17.1 C
New York
Monday, September 20, 2021
Home Literature മാലാഖയുടെ സംഗീതം (കഥ)

മാലാഖയുടെ സംഗീതം (കഥ)

✍സുജ പാറുകണ്ണിൽ

മറിയ കൊച്ചേ കറി ആയോ? അമ്മച്ചിയുടെ ചോദ്യം കേട്ടപ്പോ അനു മോൾക്ക് ദേഷ്യം വന്നു ഈ അമ്മച്ചി എത്ര പറഞ്ഞാലും കേൾക്കില്ല. മറിയ കൊച്ചേ എന്നു വിളിക്കരുത് എന്നു. കേട്ടു കേട്ടു നാട്ടുകാരെല്ലാം അങ്ങനെ ആണ് വിളിക്കുന്നത്‌. ആൻ മരിയ എന്നാണ് അനു മോൾടെ മാമോദിസ പേര്. അന്നമ്മയും മറിയാമ്മയും രണ്ടു വല്യമ്മച്ചിമാരുടെയും പേര് ചേർത്തു ഇട്ടതാണ്. വീട്ടിൽ അനുമോൾ എന്നും. പക്ഷെ ആരും അനു എന്നു വിളിക്കാറില്ല. സണ്ണിച്ചൻ ആണെങ്കിൽ മരിയകുട്ടി എന്നാണ് വിളിക്കുക. സണ്ണിച്ചന്റെ കാര്യം ഓർത്തപ്പോൾ അവൾക്കു സങ്കടം വന്നു. അവനു ഇഷ്ട്ടപ്പെട്ട കറി ആണ് ചക്കക്കുരു മാങ്ങാ കറി. അതാണ് അവൾ ഉണ്ടാക്കി കൊണ്ടു ഇരുന്നത്. രാവിലെ മരിയ കൊച്ചു പല്ല് തേച്ചു കൊണ്ടു മുറ്റത്തു നിന്നപ്പോ വേലിയിൽ പടർന്നു കിടന്ന പാവലിൽ കിടന്ന ഒരു പാവം പാവയ്ക്കാ മരിയ കൊച്ചിനെ നോക്കി ഒന്ന് ചിരിച്ചു. അതിപ്പം തോരൻ ആയി ഡൈനിങ് ടേബിളിൽ ഇരിപ്പുണ്ട്. ചാറു കറി പാത്രത്തിൽ ആക്കി അതും ടേബിളിൽ വച്ചു. ഇന്നലത്തെ മീൻ കറി ഇരിപ്പുണ്ട്. മീൻ ഫ്രൈ കൂടി ആക്കിയാൽ മതി.ജോലി ചെയ്തു കൊണ്ടിരിക്കുന്നതാണ് അവൾക് ഇഷ്ടം. എന്തിനാ കൊച്ചേ നീ ഈ വയ്യാത്ത കാലും വച്ചു…. അമ്മച്ചി അങ്ങനെ പറയുന്നത് അവൾക്കു ഇഷ്ട്ടമല്ല. ജന്മനാ അവളുടെ ഒരു കാലിനു ചെറിയ ഒരു പ്രശ്നം ഉണ്ട്. കുറച്ചു ഏന്തി ആണ് നടക്കുന്നത്. അതുകൊണ്ട് എന്താ ദൈവം വേറെ പലതും അവൾക്കു വാരി കോരി കൊടുത്തു. അത്രയും സൗന്ദര്യം ഉള്ള ഒരു പെൺകുട്ടി ആ ഇടവകയിൽ വേറെ ഇല്ല. നല്ല തങ്കം പോലത്തെ സ്വഭാവം. പോരാഞ്ഞിട്ട് ദൈവം കൈ തൊട്ടു അനുഗ്രഹിച്ചു വിട്ട ശബ്ദ മാധുര്യം. ഇടവക പള്ളിയിൽ പാടുന്നത് അവൾ ആണ്. സണ്ണിച്ചൻ വിളിക്കുമ്പോൾ ചോദിക്കും അടുത്ത ഞായറാഴ്ച്ച ഏതു പാട്ടൊക്കെയാ പാടുന്നത് എന്ന്.കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ പോകാൻ ഇറങ്ങിയപ്പോൾ ആണ് സണ്ണിച്ചൻ വിളിച്ചത്.പള്ളിയിൽ പോകാൻ സമയം ആയി എന്നു പറഞ്ഞപ്പോൾ അവൻ പറഞ്ഞു മരിയ കുട്ടി,എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ലെബനൻകാരൻ പറഞ്ഞതാ, അറബ് ലോകം ഒന്നിച്ചു നിൽക്കുന്നത് ഒരു കാര്യത്തിന് മാത്രം ആണ്. നാൻസി അജ്‌മറിന്റെ പാട്ടു കേൾക്കാൻ. അതുപോലെ ഇടവകക്കാർ എല്ലാം ഒന്നിച്ചു കാതോർത്തു നിൽക്കുവല്ലേ മറിയകുട്ടിയുടെ പാട്ടു കേൾക്കാൻ. വേഗം ചെല്ല്.. അത് സത്യം ആണ്. ഇടവക പള്ളിയിലെ അച്ചൻ പറയും, മരിയ കുട്ടി, നീ ഇങ്ങനെ പാടിയാൽ മാലാഖമാർ ആകാശത്തു നിന്നു ഭൂമിയിലേക്കു ഇറങ്ങി വരും നിന്റെ പാട്ടു കേൾക്കാൻ. ആൻ മരിയ പാടുമ്പോൾ ആളുകൾ ആ സ്വര മാധുരിയിൽ ലയിച്ചു അങ്ങനെ നിൽക്കും.

ഇടയ്ക്കു ആൻ മരിയ പള്ളിയിൽ പോക്കും പാട്ടും നിർത്തിയതായിരുന്നു. ആൻ മരിയയുടെ പാട്ടു ഇല്ലാതായപ്പോൾ പള്ളിക്കകം നിർജീവം ആയതു പോലെ. എല്ലാ മുഖങ്ങളിലും മ്ലാനത. സംഭവം ഇതാണ് സൈമൺ അവൻ എന്നും അൾത്താരയുടെ മുൻപിൽ തന്നെ മരിയ കുട്ടിയുടെ പാട്ടിൽ ലയിച്ചു അങ്ങനെ നില്കും. അവളുടെ സൗന്ദര്യം കണ്ണെടുക്കാതെ അവൻ നോക്കി നിൽക്കും. സ്വർഗത്തിൽ നിന്നു ഇറങ്ങി വന്ന മാലാഖ ആണ് പാടുന്നത് എന്ന് അവനു തോന്നും.. ആൻ മരിയയും അത് അറിയുന്നുണ്ടായിരുന്നു. അറിയുന്നതായി ഭാവിക്കാറില്ല എന്നു മാത്രം. സൈമണിന് കല്യാണ ആലോചന മുറുകിയപ്പോൾ അവൻ അമ്മയോട് അവന്റെ മനസ്സ് തുറന്നു.
പിന്നെ നടന്നത് തൃശൂർ പൂരത്തിന്റെ വെടി കെട്ടു ആയിരുന്നു. തള്ള ഭദ്ര കാളി ആയി. ഇടി നാശവും വെള്ളപ്പൊക്കവും എന്നു പറഞ്ഞാൽ മതിയല്ലോ. സുനാമി പോലെ പാഞ്ഞു കയറി അവർ ആൻ മരിയയുടെ വീട്ടിൽ എത്തി. നാഷണൽ ഹൈവേയുടെ നീളമുള്ള നാക്കുകൊണ്ടു അവർ ആ വീട്ടിൽ ഉള്ളവരുടെ മനസ്സമാധാനം മുഴുവൻ തൂത്തു വാരി. എടി ചട്ടുകാലി എന്റെ മോനെ മാത്രമേ കണ്ടുള്ളോ നിനക്കു വശീകരിക്കാൻ. പോയി തൂങ്ങി ചത്തൂടെ. ഒന്നര കാലുമായി നടക്കുന്നു. അവളുടെ ഒരു പാട്ടും കൂത്തും. എന്റെ കുടുംബത്തു വന്നു പൊറുക്കാം എന്നു കരുതണ്ട. സൈമണും അവന്റെ അപ്പനും പൂണ്ടടക്കം പിടിച്ചു വലിച്ചിട്ടും തള്ള പടക്ക കമ്പനിക്ക് തീ പിടിച്ച മാതിരി പൊട്ടിത്തെറിച്ചു കൊണ്ടേ ഇരുന്നു. ഒരുപാട് പേരുടെ മനസമാധാനം ആ സുനാമിയിൽ ഒലിച്ചു പോയി . സൈമൺ ഒരു പാടു നാൾ പള്ളിയിൽ വരാതായി. അവന്റെ ചിരിപോലും നിന്നുപോയി. അവന്റെ അമ്മ കണ്ടു പിടിച്ച പെണ്ണിനെ തന്നെ അവൻ കെട്ടി. അവന്റെ മനസുകാണാൻ കഴിവില്ലാതിരുന്ന അവന്റെ അമ്മ അവന്റെ ഹൃദയം നഷ്ട്ടപ്പെട്ടു പോയതും അവന്റെ ചിരി നിലച്ചു പോയതും അറിഞ്ഞതെ ഇല്ല . അവന്റെ മാലാഖയുടെ പാട്ടു പിന്നീട് ഒരിക്കലും അവൻ കേട്ടില്ല.

ഇതിൽ പരം ഒരു അപമാനം മരിയ കുട്ടിക്ക് ഉണ്ടാകാൻ ഇല്ല. അവൾ തകർന്നു പോയി. ആരോടും ഒന്നും മിണ്ടാതെ അവൾ മുറിയിൽ ഒതുങ്ങി കൂടി . അവസാനം വികാരി അച്ചനും പരിവാരങ്ങളും വന്നു മരിയ കുട്ടിയോടു സംസാരിച്ചു . മോളെ ദൈവം നിനക്ക് തന്ന വരം ആണ് നിന്റെ സ്വരം. നീ നോക്കിക്കോ നിന്റെ പാട്ടു സ്വർഗ്ഗവാതിൽ കടന്നു കർത്താവിന്റെ മുൻപിൽ എത്തുന്ന ദിവസം വരും. അന്ന് അവിടുന്ന് നിന്നിൽ അനുഗ്രഹങ്ങൾ വർഷിക്കും. അച്ചന്റെ വാക്കുകൾ അവൾ സ്വീകരിച്ചു വീണ്ടും ആൻ മരിയയുടെ സ്വരമാധുരിയിൽ ഇടവക കാരും മാലാഖ മാരും ലയിച്ചു നിന്നു. കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടൂ, വയ്യാത്ത കാൽ നേരെ ആകുന്നതിനു പകരം തനിക്കു മാലാഖ മാരെ പോലെ ചിറകുകൾ മുളക്കുന്നതും ദൂരെ ദൂരേക്ക് പറന്നു പോകുന്നതും അവൾ സ്വപ്നം കണ്ടു.

ഏറ്റവും മുറിവ് ഏറ്റത് സണ്ണിച്ചന് ആണ്. മരിയ ക്കുട്ടി അവനു ജീവൻ ആണ്. സ്കൂളിൽ പഠിക്കുമ്പോൾ അവളെ ചട്ടുകാലി എന്നു വിളിച്ച ബെന്നിയുടെ മൂക്ക് അവൻ ഇടിച്ചു പരത്തി കളഞ്ഞു. ഇത്തിരി മുതിർന്നപ്പോൾ മുതൽ അവളുടെ സ്കൂൾ ബാഗ്‌പോലും അവൻ ആണ് ചുമന്നിരുന്നത്. അന്ന് അവൻ അമ്മച്ചിയുടെ മടിയിൽ കിടന്നു പൊട്ടി കരഞ്ഞു. സൈമൺന്റെ തള്ളെയെ കൊല്ലാൻ ഉള്ള ദേഷ്യം അവനു ഉണ്ടായിരുന്നു

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു കൂട്ടുകാരുമായി അടിച്ചു പൊളിച്ചു നടന്നിരുന്ന അവൻ അതെല്ലാം ഒഴിവാക്കി, ഗൾഫിൽ പോയി. പോകും മുൻപ് അമ്മച്ചിയോടു പറഞ്ഞു ഒരുപാട് പൈസ ഉണ്ടാക്കണം മരിയ കൊച്ചിനെ അന്തസ്സായി കെട്ടിച്ചു വിടണം. പോയിട്ട് രണ്ടു കൊല്ലം ആകാറായി. എന്നും വിളിക്കും. വരുന്ന കാര്യം ചോദിച്ചാൽ വരാം വരാം എന്നു പറയും. വരുമ്പോൾ മരിയ കൊച്ചിന് ഞാൻ ഒരു സമ്മാനം കൊണ്ട് വരും എന്ന് പറയും.
മരിയകൊച്ചേ അപ്പച്ചൻ ഇപ്പൊ ഉണ്ണാൻ വരും കേട്ടോ.അമ്മച്ചി വിളിച്ചു പറഞ്ഞു. അവൾ ഫ്രൈ ചെയ്ത മീൻ പാത്രത്തിലാക്കി അടച്ചു വച്ചു . പെട്ടെന്നാണ് മുറ്റത്തു അമ്മച്ചിയുടെ ഒച്ചപ്പാടും ബഹളവും കേട്ടത്. അവൾ ഓടി ചെന്നു. ദൈവമേ സണ്ണിച്ചൻ. അവൾ അന്തം വിട്ട് നിന്നു. പോയപ്പോ നൂല് പോലെ ഇരുന്നവൻ ആണ്. ഇപ്പോൾവെളുത്തു തടിച്ചു സുന്ദരൻ ആയി. കഴുത്തിൽ ചെയിനും കയ്യിൽ ബ്രസിലെറ്റും ഒരു തനി ഗൾഫുകാരൻ. ….

എടാ പതുക്കെ കഴിക്കു ഇതൊന്നും ആരും എടുത്തോണ്ട് പോകില്ല. സണ്ണിച്ചന്റെ കഴിപ്പുകണ്ടു അമ്മച്ചി ശാസിച്ചു. എന്റെ അമ്മച്ചി, എത്ര നാളായി കൊതിക്കുന്നു ഇങ്ങനെ കഴിക്കാൻ. ഞാൻ എപ്പോളും റോയിയോട് പറയും മരിയ കൊച്ചിന്റെ കൈപ്പുണ്യം . റോയിയും എന്റെ ഒപ്പം നാട്ടിൽ വന്നിട്ടുണ്ട്.റോയ് സണ്ണിയുടെ റൂം മേറ്റ്‌ ആണ്. അമ്മച്ചി, . റോയിയും കുടുംബവും അടുത്ത സൺ‌ഡേ ഇങ്ങോട്ട് വരും. മറിയ കൊച്ചേ നമുക്ക് അടിപൊളി ആക്കണം കേട്ടോ. മരിയ കൊച്ചിന്റെ സ്പെഷ്യൽ ഐറ്റംസ് എല്ലാം റെഡി ആക്കിക്കോ.

അയാളുടെ ഭാര്യയും മക്കളും ഒക്കെ അവിടെ ആണോ മോനെ. അല്ല അമ്മച്ചി നാട്ടിലാ അതുകൊണ്ടല്ലേ ഞങ്ങൾ ഒന്നിച്ചു താമസിക്കുന്നത്.
സണ്ണി പെട്ടി പൊട്ടിച്ചതും അവൾ അത്ഭുതപ്പെട്ടു. എന്തൊക്ക സാധങ്ങൾ ആണ്. ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്ന മാതിരി ഉണ്ടല്ലോടാ അപ്പച്ചൻ പറഞ്ഞു.

ആൻ മരിയ അടുക്കളയിൽ തിരക്കിൽ ആണ്.
ഉണ്ടാക്കിയ ഐറ്റംസ് എല്ലാം ഒന്നുകൂടി നോക്കി അവൾ തൃപ്ത ആയി. സണ്ണിച്ചന്റെ കൂട്ടുകാരനും കുടുംബവും അല്ലെ വരുന്നത്. ഒന്നിനും കുറവ് ഉണ്ടാകാൻ പാടില്ല.

മരിയകൊച്ചെ അവർ എത്തി കേട്ടോ, സണ്ണി പറഞ്ഞത് കേട്ടു അവൾ ചെന്നു എത്തി നോക്കി.വികാരി അച്ചനും പ്രായമുള്ള ഒരു അപ്പച്ചനും അമ്മച്ചിയും പിന്നെ ഒരു ചെറുപ്പക്കാരനും. സുന്ദരൻ. നല്ല ചിരി. അച്ചൻ എന്താ ഇവരുടെ കൂടെ. എന്റെ സഹോദരനും കുടുംബവും ആണ് ഇത്. സണ്ണിച്ചനും റോയിയും ഒന്നിച്ചല്ലേ അബുദാബിയിൽ. ഇവൻ അതൊന്നും പറഞ്ഞില്ല അച്ചാ,അമ്മച്ചി പരിഭവം പറഞ്ഞു. ഒരു കാര്യവും പറഞ്ഞില്ലേ? അച്ഛന് വീണ്ടും സംശയം. എല്ലാവരും സംസാരവും ചിരിയും ആകെ ബഹളം.മരിയ കൊച്ചു എവിടെ? അച്ചൻ ചോദിച്ചു.സണ്ണി അവളെ പിടിച്ചു വലിച്ചു കൊണ്ടു വന്നു. ഇവിടെ ഇരിക്ക് മോളെ. ഇനി കഴിച്ചിട്ട് ആകാം. അപ്പച്ചൻ പറഞ്ഞു. അവൾ ആഹാരം വിളമ്പി. എല്ലാവരും ആസ്വദിച്ചു കഴിക്കുന്നത്‌ അവൾ നോക്കി നിന്നു.

എന്റെ മരിയ കൊച്ചേ കണ്ട നാൾ മുതൽ ഇവൻ എന്നെ ചെവി കേൾപ്പിച്ചിട്ടില്ല മരിയ കുട്ടിയുടെ പാചകം, പാട്ടു എന്നൊക്കെ പറഞ്ഞു. അത് ഒന്നു അറിയാൻ വന്നതാ. റോയ് പറഞ്ഞു. അവൾക്കു നാണം വന്നു.പിന്നെ ദോഷം പറയരുതല്ലോ ഇവൻ എന്തു കറി വച്ചാലും എല്ലാത്തിനും ഒരേ രുചി ആണ്. ഇവന്റെ മീൻ കറി ഹോ അസഹനീയം…. റോയ് സണ്ണിയെ കളിയാക്കി.ഓഹോ എന്നിട്ട് വെട്ടി വിഴുങ്ങാറുണ്ടല്ലോ, ചിക്കൻ കണ്ട ഫിലിപ്പൈനികളെ മാതിരി. എന്തു ചെയ്യാം വേറെ നിവർത്തി ഇല്ലല്ലോ.

മോൻ എന്താ ഭാര്യയെയും മക്കളെയും അങ്ങോട്ട്‌ കൊണ്ടു പോകാത്തത്. അമ്മച്ചിയുടെ ചോദ്യം കേട്ടു റോയ് പൊട്ടി ചിരിച്ചു.എന്റെ അമ്മച്ചി ഇവന് വട്ടാ. ഞാൻ കല്യാണം ഒന്നും കഴിച്ചിട്ടില്ല. ഇവൻ നിങ്ങളെ പറ്റിക്കാൻ പറഞ്ഞതല്ലെ. എടാ കുരുത്തം കെട്ടവനെ മേടിക്കും നീ. അമ്മച്ചി സണ്ണിയുടെ നേരെ കൈ ഓങ്ങി. എടാ സണ്ണി നീ ഇവരോട് ഒന്നും പറഞ്ഞില്ലേ? അച്ചൻ വീണ്ടും ചോദിച്ചു. ഇല്ല അച്ചാ ഇവർക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതി, അച്ഛൻതന്നെ അങ്ങ് പറയു, അച്ചൻ എല്ലാവരെയും ഒന്ന് നോക്കി പിന്നെ ചിരിയോടെ പറഞ്ഞു എന്നെ കാണാൻ പള്ളിയിൽ വന്നപ്പോളൊക്കെ ഇവര് മരിയകൊച്ചിനെ കണ്ടിട്ടുണ്ട്. പാട്ടും കേട്ടിട്ടുണ്ട് ഞങ്ങളുടെ റോയ് മോനു ഇവളെ കെട്ടാൻ ആഗ്രഹം ഉണ്ട്. നിങ്ങള്ക്ക് സമ്മതം ആണേൽ നമുക്ക് അത് നടത്താം. റോയ് എന്നെ വിളിച്ചു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു സണ്ണി അവിടെ ഉണ്ടല്ലോ അവനോട് സംസാരിക്കാൻ. എന്റെ അമ്മച്ചി ഞാൻ സമ്മതം മൂളിയതും ഇവൻ കെട്ടും പാണ്ടവും എടുത്തു എന്റെ ഫ്ലാറ്റിൽ എത്തി താമസിക്കാൻ. അന്ന് തുടങ്ങിയതാ ഞാൻ ഇവന് വെച്ചു വിളമ്പാൻ എന്നിട്ട് ഇപ്പോ രുചി പോരാന്നു. സണ്ണിയുടെ പരാതി കേട്ടു എല്ലാവരും പൊട്ടിച്ചിരിച്ചു ആൻ മരിയ പതിയെ അടുക്കളയിലേക്ക് മുങ്ങി.തനിക്കു ചിറകു മുളക്കുന്നു എന്ന് അവൾക്കു തോന്നി.
സണ്ണി വന്നു വീണ്ടും അവളെ പിടിച്ചു വലിച്ചു ഹാളിൽ കൊണ്ടുപോയി. ഇവിടെ ഇരിക്ക് മോളെ. റോയിയുടെ അമ്മച്ചി അവളെ പിടിച്ചു ഇരുത്തി. മോളുടെ പാട്ടു കേൾക്കാൻ ആണ് ഞങ്ങൾ വന്നത് ഒരു പാട്ടു പാടു . അവൾ അമ്മച്ചിയെ നോക്കി. പാടു മോളെ. എല്ലാവരും നിർബന്ധിച്ചപ്പോൾ അവൾ പാടി. എല്ലാവരും അവളുടെ പാട്ടിൽ ലയിച്ചു അങ്ങനെ ഇരുന്നു.പാട്ടു കഴിഞ്ഞതും റോയിയുടെ അമ്മ അവളെ കെട്ടി പിടിച്ചു. ഇവന്മാർ രണ്ടും കുടി എല്ലാം നേരത്തെ പ്ലാൻ ചെയ്തതാണു. നിങ്ങളോട് പറഞ്ഞില്ല എന്നേ ഉള്ളു. അവന്മാരുടെ ഒരു സർപ്രൈസ്

ആന്മരിയയെ കണ്ടപ്പോൾ എനിക്ക് ഇഷ്ട്ടം ആയി. പാട്ടു കൂടി കേട്ടപ്പോ ഞാൻ ഉറപ്പിച്ചു. ഇവൾ ആണ് എന്റെ പെണ്ണ് എന്നു. മറ്റൊന്നും എനിക്ക് പ്രശ്നം അല്ല. എന്റെ അപ്പനും അമ്മയ്ക്കും ഇഷ്ടം ആണ് എനിക്കും. നിങ്ങൾക്കു സമ്മതം ആണെങ്കിൽ നടത്താം റോയ് പറഞ്ഞു, ഞാൻ ആൻമരിയയോട് ഒന്നു സംസാരിച്ചോട്ടെ.റോയ് അനുവാദം ചോദിച്ചു. ഇതിനിടയിൽ മരിയ കൊച്ചു അകത്തേക്ക് വലിഞ്ഞിരുന്നു. റോയ് അവളുടെ അടുത്ത് എത്തിയിട്ട് പറഞ്ഞു. മരിയകൊച്ചിനെ ഒന്ന് കാണാൻ എത്രയോ നാൾ ആയി ഞാൻ എന്റെ കണ്ണുകൾ തുറന്നു വച്ചിരിക്കുന്നു, നിന്റെ പാട്ടു കേൾക്കാൻ കാതോർത്തു ഇരിക്കുന്നു. നിന്റെ സ്നേഹം അനുഭവിക്കാൻ ഹൃദയം തുറന്നു വച്ചിരിക്കുന്നു. എന്തു ചെയ്യാം അർബാബ് ലീവ് തന്നത് ഇപ്പോൾ ആണ്.അവൾ ചിരിച്ചു പോയി. ആൻ മരിയ കൊച്ചിന് എന്നെ ഇഷ്ടപ്പെട്ടെങ്കിൽ നമുക്ക് കല്യാണം കഴിച്ചു ഗൾഫിലേക്കു പറക്കാം.അവിടെ ആകുമ്പോൾ ഒരു ഗുണം ഉണ്ട് ആരും ആരുടേയും കാര്യത്തിൽ ഇടപെടാനും കുറ്റവും കുറവുംകണ്ടുപിടിക്കാനും വരില്ല. നമുക്ക് സമാധാനം ആയി ജീവിക്കാം. എന്തു പറയുന്നു, ആൻ മരിയ കൊച്ചേ. അവൾ ചിരിച്ചു. അവനും.

കല്യാണ തിരക്കുമായി ഓട്ടത്തിൽ ആണ് സണ്ണി. ഞായറാഴ്ച പള്ളിയിൽ നിന്നു ഇറങ്ങുമ്പോൾ ആണ് സൈമണും ഭാര്യയും അവന്റെ അമ്മയും കൂടി കുർബാന കഴിഞ്ഞു ഇറങ്ങുന്നത് കണ്ടത്. സണ്ണി വേഗം അടുത്തോട്ടു ചെന്നു. ഞാൻ വീട്ടിലോട്ട് വരാൻ ഇരിക്കുവാരുന്നു പെങ്ങളുടെ കല്യാണം ആണ്. എല്ലാവരും വരണം. അവൻ കാർഡ് എടുത്തു നീട്ടി. സൈമണിന്റെ ഭാര്യ അമ്പരന്നു അവനെ നോക്കി. അയ്യോ ചേച്ചിക്ക് എന്നെ മനസിലായില്ലേ. പള്ളിയിൽ പാടുന്ന ആൻ മരിയയുടെ ബ്രദർ ആണ്. ഏതു ആ സുന്ദരി കൊച്ചിന്റെയോ? എന്താ അവളുടെ ഒരു ശബ്ദം. കേൾക്കുമ്പോൾ കൊതിയാകുന്നു . അയ്യോ അപ്പൊ ഇനി എങ്ങനെ അവളുടെ പാട്ടു കേൾക്കും? ചെറുക്കൻ എവിടാ? ഒറ്റ ശ്വാസത്തിലാണ് ചോദ്യങ്ങൾ എല്ലാം . ഗൾഫിൽ ആണ് ചേച്ചി, എന്റെ കൂടെ ജോലി ചെയ്യുന്നു. എല്ലാവരും വരണം അവൻ വീണ്ടും പറഞ്ഞു. തീർച്ചയായും വരും, അല്ലെ അമ്മച്ചി. മഞ്ഞളിച്ച മുഖവുമായി നിൽക്കുന്ന അമ്മായി അമ്മയെ നോക്കി സൈമണിന്റെ ഭാര്യ പറഞ്ഞു. സണ്ണിച്ചന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. കുറെ നാൾ മുൻപ് K.S.E.B.യുടെ ട്രാൻസ്‌ഫോർമർ പൊട്ടി തെറിച്ച മാതിരി തന്റെ വീട്ടിൽ വന്നു സ്ഫോടനം നടത്തിയ തള്ള ആണ്. ഇപ്പോൾ മരുമോളുടെ മുൻപിൽ പഞ്ച പുച്ഛം അടക്കി നിൽക്കുന്നത്.

സണ്ണി ആഗ്രഹിച്ചത് പോലെ ആഘോഷമായി ആൻ മരിയയുടെ കല്യാണം നടന്നു . പിന്നത്തെ ഞായറാഴ്ച റോയ്‌യും ആൻ മരിയയും പള്ളിയിൽ എത്തി. അന്ന് ആണ് എറ്റവും മനോഹരം ആയി ആൻ മരിയ പാടിയത് എന്ന് ഇടവകകാർക് തോന്നി. കർത്താവും മാലാഖ മാരും ഇടവകകാരും മാത്രം അല്ല അന്ന് അവളുടെ പാട്ടു കേൾക്കാൻ ഉള്ളത് അവളുടെ പ്രിയപെട്ടവനും ഉണ്ട്.
പ്രസംഗത്തിനിടെ അച്ചൻ പറഞ്ഞു. ഒരു പ്രത്യക കാര്യം ഞാൻ നിങ്ങളോട് പറയുകയാണ്. നിങ്ങൾക്കെല്ലാം അറിയുന്ന പോലെ എത്രയോ കാലം ആയി ആൻ മരിയ നമുക്കായി പള്ളിയിൽ പാടുന്നു. അവളുടെ മനോഹര ശബ്ദം ഇത്രയും നാൾ കേൾക്കാൻ ഉള്ള ഭാഗ്യം നമുക്കുണ്ടായി. അതിനു ഞാൻ ദൈവത്തോടും ആൻ മരിയയോടും നന്ദി പറയുകയാണ്. ഇനി ആ ഭാഗ്യം നമുക്കില്ല, കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച ആൻ മരിയ ഭർത്താവിനൊപ്പം വിദേശത്തേക്ക് പോകുകയാണ്. നല്ല ഒരു കുടുംബ ജീവിതം നമുക്ക് ആശംസിക്കാം.അത് അവൾക്കു കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ട്. റോയിയെ എനിക്ക്നന്നായി അറിയാം. എന്റെ സഹോദരന്റെ മകൻ ആണ്.അവർക്കു രണ്ടുപേർക്കും സന്തുഷ്ട ജീവിതം ആശംസിക്കുന്നു. ആൻ മരിയയുടെ കണ്ണുകൾ നിറഞ്ഞു. കുർബാന കഴിഞ്ഞു അവളെ അസൂയയോടെയും അമ്പരപ്പോടെയും സ്നേഹത്തോടെയും നോക്കുന്ന കണ്ണുകൾക്കിടയിലൂടെ അവൾ റോയിയുടെ കയ്യും പിടിച്ചു നടന്നു. അവളുടെ കാലിനു എന്തെങ്കിലു കുറവുണ്ട് എന്ന് അവൾക്കു തോന്നിയതേ ഇല്ല. പകരം സ്വർഗ്ഗ വാതിൽ തുറക്കപ്പെട്ടു എന്നും അവളുടെ മേൽ അനുഗ്രഹങ്ങൾ വർഷിക്കപ്പെട്ടു എന്നും തനിക്കു ചിറകു മുളച്ചു എന്നും മാലാഖമാരെ പോലെ താൻ പറക്കുക ആണ് എന്നും അവൾക്കു തോന്നി. ആകാശത്തു നിന്നു ആ മനോഹര കാഴ്ച കണ്ട്‌ മാലാഖമാർ പുഞ്ചിരി തൂകി.അവർ അവൾക്കായി സംഗീതം പൊഴിച്ചു കൊണ്ടേ ഇരുന്നു.

✍സുജ പാറുകണ്ണിൽ

COMMENTS

5 COMMENTS

  1. This is one of the best stories I have ever read. I t is very interesting to read. I read it till the end curiously.That is the success of a writer. Sujamol you can write more stories, I do congratulate you now. Gregory Peck Joseph.(Joy)

  2. താൽപ്പര്യം ഉണ്ടാക്കുന്ന വാക്കുകൾ കോർത്തിണക്കിയ കഥ !വായിയ്‌ക്കുംതോറും … പിന്നെയും വായിയ്‌ക്കുവാൻ താൽപ്പര്യം ജനിപ്പിയ്‌ക്കുന്ന ലളിതമായ ആഖ്യായന ശൈലി !
    ഭാവുകങ്ങൾ !

  3. കഥ മനോഹരം. എഴുതിക്കൊണ്ടേയിരിക്കുക മെച്ചപ്പെട്ടുകൊണ്ടേയിരിക്കും. അഭിനന്ദനങ്ങൾ 👍🏻

  4. വളരെ മനോഹരമായ കഥ… മുട്ടത്തു വർക്കിയുടെ കഥ വായിച്ചത് പോലെ തോന്നി… ആന്മരിയ യുടെ പാട്ടും ആസ്വദിച്ചു കല്യാണവും…. Thank you suja for such a beautiful story and congratulations 👍🙏

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: