അജിത്ത് – റാന്നി
ചിരിക്കും മുഖമറ കാണാതെ വീണ്ടും
വെളുക്കച്ചിരിച്ചങ്ങിരിക്കുന്നു പൊട്ടൻ
കരയും മിഴിക്കുഴിയ്ക്കുള്ളിൽ പതുങ്ങും
മുതലയെ കണ്ടിട്ടുംകാണാതെ തിരയുന്ന പൊട്ടൻ!
മക്കളെക്കണ്ടും, മാമ്പൂവ് കണ്ടും
മനക്കോട്ടകെട്ടി ഇരിക്കുന്നു പൊട്ടൻ
കരുതിയതൊക്കെ പകുത്താൽ പുറത്താക്കി
പടികൊട്ടിയടപ്പത് കാണാത്ത പൊട്ടൻ!
കോരൻ്റെ കുമ്പിളിൽ വീഴ്ത്തുന്ന കഞ്ഞിയും
ഔദാര്യമെന്ന് കരുതുന്നു പൊട്ടൻ
ദക്ഷിണയേകാൻ പെരുവിരൽ ഛേദിപ്പാൻ
വൈമനസ്യം തെല്ലും കാട്ടാത്ത പൊട്ടൻ!
കൊടിയേന്തി കോമരം തുള്ളിയാടുമ്പോൾ
കൂടപ്പിറപ്പിനെ കാണാത്ത പൊട്ടൻ
വീഴ്ത്തും നിണവർണ്ണമേകമാണെന്ന്
തിമിരാന്ധകാരത്തിൽ കാണാത്ത പൊട്ടൻ!
അയലത്തെ പ്രൗഢിയെ അതിശയിപ്പിക്കാൻ
അരുതാത്തതെന്തും ചെയ്യുന്ന പൊട്ടൻ
വെട്ടിപ്പിടിച്ചത് സ്വന്തമെന്നോർത്ത്
മർത്യനെ പാടേ മറക്കുന്ന പൊട്ടൻ!
അക്കരപ്പച്ചയെ തേടുന്ന പൊട്ടൻ
ഇക്കരക്കാഴ്ച മറക്കുന്ന പൊട്ടൻ
പൊട്ടും കുമിളതൻ വർണ്ണപ്പൊലിമയിൽ
ചില്ലുകൊട്ടാരത്തിലമരുന്നപൊട്ടൻ.

ഇന്നിന്റെ നേരിലേയ്ക്ക് വിരൽ ചൂണ്ടുന്ന വരികൾ..മനോഹരം..
അജിത്ഭായ് ഗംഭീരം 👏👏👏