ജീവിതയാത്രാ തുടക്കം
മീനച്ചിലാറിന്റെ തീരത്തെ
കൊച്ചുകൊട്ടാരം
കഥനങ്ങളും നെടുവീർപ്പും കേട്ട്
തഴമ്പിച്ച പലകമറയിൽ
ചിതൽപുറ്റു നാടകം
കളിച്ചോരുകാലം
അനുഭവത്തിന്റ തീച്ചുളയിൽ
മഴത്തുള്ളികൾ ഇടനെഞ്ചിൽ
ഉടുക്കു കൊട്ടിയോരു കാലം
തുലാമഴയിലും,
കർക്കിടക പെയ്ത്തിലും
മുട്ടറ്റം വെള്ളത്തിൽ
ജീവിച്ചോരു കാലം
മണ്ണെണ്ണവിളക്കിന്റെ ചുവട്ടിൽ
ഈയാംപാറ്റകളെ
കടലാസുവഞ്ചിലേറ്റിയോരു
കാലം
റേഷനരി ചോറും
കുരുമുളകരച്ചും
കഴിച്ചുനടന്നപ്പോൾ
സമൃദ്ധിയുടെ തിരമാല
അങ്ങേ ചരുവിൽ
കണ്ടോരുകാലം
ഇന്നും
പട്ടിണിയുടെ അലയാഴിയിൽ
മുറിവേറ്റ വിശപ്പ്
സമൃദ്ധിയുടെ വയറ്റിലും
കൊത്തിവലിക്കാറുണ്ട്
ചൂണ്ടയിൽ ഭ്രാന്തിന്റെ
ചെമ്പരത്തി പൂവ് കോർത്തു
കുഞ്ഞുങ്ങളുമായി
ആർത്തുല്ലസിച്ചു
നടക്കുന്ന ഇണവരാലിനെ
കറിവെച്ചു രുചിയോടെ
വിശപ്പക്കറ്റിയോരു കാലം
ഓരോ പെയ്ത്തിലും
തണുത്തുറഞ്ഞു നിന്ന
അടുപ്പിന്റെ കടൽഭിത്തികളെ
ഊതിദിശ തെറ്റിച്ചോരുകാലം
കെട്ടിമേഞ്ഞ മേൽക്കൂര
ആർത്തുപെയ്യുന്ന മഴയുടെ
അഗാധ മഴത്തുള്ളികളെ
പ്രണയിച്ചു പുതുപ്പുകൾക്കു
കൊടുത്തു ബല്യത്തെ
തണുപ്പിച്ചോരുകാലം
മഴയോർമ്മകൾ നന്മയുടെ
പൂക്കാലം തീർക്കുമ്പോൾ
ഇന്നും
പെയ്തോരാത്ത
നഷ്ടസ്വപ്നത്തിന്റെ ചിതയിൽ
മഷിയുണങ്ങാത്ത
സുവർണ്ണലിപികളാൽ
ഹ്യത്തിൽ അടയാളപ്പെടുത്തി
നടക്കുന്നോരുകാലം
ഇന്നും
ചിരിയുടെ
മാലപ്പടക്കത്തിനു
തിരികൊളുത്തി
വെളുത്ത സങ്കടപ്പക്ഷികളെ
പറക്കാൻ അനുവദിക്കുന്നു
ആ കാലമൊരു
നഷ്ടവസന്തമെന്നു
നിർണ്ണയിക്കാനോ
നിർവ്വചിക്കാനാവാത്ത പര്യായം
പ്രീതി✍