✍️ സാഹി സലാം. അബുദാബി.
ഓരോ അവധിക്കാലങ്ങളിലും വന്നിട്ടുപോകുമ്പോൾ, മനസ്സുമുറിച്ചെടുക്കും പോലെയാണ്. കാണാനും കാത്തിരിക്കാനും ഉറ്റവരുണ്ടാകുമ്പോൾ വരാതിരിക്കാനും ജീവിതച്ചിലവുകൾ നിവർത്തിക്കേണ്ടി വരുമ്പോൾ തിരിച്ച് പോകാതിരിക്കാനും കഴിഞ്ഞില്ല.
മക്കൾ വന്നിട്ട് പോവുമ്പോൾ കൊന്നിട്ടു പോവുംപോലെയാണ് എനിക്ക് തോന്നിയത്.
അവരോട് ഞാനൊരിക്കലും ഒറ്റക്കായതിൻ്റെ പരിഭവവും വിട്ടു പോവുന്നതിൻ്റെ സങ്കടവും പറഞ്ഞിരുന്നില്ല. എനിക്കറിയാമായിരുന്നു ആ അവസ്ഥയുടെ നീറ്റൽ. ഞാനും ആ ജീവിത ഘട്ടങ്ങളിൽ കൂടി കടന്നു വന്ന വളായിരുന്നു. മക്കളുടെ പഠനവും, നാട്ടിലെ ഉറ്റവരുടെ ജീവിതച്ചിലവും നമുക്ക് നേരെ എണീറ്റ് നിൽക്കുമ്പോൾ….അവധിക്കാലം കഴിഞ്ഞാൽ അമ്മയെ ഒറ്റക്കാക്കി പോവുന്നതിൻ്റെ വല്ലാത്ത വേദന തളർത്തുമെങ്കിലും .. തിരിച്ചു പോകാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞിരുന്നില്ല. ഓരോ വർഷവും സ്കൂളടക്കുമ്പോൾ നാലഞ്ച് പെട്ടിയോടെ കുടുംബത്തെയും കൂട്ടി ഒരു വരവാണ്.
നമ്മളാലുള്ള ചെറു സന്തോഷങ്ങൾക്കു വേണ്ടി ബന്ധുക്കൾക്ക് സമ്മാനങ്ങളും വാങ്ങിച്ച് അധ്വാനത്തിൻ്റെ ഏറിയ ഭാഗം അവധിക്കാലത്തിന് ചെലവഴിച്ചുള്ള ഒരു വരവ്.
പോവാനാവുന്നിടത്തോളം കുടുംബവീട്ടിലൊക്കെ പോയി… “എന്നു വന്നു ….എന്നു പോവും”
വിരസതയുണ്ടാക്കുന്ന
ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും, വീടും മുറ്റവും നൽകുന്ന കുളിരും അനുഭവിച്ച് എത്ര പെട്ടെന്നാണ് അവധിക്കാലം കഴിഞ്ഞു പോകുന്നത്.
കൊച്ചുമക്കൾ ഓടിക്കളിക്കുന്ന മുറ്റവും വരാന്തയും കാറ്റുതിർക്കുന്ന മാമ്പഴം പെറുക്കുന്നതും അങ്ങനെ പ്രായം മറക്കുന്ന അമ്മയെ പലതവണ കൺകുളിർക്കെ നോക്കിക്കണ്ടവളാണ് ഞാൻ.
അതേ ആവർത്തനമാണെന്നിലും, ചിരിച്ചും കളിച്ചും വികൃതി കാട്ടിയും. മാമ്പഴം പോലെ മധുരമുള്ള സമയം. എൻ്റെ വാർദ്ധക്യം മറക്കുന്ന അനുഭവങ്ങൾ…. എൻ്റെ മനസ്സിലുമുണ്ടാവുന്നു ഒരുത്സ വമോ, കുട്ടിത്തമോ, യൗവനമോ, അങ്ങനെയെന്തെക്കയോ….
മക്കൾ വരുമ്പോൾ ആലിംഗനത്താൽ ഒരു ലോകം എന്നിലേക്ക് ചുരുങ്ങുന്നു. പോയിക്കഴിയുമ്പോൾ രാത്രിയിലെ ചാറ്റൽ മഴ പോലെ ആ മുറിക്കുള്ളിൽ ആരുമറിയാത്ത ഒരു മഴ……..
അമ്മയും അന്ന് ഇതുപോലെ കരഞ്ഞിരിക്കാം……. എന്നെപ്പോലെത്തന്നെ എൻ്റെ മക്കൾക്ക് ഇവിടം വിട്ടു പോവാനുള്ള മനസ്സില്ലെന്ന് നന്നായി അറിയാം അതുകൊണ്ട് തന്നെ സങ്കടങ്ങൾക്കും പരിഭവങ്ങൾക്കും പകരം സമാധാന വാക്കുകൾ പറഞ്ഞ് അവധിക്കാലം കഴിഞ്ഞ് പിരിഞ്ഞു പോകും.
ഒരിക്കൽ ജോലിത്തിരക്കിനിടയിൽ അമ്മ വിളക്കയുണ്ടായി….. കാണണമെന്നും എന്തോ ഒന്ന്. മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നെന്നും പറഞ്ഞു. ഇത്രയും കാലത്തിൽ അമ്മ ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല പിന്നെയൊന്നും നോക്കിയില്ല പതിനഞ്ചു ദിവസത്തെ അവധിയെടുത്ത് ഒരു മിന്നൽ യാത്ര. അമ്മയോടൊപ്പം വീട്ടിൽ തന്നെ തിരിഞ്ഞും മറിഞ്ഞും ആറേഴു ദിവസങ്ങൾ വളരെ പെട്ടെന്ന് കഴിഞ്ഞു പോയി. അതൊരു മാമ്പഴക്കാലമായിരുന്നു
പൊടുന്നനെ ഒരു കാറ്റും മഴയും.
കാറ്റുതിർക്കുന്ന മാമ്പഴം ഞാനുമമ്മയും കുട്ടികളെ പോലെ പെറുക്കിയെടുത്തും മതി വരുവോളം കടിച്ചുതിന്നും, മഴ നനഞ്ഞും ഞങ്ങൾ രണ്ടു പേരും ബാല്യത്തിലെ രണ്ട് കൂട്ടുകാരായി. അന്ന് ഞങ്ങൾ രണ്ടാളും അത്താഴം കഴിച്ചില്ല ഒട്ടും വിശന്നിരുന്നില്ല. ഒറ്റമുറിയിൽ മുഖത്തോട് മുഖമുള്ള രണ്ട് കട്ടിലൽ മുറിയടച്ചു കിടന്നു. മഴ ആർത്തു പെയ്തു പുറത്ത്.
വെയലുദിച്ചിട്ടും മടി പിടിച്ച് കിടന്ന എന്നെ എണീപ്പിക്കാൻ ആരും ഉണ്ടായില്ല. അടുത്ത കട്ടിലിൽ അമ്മ ചലനമറ്റു കിടന്നു. പിന്നെയെല്ലാം എന്നിൽ ഒരു പേമാരിയായിരുന്നു.
ഓർമ്മകളങ്ങനെയാണ് ചിറകുകൾ വെച്ചങ്ങനെ പറന്നു നടക്കും പൊടുന്നനെ കണ്ണീർക്കടലിലേക്ക് ചിറകറ്റു വീഴും.
ദുഃഖക്കടൽ താണ്ടാൻ ഇന്ന് അവധിയും കഴിഞ്ഞ് മക്കൾ പോവുകയാണ്… വീണ്ടും ഒരു മാമ്പഴക്കാലത്ത് അമ്മ മനസ്സിലേക്ക് ഓടിയെത്താൻ.
അന്ന് രാത്രി ആരുമറിയാതെ ഒരു ചാറ്റൽ മഴ ഒറ്റപ്പെട്ട എൻ്റെ മുറിയിൽ പെയ്തു………
ആരുമറിഞ്ഞതേയില്ല. കാറ്റ് ആ രാത്രിയും ആർക്കോ വേണ്ടി മാമ്പഴം ഉതിർത്തു കടന്നു പോയിരിക്കാം………
✍️ സാഹി സലാം.
അബുദാബി.