ഇടവപ്പാതി തിമിർത്തു പെയ്യുന്നു. ആർത്തുല്ലസിച്ചു പെയ്യുന്ന മഴയിൽ കര കവിഞ്ഞൊഴുകിയ പുഴ നെൽപ്പാടങ്ങളെയും കുളങ്ങളെയും വിഴുങ്ങി. വഴിയേത് പുഴയേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ!
ഉണ്ണിയുടെ സ്കൂളിലേക്കുള്ള യാത്ര ഒരു സാഹസമായി മാറി. ഒരു ദിവസം ആ യാത്രക്കിടയിൽ ഉണ്ണി വെള്ളക്കെട്ടിൽ പെട്ടു. താൻ ചെളിയിലേക്കു ആഴ്ന്നിറങ്ങുകയാണെന്നു തോന്നി ഉണ്ണിയ്ക്ക്. പെട്ടന്ന് അപ്രതീക്ഷിതമായി ഒരു കൈ അവന്റെ രക്ഷയ്ക്കെത്തി. മരവിപ്പിൽ നിന്നു മുക്തനാകും മുൻപേ ചേറിൽ നിന്നും അവനെ വലിച്ച് കയറ്റിയ ആ കയ്യ് ഒരു മരക്കൊമ്പ് അവനു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു
“ഇതീ പിടിച്ചു നടന്നോ എന്റെ പിന്നാലെ. ഞാൻ സ്കൂളിൽ കൊണ്ടുവിടാം “
ആ ശബ്ദത്തിന്റെ ഉടമയെ ഉണ്ണി അന്തം വിട്ടു നോക്കിനിന്നു. നാട്ടിലെല്ലാം അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഭ്രാന്തൻ! മുഷിഞ്ഞ വേഷം. താടിയും മുടിയും നീണ്ടു വളർന്നു കിടക്കുന്നു. കുളിച്ചിട്ട് കാലങ്ങളായെന്നു ഒറ്റനോട്ടത്തിൽ അറിയാം. പകപ്പോടെ ആ കമ്പിൽ പിടിച്ചു ഉണ്ണി അയാളുടെ പുറകെ നടന്നു.
“ങ്ങടെ പേരെന്താ? ” ഉണ്ണിയുടെ ചോദ്യത്തിന് പെട്ടന്ന് തന്നെ മറുപടി കിട്ടി.
“ഭ്രാന്തൻ… “
“ഭ്രാന്തനോ? ങ്ങക്ക് ശരിക്കൊരു പേരില്ലേ? “
“ഭ്രാന്തന് വേറൊരു പേരെന്തിനാ? ഭ്രാന്തന് ഭ്രാന്തൻ എന്ന പേരേയുള്ളൂ “
ഉണ്ണി വീണ്ടും ധൈര്യം സംഭരിച്ചു ചോദിച്ചു
“ങ്ങടെ കാലിൽ ചങ്ങല ഇല്ലാലോ…?”
ഒരു പൊട്ടിച്ചിരിയോടെ അയാൾ മറുപടി പറഞ്ഞു “മനസ്സിനെ ചങ്ങലക്കിട്ടവന് പിന്നെന്തിനാ കാലിൽ ചങ്ങല?”
ഇത്തവണ മറുപടി കേട്ട് ഉണ്ണി ശരിക്കും ഞെട്ടി. ഇയാൾക്ക് ശരിക്കും ഭ്രാന്തുണ്ടോ? അവൻ വീണ്ടും ചോദിച്ചു
“ങ്ങടെ വീടെവിടെയാ? “മറുപടി വന്നു. “ലോകമേ തറവാട്…”
ഉണ്ണിക്ക് ഒന്നുറപ്പായി… ഇയാൾ വെറുമൊരു ഭ്രാന്തനല്ല, വേണുമാമൻ പറഞ്ഞുതന്നിട്ടുള്ള കഥയിലെ നാറാണത്തു ഭ്രാന്തനെ പോലെയൊരു ഭ്രാന്തനാണ്!
പുഴയും പാടവും വഴികളും പഴയതു പോലെയായെങ്കിലും ഉണ്ണിയുടെയും ഭ്രാന്തന്റെയും യാത്രകൾ തുടർന്നുകൊണ്ടേയിരുന്നു. ഉണ്ണി എന്നും പനന്തലച്ചിയമ്മന്റെ അടുത്തെത്തും. കുന്നിൻ മുകളിലുള്ള പനങ്കൂട്ടത്തിനു താഴെ കുടിയിരുത്തിയിരിക്കുന്ന കരിങ്കൽ വിഗ്രഹമാണ് പനന്തലച്ചിയമ്മൻ. അതിനടുത്താണ് ഭ്രാന്തന്റെ സ്ഥിരവാസം. ഉണ്ണി പുഴക്കരയിൽ നിന്നു പെറുക്കികൂട്ടുന്ന വെള്ളാരം കല്ലുകൾ പനന്തലച്ചിയമ്മന്റെ മുന്നിൽ ഒന്നിനു മീതെ ഒന്നായി വച്ച് പറ്റാവുന്ന ഉയരത്തിൽ എത്തിക്കും….രണ്ട് തവണ… രണ്ട് ചെറിയ ഗോപുരം പോലെ. ഉണ്ണിയുടെ ഈ പതിവ് ഭ്രാന്തൻ അത്ഭുതത്തോടെ നോക്കി നിൽക്കും. ഒരു ദിവസം അയാൾ ചോദിച്ചു
“നീയെന്തിനാ ഇത് ദിവസവും ചെയ്യുന്നത്? “
അവൻ പറഞ്ഞു
“ഒരു ഇടവപ്പാതിക്ക് പുഴ കൊണ്ടോയ എന്റെ അമ്മേം അച്ഛനേം തിരിച്ചു കിട്ടാൻ… ! മുത്തശ്ശി പറഞ്ഞണ്ട് പനന്തലച്ചിയമ്മന് പുഴയിലെ വെള്ളാരം കല്ല് കൊടുത്താൽ അമ്മൻ എന്റെ അമ്മേം അച്ഛനേം തിരിച്ചു കൊണ്ടുതരുമെന്നു… പക്ഷെ നിറയെ വെള്ളാരം കല്ല് കൊടുക്കണം… കാക്കത്തൊള്ളായിരം എണ്ണം !”
ഉണ്ണി പറഞ്ഞത് കേട്ട് ഭ്രാന്തൻ ഒരു നിമിഷം മിണ്ടാതെ നിന്നു. പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ടു ചോദിച്ചു “കാക്കതൊള്ളായിരെണ്ണം എത്രാന്നറിയോ കുട്ട്യേ നിനക്ക്?
ഉണ്ണി തലകുലുക്കി… അവനറിയില്ല കാക്കത്തൊള്ളായിരം എത്രയെന്ന്. പിന്നൊരിക്കലും ആ വിഷയം ഉണ്ണിയും ഭ്രാന്തനും തമ്മിൽ സംസാരിച്ചില്ല…
മുത്തശ്ശിയും ചങ്ങാതി ചന്തുവും എപ്പോഴെങ്കിലും വന്നെത്തുന്ന വേണുമാമനും പിന്നെ വേണുമാമൻ സമ്മാനിച്ചിരുന്ന പുസ്തകങ്ങളും മാത്രമുണ്ടായിരുന്ന ഉണ്ണിയുടെ ലോകത്തിൽ ഭ്രാന്തൻ നിറഞ്ഞുനിന്നു… ഒരു കൂട്ടായി, സാന്ത്വനമായി, വിചിത്രമായ സുരക്ഷിതത്വമായി. വീണ്ടുമൊരു ഇടവപ്പാതി കൂടി വന്നെത്തി. ആർത്തു പെയ്യുന്ന പെരുമഴ. ഒരു ദിവസം സ്കൂളിൽ നിന്നും വരുംവഴി പുഴക്കരയിൽ വലിയ ഒരാൾക്കൂട്ടം ഉണ്ണി കണ്ടു. ഒപ്പം ചന്തുവിനെയും. അവൻ ഓടിക്കിതച്ചു ഉണ്ണിയുടെ അടുത്തെത്തി. കിതപ്പ് വിട്ടുമാറാതെ തന്നെ അവൻ പറഞ്ഞു
“ഉണ്ണി… നിന്റെയാ കൂട്ടുകാരൻ ഭ്രാന്തനില്ലേ… അയാൾ…അയാൾ പുഴയിലേക്ക് ചാടി. മുങ്ങിപ്പൊങ്ങുന്നത് ആളുകൾ കണ്ടു. ഇപ്പൊ കാണാനില്ല…”.
ഉണ്ണി ഒരു നിമിഷം അന്ധാളിച്ചു നിന്നു. പിന്നെ പുഴക്കരയിലേക്കു ഓടി. പെരുമഴയിൽ പുഴയൊരു ഉഗ്രരൂപിണിയായി ഒഴുകുന്നു. പുഴയുടെ അങ്ങോളമിങ്ങോളം അവനു കാണാവുന്നിടത്തൊക്കെ അവൻ കണ്ണുകൾ കൊണ്ടു പരതി. ഇല്ല, എവിടെയും ഭ്രാന്തനില്ല! സാവധാനം തിരിച്ചു നടക്കാനൊരുങ്ങിയ അവന്റെ കയ്യിൽ ചന്തു ഒരു ഭാണ്ഡക്കെട്ടു കൊടുത്തു… ഭ്രാന്തന്റെ ഭാണ്ഡക്കെട്ട്. നല്ല കനം! അവനതു തുറന്നു നോക്കി… നിറയെ കല്ലുകൾ…പുഴയിലെ വെള്ളാരം കല്ലുകൾ ! മഴയെ മറയാക്കി അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ആ ഭാണ്ഡക്കെട്ട് തോളിലിട്ട് അവൻ പതുക്കെ നടന്നു. കുന്നുകയറി പനന്തലച്ചിയമ്മന്റെ അടുത്തെത്തി. ഭാണ്ഡം തുറന്ന് അവൻ കല്ലുകൾ ഒന്നിന് മീതെ ഒന്നായി അടുക്കി വച്ചു… ചെറിയ ഗോപുരം പോലെ. മൂന്ന് ചെറിയ ഗോപുരങ്ങൾ!
ദിവ്യ എസ് മേനോൻ
ബാംഗ്ലൂർ.
ഭ്രാന്തനും, ഉണ്ണിയും ഹൃദയത്തിൽ മുറിവുനൽകി. നല്ലകഥാഖ്യാനം. കഥാകൃത്തിന് അഭിനന്ദനങ്ങൾ !!
വളരെ നന്ദി 🙏
ഹൃദയ സ്പർശിയായി കഥ ദിവ്യാ ആശംസകൾ🙏👍👍👍💕💕💕🌿🌿🌿🌹🌹🌹
വളരെ നന്ദി 🙏
Great! Very nice story 👏👏
Thank you 🙏
നന്നായിട്ടുണ്ട് കേട്ടോ… ഒത്തിരി ഇഷ്ടമായി.. അഭിനന്ദനങ്ങൾ
വളരെ നന്ദി 🙏