17.1 C
New York
Thursday, December 2, 2021
Home Literature മകളില്ലാ വീട് (കഥ)

മകളില്ലാ വീട് (കഥ)

ദീപ മംഗലം ഡാം ✍️

പ്രമീളയുടെ കണ്ണുകളിൽ നിന്നും കവിളുകൾ പൊള്ളിച്ചെരിഞ്ഞിറങ്ങുന്ന നൊമ്പരത്തുള്ളികൾ ഒഴുകിവീണത് മടിയിൽകിടന്ന് കളിക്കുന്ന നിധിമോളുടെ മുഖത്തേക്കായിരിരുന്നു. മ്മാ ന്നു കൊഞ്ചി വിളിച്ചു നിധിമോൾ പ്രമീളയുടെ മടിയിൽ നിന്നും ഊർന്നിറങ്ങി അവളുടെ തോളിൽ പിടിച്ചുനിന്നു അമ്മയുടെ മുഖത്തേക്ക് ചെരിഞ്ഞു നോക്കുമ്പോൾ രണ്ടു ദിവസമായി പതിവില്ലാതെ അമ്മയുടെ മുഖത്ത് കാണുന്ന കണ്ണീരും സങ്കടവും എന്തിനെന്നു അറിയാത്തൊരു ഭാവമുണ്ടായിരുന്നു.
” ച്ഛാ പ്പ ഉം…. “
പടിക്കലേക്ക് വിരൽചൂണ്ടി കുഞ്ഞുവിരലുകൾകൊണ്ട് നിധിമോൾ പ്രമീളയുടെ കണ്ണുകൾ തുടച്ചപ്പോൾ നിയന്ത്രണം വിട്ട് പ്രമീള പൊട്ടിക്കരഞ്ഞു.പിന്നെ കുഞ്ഞിനെ തന്റെ ഹൃദയത്തിനുള്ളിലൊളിപ്പിച്ചു വെയ്ക്കുംപോലെ മാറോട്ചേർത്ത്പിടിച്ചു. ഇരുകൈകളിലും കവറുകളുമായി പടികടന്നെത്തിയ രവീന്ദ്രന്റെ കാതുകളിൽ ഈയം ഉരുക്കിയൊഴിച്ചതുപോലെ പ്രമീളയുടെ കരച്ചിൽ തുളഞ്ഞിറങ്ങി. ഈ കരച്ചിൽ തടഞ്ഞു നിർത്താൻ തനിക്കിനി ഈ ജന്മം കഴിയില്ലല്ലോയെന്ന് അദ്ദേഹം വേദനയോടെ ഓർത്തുപോയി. കയ്യിലിരുന്ന കവറുകൾ തിണ്ണയിൽ വെച്ചു തിരിഞ്ഞതും പ്രമീളയെ ചാരിനിന്ന നിധിമോൾ ച്ഛാ ന്നു വിളിച്ചു രവീന്ദ്രന്റെ നേർക്ക് കൈകൾ നീട്ടി. മോളെ വാരിയെടുത്തു മുത്തം നൽകുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളും നിറഞ്ഞൊഴുകി. ഒന്നുമൊന്നും മനസ്സിലാവാതെ നിധിമോൾ അവരെ മാറിമാറി നോക്കുമ്പോൾ അകലെ ചക്രവാളങ്ങളിൽ ഇരുൾ ചേക്കേറാൻ തുടങ്ങിയിരുന്നു.

നിധിമോൾക്ക് ഭക്ഷണം കൊടുത്തുറക്കിയതിന് ശേഷം പ്രമീള രവീന്ദ്രൻ കൊണ്ടുവന്ന കവറുകളിൽ നിന്നും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും പെട്ടിയിൽ അടുക്കിവെച്ചു. കട്ടിലിനു താഴെ കടലാസ് ബോക്സിൽ സൂക്ഷിച്ചിരുന്ന കുഞ്ഞു പാവകളും മറ്റു കളിക്കോപ്പുകളും ഒരു ബാഗിൽ ഒതുക്കിവെച്ചു. തൊട്ടിലിൽ ഉറങ്ങികിടക്കുന്ന കുഞ്ഞിനെ ഒന്നുകൂടി നോക്കി പ്രമീള ഡൈനിംഗ് ഹാളിലേക്ക് വരുമ്പോൾ ടേബിളിൽ എടുത്തുവെച്ച ഭക്ഷണം കഴിക്കാൻ മറന്നുപോയതുപോലിരിക്കുകയായിരുന്നു രവീന്ദ്രൻ.

“കഴിക്കുന്നില്ലേ രവിയേട്ടാ”

അടുത്തേക്ക് വന്ന പ്രമീളയുടെ ചോദ്യം കേട്ട് രവീന്ദ്രനൊന്ന് ഞെട്ടി. മുറിഞ്ഞുപോയ ചിന്തകളിൽ നിന്നും മനസ്സിനെ വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ട് അദ്ദേഹം പ്രമീളയെ നോക്കി.
” വയ്യെടോ ഒന്നും കഴിക്കാനുള്ള മനസ്സില്ല. വിശപ്പും തോന്നുന്നില്ല. താൻ കഴിച്ചിട്ട് വരൂ. “

ഒരു വറ്റുപോലും തന്റെ തൊണ്ടയിൽനിന്നും ഇറങ്ങില്ലല്ലോയെന്ന് വേദനയോടെ ഓർത്ത് പ്രമീള എല്ലാമെടുത്തു ഫ്രിഡ്ജിൽ വെച്ചു. അടുക്കളയൊതുക്കി റൂമിലേക്ക് വരുമ്പോൾ തൊട്ടിലിൽ നിന്നും മോളെ എടുത്തു ബെഡിൽ കിടത്തി അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു രവീന്ദ്രൻ.

” ഏട്ടാ”

അടുത്ത് വന്നിരുന്നു പ്രമീള വിളിച്ചപ്പോൾ അദ്ദേഹം തിരിഞ്ഞു പ്രമീളയെ നോക്കി.

“മോളെകൊണ്ടുപോകാൻ അവർ നാളെ എപ്പഴാ വരുന്നത്”

“ഉച്ചകഴിയും എന്നാണ് പറഞ്ഞത് “

” നമ്മുക്കിനിയൊരിക്കലും മോളെ കൊഞ്ചിക്കാൻ ആവില്ലല്ലേ, അവളിനിയൊരിക്കലും കൊഞ്ചലോടെ നമ്മളെ അച്ഛാന്നും അമ്മേന്നും വിളിക്കില്ലല്ലേ
മോളിനി നമ്മുക്ക് സ്വന്തമല്ല അല്ലേ രവിയേട്ട “

ഒരുപൊട്ടിക്കരച്ചിലോടെ തന്റെ നെഞ്ചിലേക്കുവീണ പ്രിയതമയെ അദ്ദേഹം ചേർത്തുപിടിച്ചു. ഒരുവർഷമായി തങ്ങളെ തലോടി നിൽക്കുന്ന സന്തോഷം നാളെ പടിയിറങ്ങുകയാണ്. ഇനിയൊരിക്കലും തളിർക്കില്ലെന്ന് കരുതിയ മുരടിച്ച പൂവാടിയിലേക്ക് വസന്തമായി വന്ന കുഞ്ഞു മാലാഖ. അവൾക്കായി തങ്ങൾക്കുള്ളതെല്ലാം വെച്ചുനീട്ടുമ്പോൾ സ്വർഗ്ഗം പടിയിറങ്ങി തങ്ങളുടെ കൊച്ചുവീട്ടിലേക്കെത്തിയ സംതൃപ്തിയിലായിരുന്നു താനും പ്രമീളയും.
ഇന്നിതാ പ്രളയമെടുത്തതുപോലെ എല്ലാം നഷ്ടമാകാൻ പോകുന്നു.പ്രമീളയുടെ കണ്ണിൽ നിന്നും
തന്റെ നെഞ്ചിലേക്ക് ഉരുകിയിറങ്ങിപ്പടരുന്ന കണ്ണുനീരിന്റെ പൊള്ളലിൽ വേവുമ്പോഴും ഒരു പ്രാർത്ഥനപോലെ ആ മനസ്സ് ഉരുവിട്ടത് ഈ രാവ്‌ പുലരാതിരുന്നെങ്കിൽ എന്നായിരുന്നു.

അടുത്തുള്ള ദേവിക്ഷേത്രത്തിൽനിന്നും ഒഴുകിയെത്തുന്ന സുപ്രഭാതം. ഉറങ്ങാത്ത രാവിന്റെ ആലസ്യമായി കനം തൂങ്ങി നിൽക്കുന്ന കൺപോളകൾ വലിച്ചുതുറന്നു പ്രമീള എഴുന്നേറ്റു. അരികിൽ മോളെ പുണർന്നുകിടക്കുന്ന രവീന്ദ്രനും ഉറങ്ങിയിരുന്നില്ല. അപ്പോഴും നിധിമോൾ നല്ല ഉറക്കിത്തിലായിരുന്നു. അന്ന് പകൽ മുഴുവൻ അടുത്ത വീട്ടുകാരുടെ കൈകളിലായിരുന്നു നിധിമോൾ. അത്രമേൽ എല്ലാവർക്കും ഓമനയായവൾ. വാർത്തകളിൽ നിറയുംവരെ അവൾ തങ്ങളുടെ സ്വന്തമെന്നാണ് അവരും കരുതിയിരുന്നത്. വളരുമ്പോൾ അവളിതൊന്നും അറിയാതിരിക്കാനാണ് നാടും വീടും വിട്ട് തങ്ങളിവിടേക്ക് വന്നത്. പക്ഷേ വെള്ളത്തിൽ വരച്ച വരപോലെ എല്ലാം മാഞ്ഞുപോകാൻ നേരമാകുന്നു. അന്ന് അടുക്കളയിൽ കേറാനോ എന്തെങ്കിലും വെച്ചുണ്ടാക്കാനോ പ്രമീളക്കായില്ല. അടുത്ത വീട്ടിൽ നിന്നും നിധിമോളുടെ ചിരിയും ബഹളവും കേൾക്കുന്നുണ്ട്. ഇടക്ക് രവീന്ദ്രനൊരു ഫോൺ കാൾ വന്നു. സംസാരം അവസാനിപ്പിച്ചു തിരിഞ്ഞ രവീന്ദ്രൻ പ്രമീളയോട് കുഞ്ഞിനെ എടുത്തുകൊണ്ടുവന്നു കുളിപ്പിച്ച് ഒരുക്കി നിർത്താൻ പറയുമ്പോൾ ആ മുഖം നിർവികാരമായിരുന്നു.

ഒരു യന്ത്രത്തെപ്പോലെ നിധിമോളെ കുളിപ്പിച്ചൊരുക്കുന്ന പ്രമീളയെ നോക്കി അതേ ഭാവത്തിൽ അദ്ദേഹം ഉമ്മറത്തെ ചാരുകസേരയിൽ തളർന്നിരുന്നു. പുതിയ ഉടുപ്പിട്ട സന്തോഷത്തിൽ നിധിമോൾ അച്ഛന്റെ അടുത്തേക്ക് പിച്ചവെച്ചു. ഉടുപ്പിൽ വലിച്ചു തന്നെ കാണിച്ചുതരുന്ന ആ കുഞ്ഞിന്റെ സന്തോഷം അദ്ദേഹത്തെ കൂടുതൽ തളർത്തുകയായിരുന്നു. കുഞ്ഞിനെ വാരിയെടുത്തു തുരുതുരെ ഉമ്മ നൽകുമ്പോഴായിരുന്നു പടിക്കലേക്ക് ഒരു വണ്ടി വന്നു നിന്നതും പ്രമീള ഓടി തന്റെ അരികിലേക്ക് വന്നു നിധിമോളെ പിടിച്ചു വാങ്ങിയതും…

നടപടിക്രമങ്ങളൊക്കെ കഴിഞ്ഞു.
കുഞ്ഞിനെ കൈമാറാനുള്ള സമയമാകുന്നു. ചുറ്റുമുള്ള അപരിചിത മുഖങ്ങളിൽ മാറിമാറി നോക്കി നിധിമോൾ അമ്മയിലേക്ക് കൂടുതൽ പറ്റിച്ചേരാൻ നോക്കുന്നു. ഇടക്കവൾ തലപൊക്കി അവരെയൊന്നു നോക്കും. തന്നെ നോക്കി അവർ പുഞ്ചിരിക്കുമ്പോൾ അവളുടെ ചുണ്ടിൻ കോണിലും ഒരു ചിരി വിടരുമെങ്കിലും അവൾ നാണിച്ചു പ്രമീളയുടെ തോളിലേക്ക് ചായും. വന്നവരിൽ ഒരാൾ ഉമ്മറത്തു വെച്ചിരുന്ന നിധിമോളുടെ പെട്ടിയെടുത്തപ്പോൾ തന്റെ ജീവൻ ഇറുത്തെടുക്കുന്ന നൊമ്പരത്തോടെ രവീന്ദ്രൻ പ്രമീളയിൽ നിന്നും കുഞ്ഞിനെ വാങ്ങി കാത്തുനിന്ന ഉദ്യോഗസ്ഥന്റെ കൈകളിലേക്ക് കൊടുത്തു. യാത്ര പോകാൻ ഇഷ്ടമുള്ള നിധിമോൾ തന്റെ കൂടെ അച്ഛനും അമ്മയും വരുന്നില്ലെന്ന് കണ്ടപ്പോൾ കരയാൻ തുടങ്ങി…
തങ്ങളിൽ നിന്നും അകന്നുപോകുന്തോറും അവളുടെ കരച്ചിലിന്റെ ശക്തി കൂടുന്നതും. ഊർന്നിറങ്ങാൻ ശ്രമിക്കുന്നതും കണ്ണീരിനിടയിലെ അവ്യക്തക്കാഴ്ചയായപ്പോൾ നിധിമോൾ അതുവരെ ഇട്ടിരുന്ന കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് കരയാൻ മറന്നു നിന്ന പ്രമീള തളർന്നു രവീന്ദ്രനിലേക്ക് ചാഞ്ഞു.
വീണ്ടും തങ്ങളുടെ മനസ്സു പുണരാൻ വെമ്പൽ കൂട്ടുന്ന ഇരുളിലേക്ക് ആ ജീവിതങ്ങൾ കടപുഴകി വീഴുമ്പോൾ മുകളിൽ ആകാശവും ഇരുണ്ടുമൂടി…

ആ രണ്ടുപേരുടെ നെഞ്ചിൽ ഉരുകിത്തിളക്കുന്ന നൊമ്പരമണയ്ക്കാൻ ഭൂമിയിലേക്കടർന്നൊഴികിപ്പടരുന്ന മഴത്തുള്ളികൾക്കാകുമോ?

ദീപ മംഗലം ഡാം ✍️

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: