ജന്മം കൊടുത്തവരുടെ കൈകളാൽ ലോകമെമ്പാടും അനുദിനം ഹോമിക്കപ്പടുന്ന ജന്മങ്ങളുടെ ഓർമയ്ക്കു
മുമ്പിൽ ഈ കവിതസമർപ്പിക്കുന്നു.
ഭ്രൂണവിലാപം
അമ്മേ! എന്നമ്മേ! ഞാൻ യാത്രയായീടട്ടെ,
അമ്മയാരാണെന്നറിഞ്ഞതില്ലെങ്കിലും
അന്നം രുചിച്ചതില്ലെങ്കിലുമിന്നു ഞാൻ
അമ്മിഞ്ഞപ്പാലിൻ മണമറിഞ്ഞില്ല
അന്ധകാരത്തിൻ്റെ കോണികളേറുമ്പോൾ
അന്തികെ നിന്നോർമയെത്തിടട്ടെ
അന്തരംഗം പുകഞ്ഞീടിലുമീ യാത്ര
അന്ത്യം വരെ തുടർന്നീടണം ഞാൻ.
എങ്ങോ പൊലിഞ്ഞു മറഞ്ഞതാണീ സ്വപ്നം
എങ്ങുനിന്നെന്നതറിഞ്ഞതില്ല
എൻ പാപ ദോഷമോ എൻ താത നിഷ്ടമോ
എന്നെയിപ്പാരിലയച്ചതിന്ന്.
ഇത്ഥം വിലാപങ്ങളൊന്നുമേ പാടില്ല
ഇദ്ധരെ വാസം നിഷിദ്ധമല്ലോ
മുഗ്ദമാമോർമ്മകളിൽ പോലും മൂർദ്ധാവിൽ
മുത്തം തരാനെനിക്കാരുമില്ല
ജന്മജന്മാന്തരങ്ങളിൽ തെരയുമെൻ
ആത്മാവിലഗ്നി ചിതറിടുന്നു
ചിത്തം ചിതയിലെരിഞ്ഞിടുമ്പോൾ ചിന്ത
ചീളുകളുള്ളിൽ തറച്ചിടുന്നു.
മർത്യ ജന്മത്തിൻ്റെ മൂർത്തമാം ഭാവങ്ങൾ
ആർത്തിയോടെന്നെപ്പുണർന്നതില്ല
കീർത്തിക്കുവാനാരുമോർത്തതില്ലേ യതിൻ
പാത്രമാവാനെ നിക്കാവതില്ല.
പോകട്ടെയിമ്മട്ടിൽ ഓരോ നിമിഷങ്ങൾ
ആശകളുളളിൽ കരിഞ്ഞിടുമ്പോൾ
അംശുമാൻ പൊൻകതിർ വീഴുമീക്ഷോണിയെൻ
കൺകോണുകൾ കാൺമതി ല്ലിനിയും
കണ്ണില്ല കാണുവാൻ കാതില്ല കേൾക്കുവാൻ
കണ്ണായിട്ടെന്നെക്കരുതിടുവാൻ
ഉൺമയായെന്നെത്തെ രഞ്ഞിടേണ്ടാരു മി
മൺകട്ട മണ്ണിൽ മറഞ്ഞിടട്ടെ
താരാട്ടുപാടിയുറക്കിടു മമ്മ തൻ
താര സ്വരമൊന്നു കേൾപ്പതില്ല.
ചാരത്താണെന്നാലും ദൂരത്താണീയാത്മബന്ധം
അവിടേയ്ക്കു ബന്ധന മോ?
നിൻ ചുടു ചോരയാണെൻ ജീവനെന്നാകിൽ
നിന്നെപ്പിരിയുവാനാവതല്ല
എങ്കിലും പോകണമിന്നു തിരശ്ശീല
യില്ലാത്ത ദിക്കൊന്നറിഞ്ഞിടാതെ ………
നല്ലെഴുത്ത്..തുടരുക..
ജീവൻ കൊടുത്തവരുടെ കൈയ്യാൽ ജീവിതം നിഷേധിക്കപ്പെട്ട ജീവൻ്റെ ഹ്രൃദയം തൊട്ടുണർത്തുന്ന വിലാപം!
മനോഹരമായ രചന!
തൂലികയ്ക്ക് അഭിനന്ദനങ്ങൾ.
സ്നേഹപൂർവ്വം
ദേവു
ഓരോ ജീവന്റെ തുടിപ്പിനും ജനിക്കുവാനും ജീവിക്കുവാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് . കൂടുതൽ രചനകൾ പ്രതീക്ഷിക്കുന്നു.