17.1 C
New York
Thursday, August 18, 2022
Home Literature മലപ്പുറം കത്തി.

മലപ്പുറം കത്തി.

“എടി പെണ്ണേ”

പിറകിൽ നിന്നുള്ള വിളി കേട്ട് സുനന്ദ തിരിഞ്ഞു നോക്കി. കുറേ ദിവസമായി മുക്കിലു൦ മൂലയിലു൦ ഒക്കെ നിന്ന് തന്നെ നോക്കുന്ന, കോളേജ് ബസ്സിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ പിറകെ നടക്കുന്ന ഒരു ചെറുപ്പക്കാരൻ. ഒരു ചെറിയ ഇഷ്ടം തോന്നിയത് കൊണ്ടാവാ൦ . അവൾ ചോദിച്ചു.

“ ഉ൦, എന്താ ?”.

“നിന്റെ പേരെന്താ പെണ്ണേ ?”

പൌരുഷമുള്ള ആ ചോദ്യം സുനന്ദയ്ക്ക് ഇഷ്ടമായി. അവൾ പറഞ്ഞു.

“ സുനന്ദ, അണ്ണന്റെ പേരോ ?”

ആ മറുപടി അയാൾക്കു൦ ഇഷ്ടമായി. അടുത്ത് ചെന്ന് അയാൾ പറഞ്ഞു.

“ സുകുമാരൻ, സുകു എന്ന് വിളിച്ചോളൂ “.

ഇത്രയും കേട്ട സുനന്ദ വേഗ൦ വീട്ടിലേക്ക് ഓടിപ്പോയി.

പിറ്റേ ദിവസവും കോളേജ് ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ സുകുമാരൻ കാത്ത് നില്പുണ്ടായിരുന്നു. പിറകെ നടന്ന് ചോദിച്ചു.

“ എടി, പെണ്ണേ, നിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ?”

ആ ചോദ്യവും സുനന്ദയ്ക്ക് ഇഷ്ടപ്പെട്ടു. അവൾ പറഞ്ഞു,

“വീട്ടിൽ അമ്മയും ഞാനും മാത്രം. അച്ഛൻ ഇപ്പോൾ സ്ഥലത്തില്ല “

മൂന്നാമത്തെ ദിവസം അയാൾ ചോദിച്ചു.

“എടി പെണ്ണേ, എനിക്ക് നിന്നെ ഇഷ്ടമായി. കെട്ടിക്കോട്ടേ ?”

അവൾ ഒന്നും പറഞ്ഞില്ല. നാണിച്ച് ഒറ്റ ഓട്ടം.
അങ്ങനെ മിക്കവാറും എല്ലാ ദിവസവും കോളേജ് ബസ്സിൽ നിന്ന് സുനന്ദ ഇറങ്ങുമ്പോൾ സുകു ഉണ്ടാവും, കൂടെ നടക്കും, ഒന്നു രണ്ടു ചോദ്യങ്ങൾ ചോദിക്കു൦, തിരികെ പോകും. സുനന്ദയ്ക്ക് സുകുവിനെ വലിയ ഇഷ്ടമായി. ഒരു ദിവസം അവൾ പറഞ്ഞു.

“ അച്ഛൻ നാളെ ജയിലിൽ നിന്ന് വരും. അച്ഛനോട് സ൦സാരിക്ക്”

സുകുമാരന്റെ മുഖം ഒന്നു മങ്ങുന്നത് അവൾ ശ്രദ്ധിച്ചു. പിന്നെ കുറച്ച് ദിവസത്തേക്ക് അയാളെ ആ വഴിക്ക് കണ്ടില്ല.
ഒരു ഞായറാഴ്ച ദിവസം സുനന്ദ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. വൈകുന്നേരം സുകുമാരൻ മുറ്റത്ത് നിന്ന് വിളിച്ചു ചോദിച്ചു.

“ അനന്തൻ പിള്ള സാറുണ്ടോ വീട്ടിൽ ?”

ജയിലിൽ നിന്ന് വന്ന അനന്തൻ പിള്ളയ്ക്ക് വിശ്വസിക്കാനായില്ല. സാധാരണയായി ആരും അയാളെ സാർ എന്ന് വിളിക്കാറില്ല, വിശേഷിച്ചും ജയിൽ വാസത്തിന് ശേഷം. ആകാ൦ക്ഷയോടെ അയാൾ വാതിൽ തുറന്നു പുറത്ത് വന്നു. എന്നിട്ട് ചോദിച്ചു.

“ആരാ എന്തു വേണം ?”

സുകുമാരൻ പറഞ്ഞു.

“ സാറേ, ഞാൻ സുകുമാരൻ. കുറച്ച് അത്യാവശ്യ കാര്യം സ൦സാരിക്കാനാണ്. അകത്തേക്ക് വരാമോ ?”

വന്നയാളുടെ സ൦സാരവു൦ തന്റേടവു൦ അനന്തൻ പിള്ളയ്ക്ക് നന്നേ ബോധിച്ചു. അയാൾ പറഞ്ഞു.

“വാ, അകത്തു വാ “ സുകുമാരനെ ഉമ്മറത്ത് ഇരുത്തി. എന്നിട്ട് അകത്തെ മുറിയിൽ പോയി കിടപ്പിലായ‌ ഭാര്യ സൌദാമിനിയോട്
പറഞ്ഞു.

“എന്നെ കാണാൻ ആരോ വന്നിരിക്കുന്നു. നീ മോളോട് പറ രണ്ട് കപ്പ് ചായ ഉണ്ടാക്കാൻ”.

പിള്ള ഉമ്മറത്തു വന്ന് സുകുമാരനോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു. എന്നിട്ട് മടിയിൽ നിന്ന് ഒരു കത്തിയെടുത്ത് മേശപ്പുറത്ത് വെച്ചു. ഒരു ‌ഗാ൦ഭീര്യത്തോടെ പറഞ്ഞു..

“ഇത് കണ്ടോ ?, മലപ്പുറം കത്തിയാ. ഇതുകൊണ്ടാണ് ഞാനവനെ കുത്തിയത്. പക്ഷേ ചത്തില്ല. ജയിൽ ശിക്ഷ കഴിഞ്ഞ് വന്നതേയുള്ളൂ. പക്ഷേ ഇതുകൊണ്ട് തന്നെ ഞാനവനെ കൊല്ലു൦”.

സുകുമാരൻ ഒന്നു ഞെട്ടി.

മുഖവുര ഒന്നും തന്നെ ഇല്ലാതെ സുകുമാരൻ പറഞ്ഞു.

“എനിക്ക് സാറിന്റെ മകളെ വളരെ ഇഷ്ടമാണ്. ഞാൻ ഇവിടെ അഞ്ചാലുമൂട്ടിൽ ഇലക്ട്രിസിറ്റി ഓഫീസിൽ ക്ലാർക്ക് ആണ്. കുണ്ടറയിലാണ് വീട്. സാറിന്റെ മോളെ എനിക്ക് കല്യാണം കഴിച്ചു തരുമോ?”

താൻ കേട്ട വാക്കുകളെ പിള്ളയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒന്നാമത് സാമ്പത്തികമായി തകർന്നു നില്ക്കുന്നു. ഒരു കുത്തു കേസിൽ പ്രതിയായി ജയിൽ വാസ൦ കഴിഞ്ഞ് വന്നതേയുള്ളു. എന്നിട്ടും പിള്ള പറഞ്ഞു.

“ മോന്റെ ജാതിയൊന്നു൦ ഞാൻ ചോദിക്കുന്നില്ല. നിങ്ങളുടെ വീട്ടുകാർ ഇതിന് സമ്മതിക്കുമോ ?”

വളരെ വിനയത്തോടെ സുകുമാരൻ പറഞ്ഞു.

” അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്. അച്ഛൻ നേരത്തെ മരിച്ചു പോയി. സഹോദരിമാരുടെ കല്യാണം ഒക്കെ കഴിഞ്ഞു. “

സുകുമാരൻ, പേര് പോലെ തന്നെ സുന്ദരൻ.നല്ല ശരീരഭ൦ഗി. നല്ല വിനയവു൦, തന്റേടവു൦. വിദ്യാഭ്യാസമുണ്ട്, ഒരു നല്ല ജോലിയും. മുറിയിലേക്ക് കയറും മുൻപ് പറഞ്ഞു

“ഞാൻ മോളോടൊന്ന് ചോദിക്കട്ടെ” .

മുറിയിലേക്ക് കയറി വായ തുറക്കുന്നതിന് മുമ്പ് സുനന്ദ പറഞ്ഞു.

“അച്ഛാ, എനിക്ക് ഇഷ്ടമാണ്. ഇത് മതി”.

അനന്തൻ പിള്ള പൊട്ടിച്ചിരിച്ചു പോയി.

പന്ത്രണ്ട് ദിവസം കഴിഞ്ഞുള്ള ഒരു മുഹൂർത്തത്തിൽ കടവൂർ ശിവ ക്ഷേത്രത്തിൽ വച്ച് കല്യാണം നടന്നു. അടുത്ത ബന്ധുക്കളും കുറച്ചു കൂട്ടുകാരും മാത്രം പങ്കെടുത്തു. ആകെ ഒരാഴ്ചയുടെ അവധിയാണ് സുകുമാരന് കിട്ടിയത്.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ തേങ്ങ അടിച്ചുകൊണ്ട് അവരുടെ മധുവിധു ആരംഭിച്ചു. മിക്ക ദിവസവും വിരുന്നു൦ യാത്രയു൦ ആയിരുന്നു. അവധി കഴിഞ്ഞ് സുകുമാരൻ ജോലിക്ക് പോയിത്തുടങ്ങി.

കുണ്ടറയിൽ നിന്നും ദിവസവും ജോലിക്ക് പോയി വരുന്നത് ഒരു ബുദ്ധിമുട്ടായി‌ തോന്നി. അതുകൊണ്ട് അഞ്ചാലു൦മുട്ടിലെ ഭാര്യ വീട്ടിൽ താമസം തുടങ്ങാൻ തീരുമാനിച്ചു. എല്ലാവരും സന്തോഷിച്ചു, പ്രത്യേകിച്ച് സുനന്ദ. കിടപ്പിലാണെങ്കിലു൦ സനേഹനിധിയായ അമ്മായിയമ്മ, അച്ഛനെപ്പേലെ സ്നേഹിക്കുന്ന അമ്മായിയപ്പൻ , തന്റെ എല്ലാമെല്ലാമായ ഭാര്യ. സുകുമാരന് സ്വർഗ്ഗം കിട്ടിയത് പോലെ തോന്നി.

സുകുമാരന്റെ രണ്ടു മാസത്തെ സ്വർഗ്ഗവാസത്തിന് ശേഷം ഒരു ദിവസം വൈകിട്ട് സുനന്ദ ഛർദ്ദിച്ചു. ഉടനെ ലക്ഷണം നോക്കി സൗദാമിനി പറഞ്ഞു.

“മോള് ഗർഭിണിയായി”.

എല്ലാവരും വളരെ സന്തോഷിച്ചു.
പിറ്റേന്ന് രാവിലെ സൗദാമിനിയമ്മ സുനന്ദയെ വിളിച്ചു പറഞ്ഞു.

“ മോളേ, നിന്റെ ആദ്യത്തെ ഗർഭമാണ്. ശരീര൦ അനങ്ങിയൊന്നു൦ ചെയ്യരുത്. സൂക്ഷിക്കണം”

ഉടനേ തന്നെ സുനന്ദ സുകുമാരനെ വിളിച്ചു പറഞ്ഞു.

“ സുകുവേട്ടാ, ഈ അമ്മ പറഞ്ഞത് കേട്ടോ ? ആദ്യത്തെ ഗർഭമാണ്, അതുകൊണ്ട് ശരീര൦ അനങ്ങരുതെന്ന്”.

ഉടനേ സുകുമാരൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ അതിനെന്താ അമ്മേ, ഞാനില്ലേ ഇവിടെ ? നിങ്ങളാരു൦ വിഷമിക്കണ്ട”.

പിറ്റേന്ന് മുതൽ സുനന്ദ കട്ടിലിൽ അനങ്ങാതെ കിടപ്പ് തുടങ്ങി. ബാത്ത് റൂമിൽ പോകാൻ മാത്രം എഴുന്നേൽക്കു൦. ആഹാരവു൦ കൂടുതൽ കിടക്കയിൽ തന്നെ. സുകുമാരൻ രാവിലെ നേരത്തേ എഴുന്നേറ്റ് അടുക്കളയിൽ പാചകം തുടങ്ങും. എന്തുണ്ടാക്കണ൦, എങ്ങനെ ഉണ്ടാക്കണ൦ എന്ന് മാത്രം സുനന്ദ പറഞ്ഞു കൊടുത്തു. താമസിയാതെ സുകുമാരൻ പാചകമെല്ലാ൦ പഠിച്ചു. അമ്മായിയമ്മ കട്ടിലിൽ. വയസ്സായ അമ്മായിയപ്പൻ ജയിൽ വാസം കഴിഞ്ഞ് വന്നതല്ലേ ? മാത്രമല്ല മലപ്പുറം കത്തി ഇടയ്ക്കിടെ സുകുമാരന്റെ ചിന്തയിൽ കയറി വരും.

രാവിലെ ഒമ്പത് മണിയോടെ വീട്ടു ജോലികളെല്ലാ൦ കഴിഞ്ഞു, കുളിച്ചൊരുങ്ങി ടിഫിനുമായി സുകുമാരൻ ഓഫീസിൽ പോകും. ജോലിയെല്ലാ൦ കഴിഞ്ഞ് വൈകിട്ട് ആറ് മണിയോടെ വീട്ടിൽ എത്തും. അപ്പോഴേക്കും സുനന്ദ കഷ്ടപ്പെട്ട് ഒരു കപ്പ് ചായ ഉണ്ടാക്കി വച്ചിട്ടുണ്ടായിരിക്കു൦.ഏറെ സന്തോഷത്തോടെ ചായ കുടിക്കു൦ . കുറച്ചു നേരം വിശ്രമിച്ചതിന്‌ ശേഷം വീണ്ടും അടുക്കളയിൽ. അത്താഴം കഴിഞ്ഞ് പാത്രങ്ങളും കഴുകി കഴിയുമ്പോഴേക്കു൦ രാത്രി പത്ത് മതിയാകും. വീട്ടു ജോലി ഇപ്പോൾ സുകുമാരന് ഒരു ശീലമായി.

അനന്തൻ പിള്ള മലപ്പുറം കത്തി‌കൊണ്ട് കുത്തി കൊല്ലാനിരുന്നയാൾ ഒരു ദിവസം മരിച്ചു പോയി. അന്ന് പിള്ള കുറെ കരഞ്ഞു. തന്റെ ജാതകത്തിൾ പറഞ്ഞിരുന്ന കൊലപാതകം നടക്കാതിരുന്നതിൽ ഒരുപാട് ദഃഖിച്ചു.

ഉത്തരവാദിത്തം ഉള്ള ഒരു മരുമകനെ കിട്ടിയതിൽ അനന്തൻ പിള്ളയ്ക്ക് അഭിമാനം തോന്നി. ഇനി മുതൽ തന്റെ ജീവിതത്തിലു൦ ചില മാറ്റങ്ങൾ വരുത്താൻ അയാൾ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ എട്ടു മണിയോടെ അയാൾ സുകുമാരനെ വിളിച്ചു.

“മോനേ സുകൂ, ഇനി മുതൽ ഞാനും എന്തെങ്കിലും ഒക്കെ ചെയ്യാമെന്ന് വിചാരിക്കുന്നു. നമുക്ക് വീട്ടിൽ തന്നെ കുറച്ച് കൃഷി ചെയ്യാം. എനിക്ക് ശരീരത്തിന് നല്ല സുഖമില്ല. പോലീസുകാർ ഇടിച്ച് പിഴിഞ്ഞ ശരീരമാണേ . കിളക്കാനായി നീ എന്നെയൊന്ന് സഹായിക്കണേ”

എന്ന് പറഞ്ഞ് ഒരു തൂമ്പാ എടുത്ത് നീട്ടി. ഒപ്പം മടിയിലിരുന്ന മലപ്പുറം കത്തിയെടുത്ത് തിണ്ണയിൽ വെച്ചു.

സുകുമാരന്റെ ജീവിതം പിന്നെയും മാറി. അയാൾ കുറേക്കൂടി നേരത്തേ എഴുന്നേറ്റ് തുടങ്ങി. ആറ് മണി മുതൽ ഏഴ് മണി വരെ അടുക്കളയിൽ, ഏഴ് മണി മുതൽ എട്ട് മണി വരെ കൃഷിപ്പണി. അത് കഴിഞ്ഞു കുളിയു൦ മറ്റു കാര്യങ്ങളും.
വൈകിട്ട് ആറ് മണിയോടെ വീട്ടിൽ തിരികെ എത്തിയാൽ സുനന്ദയുടെ ചായ. വീണ്ടും അടുക്കള.

പത്ത് മണിക്ക് കിടന്നുറങ്ങാൻ വരുമ്പോൾ സുനന്ദയുടെ പ്രണയം. ഗർഭിണികൾ കൂടുതൽ പ്രണയിക്കണമെന്ന് സൌദാമിനിയമ്മ പ്രത്യേകം പറഞ്ഞിരുന്നു. എത്രത്തോളം പ്രണയിക്കുന്നവോ അത്രത്തോളം കുഞ്ഞിന്റെ സൗന്ദര്യവും വർദ്ധിക്കു൦.പിന്നെ പ്രസവവു൦‌ എളുപ്പം ആകു൦. സുനന്ദയുടെ മുട്ടി നില്ക്കുന്ന പ്രണയത്തിന്റെ മുന്നിൽ സുകുമാരൻ എന്നും തോറ്റിട്ടേയുള്ളു. എല്ലാം കഴിഞ്ഞു ഒന്ന് ഉറക്കം തുടങ്ങുമ്പോൾ ആകു൦ പിള്ളയുടെ അനന്തമായ കൂർക്ക൦ വലി.

ഒരു ദിവസം വൈകിട്ട് ഓഫീസിൽ നിന്ന് വന്ന് ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ പിള്ള വിളിച്ചു.

“മോനേ സുകുമാരാ, ഇങ്ങു വാ “

സുകു ഓടിച്ചെന്നു.

കയ്യിൽ മലപ്പുറം കത്തിയുമായി നില്ക്കുന്നു പിള്ള. സുകുമാരന്റെ ‌കയ്യിൽ കത്തി കൊടുത്തിട്ടു പറഞ്ഞു.

“ നിന്നെ എനിക്ക് വലിയ ഇഷ്ടമാണ് മോനേ,. എന്റെ കയ്യിൽ നിനക്ക് തരാൻ ഇതേയുള്ളൂ. ഇത് നിന്നെ രക്ഷിക്കട്ടെ ! “

പിറ്റേ ദിവസം പതിവ് പോലെ സുകുമാരൻ എഴുന്നേറ്റു. പക്ഷേ അനന്തൻ പിള്ള എഴുന്നേറ്റില്ല. ഉറക്കത്തിൽ തന്നെ അയാൾ മരിച്ചു. ശവസംസ്കാരം മുറപോലെ നടത്തി.
ഒരു മാസത്തിനകം സുനന്ദ പ്രസവിച്ചു. സുന്ദരിയായ ഒരു പെൺകുട്ടി, സുകുമാരന്റെ മുഖച്ഛായയോടു കൂടി. മൂന്നു മാസത്തെ പ്രസവരക്ഷ. എല്ലാം സുകുമാരൻ ഭംഗിയായി കൈകാര്യം ചെയ്തു.

ഒരു ഞായറാഴ്ച രാവിലെ കാപ്പി കുടി എല്ലാം കഴിഞ്ഞ് അല്പ൦‌ ഗൌരവത്തോടെ സുനന്ദയെ വിളിച്ചു. കുഞ്ഞിനേയു൦ എടുത്തു കൊണ്ട് അവൾ വന്നു. പിറകേ ബുദ്ധിമുട്ടി സൌദാമിനിയു൦.

“എടി പെണ്ണേ, നിന്റെ ഗർഭവു൦, പ്രസവവു൦ പ്രസവരക്ഷയു൦ ഒക്കെ കഴിഞ്ഞോ ?”

സുകു ചോദിച്ചു. എന്നിട്ട് മലപ്പുറം കത്തി എടുത്ത് മേശപ്പുറത്ത് വച്ചു.

“ കഴിഞ്ഞു, അണ്ണാ “ ചിരിച്ചു കൊണ്ട് സുനന്ദ

“ഇനി മേലാൽ ഗർഭവു൦, പ്രസവവു൦, പ്രസവ രക്ഷയു൦ ഒന്നും വേണ്ട. കേറിക്കോണ൦ അടുക്കളയിൽ. മനസ്സിലായോടീ ?”

എന്ന് പറഞ്ഞ് സുകുമാരൻ മലപ്പുറം കത്തി ഒന്ന് കറക്കി.

“മനസ്സിലായെന്റെ പൊന്നേ…” പൊട്ടിച്ചിരിച്ചു കൊണ്ട് സുനന്ദ സുകുമാരനെ കെട്ടിപ്പിടിച്ചു…..

കേണൽ രമേശ് രാമകൃഷ്ണൻ✍

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: