✍️അമ്പിളിപ്രകാശ്, ഹ്യൂസ്റ്റൺ
പെണ്ണെഴുതുമ്പോൾ…..
ചുറ്റിലാളുന്നുണ്ട് അഗ്നിജ്ജ്വാലകൾ..
കണ്ണിലോ ,രോഷത്തിരകളിളകുന്നുണ്ട്…
നെഞ്ചിലോ ,തീച്ചുരുളുകൾ കത്തുന്നുണ്ട്.
നാഡിയിലോ ,രക്തം തിളക്കുന്നുണ്ട്…
ദംഷ്ട്രകൾ തമ്മിലുരസുന്നുണ്ട് …
ശാപവാക്കുകൾ തൻ ഒച്ച കേൾക്കുന്നുണ്ട്…
പെണ്ണെഴുതുമ്പോൾ…..
തൂലിക ഛുരികയാകുന്നുണ്ട്..
മഷിയിലോ നിണം പുരളുന്നുണ്ട്..
ഉള്ളിലൊരു വൻകടലിരമ്പുന്നുണ്ട്…’
ചെന്നായ്ക്കൾ ചുറ്റിലും മുരളുന്നുണ്ട്….
കാട്ടാളകൈകളവളൾക്കു നേർ നീളുന്നുണ്ട്..
പാതകളിൽ കല്ലുകൾ ഉരുണ്ടു കൂടുന്നുണ്ട്.
പെണ്ണെഴുതുമ്പോൾ……
കണ്ണിൽ നനവു പടരുന്നുണ്ട്…
കരിമഷി കലങ്ങുന്നുണ്ട്..
സപ്തനാഡിയിലൂർജം തിരയുന്നുണ്ട്..
തലമുടിച്ചുരുളുകൾ പാറിപ്പറക്കുന്നുണ്ട്..
വിരൾത്തുമ്പൊരു വീണയാകുന്നുണ്ട്..
കാൽച്ചിലമ്പുകൾ കവിത കുറിക്കുന്നുണ്ട്.
പെണ്ണെഴുതുമ്പോൾ…..
വാതിലുകളാരോ തള്ളിത്തുറക്കുന്നുണ്ട്…
കുഞ്ഞിന്റെ രോദനം വന്നലതല്ലുന്നുമുണ്ട്.
അടുക്കളക്കോലയിൽ അമർഷംപുകയുന്നുണ്ട്,
അടക്കംപറച്ചിലിൻ മർമ്മരം കേൾക്കുന്നുണ്ട്,
അവളോ,നെഞ്ചെരിപ്പോടാറ്റുന്നുമുണ്ട്..
അവൾക്ക് വിഷയദാരിദ്ര്യമില്ല.
ഉള്ളൊരു ഉറവയാകുന്നുണ്ട്.
തടിനിയായ് പരന്നൊഴുകുന്നുമുണ്ട്.
എഴുത്തോ ലാഹിരിയാകുന്നുണ്ട്
കൂട്ടിലെക്കിളി പാറുന്നുമുണ്ട്,
ഒരു സുഖ നിദ്രയേകുന്നുമുണ്ട്..
പെണ്ണെഴുതട്ടെ…..
സർവംസഹയായമ്മ തൻ മാറിലിരുന്ന്,
പെണ്ണിനു കരുത്തുപകരുവാൻ…
പെണ്ണിനു വേണ്ടി….
പെണ്ണിൻ മനമറിയുന്നവൾ
പെണ്ണിന്റെഗാഥ പാടട്ടെ,
പെണ്ണുവെറും പെണ്ണല്ലെന്നു ചെല്ലട്ടെ…
പെണ്ണോ!!!!!!!!!!!!!!!!!!
അവളൊരു ദേവിയാണ്.
ഒരുവെണ്ണിലാവിൻ കുളിരു പോൽ’
ഒരു വസന്തകാലത്തെ വർഷമായി
ഒരാലിപ്പഴത്തിന്റെ തണുപോൽ,
സ്നേഹ സ്പർശമായി….
ഒരമ്മ തൻ താരാട്ടായി……
അവളുമെഴുതട്ടെ……..
✍️അമ്പിളിപ്രകാശ്