നിങ്ങക്കറിയാവോ…..?
പാതിചത്ത മാറാച്ചേരി കറിയാച്ചനെ ഈരാറ്റുപേട്ടേന്ന് ആംബുലൻസീക്കേറ്റി കോട്ടയം മെഡിക്കക്കോളേജിലാക്കിയിട്ട് ഇന്നേക്കു ദെവസം മൂന്നായി !
അന്നുമൊതല് ഞങ്ങളു നാട്ടുകാരുമുഴുവൻ ഐസിയൂവിൻ്റെ മുമ്പില് കുത്തിയിരിക്കുവാ…
……ഒരുപോളക്കണ്ണടച്ചിട്ടില്ല.
കോവിഡുകാലത്ത് പോലീസും, ആശുപത്രിക്കാരും തെക്കുവടക്കോടുമ്പൊളാണ് ഈ കോലാഹലം! പക്ഷെ, ഞങ്ങടെ കറിയാച്ചനെക്കാണാൻ ഞങ്ങക്കെന്നാ പ്രോട്ടോക്കോളു നോക്കാനാ…?
പോലീസിൻ്റേം, ആരോഗ്യക്കാരടേം വർത്തമാനം കേട്ടിട്ട് ഞങ്ങക്ക് ചൊറിഞ്ഞുവരുന്നൊണ്ട്….
എന്നാ വർത്താനമാ ഇവമ്മാരീ പറയുന്നേ…. ആശുപത്രിവരാന്തേല് കൂടിനിക്കാൻ കൊതി കൊണ്ടാണോ ഞങ്ങളിങ്ങോട്ടുവന്നത്? ആണോ? അല്ലല്ലോ? ഒരത്യാവശ്യം കൊണ്ടല്ലേ…..?
“കയ്യേംമേല വരമ്പേംമേല
കയ്യേപ്പിടിച്ചാ, അയ്യോന്നുവെക്കും” ‘എന്നു പറഞ്ഞമാതിരിയാ അവമ്മാരുടെ വർത്തവാനം…!
പക്ഷെ ഞങ്ങടെ മെക്കിട്ടു കേറാൻ വന്നാലൊണ്ടല്ലോ ഞങ്ങക്കാരോടും ചോദിക്കാനുവില്ല… പറയാനുവില്ല, പറഞ്ഞേക്കാം.
ഇവമ്മാർക്കൊന്നും ഞങ്ങളെ ശരിക്കറിയാമ്മേലാത്തതുകൊണ്ടാ…..!
മലകേറി കാടുവെട്ടിയവരാ ഞങ്ങള്…. മലമ്പനിയോടു മല്ലിട്ടവരാ ഞങ്ങള്…. അറിയാവോ?
ഏറുമാടത്തീക്കേറി കാട്ടാനയെ ഓടിക്കണ ഞങ്ങക്ക് , കോവിഡും പോലീസുമൊക്കെ പുല്ലാണ് ….. പുല്ല്…!
ഞങ്ങടെ കറിയാച്ചന് ഒരാപത്തുവരുമ്പോ ഞങ്ങക്കെന്നാ നോക്കാനാ…?
അത്രേ ഒള്ളു….. ഹല്ലപിന്നെ!
^^^^^^^^^^^^^^^^^❤^^^^^^^^^^^^^^^^^
കറിയാച്ചൻ്റെ എളേ പെങ്ങടെ പുള്ള ആൻസിക്കൊച്ചിനെ നിങ്ങക്കറിയാവോ? അവളിവിടത്തെ ഡോക്ടറാ….ഡോക്ടർ. അവളൊള്ളതുകൊണ്ട് അകത്തെ വിവരങ്ങള് അപ്പപ്പോ ഞങ്ങളറിയും……മനസ്സിലായോ?
പക്ഷെ, അതിയാന് സത്യത്തില് ഇതെന്നാ പറ്റിയതെന്ന് എത്രയാലോചിച്ചിട്ടും ഞങ്ങക്കൊരു പിടീം കിട്ടണില്ല…. കേട്ടോ.
ജൈവകൃഷിക്കാരനായതു കൊണ്ട് എന്തായാലും, ഫ്യൂറഡാനും, ഡിഡിറ്റിയുമൊന്നും അതിയാൻ്റെ വീട്ടീ കാണത്തില്ല.
വിഷം തിന്നു ചാകാൻ നോക്കണ്ട ഒരുകാര്യോം ഞങ്ങടെ അറിവിലില്ല. അതുകൊണ്ടു തന്നെ, വിഷം തിന്നുകാണുമെന്ന് ഞങ്ങളൊട്ടു വിചാരിക്കുന്നുമില്ല!
അതുകൊണ്ടുതന്നെ അങ്ങോരങ്ങനെ ചെയ്യത്തില്ലെന്നാണ് ഞങ്ങടെ ഒരിത്… എന്നുവെച്ചാ…… വിശ്വാസം!
വെഷം തിന്ന് ചാകാനാണെങ്കില് സാറാമ്മച്ചേച്ചി അതിയാനെ ഇട്ടേച്ചു പോയപ്പൊ ചെയ്യാമ്പാടില്ലാരുന്നോ? അതു ചെയ്തില്ലല്ലോ? പിന്നെന്നാത്തിനാ ഇപ്പോ ചെയ്യുന്നേ? നിങ്ങളു പറ.
അതല്ലെങ്കിപ്പിന്നെ, അതിനേക്കാളും വല്യ എന്തെങ്കിലും ഒരേനക്കേട് വരണം. അതൊന്നും ഞങ്ങടെ അറിവിലില്ല.
ആശുപത്രീ കൊണ്ടുപോണതിൻ്റന്നു വെളുപ്പാങ്കാലത്ത് അതിയാൻ പാട്ടും പാടി പോണത് കണ്ടവരൊണ്ട്. അറിയാവോ?
“എൻ ജീവിതമാം ഈ മരക്കൊമ്പിൽ
നിൻ്റെ വരവിനായ് കാത്തിരിപ്പൂ ……”
എന്നൊള്ള പാട്ട് !
അത് ബൈബിൾ കഥയിലെ പാട്ടാണ്. അതും പാടിക്കൊണ്ട് കറിയാച്ചൻ പോണതു ഞാളിയത്തെ മേരിക്കുട്ടി കണ്ടതാ,….. അറിയാവോ?
മരത്തുമ്മേല് കേറിയ സഖേവൂസിൻ്റെ പാട്ടാണല്ലോ ഇച്ചായാ പാടണത് …..വല്യ സന്തോഷത്തിലാണല്ലോ….
എന്നൊക്കെ അവളു ചോദിച്ചപ്പം ….. എനിക്കൊപ്പളും സന്തോഷവല്ലിയോ കൊച്ചേ…? എന്നുപറഞ്ഞത്രേ.
മന:പ്രയാസമൊണ്ടെങ്കില് അയാളിങ്ങനെ പാട്ടും പാടി നടക്കുവോ? ഇങ്ങനത്തെ വർത്തവാനം പറയുവോ? നിങ്ങള് പറ.
ഇതെന്തായാലും അബദ്ധത്തില് പറ്റിയതായിരിക്കും.
പക്ഷെ, കറിയാച്ചന് അങ്ങനെ അബദ്ധം പറ്റുവോന്നാ ഞങ്ങടെ സംശയം.
അതു പറയാൻ കാരണമൊണ്ട്. ഞങ്ങളെല്ലാരും കൃഷിക്കാരാ….. കാര്യങ്ങളുടെ ഗുണദോഷങ്ങളോക്കെ അറിയാവുന്നവരാഞങ്ങള്, മനസ്സിലായോ?
കറിയാച്ചേട്ടൻ്റെ പറമ്പു നിങ്ങളു കണ്ടിട്ടൊണ്ടോ?
അവിടില്ലാത്ത നടുതലകളില്ല. കാച്ചിലും ചേമ്പും ചേനേം, കെഴങ്ങും പിന്നെ കപ്പ, വാഴ, പടവലം പാവല്… എന്തിന്, നൈജീരിയൻ കാച്ചിലുവരെയൊണ്ട്.
അങ്ങോരുടെ പശുത്തൊഴുത്ത് കണ്ടിട്ടൊണ്ടോ? അതില് എച്ചെഫൊണ്ട്, സ്വിസ്-ബ്രൗണൊണ്ട്, ജഴ്സിയൊണ്ട് … പിന്നെ നാടനുമൊണ്ട്!
( അവിടത്തെ വെച്ചൂർപശു സത്യത്തിലൊരു കാളയാ….. കാസർകോട് കുള്ളനൊരു പശുവും! )
ഒത്തിരി കറവയൊള്ള സ്വിസ് ബ്രൗണിൻ്റേം, എച്ചെഫിൻ്റേം, ജഴ്സീടേമൊക്കെ പാല് കറിയാച്ചേട്ടൻ വിറ്റുകളയും, അറിയാവോ…..?
ശരിക്കും പറഞ്ഞാൽ എച്ച്എഫിനെ അങ്ങേർക്കിഷ്ടവേയല്ല.
നാൽപ്പതും അമ്പതും ലിറ്ററല്ലേ അവറ്റേങ്ങളു ദെവസോം ചൊരത്തണത്?
കറിയാച്ചനൊരു പുതിയ കറവക്കാരനൊണ്ട്. മിടുക്കൻ. മുന്നേമൂന്നു മണിക്കൂറുമതി അവന് സകലതിനേം കറക്കാൻ!
കാസർഗോഡ് കുള്ളനെ ഞെക്കിപ്പിഴിഞ്ഞാല് ആകെ രണ്ടുരണ്ടരത്തൊടം പാലേ കിട്ടത്തൊള്ളെങ്കിലും അങ്ങോർക്കത് അമൃതാ….. അമൃത് !
അതു മൊത്തോം അതിയാൻതന്നെ കുടിക്കും….. !
അതിൻ്റെ കിടുതാപ്പ് നിങ്ങക്ക് മനസ്സിലായോ?
നിങ്ങക്കൊന്നും അതു മനസ്സിലാകത്തില്ല…..
അതായത്, അത്രയ്ക്ക് ഗുണമൊള്ളതാ ആ പാലെന്ന് !
……അതാ അതിൻ്റെ ഒരിത്….. മനസ്സിലായോ?
കറിയാച്ചൻ ഒരു പശുയൂണിവേഴ്സിറ്റി തന്നെയാ…… അറിയാവോ?
കാസർകോടൻ്റേം ,വെച്ചൂരാൻ്റേം……പിന്നെ പാലിൻ്റേം, ചാണകത്തിൻ്റേമൊക്കെ ഗുണങ്ങൾ അതിയാൻ വിവരിക്കണതൊന്നു കേക്കണം!
ചാണകത്തിന്നെപ്പറ്റി പറയണ നേരത്ത് അതിയാൻ്റെ മൊഖം കണ്ടാല് പായസത്തെപ്പറ്റിയാ പറയുന്നേന്നു തോന്നും…..!
എന്നാ ചെയ്യാനാ…. അങ്ങേര് പറഞ്ഞുതൊടങ്ങുമ്പത്തന്നെ ആൾക്കാരു സ്ഥലംവിടും. അതു കൊണ്ടായിരിക്കും, സ്വർണ്ണോള്ള ഗോമൂത്രത്തിൻ്റെ ഗുണങ്ങളു പറയാൻ അതിയാനു പറ്റാറില്ല….!
പാടത്തു വച്ചാപ്പോലും പാടാത്ത ഒരു റേഡിയോ അതിയാൻ്റെ കയ്യിലൊണ്ടെന്നാ പറയുന്നേ!
പക്ഷെ പശുത്തൊഴുത്തില് വച്ചാലത് പാടുമത്രേ!!
നിങ്ങക്കറിയണോ അങ്ങേരുടെ പ്രകൃതിജീവന-ത്വര?
മാങ്ങ തിന്നണമെങ്കിൽ, മാവേക്കേറിയിരുന്നു തിന്നും. തേങ്ങ, തെങ്ങേലിരുന്നു തിന്നും. അതാണ് അങ്ങേരുടെ പോളിസി.
ചന്തേ കിട്ടുന്ന സാധനത്തിലെല്ലാം വെഷമാണെന്നാ കറിയാച്ചൻ പറയുന്നേ…..
നിങ്ങള് ചെലപ്പൊ വിശ്വസിക്കത്തില്ല….
കരിക്ക് കുടിക്കാനായിട്ട് തെങ്ങുമ്മേല് ഇലക്ട്രിക്ക് ലിഫ്റ്റ് പിടിപ്പിച്ചയാളാ കറിയാച്ചൻ…… അറിയാവോ?
നിങ്ങളാ പറമ്പീച്ചെന്നു നോക്ക്!
മാവേന്ന് മാങ്ങതിന്നാൻ വേണ്ടീട്ട് മാവിനു ചുറ്റും ഇരുമ്പുകൊണ്ട് സ്റ്റെയർകെയ്സ്
ഉണ്ടാക്കിച്ച മനുഷ്യനാണ് അങ്ങോര് !
കാശൊന്നും അതിയാൻ നോക്കത്തില്ല. ഇതിനൊക്കെ വേണ്ടീട്ട് കാശ് കളയാൻ അങ്ങേർക്ക് ഒരുമടീമില്ല താനും. അറിയാവോ?
അല്ലെങ്കിത്തന്നെ, കാശു ചെലവിന് അങ്ങോർക്ക് ഭാര്യേം മക്കളും വല്ലോമൊണ്ടോ?
……..
ഇനീമൊണ്ട് …..
”കറിയാച്ചൻ മീൻ മേടിക്കണത് എവിടുന്നാണെന്ന് നിങ്ങക്കറിയാവോ?
കൊച്ചീലെ മീനില് മുഴുവൻ മായമായതുകൊണ്ട് അതിയാൻ വർക്കല കടപ്പൊറത്തുപോയാ മീൻ മേടിക്കണത് !
മാസത്തിലൊരിക്കല് വണ്ടീം വിളിച്ച് അങ്ങേര് വർക്കലയ്ക്കു പോകും. ഒരു മാസത്തിനൊള്ള മീനും മേടിച്ചോണ്ടുവരും. മനസ്സിലായോ?
വർക്കലേലെ മുക്കുവൻമാരും, കൊച്ചീക്കാരും ഒരേ കടലീന്നാണു മീമ്പിടിക്കണതെന്ന് പറയണ പരദൂഷണക്കാരുടെ വാക്കിന് കറിയാച്ചൻ ചെവീം കൊടുക്കത്തില്ല…. വെലേം കൊടുക്കത്തില്ല……!
ഭക്ഷണക്കാര്യത്തിലെ കറിയാച്ചൻ്റെ രീതികള് അറിയാവോ?
അശോകപ്പൂ അരച്ചുചേർത്ത അപ്പമാ രാവിലെ !
കൂടെ വെച്ചൂരാൻ്റെ പാലും.
നേരില് കണ്ടാല്, എണീറ്റ് നടക്കാൻ മേലാത്തയാളാന്ന് തോന്നുമെങ്കിലും എന്നും യോഗ ചെയ്യും.
വെളുപ്പിനു രണ്ടരയ്ക്ക് ആസനം തൊടങ്ങും !
പത്മാസനോം, ശീർഷാസനോം …… സകലമാന ആസനങ്ങളും !
പക്ഷെ, എന്നാന്നറിയത്തില്ല…..
ഒന്നിനോടും അതിയാനു തൃപ്തിയില്ല.
വീട്ടില് സഹായത്തിന് നിക്കണ മറിയച്ചേച്ചി ഇടക്ക് പറയാറൊണ്ട് ……ഇയാളെന്നാത്തിനാ ഏതുനേരോമിങ്ങനെ ആവലാതിപിടിച്ചു നടക്കണതെന്ന് !
ചുമ്മാതല്ല, ഒണങ്ങിത്തൊലിഞ്ഞിരിക്കുന്നത്
…..തീട്ടം തിന്നണ ഭാവത്തിലല്ലേ അതിയാൻ ചോറുണ്ണുന്നേ…….പിന്നെങ്ങനെയാ ശരീരത്തീ പിടിക്കണതെന്ന്!
…….’വയ്യാത്തപട്ടി കയ്യാല കേറേണ്ട കാര്യോണ്ടോ ”… എന്നൊക്കെ!
ഇനീപ്പോ ശീർഷാസനത്തീ നിന്നാണോ അതിയാൻ ഭക്ഷണം കഴിക്കണതെന്ന് ഞങ്ങക്കറിയാമ്മേല. അങ്ങനാണേല് ആഹാരം വയറ്റിലെത്താൻ കൊറച്ച് പാടല്ലേ?
നാളേംകഴിഞ്ഞ് ലോകം അവസാനിച്ചു പോകുമെന്നു പറയണ കവികളെയൊക്കെപ്പോലെ…. ചെലനേരത്ത് ഈ കറിയാച്ചനും ഓസോണിനെക്കുറിച്ചും, ഓംകാരത്തെക്കുറിച്ചുമൊക്കെ പറഞ്ഞുകളയും കേട്ടോ!
കറിയാച്ചനു പക്ഷെ, മണ്ണിനോടു പ്രേമമാ ….. കറതീർന്ന പ്രേമം….!
കൃഷി അതിയാനു ലഹരിയാ.
മണ്ണില് കുഴിവെട്ടുമ്പോഴും, പറമ്പില് പണിയുമ്പോഴുമൊക്കെ മണവറേക്കേറിയ ഭാവമാണതിയാന്.
(ശരിക്കൊള്ള മണവറേ കേറിയപ്പോ എന്നതായിരുന്നു ഭാവമെന്ന് ഞങ്ങൾക്കറിയത്തില്ല കേട്ടോ….ഹ…ഹ….)
അതിൻ്റെ പത്തിലൊന്ന് പ്രേമം ആ പെമ്പിറന്നോത്തിയോട് ഒണ്ടാരുന്നേല് അവര് അതിയാനേം വിട്ട് പോകത്തില്ലാരുന്നു…. സത്യം!
സാറാമ്മ എവിടെപ്പോയെന്ന് നിങ്ങക്കറിയത്തില്ലല്ലോ?
……പറഞ്ഞാലതൊരു സങ്കടക്കഥയാ…..!
^^^^^^^^^^^^^^^^^❤^^^^^^^^^^^^^^^^^
അവരുടെ കാര്യം പറയുമ്പം ഞങ്ങക്കൊക്കെ സത്യവായും സങ്കടം വരും!
കറിയാച്ചൻ്റെ പെണ്ണാരുന്നു കുറവിലങ്ങാട്ടുകാരി സാറാമ്മ. തങ്കപ്പെട്ട സ്വഭാവോള്ള പെണ്ണാരുന്നു. കാണാനുമൊരു തങ്കക്കൊടമായിരുന്നു !
ആവലാതി പറഞ്ഞു ചെന്നാല് അവര് ആരേം വെറും കയ്യോടെ വിടത്തില്ല. അവരുടെ സഹായം കിട്ടാത്തവര് ഒരാളുപോലും ഈ നാട്ടിലൊണ്ടാകത്തുമില്ല.
അവര് കൂടെയില്ലേലും, അവരോടൊള്ള സ്നേഹവാ ഇപ്പോഴും കറിയാച്ചന് ഞങ്ങള് കൊടുത്തോണ്ടിരിക്കണത്, അറിയാവോ?
സാറാമ്മേടെ പോലത്തെ സങ്കടം ഒരാൾക്കും വരുത്തല്ലേ ദൈവമേ എന്നാണ് ഞങ്ങടെയൊക്കെ പ്രാർത്ഥന.
കൃഷീം, നനേം, മാങ്ങാ പറീം കരിക്കു കുടിക്കലുമായി നടന്നപ്പോ… കറിയാച്ചന് അവരെ നോക്കാൻ നേരം കിട്ടീല്ല.
കൊറേ നാള് അവര് സഹിച്ചു സഹിച്ചു നിന്നു. എത്രയെന്നുവച്ചാണ് ഇങ്ങനെ ജീവിക്കുക. പിന്നൊരു ദെവസം അവരെ കാണാണ്ടായി.
കറവയ്ക്കുനിന്ന ഒറീസ്സക്കാരൻ പയ്യൻ്റെ കൂടെ പോയെന്നും, മലയിലെങ്ങാണ്ടും താമസിക്കുന്നുണ്ടെന്നുമൊക്കെയാ കേൾവി.
സത്യമായിട്ടും, ഞങ്ങളതൊന്നും തെരക്കാൻ പോയില്ല…. അവര് എവിടേലും പോയി ജീവിക്കട്ടെ….. പാവം.
തൊഴുത്തിൻ്റെ കാര്യത്തിലെ ശ്രദ്ധേടെ പത്തിലൊന്ന് ആ പെമ്പിറന്നോത്തിയോട് ഒണ്ടാരുന്നേല് അവര് അതിയാനെവിട്ട് പോകത്തില്ലാരുന്നു.
അഞ്ചേക്കർ പറമ്പിലെ, വലിയവീട്ടില് ഇപ്പോ കറിയാച്ചൻ തനിച്ചാ താമസം. ആഹാരം വെച്ചു കൊടുക്കാൻ ഒരു തള്ളേമൊണ്ട്.
^^^^^^^^^^^^^^^^^❤^^^^^^^^^^^^^^^^^
ങേ……. ആൻസിക്കൊച്ചാണല്ലോ അത് !
…. എന്നാ ?
കറിയാച്ചൻ്റെ വയറ്റീന്ന് പച്ചക്കപ്പേടേം, കാന്തങ്ങേടേം കഷണങ്ങള് കിട്ടീന്നോ…..?
ദൈവമേ ….
ഇതിയാനിതെന്നാത്തിൻ്റെ കേടാരുന്നു?
ഇയാളു ചാകാൻ വേണ്ടിത്തന്നെ തിന്നതാകുവോ?
ഏയ്…..
അതാകത്തില്ല…..
അബദ്ധത്തീ പറ്റിയതാരിക്കും!
അതിയാൻ്റെ പറമ്പിലെ കപ്പത്തണ്ടിൻ്റെ അടീലെങ്ങും കപ്പയില്ലെന്നാണ് പറമ്പീപ്പോയിവന്ന പിള്ളാരു പറഞ്ഞത്. കപ്പയൊന്നും പറിച്ചിട്ടുമില്ലെന്ന് !
അപ്പൊ ….
അപ്പൊ ……പറഞ്ഞു കേട്ടതൊക്കെ സത്യവായിരിക്കും!
തെങ്ങേക്കേറാൻ ലിഫ്റ്റ് പിടിപ്പിച്ചവനല്ലേ അയാള്?
കപ്പേടെ അടിയിൽക്കൂടി അയാളു മാളം തൊരന്നു കാണും. കപ്പേന്നു നേരിട്ട് കപ്പ തിന്നാൻ!
ഇതു വല്ലാത്ത ചെയ്ത്തായിപ്പോയി കറിയാച്ചാ …..
മാളംതൊരന്നാണു കപ്പ തിന്നതെങ്കില്, കണ്ണുതെറ്റി കാന്തങ്ങേം തിന്നുകാണും…. ഒറപ്പ് !
ഇരുട്ടത്തല്ലേ …..?
പ്രകൃതിജീവനം….ന്ന് പറയുന്നത് പറമ്പീക്കാണുന്നതെല്ലാം പറിച്ചുതിന്നലാണോ?
ഇയാക്കിതെന്നാത്തിൻ്റെ കേടാ ?
ബോധമില്ലാത്ത ശവം!
….. ങേ …..അതിയാന് ബോധം വന്നെന്ന്…!
ഒറ്റ മിനിറ്റ് …..
ഞങ്ങളൊന്നു പോയി നോക്കട്ടെ……
നിങ്ങളുപൊയ്ക്കളയല്ലേ,
ഇവിടെത്തന്നെ നിക്കണേ…
….ഇപ്പ വരാം.
❤❤
- കാന്തങ്ങ: ഒരു വിഷച്ചെടി.