ഏഴുവൻകരയും
അഞ്ച് മഹാസമുദ്രങ്ങളും
ഹൃദയത്തിൽ നിറച്ചു
സ്വപ്നങ്ങൾക്ക്
ചിറകുകൾ വീശി
ലോകം മുഴുവൻ സഞ്ചരിക്കണം,
രമണന് ചന്ദ്രിക പോലെ
ആൽപ്സ് മലനിരയെ
വാക്കുകളാൽ ഇടിച്ചു നിരത്തി
സമതലമാക്കി വഴിയൊരുക്കണം,
ഷാജഹാന് മുംതാസ് പോലെ
ഗ്രേറ്റ് ബാരിയർറീഫിലെ
പവിഴ കൊട്ടാരത്തിലെ
രാജാവും റാണിയുമാകണം,
മൊയ്തീന് കാഞ്ചനമാല പോലെ
പ്രായറീസ് പുൽമേട്ടിൽ
ഉന്മാദത്താൽ നിശബ്‍ദതയിലെ
ഇരുട്ടിനെ ന്യത്തമാക്കണം,
റോമിയോയ്ക്ക് ജൂലിയറ്റ് പോലെ
ആമസോൺ മഴക്കാടുകളിൽ
വേഴാമ്പലിന്റെ ചിറകടിയിൽ
പരിമളം പൂശി ഒന്നായിയൊഴുകണം.
ജാക്കിന് റോസ് പോലെ
നൈൽ നദിയിലെ
കുഞ്ഞോളങ്ങളെ ചുംബിച്ചു
പരൽമീനുകൾക്ക് കൊടുക്കണം,
ലൈലയ്ക്കു മജ്നു പോലെ
ഭൂമിയുടെയെല്ലായതിരുകളിലും
ഗുൽമോഹർ പൂക്കളാൽ
കളംവരച്ചു ചുണ്ടുകളെ
ചുവിപ്പിക്കണം ,
എന്നിട്ടോ?
നഷ്ടപ്പെട്ടാൽ
അടരുമ്പോൾ മാത്രം
മുളയ്ക്കുന്ന
താഴ്‌വരയിൽ പൂക്കുന്ന
എകാന്തത കടമായി വാങ്ങി
ഒറ്റ മുറിയിൽ നിറച്ചു
ആവാഹനം പൂർത്തിയാക്കണം.
പ്രീതി രാധാകൃഷ്ണൻ✍