ഒറ്റയ്ക്ക് താമസിക്കുന്ന
മടിയന്മാരുടെ മുറിയിലേക്ക്
കടന്ന് ചെന്നിട്ടുണ്ടോ..?
ആകെയുള്ള മൂന്ന് കസേരകൾ
കല്യാണപിറ്റേന്നത്തെപോലെ
പരന്നുകിടക്കുന്ന ആ മുറി
വേലിയേറ്റത്തിരകളാൽ
അലങ്കോലപ്പെട്ട് കിടക്കുന്ന
തീരദേശപ്രദേശംപോലെയായിരിക്കും.
മുഷിഞ്ഞുനാറിയിട്ടും കഴുകാതെയിട്ടിരിക്കുന്ന
വസ്ത്രങ്ങളിലേക്ക് തുറിച്ചുനോക്കി
ഇവയെല്ലാം കൂട്ടിയിട്ട്
കത്തിച്ചുകളയുന്നതാവും നല്ലതെന്ന് ചിന്തിച്ചേക്കും
കമ്പ്യൂട്ടറിന്റെ മേശമേൽ
കൈ വെയ്ക്കാറുള്ള ഭാഗത്തിന്
ചുറ്റും പൊടിപിടിച്ചിരിക്കുന്നത്
അവനൊഴികെ മറ്റെല്ലാവർക്കും കാണാം.
പാത്രങ്ങൾ കുമിഞ്ഞുകൂടിക്കിടക്കുന്ന സിങ്കിലെ
വെള്ളക്കെട്ടിന് മേലെയുള്ള പാടയിൽനിന്നും
എണ്ണ വേർതിരിച്ചെടുക്കുന്ന സംവിധാനത്തെ കുറിച്ച്
കൂലങ്കുഷമായി ഗവേഷണം നടത്താൻ തോന്നും
ചെറുപ്രാണികൾ വട്ടമിട്ട് പറക്കുന്ന
വേയ്സ്റ്റ് ബക്കറ്റിന് ചുറ്റും
ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾ
മുൻസിപ്പാലിറ്റിയുടെ ചവറ്റുകുട്ടയെയല്ലാതെ
മറ്റെന്താണ് ഓർമ്മിപ്പിക്കുക
ഇരുട്ട് നിറഞ്ഞ മൂലകളിൽ
സകുടുംബം വസിക്കുന്ന പാറ്റകൾ
ആ മുറിയിലെ നിഗൂഢതകൾക്ക്
സാക്ഷ്യം വഹിക്കും
തൂവിപ്പോയ കഞ്ഞിയും ചായയും
ഭൂരേഖ പാടുകൾ തീർത്ത സ്റ്റൌവ്വിനുചുറ്റും
കടുകും അനുസാരികളും രാജ്യങ്ങളെ അടയാളപ്പെടുത്തും.
പഴക്കമുള്ളതെല്ലം പുത്തനാക്കുന്ന
ഉള്ളുപൂത്ത ഓവനെ തലയിലേറ്റിയ
ഫ്രിഡ്ജാണ് അതിലേറെ നിർഭാഗ്യവാൻ
സ്വന്തം നാറ്റമറിഞ്ഞിട്ടും നിഷ്ക്രിയനായി
തണുത്ത് വിറച്ച് ജീവിക്കണം.
ഉണക്കമീൻ മണക്കുന്ന കടപ്പുറത്തെ വീട്ടിലേക്ക്
വിരുന്നുചെല്ലുന്നത് പോലെ
താമസിക്കുന്നവനില്ലാത്ത മണങ്ങൾ
പിടിച്ചെടുക്കാൻ കഴിയുന്ന മൂക്കുമായി
ആരെങ്കിലും മുറിയിലേക്ക് വരുന്നുണ്ടെന്നറിഞ്ഞാൽ
പിന്നെ സ്വയം പ്രാകിക്കൊണ്ട് ഭഗീരഥപ്രയത്നമാണ്.
ഭാഗ്യം..!
അടുക്കടുക്കായി ഭംഗിയിൽ വെച്ചിരിക്കുന്ന
പുസ്തകങ്ങൾക്ക് മാത്രം ഒന്നും സംഭവിക്കില്ല.
കാരണം, അവ വായിക്കാനെടുക്കാറില്ലല്ലൊ.
സുരഭി ഫൈസൽ✍