17.1 C
New York
Friday, September 17, 2021
Home Literature "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (9)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (9)

✍ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

പൊന്നിൻ ചിങ്ങ മാസത്തിന്റെ വരവറിയിക്കുന്നത് പൊന്നോണ തുമ്പികൾ. എങ്ങും പാറിപറക്കുന്ന പൂത്തുമ്പികൾ. മലയാള മണ്ണിലും മനസിലും പൂക്കളുടെ സുഗന്ധം. വറുതിയുടെ ജ്യേഷ്ഠവും, വ്യസനം നിറഞ്ഞ മിഥുനവും, പഞ്ഞം പിടിച്ച കർക്കടവും കഴിഞ്ഞു പ്രകൃതി വസന്തത്തിന്റെ പുതു വർഷം ആരംഭിക്കുന്ന കാലത്താണ്, ഓണം എന്ന മലയാളികളുടെ സന്തോഷസങ്കല്പ നാൾ കടന്നു വരുന്നത്. കാർഷിക സമൃദ്ധി കൊണ്ടും മഴയ്ക്ക് ശേഷമുള്ള വാണിജ്യ വിപണിയുടെ ഉണർവിനാലും നാടെങ്ങും സാമ്പത്തിക സമൃദ്ധി.
ഓണം മലയാളി ആഘോഷിക്കാൻ കാരണങ്ങൾ, ഐതിഹ്യങ്ങൾ പലതുമുണ്ടെങ്കിലും ഓണത്തിന് നിറപകിട്ടേകുന്നത് ഓണം ആഘോഷിക്കുന്ന സമയത്തിന്റെ പ്രത്യേക സൗന്ദര്യം കൂടി കൊണ്ടാണ്.

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. മലയാളികൾക്ക് സുപരിചിതമായതും വ്യാപകമായി അംഗീകൃതമാക്കപ്പെട്ടിട്ടുള്ളതുമായ ഐതിഹ്യം മഹാബലിയുടെത് തന്നെ. എന്നാൽ പരശുരാമൻ, ശ്രീബുദ്ധൻ, ചേരമാൻ പെരുമാൾ, സമുദ്രഗുപതൻ-മന്ഥരാജാവ് തുടങ്ങിയവരുമായി ബന്ധപ്പെട്ടും അറിയപ്പെടാത്ത ഒട്ടനവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. അവയിലൂടെ ഒന്ന് സഞ്ചരിച്ചുപോകാം.

അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം ‘വലിയ ത്യാഗം’ ചെയ്തവൻ എന്നാണ്. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. മഹാബലിയുടെ സത് ഭരണം കണ്ടു അസൂയ പൂണ്ട ദേവന്മാർ മഹാവിഷ്ണുവിനോട്‌ പരാതി പറഞ്ഞു. മഹാബലി ദേവന്മാരേക്കാൾ പ്രശസ്തനാവുന്നതിനാൽ തങ്ങളെ മനുഷ്യർ ആരാധിക്കുകയില്ല എന്നായിരുന്നു അവരുടെ പരാതി.. ഇതു കേട്ട് മഹാബലിയുടെ ഭരണം അവസാനിപ്പിക്കാൻ വാമനരൂപം പൂണ്ട മഹാവിഷ്ണു മഹാബലിയോട് മൂന്നടി മണ്ണ് ചോദിച്ചു. മൂന്നടി മണ്ണ് മഹാബലി വാഗ്ദാനം ചെയ്തപ്പോൾ വാമനം വിശ്വരൂപം കൊള്ളുകയും രണ്ടുപാദങ്ങൾകൊണ്ട് മൂന്നു ലോകവും അളന്നെടുത്ത വാമനൻ മൂന്നാമത്തെ അടി മണ്ണിനായി കാലെവിടെ വയക്കുമെന്ന് മഹാബലിയോട് ചോദിച്ചു. മറ്റു മാർഗങ്ങളൊന്നും കാണാതെ ധർമ്മിഷ്ടനായ മഹാബലി മൂന്നാമത്തെയടി വയ്ക്കുവാനായി തന്റെ ശിരസ് കുനിച്ചു കൊടുത്തു. പ്രജാ ക്ഷേമതൽപരനായ മഹാബലി വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാനായി രാജ്യസന്ദർശനത്തിനുള്ള അനുമതി ചോദിച്ചു. മഹാബലിയുടെ അപേക്ഷ വാമനൻ ഇത് അംഗീകരിക്കുകയായിരുന്നു. മഹാബലിയുടെ വാർഷിക സന്ദർശനദിനമാണ് തിരുവോണമെന്നാണ് ഐതിഹ്യം.

ഓണം വാമനജയന്തിയാണെന്നുള്ള വാദങ്ങളും പലകോണിൽ നിന്നും ഉയർന്നുവരുന്നുണ്ട്. അങ്ങനെ കരുതുന്നവരും കുറവല്ല. ഓണവുമായി ബന്ധപ്പെട്ടു കിടക്കുന്ന തൃക്കാക്കര ക്ഷേത്രവുമായി ബന്ധിച്ചാണ് ഈ വിശ്വാസവും നിലനിൽക്കുന്നത്. മലയാളിയുടെ ഓണ സങ്കൽപ്പത്തിന്റെ ആത്മാവ് കുടികൊള്ളുന്ന മണ്ണാണ് തൃക്കാക്കരയിലേത്. വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പാദം പതിഞ്ഞയിടം എന്ന അർത്ഥത്തിലാണ് പ്രദേശത്തിന് തൃക്കാൽക്കര അഥവാ തൃക്കാക്കര എന്ന പേര് ലഭിച്ചത്. മഹാബലികര, വാമനക്ഷേത്രം എന്ന പേരിലും തൃക്കാക്കര അറിയപ്പെട്ടിരുന്നു. വൈഷ്ണവർ വിശ്വസിക്കുന്ന 13 ദിവ്യദേശങ്ങളിൽ ഒന്നാണ് തൃക്കാക്കര മഹാദേവ ക്ഷേത്രം. വാമനൻ അവതിച്ച ദിനമാണ് തിരുവോണമെന്നും അതിനാൽ ഓണം വാമനജയന്തിയാണെന്നുമാണ് ഐതിഹ്യത്തിന്റെ പ്രചാരകർ പറയുന്നത്.

ഓണത്തിന് ബുദ്ധമതവുമായി ബന്ധമുണ്ട് എന്നു വിശ്വസിച്ചു വരുന്നവരുമുണ്ട് ഓണം, തിരുവോണം’ എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞുവന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു.

മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തുപോയത്ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗൻ പറയുന്നു. എന്നാൽ ചേരമാൻ പെരുമാളിന്റെ കാലത്ത് ഇസ്ലാം മതം രൂപം കൊണ്ടിട്ടില്ല എന്നത് ഈ അനുമാനത്തെ ഖണ്ഡിക്കുന്നു. എന്നാൽ ആണ്ടുപിറപ്പുമായി ബന്ധപ്പെടുത്തിയും വില്ല്യം ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്. തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാൻ പെരുമാളിനെ ചതിയിൽ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാൽ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിർപ്പിനെ തണുപ്പിക്കാൻ എല്ലാ വർഷവും തിരുവിഴാ നാളിൽ മാത്രം നാട്ടിൽ പ്രവേശിക്കാനുമുള്ള അനുമതി നൽകപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആശ്രിതർക്കായി നൽകി രാജ്യം വിട്ടുവെന്നും ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു. ആ ഓർമ്മക്കായിരിക്കണം തൃക്കാക്കരയപ്പൻ എന്ന പേരിൽ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയിൽ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്.

ഓണത്തെ കുറിച്ചുള്ള മറ്റൊരു കഥ അലാഹബാദ് ലിഖിതങ്ങളിൽ നിന്നും ലഭിച്ചതാണ് മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും എന്നാൽ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധിക്കപേക്ഷിക്കുകയും തുടർന്ന് കേരളത്തിനഭിമാനാർഹമായ യുദ്ധപരിസമാപ്തിയിൽ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളിൽ പറയുന്നു. ഈ രാജാവ് മഹാബലിയുടെ അവതാരമാണെന്നും ഈ അഭിപ്രായത്തിന്റെ വക്താക്കൾ പറയുന്നു. എന്നാൽ സമുദ്രമാർഗ്ഗം തൃക്കാക്കര ആക്രമിക്കാൻ സാധ്യമല്ല എന്നതിനാൽ ഈ രാജാവ് അക്കാലത്തെ ചേര തലസ്ഥാനമായിരുന്ന കുട്ടനാട്/മാവേലി ആയിരുന്നിരിക്കാമെന്ന് മറ്റു ചിലർ വാദിക്കുന്നത്. മാവേലിക്കര (ഓടനാട്) യിലെ സുപ്രധാനമായ കോട്ട് (വേലി) ഉള്ളതു കൊണ്ടാണ് മാവേലി എന്ന പേരു വന്നതും മാവേലിക്കരയായിരുന്നു ചേര തലസ്ഥാനമെന്നുമാണ് ഈ നിഗമനത്തിനു പിന്നിൽ.

കുട്ടിക്കാലത്തു ഓണമെന്നാൽ പൂക്കളവും സദ്യയും കൈക്കൊട്ടിക്കളിയും ഊഞ്ഞാലാട്ടവും ആയിരുന്നു. ഓണത്തിന് സ്കൂൾ അവധി പത്തു നാൾ മാത്രം. അതു ചിലപ്പോഴൊക്കെ പരീക്ഷ കാലം കൂടിയാണ്.അത്തം കഴിഞ്ഞു മാത്രം ആയിരിക്കും സ്കൂൾ അവധി ആരംഭിക്കുക. അത്തം നാൾ മുതൽ ചെറിയ ഒരു പൂക്കളം ഒരുക്കി സ്കൂളിൽ പോവുകയും ഓണാവധിക്കായി അക്ഷമയായി കാത്തിരിക്കുകയും ചെയ്ത കുട്ടിക്കാലം.അന്നൊക്കെ ഓണാവധികളിൽ ബന്ധുക്കളെ സന്ദർശിക്കുകയും അവരോടൊത്തു ചെറിയ യാത്രകൾ കുടുംബസമേതം നടത്തുകയും ചെയ്തിരുന്നു. ബന്ധങ്ങളുടെ ഇഴയടുപ്പം വർധിക്കുന്നതും പരസ്പരം കരുതലും സഹകരണവും ഈ യാത്രകളുടെ മുതൽ കൂട്ടായിരുന്നു.

ഓണത്തിന്റെ ഏറ്റവും വലിയ മഹത്വം അത് സമഭാവന എന്ന വലിയ സന്ദേശം മനുഷ്യന് പ്രദാനം ചെയ്തു എന്നത് തന്നെയാണ്. മഹാബലിയുടെ കാലത്തെന്ന പോലെ എല്ലാ മനുഷ്യരും തുല്യരാണ് എന്നും എല്ലാവരും സന്തോഷവും സമാധാനവും അനുഭവിക്കുവാൻ അവകാശമുള്ളവരാണെന്നും ഉള്ള ഓർമ്മപ്പെടുത്തലാണ് ഓണം. ഉള്ളവനും ഇല്ലാത്തവനും ഒന്നുപോലെ പുതു വസ്ത്രങ്ങൾ അണിയുകയും വിഭവസമൃദ്ധമായി നിറച്ചുണ്ണുകയും ചെയ്തു സംതൃപ്തരാവുന്ന പുണ്യദിവസം ഓണം.

✍ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

COMMENTS

2 COMMENTS

  1. ഗൃഹാതുരസ്മരണകൾ അയവിറക്കുന്ന ഈ ലേഖനം
    പ്രവാസലോകത്തെ പുതുതലമുറയിൽ ആശ്ചര്യം ജനിപ്പിക്കുന്നു. വളരെ ആസ്വാദ്യകരം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com