17.1 C
New York
Monday, August 15, 2022
Home Literature ബലിച്ചോറ് - മിനിക്കഥ

ബലിച്ചോറ് – മിനിക്കഥ

രേവതികുട്ടി പള്ളിപ്പുറം.✍

” ഇനി അല്പം എള്ള് കൂട്ടി നീര് കൊടുക്കു…!,
മം… ചന്ദനം കൂട്ടി നീര് കൊടുക്കു…. !
മൂന്ന് തവണ പൂവാരാധിച്ചു തൊഴുതോളു.. !”
…………………..
ഇളയത് പറഞ്ഞതനുസരിച്ചു അച്ഛനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് ബലിച്ചോറ് സമർപ്പിച്ചു….കിഴക്കോട്ടു ആഭിമുഖമായി നിന്ന് കാക്കയെ കൈ കൊട്ടി വിളിച്ചു… കാക്കയുടെ ശബ്ദം കേൾക്കുന്നുണ്ട്… !.അമ്മ പറഞ്ഞു “ഇങ്ങു പോരെ പിള്ളേരെ ആളെ കണ്ടാൽ കാക്ക വന്നില്ലെങ്കിലോ… കാക്ക ചിറ്റമ്മെടെ ഇലയിലെ ചോറ് ആദ്യം എടുക്കും…അച്ഛന് രാധ ചേച്ചിയോടാണ് പ്രിയം…അച്ഛൻ പെങ്ങളും മകൻ അനൂപ് ചേട്ടനും,പിന്നേ സത്യൻ കൊച്ചച്ഛനും ഞാനും ശ്യാമും (എന്റെ ഒരേയൊരു ചേട്ടൻ )ആണ്‌ ബലി ഇട്ടതു.. !.ഞങ്ങൾ അര മനസോടെ അവിടുന്ന് തിരിഞ്ഞു നോക്കികൊണ്ട്‌ പോന്നു. ബലി ശേഷം കഴിച്ചു..
ഈറൻ മാറി വന്നു… ചിറ്റമ്മ അച്ഛന്റെ പഴയ കഥകൾ ഒക്കെ പറയുന്നുണ്ടായിരുന്നു… കൗതുകത്തോടെ ഞങ്ങൾ അത് കേട്ടിരുന്നു. കുറേ ഒക്കെ അച്ഛൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്…
ചിറ്റമ്മ ഓരോന്ന് പറയുമ്പോൾ ഞാൻ എന്റെ ബാല്യ കാലത്തേക്ക് പോയിക്കൊണ്ട് ഇരുന്നു….
ബാല്യത്തിൽ എന്റെ ചങ്ങാതി ആയിരുന്നു അച്ഛൻ.. പൊതുവെ മടിയൻ ആയിരുന്നു എന്നിരുന്നാലും എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ വെമ്പുന്ന ഒരു മനസിന്റെ ഉടമ ആയിരുന്നു അച്ഛൻ. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്നു അച്ഛന്.. പുസ്തകങ്ങളെ ആർത്തിയോട് ഹൃദിസ്ഥമാക്കിയിരുന്ന യൗവനം ആയിരുന്നു അച്ഛന്റേതു..

കുമാരൻ മാഷ് എന്നാണ് അച്ഛനെ പലരും അഭിസംബോധന ചെയ്തിരുന്നത്.. കുറച്ചു കാലം താത്കാലിക അടിസ്ഥാനത്തിൽ ഒരു കോളേജിൽ പഠിപ്പിച്ചിരുന്നു.. പിന്നേ വീട്ടിൽ കുട്ടികൾക്കു ട്യൂഷൻ ഒക്കെ എടുത്തിരുന്നെnnut കേട്ടിട്ടുണ്ട്..Lic ഏജന്റ് ഉം ആയിരുന്നു അച്ഛൻ…. കക്ഷത്തിൽ ബാഗ് ഉം വച്ചു കുടയും ജുബ്ബ യും ആയി നടക്കുന്ന lic ഏജന്റ് അല്ലാട്ടോ… വെൽ ഡ്രെസ്സ്‌ഡ് ആയ്ട്ട്.. പാന്റ്സ് ഉം ഷർട്ട്‌ ഉം ഷൂ ഉം ഒക്കെ ധരിച്ചേ അച്ഛൻ ഓഫീസിൽ പോവു…നല്ലൊരു ബാഗ് ഉം ഉണ്ട്… അതിൽ ഉണ്ടാവാറുള്ള നല്ല ഭംഗി യുള്ള നീല മഷി പേനകൾ എനിക്കു എന്നും ഹരമായിരുന്നു… Lic ടെ ഒന്നോ രണ്ടോ ഡയറി കളും ബാഗ് ഇൽ കാണും….കുറെ ലിസ്റ്റ് കളും വെള്ള കടലാസ് കളും ഒക്കെ ആ ബാഗിലെ സ്ഥിരം കാഴ്ച്ച ആണ്‌.. അന്നൊക്കെ ഞൻ അത് പരിശോധന നടത്തുമായിരുന്നു.. നല്ല ശകാരവും കിട്ടും എനിക്കു.. അന്നൊക്കെ അച്ഛന്റെ വഴക്ക് കേൾക്കുന്നത് ബാഗ് തുറന്ന് പേന എടുത്തു കളിക്കുന്നതിനായിരുന്നു..അച്ഛനെ ശല്യം ചെയ്താൽ അമ്മ നല്ല പെട തരുമായിരുന്നു എനിക്കു….ശ്യാമിന്റെ വശത്തുനിന്നുണ്ടാവുന്ന ആക്രമണങ്ങളെ ചെറുക്കാൻ അച്ഛൻ എപ്പോളും ഉണ്ടായിരുന്നു. ഇന്ത്യ പാക്ക് യുദ്ധം പോലെ എപ്പോളാണ് ഞാനും ശ്യാമും തമ്മിൽ യുദ്ധമെന്നു പറയാനൊക്കില്ല.. അപ്പോളൊക്കെ എന്റെ രക്ഷകൻ അച്ഛനാണ്… “ആരാടാ കൊച്ചിനെ ഉപദ്രവിക്കണേ “എന്നൊരു ചോദ്യം വരും മുന്നേ അച്ഛന്റെ പിന്നിൽ ഉണ്ടാവും ഞാൻ.

അന്നൊക്കെ ഞങ്ങൾ ഉറങ്ങിയിരുന്നത് ഇടശ്ശേരിയുടെ പൂതപ്പാട്ട് കേട്ടിട്ടാണ്. നല്ല ഈണത്തിൽ അച്ഛൻ അത് പാടി തരുമായിരുന്നു.” ആറ്റിൻ വക്കത്തെ മാളിക വീട്ടിലന്നാറ്റു നോറ്റിട്ടൊരുണ്ണി പിറന്നു……. ” എന്നു തുടങ്ങുന്ന കവിത … നല്ല നല്ല ഇംഗ്ലീഷ് കഥകളും പറഞ്ഞു തരുമായിരുന്നു. ജൂലിയസ് സീസറിലെ പ്രശസ്തമായ പ്രസംഗം ഞങ്ങൾക്ക് പറഞ്ഞു തരുമായിരുന്നു., പാവങ്ങൾ, നേത്രദാമിലെ കൂനൻ, മണിമുഴങ്ങുന്നതാർക്കുവേണ്ടി, തുടങ്ങിയ നല്ല നല്ല ബുക്ക്സ് വായിക്കാനായി ഉപദേശിക്കുകയും ചെയ്തിരുന്നു.

എനിക്ക് രേവതികുട്ടി എന്ന് നാമകരണം ചെയ്തതിൻ്റെ പിന്നിൽ ഒരു കഥ ഉണ്ട്.സ്കൂളിൽ ചേർത്തപ്പോൾ ടീച്ചർ പറഞ്ഞു ഈ പേര് നാളെ അവൾക്ക് നാണക്കേടാവും എന്ന്. പക്ഷേ അച്ഛൻ സമ്മദിച്ചില്ല. എൻ്റെ മകൾ നാളെ എൻ്റെ പേരിലോ ഭർത്താവിൻ്റെ പേരിലോ അറിയപ്പെടേണ്ട… ഒരു ജാതി പേരും അവൾക്ക് ചേർക്കാൻ എനിക്കിഷ്ടമില്ല എന്ന്. പലരും കളിയാക്കിയിട്ടുണ്ട് ഈ പേരിനെ എന്നാലും അഭിമാനത്തോടെ ഞാൻ പറയും ഞാൻ രേവതിക്കുട്ടി….ഇത് എൻ്റെ അച്ഛൻ തന്ന പേര് അത് എനിക്കഭിമാനം എന്ന്. അച്ഛൻ്റെ മോളെന്നു പറയാൻ അഭിമാനമേയുള്ളൂ… നല്ലത് തന്നെ എന്നും അച്ഛൻ പഠിപ്പിച്ചിട്ടുള്ളൂ….!

മിക്കപ്പോളും ചിറ്റമ്മ വീട്ടിൽ വരാറുണ്ടായിരുന്നു.. എന്നെയും ശ്യാമിനെയും പോലെ തന്നെ ആണ് അവര് രണ്ടാളും എന്നെനിക് തോന്നിട്ടുണ്ട് പലപ്പോളും. അച്ഛൻ വാശികാരൻ ആണ്‌…അച്ഛന്റെ വഴക്ക് കൂടൽ കാരണം ചിറ്റമ്മ തിരികെ തിരുവനന്തപുരത്തേക്ക് ട്രെയിൻ സമയം റേഡിയോയിൽ നിറ കണ്ണുകളോടെ കേൾക്കുന്നത് ഞാൻ ഇന്നും ഓർക്കുന്നു. വഴക്ക് കൂടും എങ്കിലും അച്ഛന് ചിറ്റമ്മയെ വലിയ ഇഷ്ടായിരുന്നു..

അച്ഛന്റെ ജീവിതത്തിലെ താള പിഴ സംഭവിച്ചതു മദ്യപാനം തുടങ്ങിയപ്പോൾ ആവാം… കുടുംബ ബന്ധങ്ങളെ ശിഥിലമാക്കാൻ കെല്പുള്ള ഒന്നാണല്ലോ മദ്യം..!.

എന്റെ കുട്ടിക്കാലത്തൊക്കെ അച്ഛൻ മദ്യപിച്ചാലോ പുക വലിച്ചാലോ അച്ഛന്റെ ആരോഗ്യo പോവുമെന്നൊന്നും എനിക്കു ചിന്തിക്കാനുള്ള അറിവ് ഇല്ലായിരുന്നു…..അന്നൊക്കെ അച്ഛൻ വാങ്ങി തരുന്ന പാവകുട്ടികളും സ്ഥിരമായി വാങ്ങി തന്നിരുന്ന പാർലെജി ബിസ്ക്കറ് ഉം ആയിരുന്നു എന്റെ ലോകം..വേണു ചേട്ടന്റെ കൊച്ചു കടയിലെ ബെഞ്ചിൽ അച്ഛൻ ഇരുന്നു ചായ കുടിക്കവേ അതുവഴി സ്കൂൾ വിട്ട് ഞാനും ചേട്ടനും വരുമ്പോൾ വീട്ടിൽ പോയി ചായക്കൊപ്പം കഴിക്കാൻ അച്ഛൻ ഞങ്ങള്ക് വടയോ.. സുഖിയനോ വാങ്ങി തന്നിരുന്നു. കടലാസ് പൊതിയുടെ പുറത്തികൂടി ചൂടുള്ള പലഹാരത്തിന്റെ എണ്ണ കടലാസ് പൊതിയുടെ പുറത്തേക് പടരുമായിരുന്നു….
ഒടുവിൽ എപ്പോഴോ എനിക്ക് മനസിലായി അച്ഛൻ്റെ ആരോഗ്യം നശിക്കുന്ന ദു:ശീലങ്ങളാണ് മദ്യവും പുകവലിയും എന്ന്. അന്നു മുതൽ മദ്യത്തിനും പുക വലിക്കും എതിരായി ഞാൻ .ഞാൻ അച്ഛനോട് വഴക്ക് കൂടുമായിരുന്നു… എൻ്റെ പതിനഞ്ചു വയസിൽ അച്ഛൻ മദ്യപാനം ഉപേക്ഷിച്ചു.അന്ന് എനിക്ക് മനസിലായി അച്ഛന് മദ്യത്തിനോട് അത്രക്ക് അഡിക്ഷൻ ഒന്നുമില്ല എന്ന് .
ഒരിക്കൽ പെൺകുട്ടിയായ് ഞാൻ പിറന്നപ്പോൾ ഉള്ള ഒരു രസകരമായ ആഗ്രഹം അച്ഛൻ എന്നോട് വെളിപ്പെടുത്തുകയുണ്ടായി., സുന്ദരി ആയ മകളുമൊത്ത് പുറത്തൊക്കെ പോവുന്നതും അവിടെ വച്ച് സുമുഖരായ ചെറുപ്പക്കാർ അമ്മാവാ എന്നും പറഞ്ഞ് അച്ഛൻ്റെ പിന്നാലെ കൂടുന്നതും.ലോഹ്യം കൂടാതെ അവരെ നിരാശപ്പെടുത്തി അഭിമാനത്തോടെ മകളുടെ കൈയ്യും പിടിച്ച് സിനിമാ സ്റ്റൈലിൽ ഒരു നടത്തം…. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമ കണ്ടിരിക്കവേ ആണ് ഇത് എന്നോട് പറയുന്നത്. അച്ഛൻ്റെ സ്വപ്നങ്ങളെ ചവിട്ടി മെതിച്ചു കൊണ്ടാണ് ഞാൻ വളർന്ന് വന്നത്… അങ്ങനെ ഒരു രംഗത്തിൻ്റെ ഭാഗമാവാൻ എൻ്റെ സൗന്ദര്യ കൂടുതൽ കൊണ്ട് സാധിച്ചില്ല….

അച്ഛൻ ചൊല്ലി തന്ന സംസ്‌കൃത ശ്ലോകങ്ങളും കൃഷ്ണ കഥകളും ആണ്‌ എന്നിലെ ആത്മീയതയുടെ അടിത്തറ…. എന്നിലെ എഴുത്തിനോടുള്ള അഭിനിവേശം വളർത്തിയതും അച്ഛൻ തന്നെ … പിറന്നാൾ ദിവസങ്ങളിൽ അച്ഛൻ സമ്മാനമായി നൽകാറുള്ള പുസ്തകങ്ങൾ എന്നും എനിക്ക് ഹരമായിരുന്നു. ആദ്യമൊന്നും വായന എൻ്റെ ശീലമായിരുന്നില്ല പക്ഷേ നിരന്തരം പുസ്തകങ്ങൾ കണ്ടു കണ്ട് വായിക്കാതെ തരമില്ലന്നായി .കുട്ടി ആയിരുന്നപ്പോൾ ചേട്ടൻ അവധിക്കാലത്ത് കൂട്ടുകാരിൽ നിന്നും കൊണ്ടു തരാറുള്ള ബാലരമ പൂമ്പാറ്റ ഒക്കെ എന്നിൽ അക്ഷരങ്ങളോട് ഏറെ അടുപ്പം ഉണ്ടാക്കിയിട്ടുണ്ട്.

ഇടക്കെപ്പോളൊ മനസ് തിരികെ വന്നു .ഓർമ്മകളിൽ ഓളം തല്ലി പഴയ കാലത്തേക്ക് പോയിരുന്നു മനസ്. ചിറ്റമ്മ അച്ഛനെ പറ്റി പഴങ്കഥകൾ പറഞ്ഞു കൊണ്ടിരിന്നു .പണ്ട് അച്ഛൻ വീട്ടുകാരുമായി പിണങ്ങി നിന്ന കാലത്ത് വേലിക്കൽ കൊണ്ടുവന്ന് ചിറ്റമ്മക്ക് നാല് അണ നല്കിയ കഥ പറഞ്ഞ് കണ്ണു നിറക്കുകയാണ് ചിറ്റമ്മ .നാല് സഹോദരന്മാർക്ക് ഒരേ ഒരു പെങ്ങൾ ആണ് ചിറ്റമ്മ. ചിറ്റമ്മയുടെ ഇളയ മകൻ അരുൺ ചേട്ടൻ പണ്ട് കാജാ ബീഡിക്കകത്ത് മുളകരി വച്ച് കൊടുത്ത് അച്ഛന് മുട്ടൻ പണി കൊട്ത്തിട്ടുണ്ട് അച്ഛൻ തന്നെ പറഞ്ഞതാണ് ഈ രസകരമായ സംഭവ കഥ. ചുമച്ച് ചുമച്ച് പരിവക്കേടായി പാവം. അന്ന് ഞങ്ങളൊന്നും ജനിച്ചിട്ടില്ല. ഞാനും അച്ഛനും തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു .
അച്ഛൻ്റെ രണ്ട് ജ്യേഷ്ഠസഹോദരങ്ങളും ഇരിക്ക അച്ഛൻ പോയതിന് പിന്നിൽ അച്ഛൻ്റെ ദുശീലങ്ങൾ ആയിരുന്നു. അവധി ദിവസങ്ങളിൽ ഞാൻ അച്ഛനും ആയി സംസാരിച്ചിരിക്കലാണ് പതിവ്.അച്ഛൻ്റെ ചെറുപ്പത്തിലെ കുസൃതികളും ഔദ്യോഗിഗ ജീവിതത്തിൽ എവിടെയും എത്താൻ കഴിയാതെ പോയതിനു പിന്നിലെ കഥകളും എല്ലാം ഞാനുമായി പങ്ക് വയ്ക്കുമായിരുന്നു അച്ഛൻ. ഞാനും അച്ഛനുമായുള്ള കൂട്ട് നാട്ടുകാരു പോലും പറയുമായിരുന്നു.എല്ലാ കുട്ടികളും അയൽവക്കത്ത് മറ്റു കുട്ടികളുമായി കളിക്കുമ്പോൾ ഞാൻ എൻ്റെ അച്ഛനോടൊപ്പം സമയം ചിലവഴിക്കുമായിരുന്നു ചെസ്സ് ‘ കളിക്കും ഏണിയും പാമ്പും ,ഡിസ്ക് ത്രോ ഒക്കെ ആയിരുന്നു ഞങ്ങളുടെ പ്രധാന ഹോബികൾ .
അങ്ങനെ എനിക്ക് 19 വയസ്സുള്ളപ്പോൾ എൻ്റെ വിവാഹം കഴിഞ്ഞു .എനിക്കിഷ്ടപ്പെട്ട പുരുഷനെ തന്നെ എൻ്റെ വരനായി കണ്ടെത്തി വിവാഹിതയാക്കി… വിവാഹ ശേഷം മൂന്നാം ദിവസം അച്ഛന് സുഖമില്ലാതെ ആശുപത്രിയിലായി.
ചോര’ ശർദ്ധിച്ചതിനാലാണ് ആശുപത്രിയിലേക്ക് പോയത്. കാര്യമൊന്നും പറയാതെ അനിലേട്ടൻ
( ഭർത്തവ്) എന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ലേക്ക് കുട്ടിക്കൊണ്ട് പോയി … അവിടെ ഞാൻ കണ്ടത് നിറകണ്ണുകളുമായി അമ്മയേയും എൻ്റെ കൂടപ്പിറപ്പിനേയും ആണ്. ഒരു നിമിഷം എനിക്ക് എന്താ സംഭവിക്കുന്നേ എന്ന് പറയാൻ പറ്റാത്ത വിധം ഞാൻ സ്തബ്ദയായി… കൈകാലുകൾ വിറക്കുന്നു… തൊണ്ട വലിഞ്ഞു മുറുകുന്നു. മരവിച്ച് നിന്നു പോയി. അച്ഛന് ലിവർ സിറോസിസ് ആയിരുന്നു. ഞാൻ വിവാഹം കഴിച്ച് പോയ രാത്രി അച്ഛൻ മദ്യപിച്ചിരുന്നു. അതാണ് പെട്ടന്ന് വയ്യാതാവാൻ കാരണം. ഞാൻ അവിടുണ്ടായിരുന്നേൽ അച്ഛൻ കുടിക്കില്ലായിരുന്നു എന്ന തോന്നൽ എന്നെ കുത്തി നോവിച്ച് കൊണ്ടിരുന്നു. രണ്ടാഴ്ചയോളം ഊണും ഉറക്കവും ഇല്ലാതെ അമ്മയും ചേട്ടനും അമ്മാവനും കഴിച്ച് കൂട്ടി. കയ്യിലെ പണം മുഴുൻ തീർന്നു അതോടെ ഡോക്ടർ പറഞ്ഞു ” ലിവർ ട്രാൻസ്പ്ലാൻ്റേഷൻ മാത്രമേ മാർഗ്ഗമുള്ളൂ… പക്ഷേ അതിനെ അതിജീവിക്കാൻ ഉള്ള ആരോഗ്യം അച്ഛനില്ല. കരൾ പകുത്ത് നല്കാൻ മകൻ തയ്യാറായി…പക്ഷേ ഇതല്ലേ അവസ്ഥ.
ഒരു മാസത്തിനപ്പുറം പോകില്ലെന്ന മുന്നറിയിപ്പ് നല്കി കൊണ്ട് ഡിസ്ചാർജ് തന്നു. അവിടം കൊണ്ടൊന്നും അച്ഛനെ വിട്ടു കൊടുക്കാൻ തയ്യാറാവാതെ ശ്യാം എൻ്റെ ചേട്ടൻ പ്രഗൽഭരായ ആയുർവേദ ഡോക്ടറുമായി സംസാരിച്ചു…. ഈശ്വരാനുഗ്രഹo….. അച്ഛൻ അതിജീവിച്ചു ചേട്ടൻ്റെ പ്രയത്നം വെറുതെ ആയില്ല കഷായം അരിഷ്ഠം ഒക്കെ ആയി മൂന്ന് വർഷം അച്ഛൻ പിന്നിട്ടു…
ഈ മൂന്ന് വർഷങ്ങളിലും ഞാൻ കണ്ടത് ആ അച്ഛനെ അല്ല… അമ്മയോടും എന്നോടും പഴയ സ്നേഹത്തിനപ്പുറം വെറുപ്പാണ് അച്ഛൻ പ്രകടമാക്കിയത്…മരണഭയം അച്ഛനിൽ ഉണ്ടായിരുന്നു… അപൂർവ്വമിഷങ്ങളിൽ എൻ്റെ പുന്നാര അച്ഛനായി മാറുമായിരുന്നു .വാശിയും ദേഷ്യവും കൂടുതലായി .അച്ഛൻ്റെ അസുഖത്തിൻ്റെ ഭാഗമായി അതിനെ കാണുന്നതിന് പകരം പലപ്പോളും ഞാൻ ക്ഷമ കിട്ടാതെ അച്ഛനോട് കയർത്തിട്ടുണ്ട്… ശാസിച്ചിട്ടുണ്ട്.,, ആ പിതൃ മനസ് ഒരുപാട് വേദനിച്ചു കാണണം.,,, പക്ഷേ ശ്യാം… എൻ്റെ ചേട്ടൻ എന്നും മന:സംയമനം പാലിച്ചു പോന്നിരുന്നു. പിണക്കങ്ങൾ പതിവാണങ്കിലും അച്ഛന് എന്നെ ഏറെ ഇഷ്ടമായിരുന്നു. ഇതിനിടയിൽ ആണ് എനിക്ക് 8 മാസം പ്രായമായ ഒരു ഗർഭസ്ഥ ശിശുവിനെ വയറ്റിൽ വച്ച് തന്നെ നഷ്ടമായത്, അതിൽ അച്ഛൻ വല്ലാതെ ദു:ഖിതനായിരുന്നു.തീരെ അവശത ആയ അവസരത്തിൽ അമ്മയോട് ഒരുപാട് സ്നേഹത്തോടെ പെരുമാറി. അമ്മയോട് മരിക്കാതിരിക്കാൻ വല്ല മാർഗവും ഉണ്ടോ എന്ന് പോലും ചോദിക്കുകയുണ്ടായി., ഇല്ല എന്ന് അറിഞ്ഞു കൊണ്ടാണ് ആ ചോദ്യം. തൻ്റെ മകനോട് അവസാനമായി ഒന്നേ ആവശ്യപെട്ടുള്ളൂ…” അമ്മയെ നോക്കിക്കോള്ളണം”…
ഒരു ദിവസം അച്ഛനോട് ക്ഷമ ചോദിച്ചു ഞാൻ അറിവില്ലാതെ പറഞ്ഞതിനൊക്കെയും. അന്ന് എൻ്റെ നിറുകയിൽ കൈവച്ച് പറഞ്ഞു നിനക്ക് നല്ലതേ വരൂ എന്ന് … നിനക്ക് നല്ല ജോലി കിട്ടും ,കുട്ടി ജനിക്കും എന്നൊക്കെ…!.ചിരിച്ചു കൊണ്ട് പറഞ്ഞു എനിക്ക് ഈ ഭൂമിയിൽ രണ്ട് പേരേ പേടിയുള്ളൂ … ഒന്ന് അവളെ ആണ് രാധയെ എൻ്റെ അനിയത്തി…. രണ്ട് നീയും …. എന്നോടും ചിറ്റമ്മയോടും സംസാരിച്ച് നിക്കാനൊക്കില്ല… ഞങ്ങൾ രണ്ടാളും വക്കീലിനെ പോലെ വാദിക്കും എന്ന്….!’
പിന്നിട് ഞാൻ അച്ഛനെ കാണുന്നത് അബോധാവസ്ഥയിലാന്ന്… ഒരു പാട് ഞാൻ വിളിച്ചപ്പോൾ കരഞ്ഞപ്പോൾ ഉപബോധ മനസ് പ്രതികരിച്ചതാവാം ഒന്ന് മുരങ്ങി…. ആ കിടപ്പ് ദിവസങ്ങൾ കിടന്നു.. ഒരു കൊച്ചു കുഞ്ഞിനെ പോലെ അമ്മ പരിപാലിച്ചു അച്ഛനെ… നിറകണ്ണുകളോടെ… അങ്ങനെ ഒരു ജനുവരി 29 ന് വൈകുന്നേരം അച്ഛൻ അന്ത്യ ശ്വാസം വലിച്ചു കണ്ണു തുറന്ന് എല്ലാരെയും നോക്കി.. യാത്ര പറയും പോലെ… ഞങ്ങളിൽ നിന്ന് ഒരിറ്റ് വെള്ളം കുടിച്ചു …. ആ മിഴികൾ പിന്നെ അടഞ്ഞില്ല…. അവസാന നാഡീമിടിപ്പ് പരിശോധിച്ചത് തൊട്ടറിഞ്ഞത് ഞാനായിരുന്നു… അവസാനമായി ആ കണ്ണുകളെ അടച്ചത് ഞാനായിരുന്നു.. അമ്മ തന്നത്താനിടിച്ചു നിലവിളിച്ചു.,,, കരിങ്കല്ലു കണക്കെ ഒന്നു ചലിക്കാനാവാതെ എൻ്റെ ചേട്ടൻ സ്ഥംഭിച്ച് ഇരുന്നു പോയി …. !…..
………………………………………..
ഞാൻ തിരികെ ചിറ്റമ്മയിലേക്ക് വന്നു. ഓർമ്മകൾ സ്ഥലകാല ബോധം മറപ്പിക്കും അല്ലോ… അസ്ഥി ഒഴുക്കാൻ പോകുന്ന കാര്യാണ് സംസാരിക്കുന്നത് . ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ ചേലാമറ്റത്ത് ക്ഷേത്രത്തിൽ പോയി അസ്ഥി നിമജ്ഞനം ചെയ്തു …. ആ കുംഭം ജലത്തിൽ ഒഴുകി പോകുന്നത് നോക്കി നിന്നു ഞങ്ങൾ ….അച്ഛൻ പോയി… എന്നാലും ഞങ്ങൾടെ ഹൃദയത്തിൽ ജീവിക്കുന്നു…. ഇനി അച്ഛന് കൊടുക്കാൻ വർഷാ വർഷമുള്ള ഒരു പിടി ബലിച്ചോറ് മാത്രം……!.

            രേവതികുട്ടി പള്ളിപ്പുറം.✍
Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: