നനഞ്ഞ് കുതിർന്ന് പെയ്യുന്ന മഴയിലേക്ക് നോക്കി ഉമ്മറക്കോലായിലെ ചാരുകസേരയിൽ അമർന്നിരിക്കുമ്പോൾ. ചിന്തയിലാകെ ഇന്നലെ കണ്ട കാഴ്ചയിലെ ക്രൂര രംഗങ്ങളായിരുന്നു.
അങ്ങാടിയുടെ അരിക് ചേർന്ന് ചുവന്നമണ്ണ് കൊണ്ട് പൊതിഞ്ഞ ഒരു കൊച്ചു കൂരയിൽ താമസിക്കുന്ന ആ സ്ത്രീയുടെ കരച്ചിൽ ഹൃദയാന്തരങ്ങളിൽ നോവ് പടർത്തും വിധം മനസ്സിനെ വല്ലാതെ മുറിവേല്പിച്ചിരിക്കുന്നു.
മെലിഞ്ഞുണങ്ങി വെറുംഎല്ലും തോലുമായ ആ രൂപം. ഒരു കുഞ്ഞിൻ്റെ അമ്മയാണെന്ന് ഒരിക്കലും പറയാനാവാത്തവിധം തുന്നി കൂട്ടി കെട്ടിയ വെറുമൊരു അസ്ഥികൂടം മാത്രമാണെന്ന് തോന്നും.
ലക്ക് കെട്ട ചെന്നായയെ പോലെ അവളുടെ ഭർത്താവ് വരുമ്പോൾ, ഭയം കൊണ്ട് വിറച്ചിരിക്കുന്ന അവരുടെ അതിദയനീയരൂപമാണ് മനസ്സിൽ ഇപ്പോഴും വരുന്നത്.
കൊടിയ മർദ്ദനത്തിൻ്റെ മുറിപ്പാടുകൾ അവളുടെ ശരീരമാസകലം തെളിഞ്ഞ് കാണാറുണ്ട്.
നേർത്ത തേങ്ങലായ് വിങ്ങി വിങ്ങി കയറുന്ന അവളുടെ നിലവിളിക്കുള്ളിൽ, കെട്ടിക്കിടക്കുന്ന ദു:ഖത്തിൻ്റെ, ആകെ പരക്കുന്ന കൊടുംഭാവമാണ് ചിന്തയിൽ എങ്ങും കലങ്ങിമറഞ്ഞ് പരക്കുന്നത്.
ലഹരിയിൽ മുങ്ങികുതിർന്ന ചുവന്ന് കലങ്ങിയ കണ്ണുകളും, നീര് വന്ന് ചീർത്ത് വീർത്ത മുഖഭാവത്തോടെയും മാത്രമേ, ആ സ്ത്രീയുടെ ഭർത്താവിനെ കാണാറുള്ളൂ.
ക്രൂരതയ്ക്ക് എത്ര മാത്രം വൃത്തികെട്ട രൂപമുണ്ടെന്ന് അറിഞ്ഞാൽ, ഒറ്റനോട്ടത്തിൽ തന്നെ അത് അയാളാണെന്ന് പറയും. ആരൂപവും ഭാവവും അത്രത്തോളം നികൃഷ്ടമാണ്.
പണം കിട്ടാൻ എന്ത് വൃത്തികെട്ട ജോലിയും അയാൾ ചെയ്യുമെന്ന് തോന്നുന്നു.
മയക്ക് മരുന്ന്, കള്ളക്കടത്ത് ലോബികളുമായും അയാൾക്ക് ബന്ധമുണ്ടെന്ന് പറഞ്ഞു കേൾക്കുന്നു.
ഒരു വയസ്സോളം പ്രായമേ അവരുടെ കുഞ്ഞിനുണ്ടാകൂ.
കുറച്ച് കാലമായി ആ കൂരയിൽ അവരെ ഈ വിധം കാണാൻ തുടങ്ങിയിട്ട്.
അതിന് മുമ്പും ആ പാവം സ്ത്രീയെ എവിടെ വച്ചൊക്കെയോ കാണാറുണ്ടായിരുന്നു.പഴയ സാധനങ്ങൾ പെറുക്കി, മാലിന്യങ്ങൾക്കിടയിൽ നടന്നു നീന്തുന്ന നിഴൽരൂപങ്ങൾക്കൊപ്പവും. അമ്മികൊത്തി നടക്കുന്ന മറുനാടൻ സ്ത്രീകൾക്കൊപ്പവും എല്ലാം……
ഇന്നീ കൊച്ചു കൂരയുടെ നാല് ചുമരുകൾക്കിടയിൽ അടക്കിപിടിച്ചിരിക്കുന്ന കദന ചിന്തകൾക്കിടയിലൂടെ, ഉയരുന്ന തേങ്ങലുകൾക്കായ്, കാത്തിരിക്കാൻ, മാത്രമാണ് അവളുടെ വിധിയെന്ന് തോന്നും ഈ നീറുന്ന കാഴ്ച കണ്ടാൽ.
ഇന്നലെ അയാൾ ആ സ്ത്രീയെ മർദ്ദിക്കുന്നത് കണ്ട് കരള് പിടഞ്ഞ് പോയി. കൈയ്യിൽ അവളുടെ പിഞ്ചു കുഞ്ഞും.
വീണ് കൂനിക്കൂടി കിടക്കുന്നിടത്തു നിന്നും പിന്നെയും ഉപദ്രവങ്ങൾ.ആ നിലവിളി കേട്ട് സഹിക്കാനാവാതെ ഓടി കൂടിയവരെല്ലാം അടുത്തേയ്ക്ക് ചെന്നപ്പോൾ ഒന്നും സംഭവിക്കാത്ത പോലെ, വേറൊരു മുഖത്തേയ്ക്ക് പോലും നോക്കാതെ അയാൾ ആടിയാടി കടന്ന് പോയി.
ഒന്നും ചെയ്യാൻ ത്രാണിയില്ലാതെ ആ ചെകുത്താനുമുന്നിൽ നിശ്ശബ്ദനായി നിൽക്കാനേ എല്ലാവർക്കും കഴിയൂ. അത്രമാത്രം ക്രൂരനാണയാൽ എന്നതിൽ ഭയപ്പാടുകൾ തെളിഞ്ഞ് നിൽക്കുന്നു.
കിടന്നിടത്ത് നിന്നും അതിദയനീയമായി ചുറ്റുപാടും നോക്കിയ ആ സ്ത്രീയുടെ നോട്ടത്തിൽ കരിങ്കല്ല് പോലും അലിഞ്ഞ് പോകുന്ന ഭാവം.
ആ ദു:ഖം താങ്ങാൻ കഴിയാത്ത വിധം മനസ്സാകെ അസ്വസ്ഥമായിരിക്കുന്നു.
ആ മനുഷ്യന് ഏറ്റവും പ്രിയമാകേണ്ടിയിരുന്ന സ്വന്തം ഭാര്യയോടും കുട്ടിയോടും, എങ്ങനെയാണ് ഇത്രത്തോളം ക്രൂരനാകാൻ കഴിയുന്നത് എന്ന്, ഒരിക്കലും മനസ്സിലാകുന്നില്ല.
ചിന്തകൾക്കിടയിൽ നേരം പോകുന്നത് അറിഞ്ഞതേയില്ല. അമ്മവന്ന് ഇന്ന് സ്കൂളിലേയ്ക്ക് പോകുന്നില്ലേ?എന്ന് ചോദിച്ചപ്പോഴാണ്. സ്ഥലകാലബോധം പോലും വന്നത്.
വേഗം എണീറ്റ്, പോകാൻ ഒരുങ്ങി.
‘അമ്മ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അഛൻ മരിച്ചതിൽ പിന്നെ ഞാനും അമ്മയും ഒറ്റയ്ക്കാണ് താമസം.
അഛനും അമ്മയും ഞാൻ ഇപ്പോൾ പഠിപ്പിച്ച് കൊണ്ടിരിക്കുന്ന സ്കൂളിലെ മുൻഅധ്യാപകരായിരുന്നു. എനിക്ക് ജോലി കിട്ടിയതിന് ശേഷമാണ് രണ്ട് പേരും അവിടെ നിന്നും പിരിഞ്ഞത്.
സ്ക്കൂളിനടുത്തായിരുന്നു അന്ന് ഞങ്ങളുടെ വീട്. അമ്മയുടെ ഓഹരിഭാഗം കിട്ടിയ തറവാട്ടിലേയ്ക്ക് മാറിയിട്ട് ഏകദേശം പത്ത് വർഷമേ ആകുന്നുള്ളൂ. അതിന് മുമ്പ് അമ്മയുടെ സഹോദനായ എന്റെ ഒരേയൊരു അമ്മാവനാണ് ഇവിടെ താമസിച്ചിരുന്നത്.
ലഹരിക്ക് അടിമപ്പെട്ട്, തോന്നും പോലെയായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. കല്യാണം കഴിച്ച് ഭാര്യയെ പറഞ്ഞു വിട്ട് കുറെകാലം ഒറ്റയ്ക്കായിരുന്നു.
വീണ്ടും വേറെ ഏതോ ഒരു സ്ത്രീയെ കൊണ്ട് വന്ന് ഈ വീട്ടിൽ താമസിപ്പിച്ചിരുന്നതായും കേട്ടിട്ടുണ്ട്.
അതൊന്നും ഒരിക്കലും ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത കാര്യമായതിനാൽ, കൂടുതൽ അതേ കുറിച്ചിട്ടറിയാനും ശ്രമിച്ചിട്ടില്ല.
അമ്മാവൻ മരിച്ചിട്ടിപ്പോൾ പത്ത് പതിനഞ്ച് വർഷത്തോളമായി….അമ്മയ്ക്ക് അച്ഛൻ മരിച്ചതിൽ പിന്നെ ഒരൊറ്റ ആഗ്രഹം മാത്രമേ ഉള്ളൂ. ഞാനൊന്ന് കല്യാണം കഴിച്ച് കാണണം.
ആരെക്കണ്ടാലും, എപ്പോഴും,അമ്മയ്ക്ക് പറയാനുള്ളതും അതൊക്കെ തന്നെയാണ്.
കാലത്തിൻ്റെ കടും കുസൃതികളിൽ പെട്ട് കല്യാണം എന്ന സ്വപ്നം തന്നെ ഒഴിവാക്കി വച്ചതാണ് ഞാൻ. പല ചിന്തകളിൽ പതറിപ്പോയ കാലത്തിനൊപ്പം, അസ്വാതന്ത്രത്തിലേറുന്ന അത്തരമൊരു കൂട്ടെന്തിനെന്ന് സ്വയം ചോദിച്ച് ഉത്തരം കിട്ടാതെ അവശേഷിക്കുന്നു ഇന്നും.
കുളിയും പ്രാതലുമെല്ലാം വേഗത്തിൽകഴിച്ച് ഞാൻ സ്കൂളിലേയ്ക്ക് ഒരുങ്ങി ഇറങ്ങി.
പോകുന്ന വഴിയിലും ചിന്തകൾ മാറുന്നേയില്ല. ഇന്നലെ കണ്ട ആ ദുഃരിത മുഖങ്ങൾ ആ വിധം തന്നെ വീണ്ടും വീണ്ടും തിങ്ങി വിങ്ങുന്നു.
സ്ക്കൂളിലേയ്ക്ക് പോകുന്ന വഴി വക്കിൽ തന്നെയാണ് അവരുടെ കൂര.
അവിടെ എത്തിയപ്പോൾ ചെറിയൊരാൾ കൂട്ടം. മനസ്സിലൊരാളൽ.ആ സ്ത്രീക്കോ കുഞ്ഞിനോ എന്തെങ്കിലും പറ്റിക്കാണുമോ എന്ന ചിന്തയാണ് ആദ്യം പടി കേറി വന്നത്?
ആൾക്കൂട്ടത്തിനിടയിലൂടെ നോക്കിയപ്പോൾ, ആ സ്ത്രീ, കുഞ്ഞിനേയും തോളിലിട്ട് നിൽക്കുന്നത് കണ്ടു. ”ഹാവു” മനസ്സിന് ചെറിയൊരാശ്വാസം.
ഒന്നും മനസ്സിലാകാതെ കൂടി നിൽക്കുന്ന ചിലരോട് കാരണം ചോദിച്ചപ്പോൾ, ആ സ്ത്രീയുടെ ഭർത്താവ് തെരുവിനടുത്ത് വഴിയോരത്ത് മരിച്ച് കിടക്കുന്നു, എന്നാണ് അറിയാൻ കഴിഞ്ഞത്.
രാത്രിയിലെപ്പോഴെങ്കിലും സംഭവിച്ചതാകാം. ആരെങ്കിലും തല്ലി കൊന്നതുമാകാം എന്നും, ചിലർ പറയുന്നത് കേട്ടു.
ആ സ്ത്രീ അവിടെ പോയി ഭർത്താവിനെകണ്ട് വന്നതാണത്രേ.
പോലീസ് വന്ന് ജഡം കൊണ്ട് പോയി ഇനി പോസ്റ്റ്മോർട്ടത്തിന് ശേഷം അവിടെ തന്നെയുള്ള വൈദ്യുതസ്മശാനത്തിൽ സംസ്കരിക്കും.
ആരുമില്ലാതായ ഇവർക്ക് ഇനിയെന്ത്, എന്നതിൽ മനം പിടഞ്ഞ് വീണ്ടും വല്ലാതെ ഉഴലുന്ന ചിന്തകൾ തിര തല്ലിവരുന്നു.
ആ സ്ത്രീയേയും കുട്ടിയേയും ഓർത്ത് പിന്നെയും സങ്കടം കടൽ കടന്നെന്നവണ്ണം വീണ്ടും വീണ്ടും വരുന്നു.
ഏതെങ്കിലും അനാഥാലയങ്ങൾ അവരെ സ്വീകരിച്ചേക്കുമെന്ന് തോന്നി,
ആ വഴി പലർക്കും വിളിച്ചു നോക്കി.
പക്ഷെ കുഞ്ഞിനെ അവർ സ്വീകരിക്കും, അമ്മയെ സംരക്ഷിക്കുന്ന കാര്യത്തിൽ അവർക്ക് കഴിയില്ല എന്നാണ് പറഞ്ഞറിഞ്ഞത്.
ഇന്നിനി സ്കൂളിലേയ്ക്ക് പോകുന്നില്ല. എന്ന തീരുമാനത്തോടെ
ഞാൻ വീട്ടിലേയ്ക്ക് തന്നെ തിരിച്ച് നടന്നു. വീട്ടിലെത്തുമ്പോൾ ചോദ്യങ്ങളു മായി അമ്മയും കൂടി.
ഞാൻ നടന്ന സംഭവങ്ങൾ വേദനയോടെ വിസ്തരിക്കുമ്പോൾ, ഗതിയേതുമില്ലാതെയായി പോയ ആ പാവങ്ങളെ ഓർത്ത് അമ്മയുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.
അസ്വസ്ഥതയുടെ നിറം മങ്ങിയ ഗതികെട്ട ചിന്തകൾക്കിടയിൽ, തീരം കാണാ ജീവിതത്തിൻ്റെ കൊടും വരൾച്ചാ നിമിഷങ്ങളെല്ലാം, ആ വേവും ഓർമ്മകളെ കാർന്ന് തിന്നുന്നു.
പിന്നെയും ഞാൻ പല സാമൂഹ്യ സംഘടനയിൽ പ്പെട്ട ആളുകളേയും വിളിച്ചു നോക്കി. എവിടെയും ഒരാശ്രയമില്ലെന്നോതി, നിരാശ കലർന്ന മറുപടികളും എത്തി കൊണ്ടിരുന്നു.
മനുഷ്യജീവിതത്തിൻ്റെ പൊള്ളയായ പുറന്തോടിനകത്ത് പറ്റിപ്പിടിച്ച് കയറാൻ മോഹിച്ച് കെട്ടടങ്ങി പോയ സാന്ത്വന വിചിന്തനങ്ങളിൽ മനസ്സുടക്കി വീണ്ടും വീണ്ടും മുറിവുകൾ വന്ന് നീറ്റി കൊണ്ടേയിരിക്കുന്നു.
നിഴൽ മങ്ങി സൂര്യൻ അസ്തമയത്തിലേയ്ക്ക് ചേക്കേറാനൊരുങ്ങുന്നു.
വീണ്ടും കുരുങ്ങി കറങ്ങി നിൽക്കുന്ന രാത്രി ചിന്തകൾ എന്നെ വേദനിപ്പിക്കാൻ തന്നെ ഒരുങ്ങുന്നു.
ഇതിന് മുമ്പൊന്നും ഇതുപോലൊരു രംഗം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്തതിനാലാവാം ഈ രംഗങ്ങൾ, വല്ലാതെ മനസ്സിനെ മെതിക്കുന്നത്.
ഇത്രമാത്രം എന്നെ അലട്ടിയ ആ ദു:ഖചിന്തയെ മനുഷ്യനെന്ന കടമയിൽ മറികടക്കേണ്ടതുമുണ്ട്.
ആ നിലയിൽ ചില ഉറച്ച തീരുമാനങ്ങൾ എടുത്തേ മതിയാകൂ.
എന്ത് വന്നാലും അവരെ രക്ഷിക്കണം.
ഉറച്ച ആചിന്തയുമായി നേരെ ആ പാവം പിടിച്ചവരുടെ വീട് ലക്ഷ്യമാക്കി നടന്നു.
അവിടെ ചെന്നപ്പോൾ അവരെ കണ്ടില്ല.
മുന്നോട്ട് നടന്നപ്പോൾ തൊട്ടടുത്തായ് പെട്ടിക്കട നടത്തുന്ന ആളോട് അവരെ കുറിച്ചന്വേഷിച്ചു.
കുറച്ച് മുമ്പ് ഒരു ചെറു ഭാണ്ഡവുമായി ഈ വഴി പോകുന്നത് കണ്ടു എന്നവർ പറഞ്ഞപ്പോൾ, ആ വഴി നടന്നു.
തെരുവിലെത്തി അവിടെയാകെയും ഞാനവരെ തിരഞ്ഞു.
നേരം ഇരുട്ടിയിരിക്കുന്നു.
റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു,എട്ടു മണിയ്ക്ക് ഒരു വണ്ടി ഈ വഴി കടന്ന് പോകുന്നുണ്ട്. അതിനായി കാത്ത് നിൽക്കുന്നവർക്കിടയിലും തിരയുകയായിരുന്നു.
എവിടെയും അവരെ കണ്ടെത്താനായില്ല.
തളർന്നചിന്തയോടെ, ഞാനവിടെയുള്ള സിമൻ്റ് ബെഞ്ചിൽ ഇരുന്നു.
ഇനി എവിടെ തിരയും?
തിരയാനായ് ഇനി ഒരിടവും മനസ്സിൽ വരുന്നില്ല.
തെരുവിൻ്റെ ഇന്നത്തെ അവസ്ഥയനുസരിച്ച് നോക്കുമ്പോൾ വന്യമൃഗങ്ങളെക്കാൾ നികൃഷ്ടരായ ആളുകൾ മേയുന്ന ഇടമാണിത്. ഏകദേശം ഒരു വർഷം മുമ്പാണ്. ചെറിയൊരു പെൺ കുഞ്ഞിനെ അതിദാരുണമായ് കൊല ചെയ്ത് ഈ റെയിൽവേ ട്രാക്കിൽ തള്ളിയത്.
……………………….
സ്റ്റേഷനിൽ ആളുകളെയൊന്നും കാണുന്നില്ല, അങ്ങിങ്ങായ് ചില നിഴനക്കങ്ങൾ പോലെ. ട്രയിൻ വന്നു പോയിരിക്കുന്നു.
ഒരാളെയും എവിടെയും കാണാനില്ല. വെറും ഇരുട്ട് മാത്രം.
പതിയെ ഞാൻ എഴന്നേറ്റു വീട്ടിലേയ്ക്ക് തന്നെ നടന്നു. ഒരു സമാധാനവുമില്ലാതെ. എവിടെയായിരിക്കും അമ്മയും കുഞ്ഞു മെന്ന ആധിയാർന്ന ചിന്തയോടെ?
ശരീരവും മനസ്സും തളർന്ന ഭാവത്തിൽ വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് അമ്മയെ കൂടാതെ വേറെയാരോ നിൽക്കുന്നു.
ഞാൻ നോക്കുമ്പോൾ അതാ അവർ തന്നെ. അതിശയത്തോടെ ഞാനവരെ നോക്കി. അവളെന്തൊക്കെയോ പറയാൻ വെമ്പുന്ന പോലെ. ഞാൻ അവർക്കു മുമ്പിൽ ഒത്തിരി ആശ്വാസത്തോടെ ഇരുന്നു.
‘ഇത്തിരി ഭയത്തോടെ തപ്പിത്തടഞ്ഞ് അവൾ പറഞ്ഞു തുടങ്ങി’.
ഞാനും എന്റെ അമ്മയും ഈ വീട്ടിൽ കുറച്ച് കാലം താമസിച്ചിരുന്നു. ഇവിടുത്തെ ആൾ ആയിരുന്നു എന്റെ അഛൻ.പിന്നീടൊരിക്കൽ ഞങ്ങളെ എന്തോക്കെയോ പറഞ്ഞ് ഇവിടെ നിന്നും ഇറക്കി വിട്ടു. അതിന് ശേഷം ഞാനും അമ്മയും ആ തെരുവിലാണ് താമസിച്ചിരുന്നത്. അമ്മ രണ്ട് വർഷം മുമ്പാണ് മരിച്ചത്. അതിന് ശേഷമാണ് അയാളെന്റെ ഒപ്പം കൂടിയത്.
അതിദീർഘ വ്യസനങ്ങളിൽ കുതിർന്ന, അവളുടെ ദുരന്ത കഥകൾ ഒറ്റവാക്കിലെന്നവണ്ണം എന്നെ പറഞ്ഞ് കേൾപ്പിച്ചപ്പോൾ, തിരിച്ചൊന്നു പറയാനും വാക്കുകൾ വന്നില്ല,
സത്യത്തിൽ ഒരാശ്വാസ ചിന്ത പടിയേറി വന്ന പോലെ തോന്നി.
ശരിയായിരിക്കാം, അമ്മാവൻ്റെ വഴി പിഴച്ച ജീവിതത്തിൽ, ഈ വിധം തെറ്റെന്നത്, സത്യത്തിൽ ഒരു അതിശയമേ അല്ലായിരുന്നു.
എന്തായാലും ആരുമില്ലാത്ത ഞങ്ങളുടെ ജീവിതത്തിൽ ദൈവം കൊണ്ട് വന്ന ബന്ധം എന്നാണ് ആ നിമിഷം എനിക്കനുഭവപ്പെട്ടത്. തീർത്തും മൗനത്തിലാക്കിയ മറുപടിക്കപ്പുറം, സമാധാനിപ്പിക്കാൻ എന്ന വിധം ഞാൻ പറഞ്ഞു തുടങ്ങി നിങ്ങളെ തിരഞ്ഞ് ഈ നേരം വരെ, ആ തെരുവ് മുഴുവൻ അലയുകയായിരുന്നു എന്നവളോട് പറഞ്ഞപ്പോൾ,
ഉറവ വറ്റിയ ആ കണ്ണിൽ നിന്നും സ്നേഹാധിക്യത്തിൻ്റെ ഇത്തിരികണ്ണുനീർ കൂടി തിളച്ച് മറിയുന്നതായ് ഞാൻ കണ്ടു.
ഇനിയൊന്നു കൊണ്ടും വിഷമിക്കരുതേ… ഇനിയൊരിക്കലും കരയരുതേ …….
എന്ന ആത്മാർത്ഥ പ്രാർത്ഥനയോടെ ഞാനാ കണ്ണുനീരാൽ കരുവാളിച്ച കവിളിൽ നിന്നും മിഴിനീർ തുള്ളികൾ തുടച്ച് മാറ്റി. തോളിൽ മയങ്ങുന്ന കുഞ്ഞിനെ കയ്യിലേയ്ക്ക് വാങ്ങി, മാറിലേയ്ക്ക് ചേർത്തു നിർത്തുമ്പോൾ…. ഇത് വരെയറിയാത്ത ഒരാത്മ ചിന്തയുടെ കാരുണ്യമാണ് വീണ്ടും തെളിഞ്ഞ് വന്നത്. എൻ്റെ സ്വന്തംസഹോദരീ….. എൻ്റെ ഉറ്റ ബന്ധു …
എല്ലാം കണ്ട് എല്ലാം അറിഞ്ഞ് നിൽക്കുന്ന അമ്മയുടെ തിളങ്ങുന്ന കണ്ണുകൾക്ക് മുമ്പിലേയ്ക്ക് അവളെ ചേർത്ത് മാറ്റി നിർത്തുമ്പോൾ. അമ്മയൊന്നു ചിരിച്ചോ? അറിയില്ല മങ്ങിയ ഇരുട്ടിൽ ആ മുഖഭാവം വ്യക്തമല്ല.
ചിരിച്ച് കാണും!!
Shaji CAms ✍