നീണ്ടു മെലിഞ്ഞ വിരലുകൾക്കുള്ളിലിരുന്ന് പേന ഒന്നു വിറച്ചു. ചാരുകസേരയിൽ ചാഞ്ഞിരുന്ന് ഗഹനമായ ചിന്തയിലാണ് കരുണാകരൻ എന്ന കണാരൻ.
നീണ്ടു മെലിഞ്ഞ് കോലുപോലൊരു രൂപം ,നെഞ്ചിൻകൂടു മുന്നോട്ടല്പം ഉന്തി തോളെല്ലുകൾ വളഞ്ഞ് ഒട്ടിയ വയറിൽ തലോടി വിജനതയിലേക്കു നോക്കി ചാരിയിരിക്കുന്നു. ഇടയ്ക്ക് ഒന്ന് എഴുന്നേറ്റ് കാലിന്റെ മുട്ടിനു താഴെ വളഞ്ഞ ഭാഗം തടവുന്നുമുണ്ട്. നിറം മങ്ങിത്തുടങ്ങിയ കൈലിമുണ്ട് ഒന്നൂടെ കുടഞ്ഞുടുത്തു, മങ്ങിയ ഓർമ്മകളെ തിരിച്ചു കൊണ്ടുവരാനെന്നപോലെ.
തനിച്ചാവാൻ വിധിക്കപ്പെട്ട തന്റെ ജന്മം… ശൂന്യമായ വികാരങ്ങളുമായി നിർജ്ജീവമായി ദിശയറിയാതിരുന്നപ്പോഴാണ് വഴികാട്ടിയായി ദേവിക സാക്ഷരതയുടെ കുപ്പായവുമണിഞ്ഞു വന്നത്. വട്ട മുഖവും കൗതുകമുണർത്തുന്ന നീണ്ട നാസികയും എന്തോതേടുന്ന നേരിയ മഞ്ഞക്കളറുള്ള തീഷ്ണ മായ കണ്ണുകൾ. ഇളം കറുപ്പു കലർന്ന ഭംഗിയുള്ള ചുണ്ടുകൾ, ചുരുണ്ട വാർമുടി വാരിക്കെട്ടി ഒതുക്കമുള്ള ശരീരത്തിൽ അലസമായ് സാരിയുടുത്ത്
പടിക്കെട്ടുകൾ കയറി വന്ന മാലാഖയെ അന്തം വിട്ടു നോക്കിയിരുന്നു കണാരനും അയൽക്കാരും.
സാക്ഷരതയെ പറ്റിയും അക്ഷരങ്ങളുടെ മഹത്വത്തെപ്പറ്റിയും വാതോരാതെ പറഞ്ഞ ദേവുവിനെ കണ്ടപ്പോൾ യവ്വനത്തിന്റെ ചോരത്തിളപ്പിൽ തന്റെ കൈയ്യിൽ നിന്നൂർന്നു പോയ ലച്ചുവിനെയാണയാളോർത്തത്. അടുക്കും തോറും തന്നിൽ നിന്നും ഓടി മറഞ്ഞ തന്റെ പൊന്നുമോൾ. അകന്നു പോയ ഒറ്റയടിപ്പാതയിലെ നിശബ്ദതയിൽ നഷsപ്പെട്ട പ്രാണനെ തേടിയലയാറുണ്ടെപ്പോഴും ആ പിതൃഹൃദയം.
മണ്ണിൽ തറഞ്ഞു പോയ കാല്പാദങ്ങൾ പതുക്കെ അടർത്തിയെടുത്ത് കട്ടിലിൽ അഭയം പ്രാപിച്ച ശാരദ പിന്നീടൊരിക്കലും എഴുന്നേറ്റു വന്നില്ല ചേർത്തു പിടിക്കാൻ തുടങ്ങിയപ്പോഴൊക്കെയും കുഴഞ്ഞുവീണ് മൃത്യുവിലഭയം തേടി തന്നെ തനിച്ചാക്കി പൊയ്ക്കളഞ്ഞു. തനിച്ചുള്ള യാത്രയ്ക്കു കുട പിടിക്കാനായ് ഇപ്പോഴിതാ അക്ഷര മോഹങ്ങൾ തന്ന് ദേവൂട്ടി വന്നിരിക്കുന്നു.
ലച്ചു പാഠപുസ്തകവും മറ്റും വായിച്ചു കേൾപ്പിക്കുമ്പോൾ കൊതിയോടെ ഓർക്കാറുണ്ട് നാലക്ഷരം കൂട്ടി വായിക്കാനായെങ്കിൽ എന്ന്
ദേവിക ഇന്നുവരെ എഴുതിയിട്ടില്ലാത്ത പരുപരുത്ത കൈപിടിച്ച് ഹരിശ്രീ എഴുതിക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി. അതും പത്തു മാർക്കിനു വേണ്ടി ഇല്ലാത്ത സമയമുണ്ടാക്കി പഠിപ്പിക്കാനെത്തിയിരിക്കുകയാണ്. ശേഖരന്റെ മകൾ.
പഠിക്കുവാനുള്ള ആർത്തിയൊ അതൊ വാശിയൊ വേഗം എഴുത്തും വായനയും പഠിച്ചെടുത്തു. മരുഭൂമിയിൽ പെയ്ത കുളിർമഴ പോലെ അക്ഷരങ്ങൾ അയാൾക്കു മുന്നിൽ നൃത്തംചവുട്ടി. എഴുതാൻ പഠിച്ച ആദ്യം ദിവസം തന്നെ സ്ലേറ്റിൽ ശ്രീലക്ഷമി എന്നെഴുതി ആനന്ദിച്ചു. തന്റെ പൊന്നുമോൾ…
പിന്നീടു കിട്ടുന്നതെല്ലാം വായിച്ചു പുതിയ പുതിയ അറിവുകൾ. അങ്ങിനെയാണ് എഴുത്തു പുരയ്ക്കു മുന്നിൽ അയാൾ മടിച്ചു നിന്നത്
സാഹിത്യത്തിലെ വർണ്ണ വ്യവസ്ഥകൾ അയാൾക്കു മുന്നിൽ അന്തം വിട്ടു
അയാളുടെ അനുഭവങ്ങൾക്കു മുന്നിൽ വാക്കുകൾ വിറച്ചു നിന്നു. വിവേചനമൊ വർണ്ണനകളൊ ഇല്ലാതെ അനുഭവങ്ങളുടെ വെള്ളച്ചാട്ടത്തിൽ അക്ഷരങ്ങൾ വാക്കുകളായി വരികൾ തീർത്തു.
ഏകാന്തതയെ തോല്പിക്കാൻ ഒത്തിരി കഥാപാത്രങ്ങൾ പുനർജ്ജനിച്ചു. മൂകത തളം കെട്ടിയ നാലു ചുവരുകൾക്കുള്ളിൽ പൊട്ടിച്ചിരിയുടേയും തേങ്ങിക്കരച്ചിലുകളുടേയും അട്ടഹാസങ്ങളുടേയും ശബ്ദകോലാഹലങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു…
ശ്രീ….