ചില മരങ്ങൾ
പൂക്കും മുമ്പ് കായ്ക്കുന്നു.
പകലറിയാത്ത പരാഗണങ്ങളിൽ
തായ്വേര്
തൂവാനാകാതെ
തോറ്റുപോവുന്നു.
ആരും കെട്ടില്ല
ആരും അടുക്കില്ല
അറപ്പോടെയല്ലാതെ നോക്കുകയുമില്ല.
എങ്കിലുമവർ കരിവണ്ടുകൾക്ക് പ്രിയപ്പെട്ടവർ..
കമിഴ്ന്ന കണ്ണുകളിൽ
ഊറ്റിക്കുടിക്കപ്പെട്ട പൂവിന്റെ വിലാപമിറ്റിച്ചവർ
അടിവേരറുക്കപ്പെട്ട നാളിൽ
ഉടലാഴങ്ങളിൽ ഇഴഞ്ഞു കേറിയതെന്തെന്ന് അറിയാതെ പോയവർ.
മുരടിച്ച മേനികൾ കാട്ടി ഋതുഭേദങ്ങളോടുറക്കെ പറഞ്ഞിട്ടും കണ്ണീർ കണങ്ങളലിയിക്കാൻ
കനിവ് പെയ്യാതെ പോയവർ.
ഈ കുന്നിൻ ചെരുവിലെ മണ്ണിന് ആഭാസൻമാരുടെ മണമെന്നും
വെയിലിന് തുറിച്ചു നോട്ടത്തിന്റെ ചൂടെന്നും
കരിയിലകൾക്ക് പോലും കറുത്ത കണ്ണുകളെന്നും
ചാപ്പിള്ളകളെ താരാട്ടും നേരം
അവർ പാടിപ്പറയും
ഇനിയും തഴുകാനെത്തുന്ന കാറ്റിന്റെ ഉള്ളിലിരിപ്പ്
ആർക്കറിയാം..?
ഇല മർമ്മരങ്ങളിൽ,
അറിയാതെ പോന്ന നിലവിളികളിൽ,
മണ്ണടരുകൾക്കാകുമോ
കാറ്റും വെയിലും കരിയിലകളുമറിയാതെ, ഒരു കന്യകയെത്തരാൻ..?
മേലേമാനം കണ്ടില്ലെന്നു നടിച്ചേക്കാം..
# ഹുസൈൻ താമരക്കുളം.