17.1 C
New York
Thursday, August 18, 2022
Home Literature ബോൺസായി (കഥ)

ബോൺസായി (കഥ)

സുമിൻ ബെന്നി✍

വലിയ വടവൃക്ഷത്തിന്റേതു പോലെ ഭംഗിയാർന്ന ഇരുത്തം വന്ന വേരുകൾ ഏതോ കൊടും കാടകങ്ങളിലെ മണ്ണിനെ അള്ളിപ്പിടിച്ചു നിൽക്കും പോലെ…. ഇത്തിരി കുഞ്ഞൻ ചട്ടിയിൽ നിരത്തിയ മണ്ണിൽ ഒരു വന്മരത്തിന്റെ എല്ലാ ഭംഗിയും, പക്വതയും, ആഢ്യതയും, പ്രൗഢിയും പ്രകടിപ്പിച്ച് അങ്ങനെ വളരുന്നുണ്ടായിരുന്നു .ഒന്നല്ല നാൽപ്പതോളം ബോൺസായി മരങ്ങൾ .ശാഖോപശാഖകളായി പിരിഞ്ഞു വേരുകളിറങ്ങിയ ആൽമരവും ,കുനുകുനുന്നനെ മരതക പച്ച വിരിച്ച സൈപ്രസ്സ് മരവും ,ശുഭ്രനിറത്തോടുകൂടി കൊലുന്നനെ വളർന്ന് പോകുന്ന ബിർച്ച് മരവും ,പൂവാകയും ,പവിഴമല്ലിയും ,ദേവതാരുവുമൊക്കെ ആ കൂട്ടത്തിലുണ്ടായിരുന്നു .വിവാഹത്തിന്റെയന്ന് വലതുകാൽ വച്ചു കയറാൻ പടിക്കെട്ടിൽ നിൽക്കുമ്പോളാണ് സിറ്റ് ഔട്ടിൽ ഭംഗിയായി നിരത്തിയ ഈ കുഞ്ഞൻ വൃക്ഷങ്ങൾ ശ്രദ്ധയിൽ പെട്ടത് .പുതിയ വീടിന്റെ അപരിചിതത്വത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ മനസിനാകെ കൗതുകം നിറച്ചത് ആ കുഞ്ഞൻ മരങ്ങളുടെ ഭംഗിയായിരുന്നു .
ശരത്തും അച്ഛനുമായിരുന്നു ബോൺസായി ചെടികൾ പരിപാലിച്ചിരുന്നത് .മുറ്റത്തും സിറ്റ് ഔട്ടിലും മുറികളിലുമൊക്കെ സാത്വക ഭാവം വിതച്ച ഒരുപാടൊരുപാട് വൃക്ഷ സൗന്ദര്യങ്ങൾ .ചിലത് പൂക്കൾ നിറച്ച കൈക്കുമ്പിൾ നീട്ടി നിൽക്കുന്നു…. മറ്റു ചിലത് ചെറു ശാഖകളിൽ കിനിയുന്ന സ്നേഹമുത്തുകൾ പോലെ മധുരമെളിപ്പിച്ച കായ്കൾ നിറച്ച്…… ഓരോന്നിനുമോരോ ദൃശ്യഭംഗി.എല്ലാ വൃക്ഷങ്ങളേയും ചേർത്തു നിർത്തിയാൽ അതി മനോഹരമായ ഒരു വസന്തകാല വനം പോലെ .

വീട്ടിൽ പുതുതായി വരുന്ന ആരും ഏറെ കൗതുകത്തോടെ ആ വൃക്ഷ ഭംഗികൾ കണ്ടു നിൽക്കാറുണ്ട് .പലരും ഇതെങ്ങനെയാ ഇങ്ങനെയാക്കിയെടുക്കുന്നതെന്ന് സംശയം ചോദിക്കും .അവരോടൊക്കെ ശരത്ത് വാചാലനാകും .”അതേയ് ഇത് സംഭവം ജാപ്പനീസ് ഗാർഡനിംഗ് സ്റ്റൈലാ .ബോൺസയ് ന്നാണ് പേര് .’ബോൺ’ എന്നും ‘സായ്’ എന്നുമുള്ള രണ്ട് ജപ്പാനിസ് വാക്കുകൾ ചേർന്നതാണ് ‘ബോൺ സായ്’എന്ന പദം ഉണ്ടായിരിക്കുന്നത്.ഇത് കണ്ടോ ….ഇതു പോലുള്ള ചെറിയ ചുവടുകട്ടിയുള്ള ആഴം കുറഞ്ഞ പാത്രം എന്നാണ് ‘ബോൺ’എന്ന വാക്കിൻറെ അർത്ഥം.;’സായ്’ എന്ന വാക്കിൻറെ അർത്ഥം സസ്യം എന്നാണ്.” അപ്പോഴേക്കും അച്ഛനും വിവരണം തുടങ്ങും .”പണ്ട് എൺപത്തെട്ടിലാണെന്നു തോന്നുന്നു നമ്മടെ വനിതാ മാസികേൽ വന്നൊരു ഫീച്ചർ വായിച്ചാ എനിക്കിതിൽ കമ്പം തോന്നിയത് .ആദ്യം ഒരു വാളൻപുളിമരമായിരുന്നു ….ദാ ആ നിക്കുന്നവൻ .അവന്റെ വേരും തടിയും കണ്ടോ കൃത്യം ഒരു വലിയ മരം പോലെ തന്നല്ലേ .33 വയസുള്ള കക്ഷിയാ ‘.അച്ഛൻ തന്റെ സ്വതസിദ്ദ ശൈലിയിൽ ചിരിക്കും .ബോൺസായികളെ കുറിച്ച് പറയുമ്പോൾ അച്ഛന്റെ ചിരിയിലും സംസാരത്തിലുമൊക്കെ ഒരു വല്യ അഭിമാന ഭാവമാ .

പത്തു സൈപ്രസ് മരങ്ങൾ ഒരുമിച്ചു നട്ടിട്ടുള്ള സാമാന്യം വലിയ ഒരു ടെറാക്കോട്ട ട്രേയുണ്ട് . വേരിടകളിലെല്ലാം പായൽ ഭംഗി നിറഞ്ഞ ഒന്ന് .കണ്ടാൽ ഏതോ ഹിമാലയൻ താഴ്വരയുടെ ഒരു ചെറു കഷണം മുറിച്ചു വച്ചതു പോലെ …..പുൽമേട്ടിൽ വളർന്നു നിൽകുന്ന മരക്കൂട്ടം പോലെ …..ശരത്തിനേറ്റവും ഇഷ്ടം അതാത്രേ .ഓഫീസ് വിട്ടു വീട്ടിലെത്തുമ്പോൾ മുതൽ ശരത്തും ബോൺസായി പരിപാലനത്തിൽ മുഴുകും .ചിലപ്പോൾ കാപ്പികുടി പോലും അവയോടൊപ്പമാകും .ശരത്തിനൊപ്പം പലപ്പോഴും ഞാനും കൂടും വെള്ളമൊഴിക്കാനും വളമിടാനുമൊക്കെ .പ്രത്യേകം തയ്യാറാക്കിയ വളവും പ്രത്യേക ആയുധങ്ങളുമൊക്കെയാണ് ഈ മരങ്ങളെ ഭംഗിയാക്കുന്നതിനു വാങ്ങി വച്ചിരിക്കുന്നത് .പല ആകൃതിയിൽ ഉള്ള കോൺകേവ് കട്ടറുകളും പ്ലെയറുകളും ഒന്നും എന്തിനെന്ന് ആദ്യമൊന്നും എനിക്കറിയില്ലായിരുന്നു .പിന്നീട് മനസിലായി ചെറു ശാഖകൾ മുളച്ചു വരുമ്പോൾ മുതലേ വേരുകൾ ശ്രദ്ധാപൂർവം വെട്ടിയൊതുക്കാനും ,
ചട്ടിയിൽ വയ്ക്കമ്പോൾ അത് കൃത്യമായി ഉറച്ചു നിൽക്കാൻ കമ്പികൾ വലിച്ചു കെട്ടി വിവിധരീതിയിൽ ക്രമീകരണങ്ങൾ നടത്താനും ….ഒരു പരിധിയിൽ കൂടുതൽ വളരാതെ ശിഖരങ്ങളുടെ വളർച്ച നിയന്ത്രിക്കാനുമൊക്കെയാണ് പ്രതേകം പ്രത്യേകം ആയുധങ്ങൾ . തായ് വേര് വളരാൻ അനുവദിക്കാതെ ഇടയ്ക്കിടയ്ക്ക് പ്രൂൺ ചെയ്യുമ്പോൾ പലപ്പോഴും ഒരു വൃക്ഷമാകെ വിറച്ചു വിറങ്ങലിക്കുന്ന കാഴ്ച…..

“നീ നോക്കിക്കേ …നമുക്ക് ഇതിനെ നമ്മള്‍ ഉദ്ദേശിക്കുന്ന ആകൃതിയിൽ വളർത്താം.നല്ല ഒരു ചെടിക്കു ലക്ഷങ്ങളാ വില “. നിറയെ പൂക്കളുണ്ടാകുന്ന അഡീനിയത്തിന്റെ ചില്ലകൾ അലൂമിനിയം കമ്പി കൊണ്ട് വലിച്ചു കെട്ടുകയും ഇഷ്ടപ്പെട്ട ആകൃതിക്കൊത്തു വളരാൻ വളച്ചു ചുറ്റി വക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നതിനിടയ്ക്ക് ശരത്ത് പറഞ്ഞു .

“റെസിഗ്‌നേഷൻ ഫോർമാലിറ്റിസെല്ലാം തീർത്തോ മോളെ ? ” അച്ഛനാ .അച്ഛൻ പിന്നിൽ വന്നു നിന്നത് ഞങ്ങൾ രണ്ടാളും അറിഞ്ഞതേയില്ല .”ഉവ്വ് അച്ഛാ .ഇനി ഒന്ന് രണ്ടു ഫയലുകൾ ഹാൻഡ് ഓവർ ചെയ്യാൻ ഒന്ന് പോണം “.കല്യാണവ്യവസ്ഥയിൽ പെൺകുട്ടി ജോലിക്കു പോകേണ്ടതില്ലെന്നൊരു കണ്ടീഷനുണ്ടായിരുന്നു .ഈ തറവാട്ടിൽ നിന്ന് ഒരു പെൺകുട്ടികളെയും ജോലിക്കു വിട്ടു കഷ്ടപ്പെടുത്തുന്ന പതിവില്ലാത്രേ .
ഒരു രഹസ്യം പറയുംപോലെ അച്ഛൻ വീണ്ടും പറഞ്ഞു ” ഇവിടുത്തെ അമ്മയ്ക്കത്ര പിടിച്ചിട്ടില്ല മോളോട് ഞാൻ റിസൈൻ ചെയ്യാൻ പറഞ്ഞത് .ഓ അത് കാര്യമാക്കണ്ട .എം ജി യൂണിവേഴ്സിറ്റിയിലെ ഉദ്യോഗം ഞാൻ നിർബന്ധിച്ചപ്പോ ഉപേക്ഷിച്ചവളാ അവള് ഹല്ല പിന്നെ “.
എപ്പോഴും അടുക്കളയിലും വീടിനുള്ളിലുമായി ഒതുങ്ങിക്കൂടുന്ന അമ്മയുടെ പെരുമാറ്റത്തിലും ഇടപെടലുകളിലും ‘ അമ്മ സൂക്ഷിച്ചിരുന്ന കുലീനതയ്‌ക്കു പിന്നിൽ ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഇരുത്തരമൊരു രഹസ്യമുണ്ടായിരുന്നല്ലേ..!!! അതെനിക്കൊരു പുതിയ അറിവായിരുന്നു .

“അത്രയും നല്ലൊരു ജോലി മോള് കളയേണ്ടിയിരുന്നില്ലാട്ടോ” പല വർണ്ണങ്ങളിലുള്ള ബൊഗേൻ വില്ലാ ബോൺസായ് ചട്ടികൾ വൃത്തിയാക്കുന്നതിനിടയ്‌ക്കു ഒരു ദിവസം ‘അമ്മ പറഞ്ഞു .അമ്മയുടെ ചുണ്ടുകളിൽ എന്തെന്നില്ലാത്ത ഒരു വിതുമ്പൽ .”സാരമില്ലമ്മേ അച്ഛനും ശരത്തിനും എല്ലാവർക്കുമതല്ലേ ഇഷ്ടം .ആദ്യമൊക്കെ സങ്കടോണ്ടാർന്നു .കാരണം എന്റെ അച്ഛന്റെയും അമ്മേടേയും വല്യ ആഗ്രഹായിരുന്നു എനിക്കൊരു ജോലി .സാരമില്ല .എന്റെ സങ്കടോക്കെ പോയി .” അങ്ങനെ പറഞ്ഞെങ്കിലും ഉള്ളു പൊള്ളുന്നുണ്ടായിരുന്നു .ഓരോ വർഷവും ഫീസടക്കാൻ അച്ഛൻ നെട്ടോട്ടമോടുന്നതും .ഉറക്കമില്ലാതെ ‘അമ്മ കരഞ്ഞു വെളുപ്പിച്ച രാത്രികളും .അനുക്കുട്ടിയുടെ കാതിലെ പൊന്നു വരെ ഊരി വിറ്റു അവസാന വർഷ പരീക്ഷാ ഫീസടക്കാൻ പണമൊപ്പിച്ചതും എങ്ങനെ മറക്കാൻ .ക്യാമ്പസ് സെലക്ഷനിൽ തന്നെ ജോലി കിട്ടിയപ്പോൾ ഓടിയൊന്നാമതെത്തിയവന്റെ കണ്ണിലെ സമാശ്വാസമായിരുന്നു അച്ഛന് ..ആദ്യശമ്പളം കൈക്കുമ്പിളിലേറ്റു വാങ്ങിയിട്ട് അതിൽ നിന്നു ഒരു നൂറു രൂപ മാത്രമെടുത്തു ബാക്കി തിരിച്ചു നൽകിയപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .അതൊക്കെ മറക്കണമെന്ന് മനസ്സിനോട് ശഠിച്ചതാണ് പക്ഷെ ……

ചെറിയ നിശ്ശബ്ദതയ്ക്കൊടുവിൽ ഒരു ബോൺസായ് ശാഖാ തലോടിക്കൊണ്ട് ‘അമ്മ പറഞ്ഞു “എനിക്കി ഓരോ മരത്തിനെയും കാണുമ്പോ സങ്കടമാ മോളെ ..എത്ര ഉയരങ്ങളിലേക്ക് പടർന്നു കയറേണ്ട കൊമ്പുകളാണിത് ….ചട്ടിയിൽ ഓരോ കുഞ്ഞു ചെടി വയ്ക്കുമ്പോഴും ഞാൻ പറയും അത് സ്വതന്ത്രമായി സാധാരണ പോലെ ജീവിക്കട്ടേന്ന് .ഏതു പറയാനാ രണ്ടാളും കേൾക്കില്ല .അമ്മ പരിഭവിച്ചു.
“അച്ഛന്റെ ആജ്ഞാ ശക്തികൊണ്ടാണോ അച്ഛനോടുള്ള അമ്മയുടെ സ്നേഹം കൊണ്ടാണോ അമ്മ ജോലി വേണ്ടന്ന് വച്ചത് “.അമ്മയോട് ഞാൻ വെറുതെ ചോദിച്ചു .തളർന്ന ഒരു ചിരി മാത്രമായിരുന്നു അമ്മയുടെ മറുപടി .
അടുക്കള ഭിത്തിയിലെ വിടവിൽ മുരടിച്ചു വളരാൻ വിധിക്കപ്പെട്ട ഒരു ബോൺസായിയാണ് ‘അമ്മ എന്നെനിക്കപ്പോള്‍ തോന്നി .ആകാശ നീലിമയെ കൈക്കലാക്കാനുള്ള നീണ്ട പ്രയാണം നടത്തേണ്ട കൊമ്പുകൾ ….. ഓരോ ശാഖകളിലും ഉപശാഖകളിലും എത്രയെത്ര പക്ഷികൾക്കു… ജീവജാലങ്ങൾക്ക് കൂടൊരുക്കേണ്ടതാണ് .എത്ര വിശാലമായ തണലിടമാണ് ഈ ചെറു വട്ടത്തിലൊതുക്കപ്പെട്ടു പോയത് .വളർന്നു തുടങ്ങുന്ന ഓരോ ശാഖയും മുരടിപ്പിച്ച് ആരുടെയൊക്കെയോ ഇഷ്ടത്തിനൊത്തു വളച്ചൊടിച്ച് ……. തന്നിലേയ്ക്കൊതുങ്ങി….

വലിയ വടവൃക്ഷത്തിന്റേതു പോലെ ഭംഗിയാർന്ന ശിഖരങ്ങളും ഇലപ്പടർപ്പുകളും വേരുകളുമുള്ള ബോൺസായി മരങ്ങളാണ് എനിക്കു ചുറ്റും .കാഴ്ച്ചക്കാരിൽ കൗതുകം നിറച്ച്
ദീർഘ തപസ്വികളെപ്പോലെ സ്വച്ഛത ഭാവിക്കുന്ന ഓരോ ബോൺസായിയും വിങ്ങിപ്പൊട്ടാനാവാതെ വീർപ്പുമുട്ടുന്നു. നുറുക്കിക്കളഞ്ഞ ഓരോ കൊമ്പുകളേ നോക്കി പരാജയപ്പെടാതെ വീണ്ടും വീണ്ടും പുതു ശാഖകൾ നീട്ടി വളരാൻ നോക്കി .അപ്പോഴൊക്കെ പരാജയപ്പെട്ടു പോയതിന്റെ നൊമ്പരം .ഇഷ്ടത്തിനൊത്തു വളരാനാവാതെ കെട്ടപ്പെട്ടു ….. ഇഷ്ടങ്ങളൊക്കെയും പാടെ ഉപേക്ഷിക്കേണ്ടി വന്നതിന്റെ നൈരാശ്യത്തിൽ ഒതുങ്ങി വളർന്നതിന്റെ വിഹ്വലത . തായ്‌വേരിന്റെ സ്വസ്ഥതപോലും മുറിച്ചെറിഞ്ഞു ചുട്ടു നീറ്റിയതിന്റെ തേങ്ങൽ ….. എവിടെയൊക്കെയോ വളരുന്ന വന്മരങ്ങളേ നോക്കി അടുത്ത ജന്മമെങ്കിലും ഭൂമിയുടെ മാറിൽ സ്വതന്ത്രമായി പടർന്നു വളരുന്നത് സ്വപനം കണ്ട് ….ഒന്നുമൊന്നും പ്രതികരിക്കാനാവാതെ ആരോടുമൊന്നും പറയാനാവാതെ വിങ്ങി വിതുമ്പുന്ന കുറെ ജന്മങ്ങൾ .അവയുടെ നോവിടങ്ങളോരോന്നും നോക്കി നിൽക്കാനേ എനിക്കാകുമായിരുന്നുള്ളു . അടുക്കള ഭിത്തിയിൽ പുതിയൊരു ബോൺസായിയായി അപ്പോൾ ഞാൻ മുരടിച്ചു തുടങ്ങിയിരുന്നു

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: