അവർ…
ആവിയാകാനും,
അളിഞ്ഞുപോകാനും,
ഏറെ
കാതങ്ങളിനിയില്ലായെന്നറിഞ്ഞിട്ടും
അറിവും അർത്ഥവും അധികാരവും,
കൊതിയോടെ ഊറ്റിക്കുടിച്ചു കോണ്ടേയിരിക്കുന്നവർ.
അവർ..
ആട്ടങ്ങൾ നിലച്ചാൽ,
ക്ഷണനേരം കൊണ്ടു്
ചാരമാവാനും,
ഉറുമ്പിനു പോലും
ഇരയായിത്തീരുന്നവർ.
അവർ..
കെട്ടുപോകാനായി
ആളിക്കത്തുന്നവർ.
എന്നും വെളിച്ചമായിത്തീരാൻ
കൊതിക്കുന്നവർ.
ചിന്തകളിൽ, അവരേത്തന്നെ
സ്കാൻ ചെയ്തു കൊണ്ടേയിരിക്കുന്നവർ.
എപ്പോഴും ഉള്ളിൽ
നിലയ്ക്കാത്ത ഓർമ്മകളുടെ സ്കാനിങ്….
പതിവായി തൻ്റെ പാദമുദ്രകൾ പതിഞ്ഞ വീഥികൾ,
തന്നെ തലോടിയകന്ന ഗന്ധങ്ങൾ,
കൊടുക്കാൻ മറന്ന ഉമ്മകൾ,
കയ്യെത്തും ദൂരത്തെത്തിയുടഞ്ഞ
സ്വപ്നങ്ങൾ,
ആഴ്ന്നിറങ്ങിയ മുറിവുകൾ,
വിശപ്പിന്റെ വലകൾ,
കാമനകളുടെ കിതപ്പുകൾ,
വെയിൽ തിന്ന വസന്തങ്ങൾ….
ചിന്തകളിലേക്ക് ചേക്കേറാൻ,
പഴയ സൈക്കിൾ..,
സ്കൂളിലേക്കുള്ള വഴി..,
ഫംഗസ് പാതിയും പകുത്തെടുത്ത ബാല്യകാല കറുപ്പ് വെളുപ്പ് ഫോട്ടോകൾ..,
കല്യാണമണ്ഡപം..,
ഓർമ്മകളിലെ പഴയ കുപ്പായങ്ങൾ….
ചാരുകസേര ….,
കുളിക്കടവ്..,
ഓർമ്മയിലെ അങ്ങാടി..,
സിനിമ കൊട്ടക.
മനസിന്റെ തിരുമുറ്റത്ത് തടുത്തിട്ടിരിക്കുന്ന ഓർമ്മകളെ ഇനിയും, സ്ക്കാൻ ചെയ്യണം.
ഒരുപക്ഷേ അപ്പോൾ മുതൽ നിങ്ങളിലൊരു ഭിഷഗ്വരൻ പിറവിയെടുത്തേക്കാം
കമർ ബേക്കർ,
ദുബായ്