സ്വർഗ്ഗവും നരകവും അടുത്തടുത്ത സ്ഥലങ്ങൾ ആണ് . രണ്ടിനും ചേർന്ന് ഒരു അരമതിൽ അതിനിടയിൽ ഒരു ഇടനാഴി. ആ ഇടനാഴിയിൽ നിന്നാൽ രണ്ട് ലോകവും കാണാം .
വടക്കു ഭാഗത്തു ഏദൻ തോട്ടത്തിലെ ആപ്പിൾ മരവും മറുഭാഗത്തു അശോക വനത്തിലെ അശോക മരങ്ങളും അടുത്തടുത് ഒഴുകുന്ന നാല് നദികളുമൊക്കെ കാണാം , പ്രഭാതങ്ങളിൽ കേൾക്കുന്ന കിളി കൊഞ്ചലും പിന്നെ ഭഗവാൻ കൃഷ്ണൻ ഇരുന്ന് ഓടക്കുഴൽ വായിക്കുന്ന ആൽമരത്തിൽ നിന്ന് കൊഴിഞ് വീണ ഇലകൾ തൊട്ടു വന്ദിക്കുന്ന രാധ ,
പ്രഭാതങ്ങൾ എന്നും സ്വർഗത്തിൽ അങ്ങനെയാണ് ആൽമരത്തിരുന്നു ഓടക്കുഴൽ വായിക്കുന്ന കൃഷ്ണൻ പിന്നെ അത് കേട്ടാസ്വദിക്കുന്ന ഗോപികമാരും.
ഇന്ന് പക്ഷെ കൃഷണനെ കാണാൻ പഴയ സുഹൃത്തുക്കളെല്ലാം പതിവില്ലാതെ എത്തിട്ടുണ്ട് ,
എല്ലാവർക്കും ഭഗവാനോട് ചോദിക്കാൻ ഒരുപാടുണ്ട് എല്ലാം കേൾക്കാൻ കാത് തുറന്ന് ഇരിക്കുന്ന ഭഗവാൻ .
ആദ്യം അർജുനനൻ , ഭഗവാനെ നിങ്ങൾ എന്തിനാണ് എൻ്റെ മാതുലന്മാരോടും സഹോദരങ്ങളോടും യുദ്ധം ചെയ്യിക്കാൻ ഉപദേശിച്ച് അവരുടെ മുഴുവൻ കുടുംബങ്ങളെയും അനാഥരാക്കിയത് ? എൻ്റെ ചോരയിൽ പിറന്ന അഭിമന്യുന് പകുതി വിദ്യ പഠിപ്പിച്ച് പത്മവ്യൂഹത്തിൽ തളച്ചത്? അതിനാൽ അവൻ്റെ ഉത്തര
വിധവയായില്ലേ ? കൃഷ്ണാ നീ എൻ്റെ സുഹൃത്തായിരുന്നോ അതോ ശത്രൂവോ ?
ഇതെല്ലാം കേട്ട കർണ്ണൻ തൊണ്ടയിടറി ചോദിച്ചു കൃഷ്ണാ പാണ്ഡവരിൽ മൂത്ത മകനായ എന്നെ എന്തിനാണ് ഗംഗാ നദിയിൽ ഒഴുക്കിയത്? എൻ്റെ വളർത്തച്ഛൻ അതിരതനും അമ്മ രാധയും എന്നെ കാണുന്നതു വരെ എന്തിനാണ് എന്നെ അനാഥനാക്കിയത് ? ആ പിഞ്ചു കുഞ്ഞിന്റെ അരക്ഷിതത്വം അവനിലുണ്ടാക്കിയ വേദന നീയറിഞ്ഞോ?
അപ്പോൾ അർജുനൻ , കൃഷ്ണാ , എൻറെ ജേഷ്ടനനാണ് കർണൻ എന്ന് എന്തിനാണ് നീ ഒളിച്ചുവെച്ചത് ? ചിലപ്പോൾ ആ സത്യം എനിക്കറിയാമായിരുന്നെകിൽ ഈ യുദ്ധം തന്നെ ഒഴിവാക്കാനാവുമായിരുന്നില്ലേ ? ലോകം കണ്ടിട്ടുള്ള ഏറ്റവുംവലിയ ദാനശീലനായിരുന്ന എന്ടെ ജേഷ്ഠൻ ചിലപ്പോൾ കൗരവ പുത്രന്മാർക്ക് സദ്ബുദ്ധി പറഞ്ഞു കൊടുത്ത് ചിലപ്പോൾ യുദ്ധം മാറ്റി സമാധാനം കൊണ്ടുവന്നേനെല്ലോ .
അപ്പോൾ കർണൻ ചോദിച്ചു എൻ്റെ അച്ഛനായ സൂര്യൻ തന്ന കർണ കുണ്ടലങ്ങൾ അർജുന പിതാവിന് ദാനം കൊടുപ്പിച്ച് എന്നെ നീ നിർവീര്യം ആക്കിയതെന്തിനാണ് ഭഗവാനെ ? ഇത് കൊണ്ട് നീ എന്ത് നേടി? ധർമ്മം ലോകത്തിൽ നടത്താനായിരുന്നെങ്കിൽ ഇപ്പോൾ എന്ത് ധർമ്മമാണ് ലോകത്തിലുള്ളത് ?
ഇതെല്ലാം കേട്ട് ധർമ്മപുത്രർ തെല്ലു സങ്കടത്തോടെ മൗനം പാലിച്ചു .അദ്ദേഹത്തിൻറെ മനസ്സിൽ ഒരുപാട് കുറ്റബോധമായിരുന്നു , ചൂത് കളിച്ചത്തിനും പാഞ്ചാലിയെ വിജയപണം ആക്കിയതിനും പിന്നെ ഗുരുവായ ദ്രോണാചാര്യരോട് കള്ളം പറഞ്ഞതിനും അങ്ങനെ ഒരുപാട് ഒരുപാട് തെറ്റുകൾ പക്ഷെ അതിനൊന്നും ധർമ്മരാജാവായ അയാൾ കൃഷ്ണനെ തെറ്റുകാരനായി കാണുന്നില്ല .
കൃഷ്ണൻ ഇതെല്ലാം കേട്ട് നിശ്ശബ്ദനായിരിക്കുന്നു .
അപ്പോൾ കുറച്ച് ദൂരെയിരുന്ന നകുലനും ചോദിച്ചു , ഭഗവാനെ പാണ്ഡവരിൽ ഏറ്റവും സുന്ദരനായ എന്നെ ബാക്കി ജേഷ്ടന്മാർക്ക് ശേഷം മാത്രമല്ലേ പാഞ്ചാലിയെ കാണാൻ പോലും അവസരം നല്കിയുള്ളു . എന്തിന് ദുര്യോധന ജേഷ്ഠനെ ആദ്യമായി യുദ്ധത്തിൽ തോൽപ്പിച്ചപ്പോൾ ആ തലകൾ അരിഞ്ഞെടുത്ത് തൻ്റെ പ്രിയതമയുടെ പാദങ്ങളിൽ സമർപ്പിച്ച് വീരനാവാനും നീ എന്നെ സമ്മതിച്ചില്ല . നിങ്ങൾ ക്രൂരനാണ് ഭഗവാനെ .
ഭീമൻ ഇതെല്ലാം കണ്ടും കേട്ടും പല്ലുകൾ ഞെരിച്ചിരിക്കുകയാണ് . അയാളുടെ സങ്കടങ്ങൾ വെളിയിൽ പറയുന്നത് പോലും അയാളിലെ ആണത്തത്തിന് കളങ്കമാണെന്നയാൾക്ക് തോന്നി . 100 കൗരവരെയും കൊന്ന് വിജയത്തിൽ മുഖ്യ ശില്പിയായ തനിക്ക് ചരിത്രത്തിൽ എന്ത് സ്ഥാനം? എപ്പോളും കൃഷ്ണൻറെ സുഹൃത്തായ അർജുനന്റെ പുറകിൽ രണ്ടാം സ്ഥാനം മാത്രം.
പാണ്ഡവ പുത്രനായ സഹദേവനും പറയാനൊരുപാടുണ്ടായിരുന്നു. രാജസൂയം ജയിച്ചതും പിന്നെ ദുശ്ശാസനയുമായി ആദ്യ ദിവസം ദ്വന്ദയുദ്ധം നടത്തിയതും യുദ്ധ പാണ്ഡിത്യം കാരണം അതിരഥി എന്നറിയപ്പെട്ട എന്നെ കുറിച്ച് ഇന്ന് ലോകർക്ക് എന്തറിയാം? അയാളോർത്തു .
അടുത്ത വരവ് പാഞ്ചാലിയുടേതായിരുന്നു . അവൾ തികച്ചും രോഷാകുലയായിരുന്നു .അഗ്നിസ്ഫുരിക്കുന്ന തൻ്റെ നേത്രങ്ങളാൽ കൃഷ്ണനേ നോക്കി അവൾ ഇങ്ങനെ പറഞ്ഞു .
ഭഗവാനെ നിങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയില്ല . അതിബുദ്ധിമാനായ നിങ്ങൾ കാണിച്ച യുദ്ധ ബുദ്ധി അഥവാ ആ ബുദ്ധികൊണ്ട് അന്നത്തെ ചൂതുകളിയിൽനിന്നും പാണ്ഡവരെ പിന്തിരിപ്പിച്ചിരുന്നെങ്കിൽ ഈ കണ്ട രക്തചൊരിച്ചിൽ ഒഴിവാക്കാമായിരുന്നു ഞങ്ങളുടെ വനവാസവും. താങ്കൾ എന്നെ കൗരവസഭയിൽ നാണംകെടുത്തി. താങ്കൾക്ക് ആ ക്രൂരപ്രവർത്തി മുന്നേ തന്നെ തടയാമായിരുന്നില്ലേ . ഇപ്പോളും ലോകമോർക്കുന്നത് മാനസംരക്ഷണത്തിനായി കൈ കൂപ്പി നിൽക്കുന്ന ദ്രുപദപുത്രിയെയല്ലേ? നിങ്ങൾക്ക് തോന്നുണ്ടോ എന്ടെ കാർകൂന്തലിൽ കല്യാണസൗഗന്ധികം അലങ്കരിച്ച പോലെയാണോ എന്റെ പ്രിയൻ ആ ക്രൂരന്റെ രക്തം പുരട്ടിയപ്പോളെനിക്കു തോന്നിയത് ?
ഇതെല്ലം കേട്ട് കൃഷ്ണൻ സുസ്മേരവദനായിത്തന്നെ മൗനം ഭഞ്ജിച്ചു .
കൃഷ്ണനുവാച : നിങ്ങൾ ഇപ്പറഞ്ഞതിനൊന്നും എനിക്കൊരു ഉത്തരവുമില്ല ഉത്തരവാദിത്വവും ഇല്ല . അതുമാത്രമല്ല ലേശം കുറ്റബോധമോ സങ്കടമോ ഇല്ല. എനിക്കിപ്പോഴും ഒരേ ഒരു വിഷമം സന്തോഷവാനായി പുല്ലാങ്കുഴൽ വായിച്ചാസ്വദിച്ചയെന്നെ കുയിലാണെന്നു തെറ്റുദ്ധരിച്ച് അസ്ത്രമയച്ച വേട്ടക്കാരനെകുറിച്ചാണ് . എന്റെ മരണം എനിക്കെന്ത് പ്രശ്നമാണുള്ളത് ? മരണം എന്നത് ലോക സത്യമാണ് . പക്ഷെ ഒരു തെറ്റുധാരണയിൽ എന്നെ അസ്ത്രമയച്ച് കൊല ചെയ്ത വേടൻ ചെറുപ്പക്കാരനും ഒരു ചെറു കുഞ്ഞിന്റെ പിതാവുമായിരുന്നു . കുറ്റഭാരം കാരണം അയാൾക്കും അയാളുടെ കുടുമ്ബത്തിനും ഉണ്ടായേക്കാവുന്ന വിഷമം എന്നെ അലട്ടുന്നത് ചില്ലറയൊന്നുമല്ല .അത് പോലും തടയാൻ പറ്റാതിരുന്ന ഞാൻ എങ്ങനെ ഭഗവാനാകും?
ഞാൻ ഭഗവാനല്ല ആയിരുന്നെങ്കിൽ എൻ്റെ സ്ഥാനം ഒരിക്കലും ഇവിടെയാവില്ല . ഞാനും നിങ്ങളുമെല്ലാം ഒരു കഥയിലെ കഥാപാത്രങ്ങൾ മാത്രമാണ് . നമ്മൾ അലങ്കരിച്ച വേഷങ്ങളും പ്രവർത്തികളും എല്ലാം ആ കഥാകൃത്തിന്റെ ഭാവനയും. കഥാകൃത്തിന്റെ ഭാവനയെ ചോദ്യം ചെയ്യാൻ നമ്മൾ ആരുമല്ല . എനിക്ക് തോന്നുന്നത് നമ്മളെല്ലാം തന്ന വേഷങ്ങൾ നന്നായി തന്നെ ചെയ്തെന്നാണ് . അല്ലെങ്കിൽ ആ രചന ലോകത്തിലെ മഹത്ഗ്രന്ഥം ഒരിക്കലും ആവില്ലായിരുന്നു .
ഈ എഴുതിയത് മുഴുവനും കഥാകൃത്തിൻറെ വിശ്വാസമാവാം .വിശ്വാസവും സത്യവും രണ്ടും വ്യത്യസ്താമാകാറുണ്ട് . കാരണം വിശ്വാസങ്ങൾ എപ്പോഴും സത്യത്തിന്റെ ദൂരെയാകാം പക്ഷെ സത്യങ്ങളോ? ഒരിക്കലും അവിശ്വസനീയവുമല്ല . ചിലപ്പോൾ സത്യങ്ങൾ മനുഷ്യരെ തളർത്തുമ്പോൾ വിശ്വാസം മാത്രമാണ് അവനെ വളർത്തുന്നത്. അതുകൊണ്ട് സുഹൃത്തുക്കളെ നിങ്ങൾക്കുള്ള ഒരുത്തരവും എന്റെ കയ്യിലില്ല . ഞാനും നിങ്ങളെപ്പോലെ നിസ്സഹായനാണ് .
ഇത് പറഞ്ഞു തീർന്നതും ഒരു ഗാനം അവിടെ ഒഴുകിയെത്തി എല്ലാവരും തിരിഞ്ഞു നോക്കിയപ്പോൾ മലയാളത്തിൻറെ മഹാകവി സ്വർഗ്ഗത്തിന്റെ അരമതിലിരുന്നു പാടുകയാണ് ‘ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു….’ .
പ്രവീൺ ശങ്കരാലയം✍