“ഹലോ “
“എന്താ നന്ദേട്ടാ എത്ര നേരായിട്ട് ഞാൻ വിളിക്കുന്നു… നന്ദേട്ടനിതെവിടെയാ.. “
അങ്ങേത്തലയ്ക്കൽ അപർണ്ണയാണ്.
” അത് പിന്നെ അപ്പു.. ഫോണിൽ ബാറ്ററി ചാർജ്ജ് കുറവായിരുന്നു.. ഞാൻ കുത്തിയിട്ടിട്ട് ചുമ്മാ പുറത്തേക്കിറങ്ങിയതാ.. അതാ അപ്പു വിളിച്ചിട്ട് അറിയാതിരുന്നത് .. ഉം.. പറയ് “
” പ്രത്യേകിച്ചൊന്നുമില്ല
നന്ദേട്ടാ… ഞാൻ ഇത്തിരി നേരം സംസാരിക്കാല്ലോന്ന് കരുതി വിളിച്ചതാ”
“ഊം.. എന്നാ പറയ്.. അതെങ്ങനാ… സംസാരിക്കാനാന്ന് പറഞ്ഞ് നീ വിളിക്കും എന്നിട്ട് ചുമ്മാ മുക്കിയും മൂളിയുമിരിക്കും.. ഇതല്ലേ നിൻ്റെ സ്ഥിരം പരിപാടി..?”
” അതു പിന്നെ.. എനിക്ക് നന്ദേട്ടൻ പറയുന്നത് കേൾക്കാനാ ഇഷ്ടം.. എനിക്കെൻ്റെ നന്ദേട്ടൻ്റെ ശബ്ദം എപ്പോഴും കേട്ടോണ്ടിരിക്കണം.. അപ്പോ ഞാൻ സംസാരിച്ചാലെങ്ങനാ നന്ദേട്ടൻ്റെ ശബ്ദം ഞാൻ കേൾക്കുന്നത്..? നന്ദേട്ടൻ എൻ്റെ ശബ്ദമല്ലേ കേൾക്കുള്ളു.. അതുകൊണ്ടാ ഞാൻ മുക്കിയും മൂളിയും ഇരിക്കുന്നത്..”
“ഊം.. ഈ പെണ്ണിൻ്റെ ഒരു കാര്യം “
“എന്താ മാഷേ.. ഇപ്പോ ഈ പെണ്ണിനെ അത്ര പിടിക്കാതായോ..?”
“ദേ അപ്പു.. നീ ആവശ്യമില്ലാത്തതൊന്നും പറയാൻ നിക്കണ്ടാട്ടോ”
നന്ദൻ അൽപ്പം ദേഷ്യത്തോടെയാണ് പറഞ്ഞത്
” അത് ഞാനൊരു തമാശ പറഞ്ഞതല്ലേ.. അതിന് നന്ദേട്ടനെന്തിനാ ചൂടാവുന്നത്…”
“പിന്നെ ചൂടാവാതെ.. നീ എപ്പോഴും ഇതു തന്നെയല്ലേ ചോദിക്കുന്നത്.. നിന്നെ പിടിക്കാതായോ..? എനിക്ക് വേറെ ഏതെങ്കിലും പെണ്ണുങ്ങളുമായി ബന്ധമുണ്ടോ…? ഇതൊക്കെയല്ലേ നിനക്കറിയേണ്ടത്..?”
പതിവുപോലെ അന്നും അവർ തമ്മിൽ വഴക്കടിച്ചു തന്നെയാണ് ഫോൺ കട്ട് ചെയ്ത് പിരിഞ്ഞത്…
അപർണ്ണയും നന്ദനും ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ടതാണ്.. നന്ദൻ ഒരു എഴുത്തുകാരനാണ്… കഥകളും കവിതകളുമൊക്കെ എഴുതുകയും വായിക്കുകയും ചെയ്യുന്നതാണ് അയാളുടെ പ്രധാന ഹോബി..
ഫെയ്ബുക്കിലെ പല സാഹിത്യ ഗ്രൂപ്പുകളിലും നന്ദൻ അംഗമാണ്.. അങ്ങനെ ഒരു സാഹിത്യ ഗ്രൂപ്പിൽ വെച്ചാണ് നന്ദനും അപർണ്ണയും പരിചയപ്പെടുന്നത്..
അപർണ്ണ ഒരു വായനക്കാരി മാത്രമാണ് എഴുതാനുള്ള കഴിവൊന്നും അപർണ്ണയ്ക്കില്ല.
നന്ദനും അപർണ്ണയും പരിചയപ്പെട്ടിട്ട് ഏതാണ്ട് ആറുമാസത്തോളമേ ആയിട്ടുള്ളു. എങ്കിലും ആറു ജന്മങ്ങളുടെ ബന്ധമുള്ളതുപോലെയായിരുന്നു അവരുടെ പ്രണയം..
നന്ദൻ്റെ കഥകളും കവിതകളുമൊക്കെ വായിക്കാൻ അപർണ്ണയ്ക്ക് പ്രത്യേക താൽപര്യമായിരുന്നു. കാരണം.. ജീവിത ഗന്ധിയായ ഹൃദയസ്പർശിയായ രചനകളായിരുന്നു അയാളുടേത്..അതാണ് അപർണ്ണയിൽ പ്രത്യേക ആകർഷണമുണ്ടാക്കിയത്..
അയാളുടെ രചനകൾ വായിച്ചു തുടങ്ങിയപ്പോൾ മുതൽ അവൾ ആശിച്ചതാണ് നന്ദനെ ഒന്നു പരിചയപ്പെടണമെന്ന്.. അങ്ങനെയാണ് അവൾ അയാൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്.. പക്ഷേ അപർണ്ണ അയച്ച ഫ്രണ്ട് റിക്വസ്റ്റ് ഒരാഴ്ച കഴിഞ്ഞിട്ടും അയാൾ കണ്ടിരുന്നില്ല.. നന്ദൻ അങ്ങനെയായിരുന്നു. ആരൊക്കെ അയാൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചാലും അയാൾ അതൊന്നും ശ്രദ്ധിക്കുമായിരുന്നില്ല. സത്യത്തിൽ അതൊന്നും ശ്രദ്ധിക്കാൻ അയാൾക്ക് സമയവുമുണ്ടായിരുന്നില്ല.
അച്ഛനും അമ്മയും കെട്ടിക്കാൻ പ്രായമായ ഒരു സഹോദരിയുമടങ്ങുന്ന ഒരു നിർദ്ധന കുടുംബത്തിൻ്റെ ഏക അത്താണിയായിരുന്നു നന്ദൻ..
കൂലിപ്പണിയെടുത്താണ് അയാൾ കുടുംബം പുലർത്തിയിരുന്നത്.
പണി കഴിഞ്ഞു വന്നാൽ കുളി കഴിഞ്ഞതിനു ശേഷം ഏതെങ്കിലും പുസ്തമെടുത്ത് വായിച്ചിരിക്കും.. അയാളുടെ എഴുത്തുകൾ കൂടുതലും രാത്രിയിലാണ്..
ഇതിനിടയ്ക്ക് അയാൾക്ക് ആരൊക്കെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ടെന്ന് നോക്കാനൊന്നും അയാൾക്ക് സമയമുണ്ടായിരുന്നില്ല..
രാത്രിയിൽ എഴുതാനിരിക്കുന്ന നന്ദൻ, ഒരു കവിതയോ കഥയോ എഴുതിത്തീരുമ്പോൾത്തന്നെ നേരം പുലർച്ചെ ആയിട്ടുണ്ടാവും. ചിലപ്പോൾ പുലർച്ചെയായാലും എഴുതുന്നത് പൂർത്തിയാവാതെയും വരും. അങ്ങനെയുള്ളപ്പോൾ ബാക്കി അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചിട്ട് അയാൾ ഉറങ്ങാൻ കിടക്കാറാണ് പതിവ്.. ഏറിയാൽ രണ്ടു മണിക്കൂറെങ്കിലും അയാൾക്ക് ഉറക്കം കിട്ടിയാലായി. ചിലപ്പോൾ ഉറങ്ങാറുമില്ല. പൂർത്തിയാക്കാതെ ബാക്കി വെച്ച കഥയോ കവിതയോ എങ്ങനെ പൂർത്തിയാക്കണമെന്ന ആലോചനയിൽ ചിലപ്പോഴൊക്കെ അയാൾക്ക് ഉറക്കം വരാറുമില്ലായിരുന്നു.. എന്നിട്ടും ഒരു ക്ഷീണവുമില്ലാതെ രാവിലെ തന്നെ നന്ദൻ അയാളുടെ പണിക്കു പോകും. ഇങ്ങനെയായിരുന്നു നന്ദനെന്ന എഴുത്തുകാരൻ്റെ ദിനചര്യകൾ..
ഒരു ദിവസം നന്ദൻ ഏതോ ഒരു സാഹിത്യ ഗ്രൂപ്പിൽ താൻ പോസ്റ്റ് ചെയ്ത ഒരു കഥയ്ക്ക് കിട്ടിയ കമൻ്റുകൾ വായിച്ചു പോകുന്നതിനിടയിൽ, തൻ്റെ കഥയെക്കുറിച്ചും രചനാശൈലിയേക്കുറിച്ചും വിശദമായി എഴുതിയ ഒരു കമൻ്റ് വായിക്കുകയായിരുന്നു..
അവസാനം എഴുതിയത് അയാൾ പ്രത്യേകം ശ്രദ്ധിച്ചു..
” ഞാൻ മാഷിന് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ട് ഒരാഴ്ചയായി.. മാഷ് കാണാഞ്ഞിട്ടാണോ അതോ കണ്ടിട്ടും മൈൻ്റ് ചെയ്യാഞ്ഞിട്ടാണോ അത് അക്സെപ്റ്റ് ചെയ്യാത്തത് “
അപ്പോഴാണ് ആ കമൻ്റ് എഴുതിയ ആളിൻ്റെ പേര് നന്ദൻ ശ്രദ്ധിക്കുന്നത്..
അപർണ്ണ മുരളീധരൻ..
കമൻ്റ് വായനയെല്ലാം കഴിഞ്ഞ ശേഷം നന്ദൻ തനിക്ക് വന്നിട്ടുള്ള ഫ്രണ്ട് റിക്വസ്റ്റുകൾ സെർച്ചു ചെയ്തു .
ദാ കിടക്കുന്നു അപർണ്ണ മുരളീധരൻ..
അയാൾ അപർണ്ണയുടെ റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തു..
അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ നന്ദൻ്റെ മെസ്സഞ്ജറിൽ അപർണ്ണയുടെ
” ഹായ് മാഷേ”
എന്നുള്ള മെസ്സേജ് വന്നു..
”ഹായ് “
നന്ദൻ തിരിച്ച് മെസ്സേജിട്ടു.
” മാഷിൻ്റെ എഴുത്തുകളൊക്കെ അതി മനോഹരമാണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ്. “
അപർണ്ണയുടെ പുകഴ്ത്തൽ… സത്യത്തിൽ അതൊരു പുകഴ്ത്തലായിരുന്നില്ല.. യാഥാർത്ഥ്യമായിരുന്നു..
” ഒത്തിരി സന്തോഷം “
നന്ദൻ ഒരു ചെറിയ മറുപടിയിൽ ഒതുക്കി..
” സത്യം പറഞ്ഞാൽ ഞാൻ ഫേയ്സ്ബുക്കിലും ഗ്രൂപ്പുകളിലും കേറുന്നതു തന്നെ മാഷിൻ്റെ പുതിയ രചനകൾ വല്ലതും വന്നിട്ടുണ്ടോ എന്നറിയാനാണ്.. “
അപർണ്ണ വിടാൻ ഭാവമില്ലെന്ന് നന്ദനുമനസ്സിലായി..
“എൻ്റെ രചനകൾ വായിക്കാൻ വേണ്ടി കാത്തിരിക്കുന്ന ഒരാളുണ്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. “
നന്ദൻ്റെ സത്യസന്ധമായ മറുപടി..
” അല്ല മാഷേ.. എവിടാ മാഷിൻ്റെ വീട്.. “
നന്ദൻ അയാളുടെ സ്ഥലം പറഞ്ഞു കൊടുത്തു..
” വീട്ടിൽ ആരൊക്കെ..?”
അപർണ്ണയുടെ അടുത്ത ചോദ്യം..
” അച്ഛൻ.. അമ്മ.. ഒരു സഹോദരി “
“ഓ… സഹോദരി എന്തു ചെയ്യുന്നു..? എന്താ സഹോദരിയുടെ പേര്..?”
“അവളുടെ പേര്.. നന്ദന.. അവളിപ്പോൾ ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു.. “
“ഓ.. നന്ദകുമാറും നന്ദനയും.. സൂപ്പർ പേരുകൾ.. “
അപർണ്ണയുടെ പ്രശംസ
” അല്ല… മാഷിനെന്താ ജോലി..? “
“എൻ്റെ ജോലി… അതു പിന്നെ… “
നന്ദൻ മുഴുമിപ്പിക്കാതെ നിർത്തി..
“എന്താ മാഷേ… ജോലിയുടെ കാര്യം ചോദിച്ചപ്പോ പറയാനൊരു മടി..? “
“അതു പിന്നെ.. എനിക്ക് കൂലിപ്പണിയാണ്.. എന്തുപണിക്ക് ആരു വിളിച്ചാലും പോകും”
“ഓ.. അതാണോ പറയാൻ മടിച്ചത്..? എൻ്റെ പൊന്നു മാഷേ.. എൻ്റെ ഒരു രീതി വെച്ച് മോഷണവും മറ്റു സാമൂഹ്യ വിരുദ്ധമായ ജോലികളുമാണ് മാന്യതയില്ലാത്തതായി ഞാൻ കാണുന്നുള്ളു.. ബാക്കി എന്തു ജോലിയും മാന്യതയുള്ളതാണ്.. അങ്ങനെ കാണുന്ന ഒരാളാണ് ഞാൻ..”
“ഊം”
അപർണ്ണയുടെ വാക്കുകൾക്ക് ഒരു മൂളൽ മാത്രം അയാൾ മറുപടിയായി കൊടുത്തു.
” എന്താ മാഷേ.. ഞാൻ മാഷിന് ബുദ്ധിമുട്ടായോ..”
“അയ്യോ അങ്ങനെയൊന്നുമില്ല.. “
“ഊം”
അതിനു മറുപടിയായി അപർണ്ണയും ഒന്നു മൂളി..
” അല്ല.. ഇയാളുടെ വീട് എവിടെയാ..?”
നന്ദൻ തിരിച്ച് അപർണ്ണയെ അറിയാൻ ശ്രമിച്ചു..
“മാഷേ.. ഇയാൾ അയാൾ എന്നുള്ള വിളി വേണ്ട.. എന്നെ എൻ്റെ പേര് വിളിച്ചൂടെ..? അങ്ങനെ വിളിക്കുന്നതാണ് എനിക്കിഷ്ടം.. “
ഇത്രയും പറഞ്ഞ് അവൾ അവളുടെ സ്ഥലം പറഞ്ഞു കൊടുത്തു..
“ശരി.. ആയിക്കോട്ടെ.. മുരളീധരൻ അപർണ്ണയുടെ ഹസ്ബൻ്റാണോ..?”
നന്ദനും പതിയെ അപർണ്ണയുടെ കുടുംബത്തെ അറിയാൻ ശ്രമിച്ചു.
“അയ്യോ.. അല്ല.. അതെൻ്റെ അച്ഛനാണ്.. ഞാൻ കല്യാണം കഴിച്ചിട്ടില്ല.. “
“ഓ.. അതു ശരി.. എന്താ കല്യാണപ്രായമായില്ലേ..?
നന്ദൻ ചെറുതായി കളിയാക്കും പോലെയാണ് ചോദിച്ചത്..
“കല്യാണപ്രായമൊക്കെ ആയി മാഷേ.. വയസ്സ് 25 കഴിഞ്ഞു. എൻ്റെ കല്യാണ നിശ്ചയം കഴിഞ്ഞതുമായിരുന്നു.. പക്ഷേ… “
“എന്താ അപർണ്ണ.. എന്തു പറ്റി..? ഞാൻ ചോദിച്ചത് വിഷമമായോ..?”
അങ്ങനെയാണ് നന്ദൻ മറു ചോദ്യം ചോദിച്ചതെങ്കിലും അപർണ്ണയുടെ കാര്യങ്ങൾ അറിയാനുള്ള എന്തോ ഒരാകാംഷ അയാളിലുണ്ടായിരുന്നു…
“ഏയ്.. വിഷമമൊന്നുമില്ല മാഷേ.. ഞാൻ പറയാം”
എന്തുകൊണ്ടോ അപർണ്ണയുടെ കഥയറിയാൻ അയാൾ അക്ഷമയോടെ കാത്തിരിന്നു…
“മാഷേ…എനിക്ക് ടൈപ്പ് ചെയ്യാൻ വയ്യ… ഞാൻ മാഷിനെ മെസ്സഞ്ജറിൽ വിളിച്ചോട്ടെ..? അല്ലെങ്കിൽ മാഷിൻ്റെ നമ്പർ തന്നാൽ ഞാൻ നമ്പറിൽ വിളിക്കാം.. മാഷിന് ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം..”
അപർണ്ണ അവളുടെ ആവശ്യം പറഞ്ഞു..
“അയ്യോ… ബുദ്ധിമുട്ടൊന്നുമില്ല.. ഞാൻ നമ്പർ സെൻ്റ് ചെയ്യാം.. “
നന്ദൻ അയാളുടെ നമ്പർ അപർണ്ണയ്ക്ക് സെൻ്റ് ചെയ്തു കൊടുത്തു..
നന്ദൻ്റെ നമ്പർ കിട്ടിയതും അപർണ്ണയ്ക്ക് സ്വർഗ്ഗത്തിലെത്തിയ പോലുള്ള സന്തോഷമായിരുന്നു..
അൽപസമയത്തിനുള്ളിൽ നന്ദന് അപർണ്ണയുടെ കോൾ വന്നു..
“ഹലോ”
”ഹായ് മാഷേ.. ഞാനാണ്.. അപർണ്ണ.. “
അപർണ്ണയുടെ കിളിനാദം പോലെയുള്ള ശബ്ദം നന്ദൻ്റെ കാതുകളിലെത്തിയപ്പോൾ അയാളറിയാത്ത എന്തോ ഒരു പ്രത്യേക അനുഭൂതിയായിരുന്നു അയാൾക്ക്..
“ശരി.. പറയൂ അപർണ്ണ “
നന്ദന് അറിയാനുളള ആകാംക്ഷയായി..
” മാഷിന് എന്താ അറിയേണ്ടത്..?”
“അതു ശരി.. അപർണ്ണയല്ലേ കോൾ ചെയ്തിട്ട് പറയാന്ന് പറഞ്ഞത്..? വിവാഹം മുടങ്ങിയ കാര്യവും മറ്റും.. “
അയാൾ തിരിച്ചു ചോദിച്ചു..
” അതായത് മാഷിന് എന്നെക്കുറിച്ചറിയണം.. ശരി പറയാം..”
അവൾ പറയാനാരംഭിച്ചു. അതു കേൾക്കാൻ നന്ദൻ ചെവികൾ കൂർപ്പിച്ചു..
” സാമ്പത്തീകമായി അത്ര താഴെയുമല്ല എന്നാൽ അത്ര വലുതുമല്ലാത്ത ഒരു ഇടത്തരം കുടുംബത്തിലെ ഏക മകളാണ് ഞാൻ.. എൻ്റെ പന്ത്രണ്ടാമത്തെ വയസ്സിൽ എൻ്റെ അമ്മ ഞങ്ങളെ വിട്ടു പോയി.. പിന്നെ എനിക്കെല്ലാം എൻ്റെ അച്ഛൻ മാത്രമായിരുന്നു.. എൻ്റെ കണ്ണൊന്നു നനയാൻ എൻ്റെ അച്ഛൻ ഇതുവരെ ഇടയാക്കിയിട്ടില്ല.. അത്രയ്ക്ക് സ്നേഹിച്ചും ലാളിച്ചുമാണ് അച്ഛനെന്നെ വളർത്തിയത്.. വീട്ടിൽ ഞാനും അച്ഛനും മാത്രമേ ഉള്ളു.. ജീവിതം വല്യ കുഴപ്പമില്ലാതെ പോകുന്ന നേരത്താണ് മൂന്നു വർഷം മുമ്പ് എനിക്ക് വിവാഹാലോചന വരുന്നത്.. കുഴപ്പമില്ലാത്ത ചെക്കനും കുഴപ്പമില്ലാത്ത കുടുംബവുമായിരുന്നു.. അച്ഛന് ഇഷ്ടപ്പെട്ടു.. എനിക്ക് പക്ഷേ താൽപര്യമില്ലായിരുന്നു.. അത് മറ്റൊന്നും കൊണ്ടല്ല.. എൻ്റെ വിവാഹം കഴിഞ്ഞാൽ അച്ഛൻ ഒറ്റപ്പെട്ടു പോകുമല്ലോ എന്നുള്ള സങ്കടമായിരുന്നു എൻ്റെ മനസ്സ് നിറച്ചും..പക്ഷേ എന്തൊക്കെ പറഞ്ഞിട്ടും അച്ഛൻ സമ്മതിച്ചില്ല.. ഓരോരോ ന്യായങ്ങൾ പറഞ്ഞ് വിവാഹത്തിനായി എന്നെക്കൊണ്ട് അച്ഛൻ സമ്മതിപ്പിച്ചു… അങ്ങനെ വിവാഹ നിശ്ചയം നടത്താനുള്ള ദിവസവും തീരുമാനിച്ചു.. പക്ഷേ വീണ്ടും ദുർവ്വിധി ഞങ്ങളെ തേടി വന്നു.. വിവാഹ നിശ്ചയത്തിന് രണ്ടു ദിവസം മുമ്പ് സ്ട്രോക്ക് വന്ന് അച്ഛൻ്റെ ഇടതു വശം പാടെ തളർന്നു പോയി.. ഞാനാകെ തകർന്നു പോയ ദിവസങ്ങളായിരുന്നു പിന്നീട്.. അങ്ങനെ വിവാഹ നിശ്ചയം മാത്രമല്ല വിവാഹവും മുടങ്ങി.. അച്ഛൻ കിടപ്പിലായിട്ട് ഇപ്പോൾ മൂന്ന് വർഷമാകുന്നു.. എല്ലാം എൻ്റെ വിധിയാണെന്നോർത്ത് സമാധാനിക്കുന്നു.. എൻ്റെ അച്ഛനാണ് എനിക്ക് വലുത്.. അതു കൊണ്ട് ഒരു മടിയുമില്ലാതെ ഞാൻ അച്ഛനെ ശുശ്രൂഷിച്ച് കഴിയുന്നു.. “
തെല്ല് സങ്കടത്തോടെ അവൾ പറഞ്ഞു നിർത്തി..
അപർണ്ണയുടെ കാര്യങ്ങളറിഞ്ഞപ്പോൾ എന്തു മറുപടി പറയണമെന്നറിയാതെ നന്ദൻ കുഴങ്ങി
”എന്താ മാഷേ.. ഒന്നും മിണ്ടാത്തെ..?”
നന്ദൻ്റെ ശബ്ദം കേൾക്കാതായപ്പോൾ അപർണ്ണ കാര്യം തിരക്കി..
“സാരമില്ല അപർണ്ണ.. എന്നു പറയാൻ പറ്റില്ലല്ലോ..? എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കുക.. അത്രയല്ലേ എനിക്ക് പറയാൻ കഴിയൂ.”
അയാൾ ഒരു വിധം പറഞ്ഞൊപ്പിച്ചു..
“ഉം.. ശരി മാഷേ.. ഞാൻ പിന്നെ വിളിക്കാം. അച്ഛന് മരുന്നു കൊടുക്കുവാനുള്ള സമയമായി. “
“ശരി അപർണ്ണ.. അങ്ങനെയാകട്ടെ.. പിന്നെ ഞാനെന്നും തൻ്റെ നല്ലൊരു സുഹൃത്തായിരിക്കും കെട്ടോ..?”
“ഓ.. അവസാനം സുഹൃത്ത് മാറി വേറേ വല്ലതും ആക്കുമോ മാഷേ..?”
അപർണ്ണയുടെ ചോദ്യം മനസ്സിലായ നന്ദൻ തിരിച്ചു മറുപടി പറയാൻ കഴിയാതെ മൗനിയായി..
“എന്താ മാഷേ മിണ്ടാത്തെ… ഞാനൊരു തമാശ പറഞ്ഞതാണ് മാഷേ.. അപ്പോ ശരി.. പിന്നെ കാണാം.. “
അവരുടെ ആദ്യ ഫോൺകോൾ അവസാനിച്ചു..
ദിവസങ്ങൾ കടന്നു പോകുന്തോറും ഫോൺ കോളുകൾ അങ്ങോട്ടുമിങ്ങോട്ടും വന്നും പോയുമിരുന്നു..
അതെ… പതിയെപ്പതിയെ നന്ദനും അപർണ്ണയും തീവ്രമായ പ്രണയത്തിലായി.. ഒരു ദിവസം പോലും ഇരുവർക്കും സംസാരിക്കാതിരിക്കാനോ ശബ്ദം കേൾക്കാതിരിക്കാനോ കഴിയാത്ത രീതിയിൽ ആ പ്രണയബന്ധം വളർന്നു..
സംസാരത്തിനിടയിൽ എന്തെങ്കിലുമൊക്കെപ്പറഞ്ഞ് രണ്ടു പേരും വഴക്കടിക്കുമെങ്കിലും അവരുടെ പ്രണയം തികച്ചും ആത്മാർത്ഥത നിറഞ്ഞതായിരുന്നു..
വിളിപ്പേരുകൾ മാറി..
അപർണ്ണയെ സ്നേഹത്തോടെ നന്ദൻ ” അപ്പു എന്നു വിളിച്ചുതുടങ്ങി.. അപർണ്ണ.. മാഷേ എന്നുള്ള വിളി മാറ്റി നന്ദേട്ടാ എന്നു വിളിച്ചുതുടങ്ങി..
”ഹലോ “
അപ്പുവിൻ്റെ കോൾ അറ്റൻ്റ് ചെയ്തു കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ നന്ദൻ ചോദിച്ചു..
“എന്താ അപ്പു ? “
” നന്ദേട്ടനെന്താ പേടിച്ചു സംസാരിക്കുന്ന പോലെ..?”
“എടി പെണ്ണേ.. ഞാൻ പറഞ്ഞിട്ടില്ലേ മിക്ക ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലുമുള്ള എൻ്റെ അമ്മാവൻ്റെ മകൻ രാഹുലിനെപ്പറ്റി..? അവനിപ്പോ എൻ്റെ കൂടെയുണ്ട്.. അതു കൊണ്ട് ഞാനിപ്പോ അവനിൽ നിന്നും അൽപ്പം മാറി നിന്നാണ് സംസാരിക്കുന്നത്.. നീ ചുമ്മാ വിളിച്ചതാണെങ്കിൽ നമുക്ക് പിന്നെ സംസാരിക്കാം.. “
“ശരി നന്ദേട്ടാ.. എന്നാ പിന്നെ സംസാരിക്കാം”
കോൾ കട്ടായി..
ദിവസങ്ങൾ കടന്നു പോവുകയാണ്.. ചില്ലറ അടികൂടലും വഴക്കടിയുമായി അവരുടെ പ്രണയവും..
അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുവിൻ്റെ ഗുഡ് മോർണിംഗ് വിഷ് കാണാതായപ്പോൾ നന്ദൻ അപർണ്ണയെ വിളിച്ചു.. പക്ഷേ അപർണ്ണയുടെ ഫോൺ സ്വിച്ചോഫായിരുന്നു..
അയാൾക്കെന്തോ വല്ലാത്തൊരു അസ്വസ്ഥത തോന്നി..
അന്ന് പലതവണ വിളിച്ചിട്ടും അപ്പുവിനെ ലൈനിൽ കിട്ടിയില്ല..
അയാൾക്ക് ആകെ സങ്കടമായി..
അവൾക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ നന്ദൻ ആകെ പരവശനായി..
അവസാനം അന്നു രാത്രി നന്ദന് അപ്പുവിൻ്റെ കോൾ വന്നു..
“ഹലോ.. അപ്പു.. എന്താ പറ്റിയത്..? നീയെന്താ ഫോൺ ഓഫ് ചെയ്ത് വെച്ചത്..”
മറുപടിയായി അങ്ങേത്തലയ്ക്കൽ നിന്നും അപർണ്ണയുടെ പൊട്ടിക്കരച്ചിലാണ് നന്ദൻ കേട്ടത്..
” അപ്പു.. എന്താ പെണ്ണേ.. എന്തിനാ നീ കരയുന്നത്..? എന്താ നിനക്ക് പറ്റിയത്..??
അയാളുടെ ചോദ്യങ്ങൾ കേട്ടിട്ടും മറുപടി പറയാനാകാതെ അപർണ്ണ കരഞ്ഞുകൊണ്ടിരുന്നു..
” അപ്പു.. നീ കരയാതെ കാര്യം പറയു.. എന്താ ഇത്ര കരയാൻ മാത്രം നിനക്കെന്താ പറ്റിയത്..?”
“നന്ദേട്ടാ.. എനിക്കാരും ഇല്ലാതെയായി നന്ദേട്ടാ.. ഇന്നലെ രാത്രി എൻ്റെ അച്ഛനും എന്നെ വിട്ടു പോയി നന്ദേട്ടാ..?”
ഒരു വിധം പറഞ്ഞൊപ്പിച്ച് അപർണ്ണ സങ്കടം സഹിക്കാനാവാതെ വിണ്ടും പൊട്ടിക്കരഞ്ഞു
അപർണ്ണ പറഞ്ഞ കാര്യം കേട്ടപ്പോൾ നന്ദനും ആകെ തളർന്നു പോയി..എന്തു പറയണമെന്നറിയാതെ അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ അയാൾ തളർന്നു നിന്നു..
ദിവസങ്ങൾ പിന്നെയും കടന്നു പോയി.. അപർണ്ണ പതിയെ പതിയെ സാധാരണ ജീവിതത്തിലേക്ക് കടന്നു വന്നു. നന്ദൻ്റെ സ്നേഹവും സ്നേഹരൂപേണയുള്ള ഉപദേശങ്ങളും അവളെ ധൈര്യവതിയാക്കി.
ഇപ്പോൾ നന്ദനെന്ന ആ നല്ല മനുഷ്യൻ്റയുള്ളിൽ ഒരേ ഒരു ചിന്ത മാത്രം.
അപർണ്ണയെ എങ്ങനെ സ്വന്തമാക്കാൻ പറ്റും..? അവൾക്കൊരു ജീവിതം കൊടുക്കാൻ തനിക്ക് പറ്റുമോ.? ഈ ചിന്ത ഒരു സ്വപ്നമായും നീറ്റലായും അയാളുടെ മനസ്സിനെ മഥിച്ചു കൊണ്ടിരിന്നു.. ആരുമറിയാതെ.
ഇന്ന് അപർണ്ണയ്ക്ക് കൂട്ടിനായുള്ളത് അവളുടെ അച്ഛൻ പെങ്ങളാണ്. അവരുമായി അഡ്ജസ്റ്റ് ചെയ്ത് അപർണ്ണ ജീവിതവും ദിവസങ്ങളും തള്ളി നീക്കുന്നു.
ഇപ്പോഴും ചില്ലറ ചില്ലറ വഴക്കിടലുകളുമൊക്കെയായി അപർണ്ണയുടേയും നന്ദൻ്റേയും പ്രണയം ഒരു ദിവ്യപ്രണയം പോലെ തുടർന്നു പോകുന്നു..
ഒരു ദിവസം പതിവുപോലെ അപർണ്ണ ഏതോ ഒരു ഗ്രൂപ്പിൽ നന്ദൻ പോസ്റ്റ് ചെയ്ത കഥ വായിച്ചതിനു ശേഷം ആ കഥയ്ക്ക് മറ്റുള്ളവർ നൽകിയ അഭിപ്രായങ്ങൾ നോക്കുകയായിരുന്നു. അതിൽ ഒരാളുടെ കമൻ്റ് വായിച്ചതും അപർണ്ണ ആകെ അസ്വസ്ഥയായി..
“ഹായ് നന്ദകുമാർ.. താങ്കളുടെ ഈ കഥ വളരെ വളരെ ഹൃദയസ്പർശിയായിരിക്കുന്നു. ഇതിലെ ഓരോ വരികളും ഞാനെൻ്റെ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. അത്രയ്ക്ക് മനോഹരമാണ് നന്ദകുമാറെന്ന എഴുത്തുകാരൻ്റെ ഈ കഥ.. താങ്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല..
ഈ നല്ലെഴുത്തിന് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
With love l will open my heart always for you..❤️❤️❤️ “
ഈ അവസാന വാചകമാണ് അപർണ്ണയെ അസ്വസ്ഥയാക്കിയത്.
കമൻ്റിട്ട ആളിൻ്റെ പേര് അപർണ്ണ പ്രത്യേകം ശ്രദ്ധിച്ചു.. സരയു.. സരയു വേണുഗോപാൽ..
ആ കമൻ്റിന് മറുപടിയായി നന്ദൻ കൊടുത്ത വാക്കുകൾ കൂടി കണ്ടപ്പോൾ അപർണ്ണയ്ക്ക് ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി..
“ok.. thanks.. സരയൂ.. എൻ്റെ എഴുത്തിനേയും എന്നെയും നിങ്ങൾ സ്നേഹിക്കുന്നു എന്നു മനസ്സിലായതിൽ ഒത്തിരി സന്തോഷം “
ഇതായിരുന്നു സരയുവിൻ്റെ കമൻ്റിനുള്ള നന്ദൻ്റെ മറുപടി..
“ഇങ്ങനെയൊരു ഫ്രണ്ട് നന്ദേട്ടനില്ല.. ഇനി ഇവർ നന്ദേട്ടൻ്റെ ഫ്രണ്ടായോ.?”
ഇങ്ങനെ ചിന്തിച്ച അപർണ്ണ ഉടൻ തന്നെ നന്ദൻ്റെ ഫെയ്സ് ബുക്ക് പ്രൊഫൈൽ എടുത്ത് ഫ്രണ്ട് ലിസ്റ്റ് പരിശോധിച്ചു.. അവൾ സംശയിച്ച പോലെ തന്നെ സരയു നന്ദൻ്റെ ഫ്രണ്ടായിരിക്കുന്നു..
ആയിരമായിരം സംശയങ്ങളും ചോദ്യങ്ങളും അപർണ്ണയുടെ മനസ്സിൽക്കിടന്ന് നീറിപ്പുകഞ്ഞു..
അവൾ ഉടൻ തന്നെ നന്ദനെ വിളിച്ചു..
ഫോണെടുത്ത നന്ദൻ പതിവുപോലെ തന്നെ സംസാരിച്ചു..
“ഹലോ… എന്താ അപ്പു..? ഞാൻ പണിസ്ഥലത്താണ്.?”
അയാൾ സത്യസന്ധമായി കാര്യം പറഞ്ഞു..
“ശരി നന്ദേട്ടാ… ഞാൻ അധികം ബുദ്ധിമുട്ടിക്കില്ല. ഒരു കാര്യം ചോദിക്കാൻ വിളിച്ചതാ. അതിന് മറുപടി തന്നാ മതി. ഇപ്പോൾ തന്നെ പറയണം.”
“ശരി അപ്പു… നീ കാര്യം പറയ്”
“ആരാ സരയൂ..? എപ്പോഴാ അവൾ നന്ദേട്ടൻ്റെ ഫ്രണ്ടായത്..?”
നന്ദന് അപ്പുവിൻ്റെ ചോദ്യത്തിൻ്റെ ഉദ്ദേശം മനസ്സിലായി.
” അപ്പു.. അത് എൻ്റെ കഥയ്ക്ക് കമൻ്റിട്ട പെണ്ണല്ലേ..? അതിനെന്താ കുഴപ്പം..? അങ്ങനെ എത്ര പേർ എൻ്റെ കഥയ്ക്കും കവിതയ്ക്കും കമൻ്റിടുന്നു.. “
“ok ശരി.. എപ്പോഴാ അവൾ നന്ദേട്ടൻ്റെ ഫ്രണ്ടായത്..? നന്ദേട്ടന് ഏതു പെണ്ണുങ്ങൾ ഫ്രണ്ട് റിക്വസ്റ്റ് തന്നാലും അതെല്ലാം എന്നോട് പറഞ്ഞിട്ടും ചോദിച്ചിട്ടും മാത്രമേ നന്ദേട്ടൻ അക്സെപ്റ്റ് ചെയ്യുമായിരുന്നുള്ളു.. ഇതു മാത്രമെന്താ എന്നോട് പറയാതിരുന്നത്..?”
അപർണ്ണയുടെ ചോദ്യത്തിന് അയാൾക്ക് മറുപടി പറയാൻ കഴിഞ്ഞില്ല.. പറയാൻ ഒരു മറുപടിയും ഇല്ലായിരുന്നു. എന്നാൽ അയാൾക്ക് സരയുവുമായി അരുതാത്ത ഒരു ബന്ധവും ഉണ്ടായിരുന്നുമില്ല. പക്ഷേ അത് അപർണ്ണയെ പറഞ്ഞ് ബോധ്യപ്പെടുത്താൻ അയാൾക്ക് കഴിഞ്ഞതുമില്ല.
” ശരി മാഷേ.. എല്ലാം എനിക്ക് മനസ്സിലായി.. ഇനി മാഷെന്നെ വിളിക്കരുത്. ഞാൻ വഴി മാറിത്തരുന്നു. നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവുമുണ്ടാകില്ല.. സത്യം”
” അപ്പു.. നീ എന്താ ഈ പറയുന്നത്..? എനിക്ക് ആ പെണ്ണുമായി ഒരു ബന്ധവുമില്ല”
നന്ദൻ ഇത്രയും പറഞ്ഞെങ്കിലും അപർണ്ണ അത് കേട്ടിരുന്നില്ല. അതിനു മുമ്പ് ഫോൺ കട്ടായി. അയാൾ തിരിച്ചുവിളിച്ചപ്പോൾ അപർണ്ണയുടെ ഫോൺ സ്വിച്ചോഫായിക്കഴിഞ്ഞിരുന്നു..
ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.. പല തവണ നന്ദൻ അപർണ്ണയെ വിളിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ ഫോൺ സ്വിച്ചോഫായിരുന്നു..
നന്ദേട്ടനെന്ന് വിളിച്ചിരുന്ന അപർണ്ണയുടെ വിളി പെട്ടെന്ന് മാഷെന്ന വിളിയിലേക്ക് മാറിപ്പോയതും അവൾ തന്നെയും തൻ്റെ സ്നേഹത്തേയും തെറ്റിദ്ധരിച്ചതും അയാൾക്ക് സഹിക്കാനാവുന്നതായിരുന്നില്ല കാരണം അവൾ അയാൾക്ക് അയാളുടെ ജീവനായിരുന്നു..
അപർണ്ണ നന്ദനെ വിട്ടു പോയി എന്നയാൾ മനസ്സിലാക്കി..
വല്ലപ്പോഴും മാത്രം അൽപം മദ്യപിച്ചിരുന്ന അയാൾ എന്തോ തീരുമാനിച്ചുറച്ച മട്ടിൽ മദ്യശാലയിലേക്ക് യാത്രയായി..
അന്നു രാത്രി എന്തു കൊണ്ടോ അപർണ്ണയ്ക്കും ഉറക്കം വന്നില്ല.. ഓരോ കാര്യങ്ങളോർത്ത് അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.. അല്ലെങ്കിൽത്തന്നെ ആ സംഭവത്തിനു ശേഷം അവൾക്കും ഉറക്കം നഷ്ടപ്പെട്ടിരിന്നു.. രാവിൻ്റെ അന്ത്യയാമത്തിലെപ്പോഴോ അപർണ്ണ മെല്ലെ മയക്കിത്തിലാണ്ടു..
“നന്ദേട്ടാ.. അലറിക്കരഞ്ഞുകൊണ്ട് അവൾ ചാടി എഴുന്നേറ്റു. അവളുടെ അലർച്ചകേട്ട് അടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന അച്ഛൻ പെങ്ങൾ ഓടി വന്ന് അവളുടെ മുറിയുടെ കതകിൽ തള്ളി.. കതക് കുറ്റിയിട്ടിട്ടില്ലാതിരുന്നതിനാൽ തളളിയപ്പോൾത്തന്നെ അത് മലർക്കെ തുറന്നു..
“എന്താ.. എന്തു പറ്റി മോളെ.. നീ എന്തിനാ അലറിക്കരഞ്ഞത്..?”
മുറിയിലെ ലൈറ്റ് ഇട്ടു കൊണ്ട് അവരത് ചോദിച്ചപ്പോ അപർണ്ണ വെട്ടി വിയർക്കുകയും അവൾ നന്നേ വിറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അമ്മായിയുടെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ കുടിക്കാൻ വെള്ളം വേണമെന്ന് അവൾ കൈകൊണ്ട് ആഗ്യം കാണിച്ചു.. ഉടൻ തന്നെ അടുത്തിരുന്ന ജഗ്ഗിൽ നിന്ന് വെള്ളം പകർന്ന് അവർ അവൾക്ക് കൊടുത്തു.. വെള്ളം എത്ര കുടിച്ചിട്ടും അവൾക്ക് മതിയായില്ല..
“എന്താ മോളെ എന്തു പറ്റി.? നീ വല്ല സ്വപ്നവും കണ്ടോ.? “
അമ്മായിയുടെ ചോദ്യത്തിന് മറുപടി നൽകാനാകാതെ അവൾ തല കുനിച്ചിരുന്നു..
പിറ്റേ ദിവസം രാവിലെ തന്നെ അപർണ്ണ നന്ദനെ ഫോണിൽ വിളിച്ചു.. പക്ഷേ നിരാശയായിരുന്നു ഫലം.. അയാളുടെ ഫോൺ സ്വിച്ചോഫായിരുന്നു.. അപർണ്ണ പല തവണ വിളിച്ചിട്ടും നന്ദൻ്റെ ഫോൺ ഓണായിരുന്നില്ല..
തന്നോടുള്ള ദേഷ്യം കൊണ്ടും തന്നെ വിളിക്കാൻ കഴിയാത്തതുകൊണ്ടും നന്ദേട്ടനും ഫോൺ ഓഫ് ചെയ്ത് വെച്ചിരിക്കുകയാവും എന്നു വിചാരിച്ച് അപർണ്ണ സമാധാനിക്കാൻ ശ്രമിച്ചു…
“കുറച്ചു കൂടിക്കഴിയട്ടെ ഏതെങ്കിലും ഫെയ്ബുക്ക് ഗ്രൂപ്പിൽ നന്ദേട്ടൻ്റെ പുതിയ രചന വല്ലതും വന്നിട്ടുണ്ടോന്ന് നോക്കാം “
അപർണ്ണ ആത്മഗതമെന്നോണം സ്വയം പറഞ്ഞു.
നന്ദനുമായി പിണങ്ങിയതിൽപ്പിന്നെ അവൾ ഫേയ്സ്ബുക്ക് തുറക്കുകയോ ഗ്രൂപ്പുകളിൽ കേറുകയോ ചെയ്തിരുന്നില്ല..
പ്രഭാതഭക്ഷണം കഴിക്കാൻ പോലും അവൾക്ക് മനസ്സു വന്നില്ല. അത്രയ്ക്ക് ഭീകരമായിരുന്നു തലേ രാത്രിയിൽ അവൾ കണ്ട സ്വപ്നം.
അതിൻ്റെ വിറയലും ഉള്ളിടിപ്പും ഇപ്പോഴും അവളിൽ നിന്നും വിട്ടകന്നിരുന്നില്ല..
അപർണ്ണ ബെഡ് റൂമിൽ കയറി കതക് പതിയെ ചാരിയ ശേഷം ബഡ്ഡിലേക്ക് ചാഞ്ഞു..
അവൾ ഫെയ്സ് ബുക്ക് തുറന്ന് അവൾക്കും നന്ദനും ഏറെ ഇഷ്ടമുള്ള ഒരു ഫെയ്സ് ബുക്ക് ഗ്രൂപ്പെടുത്ത് അതിൽ വന്നിട്ടുള്ള പോസ്റ്റുകൾ തിരയാൻ തുടങ്ങി.
പോസ്റ്റുകൾ തിരയുന്നതിനിടയിലാണ് ആ പോസ്റ്റ് അവളുടെ ശ്രദ്ധയിൽപ്പെട്ടത്. പോസ്റ്റ് കണ്ടതും അവൾക്ക് തല ചുറ്റുന്നതു പോലെ തോന്നി.. അല്ല തോന്നിയതല്ല അപർണ്ണയ്ക്ക് ശരിക്കും തലചുറ്റി..
വിശ്വാസം വരാതെ ആ പോസ്റ്റിലെ ഫോട്ടോയിലേക്ക് അവൾ വീണ്ടും നോക്കി..
അതെ.. തൻ്റെ നന്ദേട്ടൻ്റെ ഫോട്ടോ.. ആ ഫോട്ടോയിലെഴുതിരിക്കുന്ന വാചകങ്ങൾ കണ്ട് അപർണ്ണ അലമുറയിട്ട് കരഞ്ഞു..
“പ്രിയ എഴുത്തുകാരൻ നന്ദകുമാർ നമ്മോട് വിടവാങ്ങി.. ആദരാഞ്ജലികൾ “
ഇതായിരുന്നു ആ ഫോട്ടോയിലെ വാചകങ്ങൾ..
വീണ്ടും വിശ്വാസം വരാതെ ആ പോസ്റ്റ് ആരാണ് പോസ്റ്റ് ചെയ്തതെന്നു് അവൾ നോക്കി..
പോസ്റ്റ് ചെയ്ത ആളിൻ്റെ പേര് രാഹുൽ എന്നായിരുന്നു.. അതെ.. നന്ദേട്ടൻ എപ്പോഴും പറയാറുള്ള അമ്മാവൻ്റെ മകൻ രാഹുലാണ് നന്ദേട്ടൻ്റെ മരണവാർത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്..
“എൻ്റീശ്വരാ.. ” എന്നു വിളിച്ചു കൊണ്ട് അപർണ്ണ വീണ്ടും അലമുറയിട്ടു വാവിട്ടു കരഞ്ഞു..
അമ്മായി ഓടി വന്നു.. ഒന്നും മനസ്സിലാവാതെ അവർ ചോദിച്ചു..
“എന്താ മോളെ.. നിനക്കെന്തു പറ്റി…? എന്തിനാ നീയിങ്ങനെ കരയുന്നത്..?”
“എൻ്റെ നന്ദേട്ടൻ പോയമ്മായി.. എൻ്റെ നന്ദേട്ടൻ പോയി.. “
പറഞ്ഞു കൊണ്ട് സങ്കടം സഹിക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തു വീണുരുണ്ടു..
അതെ..നന്ദകുമാർ ഈ ലോകത്തു നിന്നും എന്നെന്നേക്കുമായി വിടവാങ്ങിയെന്നും അത് ആത്മഹത്യയായിരുന്നു എന്നുള്ള സത്യവും ആ ഗ്രൂപ്പിലെ പോസ്റ്റിൽ നിന്നും അപർണ്ണയ്ക്ക് വ്യക്തമായി…
”ഈശ്വരാ.. താൻ കാരണമാണല്ലോ തൻ്റെ നന്ദേട്ടൻ…..”
കുറ്റബോധം ഒരഗ്നിഗോളം പോലെ അവളിലേക്ക് പടർന്നു കയറിയതും അപർണ്ണയുടെ മനസ്സിൻ്റെ താളം തെറ്റിക്കൊണ്ടിരുന്നു..
പതിയെ അവളുടെ മാനസീക നില തകരാറിലായി..
ചിലപ്പോ കരയുകയും ചിലപ്പോ പൊട്ടിച്ചിരിച്ചു കൊണ്ടും അവൾ മുറിയിലാകെ ഓടി നടന്നു..
ചിലപ്പോഴൊക്കെ അവൾ അക്രമാസക്തയുമായി..
കയ്യിൽ കിട്ടിയതെല്ലാം അവൾ എറിഞ്ഞുടച്ചു.. ടി വി നിലത്തു തള്ളിയിട്ടു പൊട്ടിച്ചു..
അപർണ്ണയുടെ ഭാവമാറ്റം കണ്ട് പേടിച്ച് അമ്മായി തൊട്ടടുത്തുള്ള അയൽപക്കക്കാരെ ഓടിച്ചെന്ന് വിവരമറിയിച്ചു. അയൽക്കാർ ഓടി വന്നപ്പോൾ അപർണ്ണ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഒരു ഭ്രാന്തിയായി ഓടി നടക്കുന്നു.
“ഞാനാ കൊന്നത്.. എൻ്റെ നന്ദേട്ടനെ ഞാനാ കൊന്നത്..”
ഈ വാക്കുകളായിരുന്നു അവളിൽ നിന്നും പുറത്തേക്ക് വന്നത്..
അയൽപക്കക്കാരിൽ ചിലർ അവളെ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും കയ്യിൽ കിട്ടിയതെല്ലാം അവർക്ക് നേരേ വലിച്ചെറിഞ്ഞ് അവൾ വീണ്ടും അക്രമാസക്തയായി..
അതെ… അപർണ്ണയുടെ മനസ്സിൻ്റെ താളം പാടെ തെറ്റി.. അവൾ ഒരു മുഴുഭ്രാന്തിയായി മാറി..
പറയത്തക്ക ബന്ധുക്കളൊന്നും അപർണ്ണയ്ക്കണ്ടായിരുന്നില്ല.. എന്നാലും അമ്മായി അറിയച്ചതനുസരിച്ച് ഒന്നു രണ്ട് അകന്ന ബന്ധുക്കൾ വന്ന് വിവരം തിരക്കി.. തനിക്കറിയാവുന്ന വിവരങ്ങൾ അമ്മായി അവരെ ധരിപ്പിക്കുകയും ചെയ്തു..
അവർക്കൊക്കെ അപർണ്ണയുടെ ഭാവമാറ്റത്തിൻ്റെ കാര്യം ഏകദേശം പിടി കിട്ടി.
“എന്നാപ്പിന്നെ ഏതെങ്കിലും വട്ടാശുപത്രിയിൽ കൊണ്ടുപോകാൻ നോക്കു അമ്മായി “
വന്നവരിലൊരാൾ പറഞ്ഞപ്പോ അമ്മായി അയാളെ ദയനീയമായി നോക്കിയതും ഒരു ചില്ല് ഭരണി അതിശക്തമായി അയാളുടെ നെറ്റിയിൽ വന്നു കൊണ്ടതും ഒരുമിച്ചായിരുന്നു..
അയാളെ ചില്ല് ഭരണി കൊണ്ട് എറിഞ്ഞതിന് ശേഷം അപർണ്ണ മുഴുഭ്രാന്തിയെപ്പോലെ ആർത്തു ചിരിച്ചു..
അയാളുടെ തലയിൽ നിന്നും നിലയ്ക്കാതെ ചോരയൊഴുകിക്കൊണ്ടിരുന്നു..
ആരൊക്കെയോ ചേർന്ന് അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി..
കൂടി നിന്നവരെ പിന്നെയും അവൾ ആക്രമിച്ചു കൊണ്ടിരുന്നു. സഹികെട്ട അവർ എല്ലാവരും ചേർന്ന് ഒരു വിധം പിടിച്ച് മുറിയിലിട്ട് പൂട്ടി..
അവൾ ആ മുറിയിൽ കിടന്ന് കുറേ നേരം പലതും പറഞ്ഞു കരയുകയും ചെയ്തു കൊണ്ടിരിന്നു.. പിന്നീടവൾ ശാന്തമായി..
ദിവസങ്ങൾ കടന്നു പോയി…
അവൾ ആ മുറിയിൽ ഒറ്റപ്പെട്ടു.. കതക് തുറന്നാലും അവൾ പുറത്തിറങ്ങാതെയായി..
അവൾ ആ കതക് അകത്ത് നിന്നും കുറ്റിയിട്ട് ഏകാന്തതയിലേക്ക് കൂടുമാറി…
നീർമിഴിപ്പീലികൾ അടർന്നു മാറാനാവാതെ കെട്ടിപ്പുണർന്നു നിന്നു..
നീലഭസ്മക്കുറിയണിഞ്ഞ നീലരാവിൽ വെൺ പ്രഭ ചൊരിഞ്ഞു നിന്ന താരകക്കൂട്ടങ്ങൾക്കുമായില്ല ആ മിഴിനീരൊപ്പാൻ…
ആകാശ മണിമേടയിലെ മട്ടുപ്പാവിലിരുന്ന് പൂനിലാവ് അവൾക്കായി പുഞ്ചിരി തൂകുന്നതൊന്നും അവളറിഞ്ഞില്ല….
മനസ്സിലും ഹൃദയത്തിലും കൂരിരുൾ നിറഞ്ഞവൾ ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങിയത് ആരുമറിഞ്ഞില്ല…
എല്ലാം വിധിയുടെ കരങ്ങളിലേൽപ്പിച്ച് ഏകാന്തതയുടെ തടവറയിലേക്ക് അവൾ കുടിയേറിയതും ആരുമറിഞ്ഞില്ല….
അവസാനം പുഴുവരിച്ചുതുടങ്ങിയ അവളുടെ മൃതദേഹത്തിൽ നിന്നുമുയർന്ന ദു:ർഗന്ധം എല്ലാവരുമറിഞ്ഞു..
മൂക്കുകൾ തൂവാല കൊണ്ടും മറ്റു തുണിക്കീറുകൾ കൊണ്ടും വരിഞ്ഞു കെട്ടി ആ മൃതദേഹം പുറത്തേകെടുത്തപ്പോഴും ഒന്നുമറിയാത്ത പോലെ കാലം മന്ദഹസിച്ചു നിന്നു.
നന്ദൻ്റേയും അപർണ്ണയുടേയും കനവുകളെല്ലാം മിഴിനീർക്കനവുകളായി ഇരു ഹൃദയങ്ങളിൽ ലയിച്ചുചേർന്നു.
ഒരു പുനർജ്ജനിക്കായി തീവ്രമായി ആഗ്രഹിച്ചു കൊണ്ട് രണ്ടു പുതിയ നക്ഷത്രങ്ങൾ നീലാകാശത്ത് ഉദിച്ചുയർന്നു…
(ശുഭം)
രചന… സെൽവരാജ് CN✍