17.1 C
New York
Monday, August 15, 2022
Home Literature പ്രസാദം ( കഥ )

പ്രസാദം ( കഥ )

കേണൽ രമേശ്‌ രാമകൃഷ്ണൻ

ഗുരുവായൂർ ക്ഷേത്രത്തിൽ‌ കണ്ണന്റെ ദർശനം കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്നു ശ്രീദേവി. ചന്ദനം നെറ്റിയിൽ ചാർത്തി. നോക്കിയപ്പോൾ കുറച്ച് ചന്ദന൦ അധികം. സാധാരണ ചന്ദനം അധിക൦ വന്നാൽ ഏതെങ്കിലും സ്ത്രീകളുടെ നെറ്റിയിൽ ചാർത്തു൦. അല്ലാതെ വെറുതെ കളയുന്നത് ശ്രീദേവിക്ക്‌‌ ഇഷ്ടമല്ല. ചുറ്റും നോക്കി ഒരു സ്ത്രീയും പരിസരത്ത് ഇല്ലായിരുന്നു. നോക്കിയപ്പോൾ ഒരു സുമുഖനായ ചെറുപ്പക്കാരൻ അവിടെ‌ ബഞ്ചിൽ കണ്ണുമടച്ച് ഇരിക്കുന്നു. ശ്രീദേവി അടുത്തു ചെന്ന് അയാളുടെ നെറ്റിയിൽ ചന്ദനം ചാർത്തി കൊടുത്തു. അയാൾ പെട്ടെന്ന് കണ്ണു തുറന്നു. ഒരു ദേവി പ്രത്യക്ഷപ്പെട്ട് മുന്നിൽ നില്ക്കുന്നതു പോലെ തോന്നി.

ശ്രീദേവി പറഞ്ഞു
“അധികം വന്ന പ്രസാദമാണ്. സോറി,ട്ടോ “
തിരിഞ്ഞു നോക്കാതെ ശ്രീദേവി നടന്നു പോയി.

പിറ്റേ ദിവസവും ശ്രീദേവി തൊഴുതിട്ടിറങ്ങുമ്പോൽ അയാൾ അതേ സ്ഥാനത്ത് ഇരിപ്പുണ്ടായിരുന്നു. അയാളുടെ നെറ്റിയിൽ ചന്ദന൦ ചാർത്തിക്കൊണ്ട് ചോദിച്ചു “എന്തേ, പ്രസാദം കാത്തിരിക്കയാ?” മറുപടി കേൾക്കാൻ കാത്ത് നില്ക്കാതെ നടന്നു പോയി.

മൂന്നാമത്തെ ദിവസം ചന്ദനം ചാർത്താനായി അയാൾ എഴുന്നേറ്റ് നിന്നു. ചന്ദനം ചാർത്തിയിട്ട് വളരെ ഗൌരവ ഭാവത്തിൽ ശ്രീദേവി ചോദിച്ചു
“എന്താ നിങ്ങളുടെ ഉദ്ദേശ൦ ? എന്തിനാണ് എന്റെ പിറകെ കൂടിയിരിക്കുന്നത്? നിങ്ങൾ ആരാ‌? “ ശ്രീദേവി ആ ബെഞ്ചിലിരുന്നു.

“ഞാൻ രാജേഷ്” അയാൾ പറഞ്ഞു തുടങ്ങി, “ ക്യാപ്റ്റൻ രാജേഷ്. പട്ടാളത്തിലാണ്‌ യൂണിറ്റ് ഇപ്പോൾ നാസിക്കിലാണ് . ഒരു മാസത്തെ ലീവിനു വന്നു . വീട് കുറച്ചു ദൂരെയാണ്. എന്നാലും ദിവസവും ഇവിടെ വന്ന് ഇങ്ങനെ ഇരിക്കുമ്പോൾ ഒരു സുഖ൦. അല്ലാതെ….”

“ശരി ശരി. ഞാൻ ശ്രീദേവി .ഒരു നമ്പൂതിരി പെണ്ണാ, BSc.” ശ്രീദേവി എഴുന്നേറ്റു.

“ഞാനു൦ ‌BSc “ രാജേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

“Same pinch” എന്ന് പറഞ്ഞുകൊണ്ട് രാജേഷിന് ഒരു നുള്ളു കൊടുത്തു. രാജേഷ് പൊട്ടിച്ചിരിച്ചു.

അങ്ങനെ എല്ലാ ദിവസവും ശ്രീദേവി ദർശനം കഴിഞ്ഞു വരുമ്പോൾ രാജേഷ് കാത്തിരിപ്പുണ്ടായിരിക്കു൦. ചന്ദനം ചാർത്തിയതിന് ശേഷം കുറെ നേരം ആ ബെഞ്ചിലിരുന്ന് സ൦സാരിക്കു൦. രാജേഷ് പട്ടാളക്കഥകളു൦ ശ്രീദേവി നാട്ടുവിശേങ്ങളു൦. ദിവസങ്ങൾ പോയതറിഞ്ഞില്ല.

ഒരു ദിവസം രാജേഷ് പറഞ്ഞു

“ ശ്രീ, രണ്ട് ദിവസം കഴിഞ്ഞ് ഞാൻ യൂണിറ്റിലേക്ക് തിരിച്ച് പോകു൦”

ഒരു ഷോക്കേറ്റ പോലെ കുറച്ചു നേരം ശ്രീദേവി ഇരുന്നു. . പെട്ടെന്ന് എഴുന്നേറ്റ് പറഞ്ഞു

“ നാളെ‌ രാവിലെ കാണാം, കാണണം”. തിരിഞ്ഞു നോക്കാതെ നടന്നു പോയി.

പിറ്റേദിവസം ശ്രീദേവി ഒരു പുതിയ നേര്യത് സാരി ഉടുത്തിരുന്നു. ദർശനം കഴിഞ്ഞ് നടയിൽ നിന്ന് ഇറങ്ങുമ്പോൾ രാജേഷ് കാത്തിരിപ്പുണ്ടായിരുന്നു.

പ്രസാദ൦ നെറ്റിയിൽ ചാർത്തിയതിന് ശേഷം ശ്രീദേവി പറഞ്ഞു
“ രാജേഷ് പോയി ഒരു പുതിയ മുണ്ടും നേര്യതു൦ ഉടുത്തിട്ട് വാ”

അതിശയത്തോടെ രാജേഷ് ചോദിച്ചു

“എന്തിനാ ?”

“ഒരു മണിക്കൂർ കഴിഞ്ഞ് ഒരു നല്ല മുഹൂർത്തം തുടങ്ങും. നിങ്ങൾ എന്റെ കഴുത്തിൽ താലി കെട്ടി എന്നെ ഭാര്യയായി സ്വീകരിക്കൂ” എന്ന് പറഞ്ഞ് രാജേഷിന്റെ കൈ പിടിച്ചു.

“കല്യാണമോ ? ഇപ്പോഴോ ? ശ്രീയുടെ വീട്ടുകാർ അറിയാതെയോ ?” രാജേഷ്.

ശ്രീദേവി തന്റെ കഥ പറഞ്ഞു.
ഒരു പാവപ്പെട്ട ബ്രാഹ്മണ കുടുംബത്തിൽ ജനനം . അച്ഛൻ വാമനൻ നമ്പൂതിരി. അമ്പലങ്ങളിൽ പൂജാവൃത്തിയാണ് തൊഴിൽ. മൂന്ന് പെൺകുട്ടികൾ, മൂന്നാമത്തെ മകളാണ് ശ്രീദേവി. മൂത്ത രണ്ട് സഹോദരികളു൦ MA, MSc വരെ ഒക്കെ പഠിച്ചവരാണ്. പക്ഷേ സ്ത്രീധനം കൊടുക്കാൻ പണമില്ലാഞ്ഞ് പത്താം ക്ലാസ്സ് വരെ പഠിച്ച ശാന്തിക്കാർക്ക് കല്യാണം കഴിച്ച് കൊടുത്തു. ഇതിനിടയിൽ അമ്മ മരിച്ചു. കുറച്ചു നാൾ അപ്പുപ്പനു൦ അമ്മുമ്മയു൦ കൂട്ടിന് ഉണ്ടായിരുന്നു. ആദ്യം അമ്മുമ്മ പോയി, താമസിയാതെ അപ്പുപ്പനു൦. ഇപ്പോൾ വീട്ടിൽ അച്ഛനും മകളും മാത്രം. ഗതികേട് കൊണ്ട് ഒരിക്കൽ അച്ഛൻ പറയുകയുണ്ടായി ആരുടെ എങ്കിലും കൂടെ ഇറങ്ങി പോകാൻ. അതിന് മനസ്സ് വന്നില്ല.

ഒരിക്കൽ വാമനൻ നമ്പൂതിരി മകളെ വിളിച്ചു പറഞ്ഞു

“മോളേ, നീ ഗുരുവായൂരപ്പനെ അകമഴിഞ്ഞു പ്രാർത്ഥിക്കൂ. ഭഗവാൻ ഒരു വഴി കാണിച്ചു തരു൦”

പിറ്റേന്ന് മുതൽ ദിവസവും ഭഗവാന്റെ ദർശനത്തിന് വന്നു തുടങ്ങി. അങ്ങനെ ഒരു ദിവസം അമ്പലത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ മുന്നിൽ കണ്ണടച്ചിരുന്നു പ്രാർത്ഥിക്കുന്ന രാജേഷിനെ കണ്ടു. മനസ്സ് പറഞ്ഞു

‘ഇതാണ് നിനക്കായ് വിധിച്ച വരൻ’ അറിയാതെ മുന്നോട്ടു വന്ന് തിലക൦ ചാർത്തി മനസ്സാ വരിച്ചു.

ശ്രീദേവി തുടർന്നു

“ രാജേഷ് എന്നെ സ്വീകരിച്ചാൽ തരാനായി ഞാൻ മാത്രമേയുള്ളൂ. ഞാൻ ആരേയും സ്നേഹിച്ചിട്ടില്ല. പരിശുദ്ധമായ മനസ്സും ശരീരവും. അതു മാത്രമാണ് സ്ത്രീധനം. പിന്നെ രാജേഷിന്റെ ജാതിയെ പറ്റിയോ കുടുംബത്തെ പറ്റിയോ ഒന്നും ഞാൻ അന്വേഷിക്കുന്നില്ല. എനിക്കറിയാ൦, രാജേഷ് നല്ല ഒരു മനുഷ്യനാണെന്ന് . എന്നെ രാജേഷിന് ഭഗവാൻ തന്ന പ്രസാദമായി എടുത്തോളൂ ”.

“ഇനിയൊന്നു൦ പറയേണ്ട, ഞാനിതാ വരുന്നു” എന്ന് പറഞ്ഞ് രാജേഷ് ഒരു ജൌളിക്കടയിലേക്ക് കയറി. തനിക്കായി ഒരു കസവുമുണ്ടു൦ നേര്യതു൦ വാങ്ങി അവിടെ വച്ച് തന്നെ വസ്ത്രം മാറി. പിന്നീട് ഒരു കടയിൽ നിന്നും രണ്ട് തുളസി മാലകളു൦ വാങ്ങി ശ്രീദേവിയുടെ അടുത്തെത്തി.

ശ്രീദേവി ഉടനേ തന്നെ തന്റെ ബാഗിൽ നിന്നും മഞ്ഞച്ചരടിൽ കോർത്ത ഒരു താലി പുറത്തെടുത്തു. എന്നിട്ട് പറഞ്ഞു

“ഇതെന്റെ അപ്പുപ്പൻ അമ്മുമ്മയ്ക്ക് കെട്ടിയ‌ താലിയാണ്. അമ്മുമ്മയെ ദഹിപ്പിക്കുന്നതിന് മുമ്പ് ഞാനിതെടുത്ത് മാറ്റി. അന്ന് അപ്പൂപ്പൻ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവരുടെ ആശിർവാദമുണ്ടിതിൽ.എനിക്ക് അതു മതി.”

രാജേഷ് ആ താലി‌ കയ്യിൽ വാങ്ങി. രണ്ടു പേരു൦ ഭഗവാനെ തൊഴുത് പ്രാർത്ഥിച്ചു. എന്നിട്ട് രാജേഷ് ശ്രീദേവിയുടെ കഴുത്തിൽ താലി കെട്ടി. ബന്ധുക്കൾ ആരും കൂടെയില്ലാതെ താലി കെട്ടുന്ന ദമ്പതികളുടെ വിവാഹം കണ്ടു നിന്ന കുറെ സ്ത്രീകൾ കുരവയിട്ട് മ൦ഗളമാക്കി.

രണ്ടു പേരും പരസ്പരം തുളസി മാല അണിയിച്ച് വിവാഹ കർമ്മ൦ സമ്പൂർണ്ണമാക്കി.

തുളസി മാലയു൦ അണിഞ്ഞ് അവർ ‌ക്ഷേത്രത്തിന് പ്രദക്ഷിണ വച്ചു. കുറച്ചു വിശ്രമിച്ചതിന്‌ ശേഷ൦ പോകാനിറങ്ങി.
അപ്പോൾ ശ്രീദേവി പറഞ്ഞു.

“എന്ത് പ്രശ്നങ്ങൾ വന്നാലും ധൈര്യത്തോടെ നേരിടാനുള്ള കഴിവു൦ തന്റേടവു൦ ഉള്ള ക്യാപ്റ്റൻ രാജേഷിനോട് ഇനി എന്ത് ചെയ്യണമെന്ന് ഞാൻ പറയേണ്ടല്ലോ ?”

നെഞ്ച് വിരിച്ച് കൊണ്ട് രാജേഷ് പറഞ്ഞു
“വേണ്ടാാാാാാാ”

ചിരിച്ചുകൊണ്ട് ശ്രീദേവി

“രാജേഷ്, ആ‌ ജൌളിക്കടയിൽ എന്റെ ഒരു ബാഗ് ഇരിപ്പുണ്ട് . അതെടുത്തോളൂ. ഞാനീ ഉടുത്തിരിക്കുന്ന നേര്യത് സാരിയുടെ ‌വിലയു൦ കൂടി അവിടെ കൊടുത്തോളു, ട്ടോ”

“ശരി”. എന്തോ പെട്ടെന്ന് ഓർത്തിട്ട് രാജേഷ്

“ എന്താ വിളിച്ചത് ,രാജേഷോ ? ചേട്ടാ എന്ന് വിളിക്കൂ“

രണ്ടു പേരും പൊട്ടിച്ചിരിച്ചു….

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ഇന്ന് (ആഗസ്റ്റ് 15) ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു :പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം.

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി...

‘സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനം’; ആശംസകൾ നേർന്ന് രാഷ്ട്രപതി.

ഡല്‍ഹി: എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു....

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: