നീലച്ചായംപൂശിയ അഴികളുള്ള ജനാലയ്ക്കരുകിലിരുന്ന് അന്നമ്മച്ചി പുറത്തേയ്ക്ക് നോക്കി. പുറത്ത് മഴ പെയ്തൊഴിഞ്ഞിരിക്കുന്നു. എങ്കിലും മരം പെയ്യുന്നുണ്ട്.
പുന്തോട്ടത്തിലെ ചെത്തിയിൽ അടയ്ക്കാക്കുരുവികൾ കൂടൊരുക്കിയിരിക്കുകയാണ്.ഓലത്തുഞ്ചത്ത് തങ്ങിനിൽക്കുന്ന മഴത്തുള്ളികളിൽ നേർത്ത സൂര്യപ്രകാശം പതിച്ചപ്പോൾ അവ സ്ഫടികത്തുള്ളികളായി മാറിയതുപോലെ.
മഴത്തുള്ളികൾ കണ്ടപ്പോൾ അന്നമ്മച്ചി ജെസ്സി മോളെക്കുറിച്ചോർത്തു. വർഷാരംഭത്തിലെ ആദ്യത്തെ മഴത്തുള്ളി മുഖത്ത് വീഴുമ്പോഴുള്ള കുളിർമ്മയുടെ ഓർമ്മയാണ് ജെസ്സിമോളുടെ ചിരിയ്ക്ക്. നേർത്ത് ഇളംചുവപ്പുനിറമുള്ള ചുണ്ടുകളിൽ ചിരിവിടരുമ്പോൾ കവിളുകളിൽ നുണക്കുഴിയുടെ ആഴം വ്യക്തം.. പ്രകാശപൂരിതമായ അവളുടെ മിഴികളിൽ മനസ്സിലെ നിഷ്കളങ്കത കൊത്തിവെച്ചിട്ടുണ്ട്.
ണിം.. ണിം… കോലായിലെ ഭിത്തിൽ തൂക്കിയിരിക്കുന്ന ക്ലോക്കിൽ നാഴികമണി ഒൻപതടിച്ചു..
ഇന്ന് തോമാസുകുട്ടി വിളിച്ചില്ല. അവന്റെ കെട്ട്യോള് മോളിക്കുട്ടി അങ്ങനെ വിളിക്കാറൊന്നുമില്ല. പിന്നെ ആനിക്കൊച്ച്. കുടുംബഭാരങ്ങൾ കൂടിയപ്പോൾ അവളുമിപ്പോൾ അമ്മച്ചിയെ മറന്നമട്ടാ. പിന്നെ അവരൊക്കെയങ്ങ് അമേരിക്കേ അല്ല്യോ?. നമ്മക്കിരിട്ടുമ്പോ അവർക്ക് വെളുക്കും. എങ്കിലും തോമാസുക്കുട്ടി മിക്കപ്പോഴും വിളിയ്ക്കും കേട്ടോ. “എന്തോന്നാ അമ്മച്ചിയേ.. വിശേഷങ്ങള് ; സുഖോല്ലേന്ന് ചോദിക്കും.” ”ഓ! അമ്മച്ചിക്കെന്തോന്ന് കൊറവാടാ കൊച്ചനേ… ഈ ഓൾഡ് ഏജ് ഹോമില് ……?…. സുഖം പരമസുഖം” എന്ന് ഞാനങ്ങ് പറയും.
അല്ലാണ്ടിപ്പോ എന്തോ പറയാനാന്നേ. വല്ലതും പറഞ്ഞാലോ ,അവന്റെ കൊട്ട്യോള് മോളിക്കുട്ടിയ്ക്ക് പിടിയ്ക്കത്തില്ല. അവളു പറയും. “നിങ്ങടമ്മച്ചിക്കിപ്പോ എന്തോന്നിന്റെ കൊറവാന്നാ പറയ്ന്നേ. ആഹാരത്തിനാഹാരം, മരുന്നിന് മരുന്ന് ,തുണിയ്ക്ക് തുണി. അല്ലെങ്കിലും ഈ അട്ടേപ്പിടിച്ച് മെത്തേക്കിടത്തിയാലേ, അത് കെടക്കത്തില്ലാന്നേ. അവരിപ്പോ വന്നവഴികളൊക്കെയങ്ങ് മറന്നു.”
ദേ ,അവളീയവസാനം പറഞ്ഞ കാര്യോണ്ടല്ലോ. അതൊള്ളതാ. അല്ലെങ്കിപ്പിന്നെ വർഗീസ്മൊതലാളീടെ മകൾ മോളിക്കുട്ടീയെ തോമാസുക്കുട്ടിയ്ക്ക് ആലോചനവന്നപ്പോൾ ഞാനാ തങ്കക്കൊടംപോലുള്ള ജെസ്സിമോളെ വേണ്ടാന്ന് വെക്കുവോ! ഒന്നൂല്ലെങ്കില് എന്റെ മാത്തുക്കുട്ടിച്ചായൻ കൂട്ടുകാരൻ പാപ്പച്ചന് കൊടുത്ത വാക്കല്ല്യോ ഞാൻ തെറ്റിച്ചത്.
ചത്ത് തലയ്ക്ക് മുകളിലായിട്ട് കൊല്ലം കൊറേയായെങ്കിലും നാട്ടുകാർക്കിപ്പോഴും കുഴിവെട്ടുകാരൻ മാത്തുക്കുട്ടി പ്രിയപ്പെട്ടവനാ. അതിനെന്തോന്നാ കാര്യം? മിശിഹാടെ വചനങ്ങളനുസരിച്ച് ജീവിച്ചവനാ എന്റെ മാത്തുക്കുട്ടിച്ചായൻ. “എടീ അന്നക്കുട്ടിയെ.. പട്ടണികിടന്ന് ചത്താലും നേരും നെറീംകെട്ട് ജീവക്കരുത്.” മാത്തുക്കുട്ടിച്ചായന്റെ വാക്കുകൾ തന്റെ ചെവിയിൽ മുഴങ്ങുന്നത് പോലെ അന്നമ്മച്ചിയ്ക്ക് തോന്നി.
ഈ പണോന്ന് വെച്ചാ ഒരു പിശാച്ചാന്നേ, പിശാച് !മോളിക്കുട്ടീടെ ആലോചനവന്നപ്പോ ആദ്യം തോമാസ്കുട്ടിക്ക് ഇഷ്ടോല്ലാരുന്നു.പിന്നെ വർഗീസ്മൊതലാളീടെ പണോം കണ്ണെത്താ ദൂരത്തെ നെലോക്കെ കണ്ടപ്പോൾ തോമാസ്ക്കൂട്ടിയങ്ങ് വീണു പോയി.
അപ്പോഴും ആനിക്കൊച്ച് പറഞ്ഞതാ:” അമ്മച്ചീയേ … ജെസ്സിമോടെ കണ്ണീര് വീഴ്ത്തല്ലേന്ന്.” പിന്നെ ആനികൊച്ചിന്റെ പത്രാസുകാരൻ ചെക്കന് സ്ത്രീധനം കൊടുക്കാൻ വർഗ്ഗീസ് മൊതലാളീടെ പണം വേണോന്നായപ്പോൾ ആനിക്കൊച്ചും തിരിഞ്ഞു.
ഒടുക്കം തോമാസുക്കുട്ടിടേ കെട്ടുകല്ല്യാണത്തിനുടുക്കാൻ
പട്ടുസാരീം കൊണ്ട് ഞാനും ആനികൊച്ചും കൂടി ജെസ്സിമോടെ വീട്ടിചെന്നപ്പോ മൊത്തിക്കൊണ്ടാ ജെസ്സിമോളത് മേടിച്ചത്.എന്നിട്ടൊരു ചോദ്യാ ” “കല്യാണത്തിനുടുക്കാൻ ന്റിച്ചായൻ തന്നുവിട്ടതാണോ അമ്മച്ചിയേ… ന്ന്.” പിന്നെകേട്ടു…..ആ സാരിമ്മേൽ ജെസ്സിമോള്…..
അന്നമ്മച്ചി ബൈബിളെടുത്ത് നെഞ്ചോടു ചേർത്തു. ഭിത്തിയിൽ തൂക്കിയിരുന്ന മിശിഹാ യുടെ ചിത്രത്തിൽ നോക്കി അവർ കൈകൂപ്പി.
“എന്റെ കർത്താവേ… പിശാചിന്റെ പാതയിലോട്ട് ഞാമ്പോയപ്പോ നിനക്കൊന്ന് നേർവഴികാട്ടിത്തരാരുന്നില്ല്യോ.. ഒരു പെൺകുഞ്ഞിന്റെ ജീവൻ ഞാങ്കാരണം ഇല്ലാതായില്ല്യോ. സ്ത്രീയാണ് ധനമെന്ന് പെണ്ണായി പിറന്നോർക്ക് മനസ്സിലാവുന്നില്ലാങ്കിൽ പിന്നെ ആരാണവളെ തിരിച്ചറിയുന്നത്.ന്റെ ജെസ്സിമോടെ സ്നേഹം.. അതിലും വലിയ എന്ത് ധനമാണ് ഈ ലോകത്തു ഞാൻ കണ്ടത്. അന്നമ്മച്ചി നെടുവീർപ്പിട്ടു.
ഓലത്തുഞ്ചത്ത് സ്ഫടികം കണക്കേ തിളങ്ങുന്ന മഴത്തുള്ളികൾ തന്നെ നോക്കി ചിരിക്കുന്നതു പോലെ അന്നമ്മച്ചിയ്ക്ക് തോന്നി. സൂര്യന്റെ വെളിച്ചത്തിന് അല്പംകൂടി ശക്തിയേറിയിട്ടുണ്ട്.
ഓൾഡ് ഏജ് ഹോമിൻ്റെ ജനാലയ്ക്കടുത്ത് നിൽക്കുന്ന ഞാവൽമരത്തിൻ്റെ ചോട്ടിൽ വാവലുകൾ ചപ്പി ഉപേക്ഷിച്ച ഞാവൽപ്പഴം ചിതറിക്കിടക്കുന്നു.
“ചിൽ, ചിൽ”മുറ്റത്തെ ഞാവൽമരത്തിൻ നിറയെ അണ്ണാറക്കണ്ണൻമാരുടെ ശബ്ദം.
അതിലൊരണ്ണാൻ ജനാലപ്പടിയിൽ കയറി അകത്തേക്കു നോക്കുന്നു. ജെസ്സിമോളെപ്പോലെ കുഞ്ഞരിപ്പല്ലുള്ള സുന്ദര മുഖം….’
അന്നമ്മച്ചിടെ കണ്ണുകളിൽ കണ്ണീർത്തുള്ളികൾ പുഞ്ചിരിച്ചു .
ചുണ്ടുകൾ വിടർത്തി അവർ പതിയെ വിളിച്ചു. ……………
“ജെസ്സിമോളേ…. “
ശ്രീവിദ്യാ സന്തോഷ്. ✍