കുറും കവിതകളിലൂടെ ശ്രദ്ധേയനായ കുഞ്ഞുണ്ണി 1927-ൽ ജനിച്ചു. അക്ഷരത്തെറ്റ്, കുഞ്ഞുണ്ണിയുടെ കവിതകൾ, കുറ്റിപ്പെൻസിൽ എന്നിങ്ങനെ ഒട്ടേറെ കൃതികൾ രചിച്ച അദ്ദേഹം 2006-ൽ അന്തരിച്ചു.
“ഒരു കുട്ടിയുണ്ടായിരുന്നു
ആ കുട്ടിയുടെയമ്മ ഉറുമ്പായിരുന്നു
ആ കുട്ടിയും ഉറുമ്പായിരുന്നു”
-കുഞ്ഞുണ്ണിക്കവിതകൾ
”കർമമെങ്ങനെ?
കാലമെങ്ങനെ?”
– കുഞ്ഞുണ്ണിക്കവിതകൾ
“പിന്നോട്ടു മാത്രം മടങ്ങുന്ന
കാലുകൊ-
ണ്ടല്ലയോ മുന്നോട്ടു പായുന്നിതാളുകൾ”
-കുഞ്ഞുണ്ണിക്കവിതകൾ
”എനിക്കു പൊക്കം കുറവാ-
ണെന്നെപ്പൊക്കാതിരിക്കുവിൻ
എനിക്കൂക്കു കുറവാ-
ണെന്നെത്താങ്ങാതിരിക്കുവിൻ”
-കുഞ്ഞുണ്ണിക്കവിതകൾ
“ഉറുമ്പിൻ തലയാനയ്ക്കു-
മാനത്തലയുറുമ്പിനും
മാറ്റിവെച്ചുകൊടുത്തീടിൽ
മലയാളം മനോഹരം”
-കുഞ്ഞുണ്ണിക്കവിതകൾ
”നോവില്ലെങ്കിൽ നോവലില്ല”
-കുഞ്ഞുണ്ണിക്കവിതകൾ
“എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം”
-കുഞ്ഞുണ്ണിക്കവിതകൾ
”ഇരുട്ടിന്നൊന്നേ നിറം
വെട്ടത്തിന്നനേകവും”
-കുഞ്ഞുണ്ണിക്കവിതകൾ
“സ്വർഗമുള്ളതുകൊണ്ടല്ലോ
നരകിക്കുന്നു മാനുഷർ”
-കുഞ്ഞുണ്ണിക്കവിതകൾ
“കവിതയിലൊരു വിതയുണ്ട്”
– കുഞ്ഞുണ്ണിക്കവിതകൾ
അവതരണം: മാത്യു ശങ്കരത്തിൽ