മഴപ്പെയ്ത്തിനൊപ്പം മഴപ്പാട്ടുപാടി
മഴവില്ലിനെപ്പോൽ മയിൽനൃത്തമാടും,
മധുപർതൻകളിചിരി കണ്ടങ്ങിരിക്കേ മനമെന്റെ ബാല്യത്തെ,യറിയാതെതൊട്ടു,
മണിമന്ദിരങ്ങളിൽ വാഴുംസതീർഥ്യർ
മഴയത്ത് കുടയുമായ്
സ്‌കൂളിലേയ്ക്കെത്തവേ,
മഴയിൽ നനഞ്ഞു കുളിച്ചൊരു കൂട്ടർ
മഴയെപ്പഴിച്ചങ്ങു നിൽപ്പൂ വരാന്തയിൽ,
മഴയിൽക്കുതിരുമാ പുസ്തകച്ചീ ളുകൾ
മാറോടടുക്കിപ്പിടിച്ചിടും പൊന്നുപോൽ,
മാനമിരുണ്ടിടിൽ മേഘം കറുത്തിടിൽ
മനമുരുകി മഴയെപ്പഴിച്ചിടും കാലം,
മഴതൻ ഗതിയിൽ നടന്നിട്ടു,മോടിയും
മടിയാതെ കൂരയിലെത്തുന്നു നിത്യവും,
മാനത്തു വീണ്ടും മഴക്കാറു കൂടുകിൽ
മാനസം വേപഥു പൂണ്ടിടും പിന്നെയും,
മഴയൊന്നു വീഴുകിൽ ചോരുന്ന കൂരയിൽ
മറുതുണിത്തുണ്ടില്ല,മൂടിപ്പുതയ്ക്കുവാൻ,
മഴക്കാലമെത്രയോ പടികടന്നീടിലും
മാരിവില്ലെത്രയോ പൊയ്മറഞ്ഞീടിലും ,
മാറിയ കാലത്തിൻ മാറ്റങ്ങളെത്തീട്ടു-
മന്നത്തെ വേപഥു മിന്നിമറയുന്നു…
സുകുമാരൻ കെ ആർ…✍