17.1 C
New York
Wednesday, January 19, 2022
Home Literature മിന്നാമിനുങ്ങുകൾ (കഥ)

മിന്നാമിനുങ്ങുകൾ (കഥ)

ദിവ്യ എസ് മേനോൻ ✍️

നല്ല തെളിഞ്ഞ രാത്രി. മുറ്റത്തെ മൂവാണ്ടൻ മാവും പേരമരവും ചെമ്പരത്തിയും തുളസിത്തറയും പാരിജാതവും നിലാവിൽ കുളിച്ചു നിൽക്കുന്നു. തുറന്നിട്ട ജനാലയിലൂടെ മകരമാസക്കുളിര് അരിച്ചിറങ്ങുന്നു. റാന്തലിന്റെ വെളിച്ചത്തിൽ കേരള പാഠാവലിയിലെ ‘രാത്രിമഴ’ യും എന്നിലേക്ക് അരിച്ചിറങ്ങുന്നു. നാളെ മലയാളം ക്ലാസ്സിൽ വിമല ടീച്ചറുടെ ചോദ്യങ്ങൾക്കു കൃത്യമായി ഉത്തരം പറയണം. ഓരോ വരിയും ഹൃദിസ്ഥമാക്കണം.

“രാത്രി മഴ പണ്ടെന്റെ സൗഭാഗ്യ രാത്രികളിൽ
എന്നെച്ചിരിപ്പിച്ചു കുളിർ കോരിയണിയിച്ചു
വെണ്ണിലാവേക്കാൾ പ്രിയം തന്നുറക്കിയോരന്നത്തെയെൻ പ്രേമ സാക്ഷി… ” വായിച്ച വരികൾ വീണ്ടും വീണ്ടും വായിച്ചു. ഇത്രയും മനോഹരമായ നിലാവിനേക്കാൾ പ്രിയം തോന്നിക്കുന്ന മഴയോ? അതെന്തൊരു മഴ? മനസ്സിൽ ചോദ്യങ്ങളുടെ ഘോഷയാത്ര.

“ജയാ, ഇങ്ങട് ഒന്ന് വരൂ. ഒരുകൂട്ടം കാണിച്ചു തരാം “
അമ്മയുടെ നീട്ടിയുള്ള വിളി കേട്ട് തത്കാലം രാത്രിമഴയോട് വിടപറഞ്ഞു ഉമ്മറത്തേക്ക് പോയി. അമ്മയും കുഞ്ഞേച്ചിയും ഉമ്മറത്തിണ്ണയിൽ ഇരിപ്പാണ്. രാത്രിയിൽ പതിവുള്ള പവർകട്ട്‌ സമയമാണ്. പുറത്ത് മിന്നിമിന്നി കത്തുന്ന വഴിവിളക്കുകളെല്ലാം അണഞ്ഞിരിക്കുന്നു. എങ്ങും നിലാവിന്റെ വെളിച്ചം മാത്രം.

“എന്താ അമ്മേ വിളിച്ചേ? “
പടിക്ക് പുറത്തുള്ള പാടവരമ്പത്തേക്കു നോക്കിയിരിക്കുന്ന അമ്മയെ നോക്കി ഞാൻ ചോദിച്ചു.

“ജയാ, ആ അരയാലിന്റെ അവിടേക്കു നോക്കൂ കുട്ടി. എന്തൊരു ചന്തമാ?!”

ഞാൻ മുറ്റത്തേക്കിറങ്ങി പാടത്തിന്റെ തെക്കേ ഭാഗത്തുള്ള കുളക്കരയിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന അരയാലിനെ നോക്കി. പച്ച നിറത്തിലുള്ള കുഞ്ഞു ബൾബുകൾ തൂക്കിയിട്ടത് പോലെ അരയാലിന്റെ ചില്ലകൾ മിന്നിത്തിളങ്ങുന്നു. നിലാവിനെ പോലും നിഷ്പ്രഭമാക്കുന്ന ശോഭയോടെ ആ തിളക്കം ഇളകിയാടുന്നു. ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അരയാലിനു ചുറ്റും നിറയെ മിന്നാമിനുങ്ങുകൾ. ഒന്നും രണ്ടുമല്ല, നൂറുകണക്കിന് മിന്നാമിനുങ്ങുകൾ! വിറ കൊള്ളുന്ന അരയാലിൻ ഇലകൾ അവയുടെ പ്രഭയിൽ മുങ്ങിക്കുളിക്കുന്നു.
“ജയാ, ചിലപ്പോൾ ഇതാവും ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ച…” സ്വന്തം വീടിന്റെയും തൊടിയുടെയും അതിർത്തികൾക്കുള്ളിലൊതുങ്ങുന്ന ലോകം മാത്രം കണ്ട അമ്മയുടെ വാക്കുകൾ എന്നിലൊരു ചിരി പടർത്തി.

“ജയാ, എണീക്കൂ. കുഞ്ഞേച്ചി വിളിക്കുന്നു” പെട്ടന്ന് ഞെട്ടിയുണർന്ന ഞാൻ സ്ഥലകാലബോധമില്ലാതെ ചുറ്റും നോക്കി. അമ്മയെവിടെ? മിന്നാമിനുങ്ങുകൾ എവിടെ? കുഞ്ഞേച്ചി എവിടെ?
സ്വബോധത്തിലേക്കു വന്ന ഞാൻ മുന്നിൽ സിന്ധുവിനെ കണ്ടു. അവൾ കയ്യിലെ ഫോൺ എനിക്ക് നീട്ടി എന്നെ കുലുക്കി വിളിച്ചു കൊണ്ടിരിക്കയാണ്. കിടക്കയിൽ അപ്പുറത്ത് തന്നെ ചിന്നു ഉറങ്ങുന്നു. ചിന്നുവിന്റെ അവധിക്കാലം ആഘോഷിക്കാൻ ഞങ്ങൾ മടിക്കേരിയിൽ വന്നിരിക്കയാണെന്നും അവിടെ കാടിനു നടുവിലുള്ള ഒരു റിസോർട്ടിലെ മുറിയിലാണ് ഞാൻ ഇപ്പോഴുള്ളതെന്നും എന്റെ സ്വബോധമെന്നെ ഓർമ്മിപ്പിച്ചു.

ഞാൻ കിടക്കയിൽ ഏഴുന്നേറ്റിരുന്നു ഫോൺ കയ്യിൽ വാങ്ങി ചെവിയിൽ വച്ചു. അപ്പുറത്ത് കുഞ്ഞേച്ചിയാണ്…അമേരിക്കയിൽ നിന്ന്. “മോനെ ജയാ, നാളെയാണ് അമ്മയുടെ ശ്രാദ്ധം. തിരക്കിനിടയിൽ ഞാൻ വിട്ടുപോയി അത്. ഇന്നലെ രാത്രി അമ്മയെ സ്വപ്നം കണ്ടു. അതാണ് രാവിലെ ഉണർന്നതും കലണ്ടർ നോക്കിയത്. നിന്നോട് പറയണോ എന്ന് സംശയിച്ചു ആദ്യം. നീയും സിന്ധുവും മോളും വെക്കേഷനിൽ അല്ലേ? വിഷമിക്കേണ്ട. നമ്മുടെ അമ്മയല്ലേ…പരിഭവം ഒന്നും കാണില്ല… “
ഒരു ശരിയിൽ ഒതുക്കി ഫോൺ കട്ട്‌ ചെയ്യുമ്പോൾ എന്തെന്നറിയാത്ത ഒരു തണുപ്പ് എന്നെ വന്നുമൂടി. കിടക്കയിൽ നിന്നെഴുന്നേറ്റു ഞാൻ പതുക്കെ ജനലിനരികിലേക്കു നടന്നു. കർട്ടൺ മാറ്റി ജനാല തുറന്നു. അവിടെ കണ്ട കാഴ്ച എന്നെ വിസ്മയിപ്പിച്ചു. ഒരു പറ്റം മിന്നാമിനുങ്ങുകൾ… ഒന്നും രണ്ടുമല്ല, നൂറുകണക്കിന് മിന്നാമിനുങ്ങുകൾ ! ഏതോ ഒരു വന്മരത്തെ ചുറ്റി പറന്നു കൊണ്ടിരിക്കുന്നു. നിലാവിന്റെ പ്രഭയെ നിഷ്പ്രഭമാക്കി മിന്നിത്തിളങ്ങുന്നു.
എന്റെ കണ്ണുകളിലെ നനവ് കവിളുകളെ തണുപ്പിക്കുന്നത് ഞാനറിഞ്ഞു. കാതിലാരോ മന്ത്രിക്കും പോലെ “ജയാ, ചിലപ്പോൾ ഇതാവും ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ച!”

എന്റെ മനസ്സ് മറുപടി മന്ത്രിച്ചു..
“അതേ അമ്മേ, ഇതാണ് ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ച… ഞാനിപ്പോൾ തിരിച്ചറിയുന്നു “
ആകാശത്തിന്റെ അനന്തതയിലൊരു വെള്ളി നക്ഷത്രം കണ്ണ് ചിമ്മി ചിരിക്കുന്നുണ്ടായിരുന്നപ്പോൾ.

ദിവ്യ എസ് മേനോൻ ✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: