു. ഉറങ്ങാതെ കാത്തിരിക്കുന്ന അവളെകാണുമ്പോൾ ഉള്ളിൽ അരിശം തിളച്ചു വരും.
അവൾ ഒരു നീരസവും കാട്ടിയില്ല. വിധിയുടെ മാളത്തിൽ അവൾ തന്റെ സ്വപ്‌നങ്ങൾ ഒളിപ്പിച്ചുവെച്ചു.
പലപ്പോഴും വീട്ടിലേക്കുള്ള വഴികൾ മറന്ന് പോയി, ഉണരുമ്പോൾ പുഞ്ചിരിയും, ശൃംഗാരവും ഒരുമിച്ച് വിളമ്പുന്ന കൂടാരങ്ങളിൽ അയാൾ അഭയാർത്ഥിയായി.
ഉച്ചവെയിലിലും വഴിക്കണ്ണുമായി അവൾ കാത്തിരുന്നുവെങ്കിലും, അയാൾ വന്നില്ല.അതവൾക്ക് താങ്ങാവുന്നതിനുംഅപ്പുറമായിരുന്നു… വിജനമായ വഴിയിൽ ഒറ്റപ്പെട്ട് പോയ കുട്ടിയെ പോലെ അവൾ കരഞ്ഞു…

അന്നവൾ ഒരുപാട് കരഞ്ഞിരുന്നുവെന്ന് ജാനുവമ്മ പിന്നീട് പറഞ്ഞു. പെട്ടെന്ന് വീട്ടിലേക്ക് വരാൻ മോനാണ് വിളിച്ചത്… കാര്യം ഒന്നും പറഞ്ഞില്ല. അവന്റെ ശബ്ദം ഇടറിയിരുന്നു. മറിച്ച് എന്തെങ്കിലും ചോദിക്കുന്നതിന് മുന്നെ ഫോൺ കട്ടായി…

വീട്ടിൽ പോയിട്ട് മൂന്ന് നാല് ദിവസമായതിനാൽ, അവിടെ എന്താണുണ്ടായതെന്ന് ഒരു പിടിയുമില്ലായിരുന്നു..
വീട്ടിലെത്തുമ്പോൾ ഡോക്ടർ രഘുവരന്റെ കാർ കിടക്കുന്നത് കണ്ടു.
എന്തോ ഒരു പന്തികേട് അയാൾക്ക് തോന്നി.അകത്തു ചെല്ലുമ്പോൾ മോളുടെ അലമുറയിട്ട കരച്ചിൽ കേട്ടു. മോനും വാതിൽക്കൽ നിന്ന് തേങ്ങിക്കരയുന്നുണ്ടായിരുന്നു.
അയാളെകണ്ടതും ഡോക്ടർ പറഞ്ഞു.
“ഞാൻ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു..”

അവളുടെ കൈകളിൽ മുറുക്കിപിടിച്ചിരുന്ന ഒരു തുണ്ട് പേപ്പർഡോക്ടർ എടുത്തു അയാൾക്ക് നേരെ നീട്ടി.
അയാളത് വാങ്ങി വായിച്ചു…
“എല്ലാ സങ്കടങ്ങൾക്കിടയിലും എനിക്ക് ചേക്കേറുവൻ ആ നെഞ്ചിൽ ഒരു കൂടുണ്ടായിരുന്നു. ഇന്നെനിക്ക് അതും നഷ്ടമാകുമ്പോൾ.. ഇനിയും ഈ കണ്ണുകൾക്ക് കാത്തിരിക്കുവാൻ ഒന്നുമില്ല… സ്നേഹത്തോടെ ഒരന്ത്യചുംബനമെങ്കിലും……!.
അവളുടെ മുഖത്തു നോക്കുവാനുള്ള ധൈര്യം എങ്ങോ ചോർന്നു പോയി.
ജീവിതത്തിൽ തോറ്റു പോകുന്നവന്റെ നൊമ്പരം തിരിച്ചറിഞ്ഞ നിമിഷങ്ങൾ…
കിടക്കയിൽ തങ്ങളുടെ വിവാഹ ആൽബം തുറന്നിരുന്നു. വിവാഹത്തിന് അവളുടുത്ത സാരിയും അതിനടുത്തു തന്നെ ഇരുപ്പുണ്ട്. ചലനമറ്റ്കിടക്കുന്ന അവളുടെ കവിളുകളിൽ കൂടി അപ്പോഴും ചോര കലർന്ന നുരയും പതയും ഒഴുകുന്നുണ്ടായിരുന്നു.
അവളുടെ നെറുകയിൽ അവസാനം തൊട്ട കുങ്കുമത്തിൽ അയാളുടെ ചുണ്ടുകൾപതിഞ്ഞു…!.
ആർത്തലച്ചു കരയുന്ന മക്കളുടെ രൂക്ഷമായ നോട്ടത്തിൽ അയാൾ വെന്തെരിഞ്ഞുപോയി …!.

അപ്പോൾ അവളുടെ വാക്കുകൾ
മനസ്സിൽ മറ്റൊലികൊണ്ടു..
“മക്കൾ വലുതാകുകയാണ് നമ്മൾ ചെറുതാകരുത് “
അവരുടെ മുഖത്തു നോക്കുവാൻ കഴിയാതെ, അയാൾ പുറത്തിറങ്ങി, അവൾ എന്നും തന്നെ കാത്തിരിക്കുമായിരുന്ന ഉമ്മറത്തെ സോപാനത്തിൽ ചെന്നിരുന്നു.
മുറ്റത്ത് നിറയെ ആളുകൾ കൂടിയിട്ടുണ്ട്.എല്ലാവരുടെ മുഖത്തും തന്നോടുള്ള അവജ്ഞ വ്യക്തമായിരുന്നു. ആരുടെ നോട്ടത്തിലും തന്റെ കണ്ണുകളുടക്കാതെ, ഒരു കുറ്റവാളിയെ പോലെ അയാൾ തലകുനിച്ചിരുന്നു…
ആംബുലൻസ് വന്ന് അവളുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനായി കൊണ്ട് പോകുമ്പോൾ യാന്ത്രികമായി അയാളും കൂടി അതിനുള്ളിൽ കയറിയിരുന്നു..

അവൾ ഒത്തിരി ആഗ്രഹിച്ചിരുന്നു തന്നോടൊപ്പം പുറത്തൊക്കെ ഒന്ന് പോകണമെന്ന്.. അയാളോർത്തു.
മിക്കവാറും അമ്പലങ്ങളിൽ തന്നെയും കൂട്ടി പോകുവാനാവും അവൾ ആഗ്രഹിക്കുക!.
“നാളെ സമയമുണ്ടാകുമോ… ആ മഹാദേവ ക്ഷേത്രം വരെ ഒന്ന് പോകാൻ?”
ശബ്ദം താഴ്ത്തിയുള്ള അവളുടെ ചോദ്യത്തിന്,
സ്നേഹവും ഭയവും കലർന്ന അവളുടെ മുഖത്തു നോക്കിപ്പറയും
“ഡ്രൈവർ വണ്ടിയുമായി വരും.. പോയ്കൊള്ളൂ.. എന്നെ പ്രതീക്ഷിക്കരുത്..”
അവൾ നിരാശയോടെ നോക്കി നില്കുമ്പോൾ, ഉള്ളിൽ അവളെ തോൽപ്പിച്ച ഭാവത്തിൽ താൻ കടന്ന് പോകുമായിരുന്നു.
അവളുടെ ചെറിയ ആഗ്രഹങ്ങൾ പോലും ചവുട്ടി ഞെരിച്ച കാൽ പാദങ്ങൾ പൊള്ളുകയാണിപ്പോൾ…
അവളുടെ ചടങ്ങുകളെല്ലാം കഴിഞ്ഞു, പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് ഓഫീസിൽ ചെല്ലുന്നത്.
തന്നെകണ്ടതും എല്ലാവരും എഴുന്നേറ്റ് ഗുഡ് മോർണിംഗ് പറഞ്ഞെങ്കിലും, അവരുടെ അടക്കം പറച്ചിലുകളിൽ ഞാൻ
പാവമൊരു പെണ്ണിനെ കൊലയ്ക്ക് കൊടുത്തവനായിരുന്നു…എല്ലാവർക്കും അവളോട്‌ ഇത്രയും സ്നേഹം എങ്ങനെ വന്നെന്ന്തിരിച്ചറിയുവാൻ അയാൾക്കായില്ല..

ഓഫീസ് ടൈം കഴിഞ്ഞിട്ടും ഒത്തിരി നേരം കൂടി തനിച്ച് അവിടെയിരുന്നു.ആരുടെയൊക്കെയോ ഫോൺ വന്ന് വെങ്കിലും ഒന്നും അറ്റൻഡ് ചെയ്തില്ല.
വീട്ടിൽ കയറിചെല്ലുമ്പോൾ അത്താഴത്തിന് സമയമായിരുന്നു..
അവളുള്ളപ്പോൾ എപ്പോഴും ആഹാരം വിളമ്പി അടച്ചു ഡൈനിങ്ങ് ടേബിളിൽ വെച്ചിരിക്കും…രാത്രിയിൽ എത്ര വൈകിയാലും അതവിടെ ഉണ്ടാകുമായിരുന്നു.
വിശപ്പ് ഉണ്ടായിരുന്നതിനാൽ കണ്ണുകൾ അവിടെ ഒന്ന് തിരഞ്ഞു. ഒഴിഞ്ഞ ടേബിളിൽ വെള്ളത്തിന്റെ ജഗ് പോലും കണ്ടില്ല. എന്തോ ജാള്യത കൊണ്ട് മിണ്ടാതെ മുറിയിൽ പോയി, അലമാരയിൽ നിന്നും ബ്രാണ്ടി എടുത്ത് ഗ്ലാസ്സിൽ പകർന്ന്,ആവശ്യത്തിലധികം കുടിച്ചു…

വീട്ടിൽ എത്രപെട്ടെന്നാണ് താൻ എടുക്കാത്ത നാണയതുട്ടിനെ പോലെ ആയത്!. അവളുടെ തണൽ തനിക്ക് മുകളിൽ ഉണ്ടായിരുന്നത് കൊണ്ടാണ് ഈ ചൂട് മുൻപ് അറിയാതിരുന്നതെന്ന് അയാൾക്ക് തോന്നി.
വീട്ടിൽ ഒറ്റപ്പെട്ടു പോയെങ്കിലും
പുറത്ത് പോയി കൂട്ടുകാരെ കാണാൻ ഇതുവരെ മനസ്സ് വന്നില്ല…

അവളുടെ മരണത്തിന് ശേഷം മനസ്സൊരിക്കലും ശാന്തമായില്ല.
ഊണിലും, ഉറക്കത്തിലും, ഇപ്പോഴും അവൾ ഉമ്മറത്തു തന്നെയും കാത്തു നില്ക്കുന്ന പോലെ ഒരു തോന്നൽ അയാളെ വേട്ടയാടുന്നു.
മനസ്സിൽ അസ്വാസ്ഥത അഗ്നിപർവ്വതം പോലെ പുകഞ്ഞുകൊണ്ടേയിരുന്നു.

ഓഫീസിൽ കാര്യങ്ങളെല്ലാം ഉണ്ണിത്താൻ തന്നെയാണ് നോക്കി നടത്തുന്നത്. ഒരു മാനേജർ എന്നതിലുപരി തന്റെ എല്ലാ ഉയർച്ചയിലും, വീഴ്ചയിലും കൂടെ നിന്ന നല്ല മനുഷ്യൻ. ഓഫീസിൽ ഒരു കാര്യത്തിലും കൂടുതൽ ശ്രദ്ധിക്കുവാൻ തനിക്ക് കഴിയുന്നില്ല.
ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒറ്റപ്പെടൽ അസ്സഹനീയമായി അയാൾക്ക് തോന്നി..
ഏത് കുമ്പസാരകൂട്ടിന് മുന്നിലാണ് എന്റെ തെറ്റുകൾ ഏറ്റു പറയുക ?.
അയാൾ കട്ടിലിനടിയിലേക്ക് നോക്കി. അതവിടെ തന്നെയുണ്ട്!അവൾ മടക്കി വെച്ച പായയും, തലയിണയും അയാൾ പുറത്തേക്ക് വലിച്ചെടുത്തു. ഏത് ചൂടിലും പുതച്ചുറങ്ങുന്ന അവളുടെ പുതപ്പും, അതിലുണ്ടായിരുന്നു. പായ നിവർത്തിയിട്ട് അയാൾ അതിലിറങ്ങി കിടന്നു. ആ പുതപ്പ് തലവഴി വലിച്ചു മൂടി..അതിൽ അവളുടെ കാച്ചെണ്ണയുടെ മണമുണ്ടെന്ന് അയാൾക്ക് തോന്നി.എന്നോ താൻ മറന്ന് പോയ ആ മണം മനസ്സിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ, അയാളുടെ കണ്ണുകൾ അയാൾ പോലും അറിയാതെ നിറഞ്ഞോഴുകി.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഏതാണ്ട് രാവിലെ പതിനൊന്നു മണിയായിക്കാണും.. ഓഫീസിന്റെ ചുമരുകൾ തനിക്ക് ചുറ്റും കറങ്ങാൻ തുടങ്ങി.. കണ്ണുകളിൽ ഇരുട്ട് പടരുന്നത് പോലെ. മേശപ്പുറത്തിരുന്ന മിനറൽ വാട്ടർ എടുത്ത് കുടിക്കുവാൻ നോക്കിയെങ്കിലും അത് കൈത്തട്ടി താഴെ പോയി… ഇപ്പോൾ ചുമരുകൾ മാത്രമല്ല, , ഞാനും ഫർണിച്ചറുകളും നല്ല സ്പീഡിൽ കറങ്ങാൻ തുടങ്ങി. കണ്ണിൽ കാഴ്ചകൾ ഇരുട്ട് കയറി, കാഴ്ചകൾ മറഞ്ഞു..
കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിൽ കിടക്കുകയായിരുന്നു. ഗ്ളൂക്കോസ് ട്രിപ്പിട്ടിരിക്കുന്നു. നേഴ്സ് അത് നോക്കി അടുത്തിരുപ്പുണ്ട്!. അല്പം മാറി ഉണ്ണിത്താൻ എന്നെയും നോക്കി നിൽപ്പുണ്ട്.
പ്പെട്ടെന്ന് ഡോക്ടർ മുറിയിലേക്ക് കടന്ന് വന്നപ്പോൾ അയാൾ എഴുന്നേൽക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. കാലുകളിൽ എന്തോ ഭാരം തൂക്കിയിട്ടപോലെ, അനക്കുവാൻ പറ്റുന്നില്ല. എന്റെ വിമ്മിഷ്ടം കണ്ടു ഉണ്ണിത്താൻ എഴുന്നേറ്റു വന്നു എന്നെ പിടിച്ചു. “എഴുന്നേൽക്കണ്ട സർ “

ഞാൻ ഉണ്ണിത്താനെ നോക്കി.. ആ കണ്ണുകളിൽ ശോകം തളം കെട്ടി നില്കുന്നു.ഡോക്ടർ വന്ന് അടുത്ത് കിടന്ന കസേരയിൽ ഇരുന്നു.”വിഷമിക്കണ്ടാ… ബി പി അല്പം കൂടുതലായി, അതിന്റെ ചിലബുദ്ധിമുട്ട്കൾ, അത്രേയുള്ളൂ!ഉടനെ ശരിയാകും.”.
അത് വെറും ആശ്വാസവാക്കുകൾ മാത്രമാണെന്ന് തോന്നി.ശരീരത്തിന്റെ ഒരു ഭാഗം മുഴുവൻ സ്തംഭിച്ചിരിക്കുന്നു എന്ന
സത്യം ഡെമോക്ലീസിന്റെ വാൾ പോലെ തലയ്ക്ക് മുകളിൽ തൂങ്ങി നിന്നു.

ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് പോകുന്നതിന് മുന്നെ തന്നെ ഉണ്ണിത്താൻ ഒരു ഹോം നേഴ്സിനെ ഏർപ്പാടാക്കി.ആദ്യമൊക്കെ എല്ലാവരും വന്നിരുന്നു. സുഖവിവരം തിരക്കി.. മക്കളുടെ മുഖത്തെ നിസ്സംഗതയാണ് ഏറ്റവും വലിയ ശിക്ഷയായി തോന്നിയത്!.
ഇപ്പോൾ ഹോം നേഴ്സ് മാത്രമാണ് ഈ മുറിയിൽ വരുന്നത്!.
ആരും വരരുതേ എന്നാണ് അയാളും ആഗ്രഹിക്കുന്നത്!. ഒരേ കിടപ്പ് കിടന്നു മുതുകിൽ തൊലി അടർന്നു വൃണമായി.
അതിൽ നിന്നും അസ്സഹനീയമായ ദുർഗ്ഗന്ധം മുറിയിൽ നിറഞ്ഞുനിന്നു.
“നിനക്കെന്നോട് വെറുപ്പ്‌ തോന്നുന്നില്ലേ “
ഒരിക്കൽ ഹോം നഴ്സിനോട് ചോദിച്ചു.
“എന്ത് വെറുപ്പ് സർ, ഇതെന്റെ ജോലിയാണ്, സർ അല്ലെങ്കിൽ മറ്റൊരാൾ”
അവൾ പറഞ്ഞു.
അയാൾ അവളോട്‌ പറഞ്ഞു.
“നീ പോകുമ്പോൾ ആ ജനാലകൾ കൂടി അടച്ചേക്കൂ… ഈ തടവറയിൽ വെളിച്ചമെന്തിന്?”.
അവൾ തിരികെ പോകുമ്പോൾ ജനാലകൾ കൂടി അടച്ചു..
ഇരുട്ടിന്റെ മേലാപ്പിനുള്ളിൽ അയാൾ മരണവും കിനാവ് കണ്ട് കിടന്നു…

രചന. മോഹൻദാസ് എവർഷൈൻ.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി വാങ്ങി തുടങ്ങി, ആദ്യം ലഭിച്ചത് 500 രൂപ.

പാലക്കയം: ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി വാങ്ങി തുടങ്ങിയതായി പാലക്കയം വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്‍റെ മൊഴി. 2001 ൽ അട്ടപ്പാടി പാടവയൽ വില്ലേജ് ഓഫീസിൽ ജോലിയ്ക്ക് കയറി രണ്ടാം...

നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ 1850 കിലോ പഴകിയ മത്സ്യം പിടികൂടി.

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ പഴകിയ മത്സ്യം പിടികൂടി. ഇന്നലെ രാത്രി നെടുമങ്ങാട് നഗരസഭ ആരോഗ്യ സ്ക്വാഡും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് 1850 കിലോ മത്സ്യം പിടികൂടിയത്....

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ആര്‍ത്തവ രക്തം പുറന്തള്ളാനായി ഗര്‍ഭാശയ, ഉദര പേശികള്‍ ചുരുങ്ങുമ്പോഴാണ് ആര്‍ത്തവ ദിനങ്ങള്‍ ബുദ്ധിമുട്ടേറിയതാകുന്നത്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന രാസവസ്തു...

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ഭൂരിപക്ഷം ശരിയാകണമെന്നില്ല. ...................................................................... ഒരു ഗ്രാമത്തിലെ പ്രവാചകൻ സത്യസന്ധമായ പ്രവചനങ്ങൾ കൊണ്ടു ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിൻ്റെ മുൻകൂട്ടിയുളള നിർദ്ദേശങ്ങൾ, നാടിനെ പല അപകടങ്ങളിൽ നിന്നും രക്ഷിച്ചിരുന്നു. ഒരിയ്ക്കലൊരു മഴയ്ക്കുശേഷം ഗ്രാമത്തിലെ തടാകത്തിൽ നിന്നു വെള്ളം കുടിക്കരുതെന്ന് അദ്ദേഹം...
WP2Social Auto Publish Powered By : XYZScripts.com
error: