രാവിലെ മോനും മരുമകളും ഓഫീസിലേക്കും കുട്ടികൾ സ്കൂളിലേക്കും പോയി കഴിഞ്ഞു അടുക്കള ഒതുക്കി ടി . വി. യുടെ മുൻപിൽ വന്ന് ഇരുന്നതേ ഉള്ളു സൂസമ്മ. കോളിങ്ങ് ബെൽ കേട്ട് കതകു തുറന്നതും ദാ നിൽക്കുന്നു നാത്തൂൻ സിസിലിയും ഭർത്താവു കുര്യച്ചനും. അയ്യോ ഇത് ആര് കയറി വാ. സൂസമ്മ വിരുന്നുകാരെ അകത്തോട്ടു ക്ഷണിച്ചു.
ഇതെന്നാ പറ്റി ഇങ്ങോട്ട് ഒന്ന് വരാൻ. സൂസമ്മ അതിശയം പ്രകടിപ്പിച്ചു.
അതെ ബാബുവിന് ഒരു കല്യാണം ഇവിടെ അടുത്ത് അവന്റെ കൂട്ടുകാരന്റെയോ മറ്റോ. കല്യാണത്തിന് ഈ വഴി വരുന്നു എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ കുര്യ ച്ചായനോട് പറഞ്ഞു നമുക്കും കൂടെ പോകാം നാത്തൂനെ ഒന്ന് കാണാം എന്ന്. ഞങ്ങളും കാറിൽ കയറി ഇരുന്നു. അവൻ ഞങ്ങളെ ഇവിടെ വിട്ടിട്ടു പോയി.തിരിച്ചു പോകുമ്പോൾ എടുത്താൽ മതിയല്ലോ.
അത് ഏതായാലും നന്നായി. എന്നാൽ പിന്നെ ജെസ്സി മോളെ കൂടി കൊണ്ടുവരാരുന്നില്ലേ? മരുമോളെ കുറിച്ചുള്ള സൂസമ്മയുടെ ചോദ്യം സിസിലിക്ക് അത്ര ഇഷ്ടപ്പെട്ടില്ല.ഓ പിന്നെ അവളും കൂടി വന്നാൽ വീട്ടിലെ പണി ഒക്കെ ആരു ചെയ്യും.വീട്ടിലെ പണി എടുക്കാൻ മാത്രം മകൻ ബാബു കെട്ടി കൊണ്ട് വന്നതാണ് ജെസ്സിയെ എന്നതാണ് സിസിലിയുടെ പക്ഷം.
നാത്തൂൻ അങ്ങ് ക്ഷീണിച്ചു പോയല്ലോ സിസിലി സൂസമ്മയെ നോക്കി പരിതപിച്ചു. അതെങ്ങനാ വീട്ടിലെ ജോലി മുഴുവൻ നാത്തൂൻ അല്ലെ ചെയ്യുന്നത്. മരുമകൾ ജോലി എന്നും പറഞ്ഞ് ഒരുങ്ങി കെട്ടി രാവിലെ പോകത്തില്ലയോ. പിന്നെങ്ങനാ ക്ഷീണിക്കാതിരിക്കുന്നത്.
നാത്തൂനേ ഞാൻ അന്നേ പറഞ്ഞതല്ലേ അവളെ ജോലിക്ക് വിടണ്ടാ എന്ന്. ഇങ്ങനെ പോയാൽ നാത്തൂൻ പണി എടുത്ത് ചാവും. ഇതിന്റെ വല്ല കാര്യവും ഉണ്ടോ. നാത്തൂൻ വേണം അവളെ നിലക്ക് നിർത്താൻ. ദേ എന്നെ കണ്ടു പഠിക്ക് ജെസ്സിയുടെ വിളച്ചിൽ ഒന്നും എന്റെ അടുത്തു നടക്കില്ല. മരുമോൾ ആണെന്നൊന്നും ഞാൻ ഓർക്കില്ല. നല്ലത് പറയും. ഞാൻ ഒന്ന് നോക്കിയാലേ അവളുടെ മുട്ട് ഇടിക്കും.
ഇത് അടിമ ചന്ത അല്ല എന്ന് പറയണം എന്ന് ഉണ്ടായിരുന്നു സൂസമ്മക്ക്. പറഞ്ഞില്ല. സിസിലിയുടെ സ്വഭാവം പണ്ടേ അറിയാം. ആളു ഇത്തിരിയേ ഉള്ളു എങ്കിലും നാക്കിനു ലൈസൻസ് ഇല്ല. നഞ്ച് എന്തിനാ നാനാഴി. തന്റെ കുടുംബത്തു വിഷം കലക്കാൻ കാളകൂടവും ആയി ഇറങ്ങിയിരിക്കുവാണ് മന്ഥര.
പണ്ട് തന്റെ കല്യാണം കഴിഞ്ഞ കാലത്തും ഇത് തന്നെ ആയിരുന്നു പണി. കെട്ടിച്ചു വിട്ട വീട്ടിൽ നിന്നും ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും സ്വന്തം വീട്ടിലേക്കു ഷട്ടിൽ അടിക്കും.ഒതുക്കത്തിൽ അമ്മയുടെ അടുത്ത് തനിക്ക് എതിരെ പാര പണിഞ്ഞിട്ടു ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടിൽ ഒരു പോക്ക് പോകും . അക്കാലത്തു താൻ കുറെക്കാലം അനുഭവിച്ചതാണ്. ഇപ്പോൾ മരുമോളെയും തന്നെയും തമ്മിൽ അടിപ്പിച്ചു കുടുംബം കലക്കാൻ നോക്കുന്നു.
ആട്ടിൻ കുട്ടികളെ തമ്മിൽ അടിപ്പിച്ചു ചോര കുടിച്ച കുറുക്കന്റെ കഥ ഓർമ വന്നു സൂസമ്മക്ക്. വിദ്യാഭ്യാസം ഉള്ള ജോലി ഉള്ള പെണ്ണ് വേണം മകന് എന്നായിരുന്നു ആഗ്രഹം. അതുപോലെ തന്നെ നടന്നു. അവൾക്ക് ജോലിയും, സൗന്ദര്യവും സ്വഭാവ ഗുണവും ഉണ്ട്. പട്ടുപോലത്തെ സ്വഭാവം. രാവിലെ തന്റെ കൂടെ എഴുന്നേൽക്കും. കൂടെ നിന്ന് എല്ലാ ജോലിയും ചെയ്യും. തന്റെ കാര്യങ്ങൾ ഭംഗി ആയി നോക്കും. മമ്മി എന്നും വീട്ടിൽ തന്നെ അല്ലെ എന്നും പറഞ്ഞു അവധി ദിവസങ്ങളിൽ പാർക്കിലും, ബീച്ചിലും, സിനിമക്കും ഒക്കെ കൊണ്ടുപോകും. ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ വള്ളി പുള്ളി വിടാതെ പറഞ്ഞു കേൾപ്പിക്കും.
പണ്ടൊരു പ്രണയം ഉണ്ടായിരുന്നത് പൊട്ടി പാളീസായ കഥ വരെ തന്നോട് പറഞ്ഞിട്ടുണ്ട്. സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം തന്നോട് ഷെയർ ചെയ്യും. അവളുടെ വീട്ടിലെ എല്ലാ കാര്യങ്ങളും തന്നോട് പറയും. ഇടയ്ക്കിടെ സമ്മാനങ്ങൾ വാങ്ങി തരും. വിശുദ്ധ നാടുകൾ സന്ദർശിക്കണം എന്ന തന്റെ ഉള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന ആഗ്രഹം മണത്തറിഞ്ഞു അതിന് വേണ്ടതെല്ലാം ചെയ്തു തന്നതും അവൾ ആണ്. ചിലപ്പോളൊക്കെ കൂടെ വന്നു കെട്ടിപ്പിടിച്ചു കിടക്കും ഒരു കുഞ്ഞിനെ പോലെ.
അവൾക്കെതിരെ പോര് എടുക്കാൻ ആണ് പുന്നാര നാത്തൂൻ പിരി കേറ്റി തരുന്നത്. മനസ്സിൽ വച്ചേക്കുകയെ ഉള്ളു ഇവിടെ ചിലവാകില്ല. സൂസമ്മ മനസ്സിൽ പറഞ്ഞു.
കൂട്ടി കൊണ്ട് പോകാൻ ബാബു വരുന്നത് വരെ സിസിലി സ്വന്തം മരുമകളുടെ കുറ്റങ്ങളും, സൂസമ്മ എങ്ങനെ ആണ് മരുമോളെ നിലക്ക് നിർത്തേണ്ടത് എന്ന വിഷയത്തിൽ വളരെ ആത്മാർത്ഥമായി ഒരു ക്ലാസും എടുത്തു കൊടുത്തു.
അവർ പോയി കഴിഞ്ഞപ്പോൾ സൂസമ്മ കുട്ടികൾക്ക് ഇഷ്ടം ഉള്ള പഴം പൊരി ഉണ്ടാക്കി അടച്ചു വച്ചു. സ്കൂൾ ബസ് നോക്കി ഗേറ്റിൽ വന്ന് നിന്നു.
രാത്രി അത്താഴത്തിന്റെ സമയത്താണ് സിസിലിയും കുര്യച്ചനും വന്ന വിവരം സൂസമ്മ പറഞ്ഞത്. കേട്ടതേ ജോബി ചോദിച്ചു ആർക്കിട്ടു പാര വയ്ക്കാനാ മമ്മി സിസിലി അമ്മായി വന്നത്. വെറുതെ വരാൻ വഴി ഇല്ല. ഒന്നും കാണാതെ പട്ടര് കുളത്തിൽ ചാടുകേല. ഇവൾക്കിട്ട് പാര വയ്ക്കാൻ വന്നതാണോ അവൻ ഭാര്യയെ നോക്കി.
നീ പോടാ അവര് എന്നെ കാണാൻ വേണ്ടി മാത്രം വന്നതാ.
ഓ ഞാൻ വിശ്വസിച്ചു. ഇന്നും ഇന്നലെയും ഒന്നും അല്ലല്ലോ ഞാൻ അമ്മായിയെ കാണാൻ തുടങ്ങിയത്. മറ്റുള്ളവർക്കിട്ടു പാര പണിയാൻ അല്ലാതെ ഒന്നിനും അമ്മായി നാക്കു പുറത്ത് എടുക്കില്ല എന്ന് എനിക്ക് അറിയാം. കുടുംബം കലക്കുന്നതിൽ റെക്കോർഡ് നേട്ടം ആണ് അമ്മായിക്ക്. ഇന്നുവരെ ആ റെക്കോർഡ് ആർക്കും ഭേദിക്കാൻ കഴിഞ്ഞിട്ടില്ല. ജോബിയുടെ തമാശ കേട്ട് എല്ലാവരും ചിരിച്ചു.
രാത്രി കിടക്കാൻ റൂമിൽ എത്തിയ ഭാര്യയെ നോക്കി ജോബി ചിരിച്ചു. എന്താ ഒരു കള്ളചിരി ? എന്തു പറ്റി.
ഇന്നിവിടെ ഇടി നാശവും വെള്ള പൊക്കവും ഒക്കെ ഉണ്ടാകേണ്ടതാ . നിന്റെ കാര്യം കട്ടപ്പൊക ആയേനെ. സിസിലി അമ്മായി അല്ലേ വന്നിട്ട് പോയത്. ഭൂകമ്പം ഉണ്ടാകാൻ വേറെ കാരണം വല്ലതും വേണോ. കുത്തി തിരിപ്പ് കണ്ടു പിടിച്ചത് തന്നെ എന്റെ അമ്മായി ആണ്. ഞാനും മമ്മിയും സമാധാന പ്രിയർ ആയത് നന്നായി. അല്ലാരുന്നേൽ കാണാരുന്നു.
എന്തു കാണാൻ അമ്മായി അല്ല ആര് നോക്കിയാലും മമ്മിയുടെ അടുത്ത് ഒന്നും നടക്കില്ല മോനെ, അത് തനി തങ്കം ആണ്. ഇരുപത്തി നാല് കാരറ്റ്. പിന്നെ നിങ്ങൾ മാത്രം അല്ല ഞാനും സമാധാന പ്രിയ ആണ്.
ഓഹോ അങ്ങനെ ആണോ ചുമ്മാതെ അല്ല നാട്ടുകാർ പറയുന്നത്, നമ്മുടെ വീടിനു ചുറ്റും വെള്ളപ്പൊക്കം ആണെന്ന്, സമാധാനം വഴിഞ്ഞ് ഒഴുകിയിട്ട്…
അയ്യെടാ എന്തൊരു ചളി, സമാധാനത്തിന്റെ വെള്ളരി പ്രാവ് അങ്ങോട്ട് നീങ്ങി കിടക്ക്. ഞാനും കിടക്കട്ടെ. നാളെ ഡ്യൂട്ടി ഉള്ളതാണ്.
ഈ സമയം ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങിയ സിസിലിയെ തോണ്ടി വിളിച്ചു കുര്യച്ചൻ ചോദിച്ചു, അല്ല സിസിലി നീ എന്തിനാ സൂസമ്മയോട് മരുമോളുടെ കുറ്റം പറഞ്ഞത്. ആ പെണ്ണ് ഒരു പാവം അല്ലേ.
അയ്യെടാ ഒരു പാവം. അവൾ ഒരു ഉദ്യോഗസ്ഥ വന്നിരിക്കുന്നു. അവൾക്കിട്ട് ഒരു പണി കൊടുക്കണം എന്ന് കുറെ നാൾ ആയി വിചാരിക്കുന്നു. അതുമല്ല എവിടെ ചെന്നാലും സൂസമ്മയുടെയും മരുമോളുടെയും വിശേഷങ്ങളെ കേൾക്കാൻ ഉള്ളു. അങ്ങനെ അവളിപ്പോൾ ഞെളിയണ്ട.ഇങ്ങനെ ഉണ്ടോ ഒരു അമ്മായി അമ്മയും മരുമോളും.
ആ ജോബി ആണേൽ അവളെ തലേൽ വച്ചോണ്ടാ നടക്കുന്നത്. പണ്ടൊക്കെ അവന് എന്നെ എന്ത് ഇഷ്ടം ആയിരുന്നു. ഇപ്പോൾ ഒന്ന് വിളിക്കത്തു പോലും ഇല്ല.
അപ്പോൾ അതാണ് കാര്യം. കാക്ക നെല്ല് തിന്നുന്നത് കോഴിക്ക് സഹിക്കുന്നില്ല.
ജാത്യാ ഗുണം തൂത്താൽ മാറില്ലല്ലോ. കുര്യച്ചൻ ആത്മാഗതം ചെയ്തു.
വല്ലതും പറഞ്ഞാരുന്നോ?
ഓ ഒന്നുമില്ല,
നീ പറഞ്ഞത് ശരിയാന്ന് പറയുവാരുന്നു.
ഉള്ള കഞ്ഞിയിൽ എന്തിനു പാറ്റ ഇടണം. മിണ്ടാതെ ഇരിക്കുന്നതാണ് ബുദ്ധി. ഇതൊന്നും നന്നാകുന്ന കേസ് അല്ല എന്ന് പണ്ടേ മനസ്സിലായതാണ്.കുര്യച്ചൻ പുതപ്പു എടുത്ത് തലവഴി മൂടി, ഉറക്കം നടിച്ചു കിടന്നു.
സുജ പാറുകണ്ണിൽ ✍️
👍👍👍
Very good heart touch story .