തൊണ്ണൂറുകളുടെ അവസാനം നടന്ന ഒരു സംഭവകഥയാണിത്. “പ്രശ്നപരിഹാരം ദയാലു അറസ്റ്റിൽ”. ഈ തലക്കെട്ടോടെയാണ് അന്നത്തെ ദിനപത്രം ഇറങ്ങിയത്. സമൂഹത്തിലെ ഉന്നത നിലയിൽ ജീവിച്ചിരുന്ന പലരും ഇദ്ദേഹത്തിൻറെ കെണിയിൽ പെട്ടവരായിരുന്നു.
“അയ്യോ ഞങ്ങളുടെ പേരൊന്നും പത്രത്തിൽ വരരുതേ, ഞങ്ങൾക്കൊന്നും യാതൊരു പരാതിയയുമില്ല. ഞങ്ങളുടെ കാശ് പോയതങ്ങു ഞങ്ങൾ ക്ഷമിച്ചു”.എന്ന് പറഞ്ഞ് പല വമ്പന്മാരും പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി. പോലീസുകാർ കൃത്യമായി ഇവരെയൊക്കെ തിരിച്ചറിഞ്ഞത് എങ്ങനെയെന്ന് അറിഞ്ഞപ്പോൾ അവരുടെയൊക്കെ ബോധം പോയില്ല എന്നേയുള്ളൂ.
ദയാലു,
കൊട്ടാരം ഭവൻ,
പ്രശ്നപരിഹാരം,
മര്യാദമൂല,
ഒല്ലൂർ.
ഈ വീടിൻറെ ഉമ്മറത്ത് ഒരാൾ കാലു കുത്തുന്നത് മുതൽ സി സി ടിവി യുടെ നിരീക്ഷണ പരിധിക്കുള്ളിൽ ആകും. സി സി ടിവി എന്തെന്ന് സമ്പന്നർക്ക് പോലും അറിയാത്ത കാലമായിരുന്നു അത്.
പോലീസിൻറെ രഹസ്യ അന്വേഷണം എത്തിച്ചേർന്നത് തൃശ്ശൂരിലുള്ള ഒരു സമ്പന്ന കുടുംബത്തിൽ. സമ്പന്നന്‍റെ വീട്ടിൽ പശു, ആട്, കോഴി ഈവക വളർത്തുമൃഗങ്ങളെ യൊക്കെ നോക്കാൻ ജോലിക്ക് നിന്ന ഒരു പയ്യൻ ഉണ്ടായിരുന്നു. പേര് ജോബ്. ചില്ലറ മോഷണങ്ങളും തരികിട പരിപാടികളും തുടങ്ങിയപ്പോൾ അവർ അവനെ പറഞ്ഞു വിടുമെന്ന ഘട്ടം വന്നപ്പോൾ അവിടെ നിന്ന് നാടുവിട്ടു. എട്ട് പത്ത് വർഷം കഴിഞ്ഞ് പ്രപഞ്ചത്തിൽ നിന്ന് ഒരു വരദാനം കിട്ടിയെന്നും ഏത് സങ്കടങ്ങൾക്കും ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും ഒരു പരിഹാരമാർഗ്ഗം കണ്ടെത്തി തരാമെന്നും പറഞ്ഞു ‘ദയാലു’ എന്ന പേരും സ്വീകരിച്ച് തൃശ്ശൂരിന് അടുത്ത പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇദ്ദേഹം യാത്രചെയ്യുന്ന ബസ്സുകളിൽ വലിയ ഒരു കറുത്ത ബാഗ് കരുതും. ആ ബാഗിൽ ഇദ്ദേഹത്തിൻറെ വിലാസം വെളുത്ത പെയിൻറ് കൊണ്ട് എഴുതിയിട്ടുണ്ടാകും. ബസ് സ്റ്റാൻഡിൽ നിന്ന് ബസ് സ്റ്റാൻഡുകളിലേക്ക് യാത്രചെയ്തിരുന്ന ദയാലു പിന്നീട് ഒരു വീട് വാടകയ്ക്കെടുത്തു. കറുത്ത പാന്റും വെള്ള ജുബ്ബയും ധരിച്ച് ആറടി പൊക്കവും നല്ല തൂക്കമുള്ള ഈ മനുഷ്യൻറെ സംസാരം കേട്ടാൽ കൊച്ചുകുട്ടികളുടെ പോലെയാണ്. ദയാലുവിന് വിശ്വസ്തരായ രണ്ടുമൂന്ന് സഹായികൾ ഉണ്ട്. ആദ്യം ദയാലുവിനെ കണ്ട് പ്രശ്നം പറയണം. രണ്ടുദിവസം അതെക്കുറിച്ച് ഇദ്ദേഹം ധ്യാനിച്ചതിനുശേഷം കസ്റ്റമറെ വിളിക്കും. അതുവരെ ദയാലു ധ്യാനത്തിൽ ആയിരിക്കും. സഹായികൾ ഒക്കെ ആത്മാർത്ഥമായി അവരുടെ ജോലി ചെയ്തിരുന്നത് കൊണ്ട് സംഗതി കേറി ക്ലിക്കായി. ‘പ്രവചനം ബിസിനസ്’ അടിവെച്ചടിവെച്ച് വളർന്നു.പിന്നെ ഇദ്ദേഹത്തിനെ കാണണമെങ്കിൽ അപ്പോയ്ന്റ്മെന്റ് എടുക്കണം എന്നായി. ദയാലു ഒരു ആൾദൈവം ആയി മാറാൻ വലിയ താമസമുണ്ടായില്ല.
ഇദ്ദേഹം ആരോടും മോശമായി സംസാരിക്കില്ല. വരുന്ന കസ്റ്റമറോട് കുടുംബാംഗങ്ങളുമായി പരമാവധി സ്നേഹത്തിൽ പോവുക, കൂടപ്പിറപ്പുകളെയും സഹായം ആവശ്യമുള്ളവരെയും സഹായിക്കുക. ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ മാത്രമേ പറഞ്ഞു കൊടുക്കുകയുള്ളൂ. അവിടെയും ഇവിടെയും തൊടാതെ സംസാരിക്കും. മഴ പെയ്യുമോ എന്ന് ചോദിച്ചാൽ പെയ്യാം പെയ്യാതിരിക്കാം എന്ന് പറയുന്നതു പോലെ. കാര്യങ്ങൾ ശരിയായാൽ മാത്രം നിങ്ങൾ തിരികെ വന്നു നിങ്ങളുടെ സന്തോഷത്തിന്റെ ഒരു പങ്ക് എന്നെ ഏൽപ്പിക്കുക. നടന്നില്ലെങ്കിൽ നിങ്ങൾ തിരിച്ചു വരണമെന്ന് ഇല്ല. സമയം ആയിട്ടില്ല എന്ന് മാത്രം കരുതി കൊള്ളുക.
സിസിടിവി പരിശോധിച്ച് ഓരോരുത്തരെയായി പോലീസ് അന്വേഷിച്ചുവരികയാണ്. ഒന്നോ രണ്ടോ പേരല്ല നൂറുകണക്കിന് ആളുകളാണ് ഇയാളുടെ തട്ടിപ്പിനിരയായിരിക്കുന്നത്. തീയാൽ ആകൃഷ്ടരായി സ്വമേഥായാ വന്നു വീഴുന്ന ഇയ്യാംപാറ്റകളെ പോലെയാണ് ഓരോരുത്തരും വന്നു വീണിരിക്കുന്നത്.
10-20 ലക്ഷം രൂപ നഷ്ടപ്പെട്ട അനൂപിന് പറയാൻ ഉണ്ടായിരുന്ന കദനകഥ ഇതായിരുന്നു. കണ്ണുകളടച്ച് ധ്യാനനിമഗ്നനായി ഇരുന്നിരുന്ന ദയാലു വിൻറെ കയ്യിലേക്ക് അനൂപിന്റെ കൈ വെച്ചുകൊടുക്കാൻ സഹായി ആവശ്യപ്പെട്ടു. കണ്ണടച്ചിരുന്ന് ദയാലു പ്രവചിച്ചു “എന്നെ സമീപിച്ചിരിക്കുന്നത് ചില കോടതിയിലെ തർക്കവിഷയങ്ങളെക്കുറിച്ച് സംസാരിക്കാനാണ്. കേസ് ജയിച്ചു എന്ന് തന്നെ കൂട്ടിക്കോളൂ.” പ്രവചനം കേട്ട് അനൂപ് അന്ധാളിച്ചു.
“അതെ കേസ് ജയിക്കുമോ എന്ന് അറിയാൻ തന്നെയാണ് ഞാൻ വന്നത്”. അനൂപിന്റെ മറുപടി.
“ഉത്സാഹം താങ്കൾക്കുണ്ട് ഇനി ശക്തി സംഭരിക്കുക. ഒത്തുപിടിച്ചാൽ മലയും പോരും”. ഇതായിരുന്നു അനൂപിനോട് ആദ്യം ദയാലു പറഞ്ഞത്.
ആ വീടിൻറെ ഉമ്മറത്തു വെച്ച് അനൂപ് പരിചയപ്പെട്ട ആളായിരുന്നു ഡേവി. ദയാലുവിന്റെ പ്രശസ്തി കേട്ടറിഞ്ഞു കോഴിക്കോട് നിന്ന് അദ്ദേഹത്തെ കാണാൻ വന്ന ആൾ ആയിരുന്നു ഡേവി. ഇതിൽ ഡേവിയോട് ഇദ്ദേഹം പറഞ്ഞത് ഇങ്ങനെ. “മുമ്പ് നടത്തിയ കച്ചവടങ്ങൾ എല്ലാം വിഡ്ഢിത്തം ആയി എന്ന് തിരിച്ചറിഞ്ഞില്ലേ? ദൈവം ഡേവിയെ സദാ ഉറ്റു നോക്കുന്നു. ആഴക്കടലിൽ വലവീശി നിങ്ങൾ ചാകര കൊയ്യണം”. കോഴിക്കോട് വലിയ ഒരു ബിൽഡിംഗ് മെറ്റീരിയൽസ് കട നടത്തിയിരുന്ന ആളായിരുന്നു ഡേവി. മൂന്നു പെൺമക്കളെ വിവാഹം കഴിച്ചയച്ചും ആഡംബര ജീവിതം നയിച്ചും ആകെ തകർന്നു നിൽക്കുന്ന സമയത്താണ് പ്രശ്നപരിഹാരത്തിന് ദയാലുവിനെ കാണാൻ വന്നത്. ഡേവിയും അനൂപും ദയാലുവിൻറെ വീട്ടുമുറ്റത്ത് വെച്ച് പരിചയപ്പെട്ടു. രണ്ടാഴ്ച കഴിഞ്ഞു ദയാലു പ്രവചിച്ചതുപോലെ അനൂപ് കേസ് ജയിച്ചു. കിട്ടിയ സ്ഥലം വിറ്റ്, പൈസയുമായി അനൂപ് നേരെ ഡേവിയുടെ അടുത്തേക്ക് പോയി അയാളുടെ പങ്ക് കച്ചവടക്കാരനായി. കോടികളുടെ ബിസിനസ് ചെയ്യുന്ന ആളാണ് ഡേവി എന്നാണ് അനൂപ് കരുതിയത്. ചുരുക്കം പറഞ്ഞാൽ ഡേവിയുടെ എല്ലാ കടബാധ്യതകളും അനൂപിന്റെ കാശുകൊണ്ട് വീട്ടി. ബിൽഡിംഗ് മെറ്റീരിയൽസ് കട തന്നെ അവസാനം വിറ്റു. മുടക്കിയതിൻറെ നാലിലൊന്നും കൊണ്ട് അനൂപ് തൃശ്ശൂർ തിരികെയെത്തി. അപ്പോഴാണ് ദയാലു മറ്റൊരു കേസിൽ അറസ്റ്റിലായി എന്ന് അറിയുന്നത്. പറ്റിക്കാനുള്ള ആളെയും പറ്റിക്കപ്പെടാ നുള്ള ആളെയും കൂട്ടി യോജിപ്പിച്ച് ഇടയ്ക്ക് നിന്നു കമ്മീഷൻ വാങ്ങുക എന്ന പുതിയ ഒരു തന്ത്രമായിരുന്നു ദയാലുവിന്റേത്. കസ്റ്റമേഴ്സിനു ആർക്കും പരാതിയില്ല കാരണം ദയാലു ആരുടെയും പുറകെ നടന്നിട്ടില്ല. ദയാലുവിനെ കാണാൻ കാത്തുനിന്ന് എത്തിയവരാണ് ഇവർ.
അനൂപ് കേസ് ജയിച്ച് കിട്ടിയ പണം ഡേവിക്ക് കൊടുക്കണമെന്ന് ദയാലു ആവശ്യപ്പെട്ടിട്ടില്ല. ആ വീട്ടുമുറ്റത്ത് വെച്ച് പരിചയപ്പെട്ടവർ മാത്രമാണ് അവർ. ഇവിടെ സംഭവിച്ചത് ഡേവിയുടെ കൈയിൽനിന്ന് കമ്മീഷൻ വാങ്ങി, അനൂപിനെ സമീപിച്ചോ എന്ന് പറഞ്ഞു. ഇദ്ദേഹം തന്നെ ആളെയും ചൂണ്ടി കാണിച്ചു കൊടുത്തു. രണ്ടു പേരെയും ഒരുദിവസം വിളിച്ചുവരുത്തി പരിചയപ്പെടാൻ അവസരം ഒരുക്കി കൊടുത്തത് മാത്രമാണ് ദയാലു ഇവിടെ ചെയ്തത്. ഇതിൽ എങ്ങനെ കേസെടുക്കും? ഇപ്പോൾ ചെറിയ ഒരു അശ്രദ്ധ കൊണ്ടാണ് ദയാലു മറ്റൊരു കേസിൽ അറസ്റ്റിലായിരിക്കുന്നത്. അത് വെറും ഒരു പെറ്റി കേസ് ആണ്. ശിക്ഷ കഴിഞ്ഞ് ഇറങ്ങി മറ്റൊരു സ്ഥലത്ത് മറ്റൊരു പേരിൽ ദയാലു ഇറങ്ങും എന്ന് പ്രതീക്ഷിക്കാം.
ശക്തമായ ഒരു പരാതിയും ദയാലുവിന്റെ പേരിൽ ഇല്ല.അതാണ് പോലീസിനെ കുഴയ്ക്കുന്നത്. ഇത് തന്നെയാണ് ഇവരുടെ വിജയവും.
ഉദരം നിമിത്തം ബഹുകൃത വേഷം.
മേരി ജോസ്സി മലയിൽ തിരുവനന്തപുരം✍