ഉറങ്ങൂ നീ മണിക്കുഞ്ഞേ ഞാനുണരും വരെ
എന്നുറക്കവുമുണർവും നിനക്കായെന്നോമനെ
നീ ഉണർന്നിരിക്കുമ്പോൾ ഉറങ്ങാതിരിക്കാൻ
ഒന്നിളവേൽക്കട്ടെ ഞാൻ ഇനി നീയുണരും വരെ.
ഒരു മുഴം മുണ്ടിനാൽ ഒരു പൊക്കിൾക്കൊടി പോലെ
ഒരു രക്ഷച്ചരടായി നിന്നെയെന്നുടലോടു ചേർത്തു ബന്ധിച്ചതിന്നു പരിഭവമരുതേ നീ പിണങ്ങരുതേ.
അകതാരിലെന്നും നീ അടരാതിരിക്കുമ്പോഴും
നിന്നച്ഛനുള്ളിൽ ആധി നിറയുന്നു പൊന്നോമനേ
ആർത്തിമൂത്തുഴലുന്ന ചെന്നായ്ക്കൾ
പതിയിരിക്കുന്നൂ, ചുറ്റും പരതി നടക്കുന്നു.
ചുവരിനുമായിരം ചെവികളുണ്ടോമനെ
നീ കരഞ്ഞീടല്ലേ, കൊഞ്ചിച്ചിരിച്ചിടല്ലേ.
കരിയില കരയുന്നോ,
ഏതോ മാർജ്ജാരപാദത്തിന്നൊച്ച കേൾക്കുന്നുവോ
ഇരുളിന്റെ മറപറ്റി ഇരുകാലി വ്യാഘ്രങ്ങൾ
ഇരതേടിയലയുന്നു കാമം നുരഞ്ഞ കണ്ണാൽ.
പകലിനെ ഇരവാക്കി, ഇരവിനെ പകലാക്കി
ഞാൻ കൂട്ടിരിക്കാം നിനക്ക് വേണ്ടി.
ഉണർന്നാലുമൊരിടവും പോകാതെയെൻ കുഞ്ഞേ അരികിലായ്ത്തന്നെ അണഞ്ഞുനിൽക്കൂ നിന്നമ്മക്കിളി കൂടണയും വരെ.
എൻ ജീവിതവാടിതൻ സാഫല്യം നീ,
എന്റെ സ്വപ്നങ്ങൾക്കിന്നു നിറം ചാർത്തും
കുഞ്ഞിളം മൊട്ടു നീ,
നാളെ ഒരു വജ്രപുഷ്പമായ് വിടർന്നു നിന്നീടിലും
വണ്ടുകൾ വന്നണഞ്ഞാഘ്രാതമേൽക്കാതെ,
നിൻ മൃദു ദളങ്ങളെ പുഴുകുത്തിക്കരളാതെ
ഞാൻ കാവൽ നിൽക്കാം.
എന്നുള്ളിലാനന്ദ കുളിർ ചിന്നി,
മുത്തുമണി ചിതറി,
കളകളമിളകുന്ന പുഴയാണു നീ,
ഉറവ വറ്റാത്തൊരെൻ തെളിനീരുമായിന്നു ചേർന്നൊഴുകൂ,
തുഴയെറിയാം ഞാൻ, നീ കടലുമായ് ചേരും വരെ.
മഞ്ജുള ചന്ദ്രകുമാർ✍