കൂട്ടുകുടുംബത്തിൽ ഒരുമിച്ചു കളിച്ചു വളർന്നവരല്ലേ നമ്മൾ.. അമ്മായി നിന്നെ പ്രസവിച്ച് വീട്ടിൽ വന്നപ്പോൾ ടവലിൽ പൊതിഞ്ഞ നിൻ്റെ മുഖം മാത്രം ഞാൻ കണ്ടു., ചുവന്ന റോസാപ്പൂ പോലെ.3 വയസിനിളപ്പമേ ഉള്ളുവെങ്കിലും അന്ന് അമ്മായി പറഞ്ഞു “എടാ ഇവൾ നിനക്കുള്ളതാ”,. പിന്നെ എല്ലാ ദിവസവും നിന്നെ വന്നു നോക്കും. ചുരുട്ടിപ്പിടിച്ച വിരലുകൾ നിവർത്താൻ ശ്രമിക്കുമ്പോൾ നീ ചിണുങ്ങിക്കരയും. ഞാൻ കരച്ചിൽ നിറുത്താനായി പെട്ടെന്ന് നിന്നെ ഉമ്മ വയ്ക്കും. നിൻ്റെ ചെറിയ ചിണുങ്ങൽ പോലും എനിക്ക് സഹിക്കാനാവുമായിരുന്നില്ല.
പതിയെ നമ്മൾ വലുതായി. അമ്മമ്മയുടെ മരണത്തോടെ കൂട്ടുകുടുംബം ഭാഗം പിരിഞ്ഞു. നമ്മൾ രണ്ടു വീടുകളിലായി എങ്കിലും പഠിക്കുന്നത് ഒരേ സ്ക്കൂളിലായതു കൊണ്ട് പോക്കുവരവുകൾ ഒരുമിച്ച്. നമ്മുടെ പ്രണയവും അതോടൊപ്പം വളർന്നു. വീട്ടുകാർ നമ്മുടെ ഹൃദയങ്ങളെ വേലി കെട്ടിത്തിരിച്ചത് എത്ര പെട്ടെന്നായിരുന്നു. എന്നേക്കാൾ യോഗ്യനായ ഒരാളെ കിട്ടിയപ്പോൾ അമ്മാമ ..എല്ലാം മറന്നു. എത്രയോ തവണ നീ എന്നെ തേടി വന്നെങ്കിലും, പൊന്നേ.. എനിക്ക് നിന്നെ സ്വീകരിക്കുവാ ൻ ആകുമായിരുന്നില്ല . ഹൃദയം പറിച്ചെടുക്കുന്ന വേദനയിലും ഞാൻ പുഞ്ചിരിയോടെ നിന്നു. നീയെങ്കിലും സുഖമായി കഴിയട്ടെ എന്നാഗ്രഹിച്ചു.
നീ മറ്റൊരാൾക്ക് സ്വന്തമാകുന്നത് എനിക്ക് സഹനത്തിനുമപ്പുറം ആയിരുന്നു. നിൻ്റെ വിവാഹ ദിവസം ഞാൻ മരണത്തെ സ്വയംവരം ചെയ്യാൻ തീരുമാനിച്ചിരുന്നു. മറ്റെല്ലാവരും വിവാഹത്തിൽ പങ്കെടുത്തപ്പോൾ ഞാൻ…. അവസാന ശ്വാസത്തിലും നീ മാത്രമായിരുന്നു എൻ്റെ മനസ്സിൽ.
ഞാനിപ്പോൾ നിന്നോടൊപ്പം,. നീ മണവാളനോടൊപ്പം നിൻ്റെ കാറിൽ. നിൻ്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് അയാൾ കാര്യങ്ങളൊക്കെ ചോദിച്ചു. ആദ്യമൊന്നും പറഞ്ഞില്ലയെങ്കിലും സ്നേഹപൂർണ്ണമായ ചോദ്യങ്ങൾക്കു മുന്നിൽ നിനക്കു പിടിച്ചു നിൽക്കാനായില്ല. നല്ലവനായ ആ യുവാവ് നിന്നേയും കൊണ്ട് എൻ്റെ വീട്ടിലേക്ക്. ആൾക്കൂട്ടം കണ്ട് നീ ഓടി വീട്ടിനകത്തു കയറി..കാൽക്കലും തലയ്ക്കലും എരിയുന്ന നിലവിളക്കുകൾക്കും ചന്ദനത്തിരികൾക്കുമിടയിൽ, കിടക്കുന്ന എൻ്റെ മുഖത്തേക്ക് നിൻ്റെ കണ്ണുനീരിറ്റു വീഴുന്നത് ഞാനറിഞ്ഞു.മാറോട് ചേർത്ത് ആ കണ്ണുനീർത്തുള്ളികൾ തുടച്ചു മാറ്റണമെന്ന് ഞാനാഗ്രഹിച്ചു.പക്ഷെ അപ്പോഴേക്കും ആരൊക്കെയോ ചേർന്ന് നിന്നെ എടുത്തു മാറ്റി. അവരറിയുന്നില്ലല്ലോ നിമിഷ നേരം കൊണ്ട്… നീ എൻറ്റേതായി മാറിയെന്ന്….