17.1 C
New York
Wednesday, September 22, 2021
Home Literature പുരുഷൻ (കഥ)

പുരുഷൻ (കഥ)

✍വി. കെ. അശോകൻ, കൊച്ചി

നീണ്ട ഇരുപത് വർഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടിലെത്തി വീര കഥകൾ പറഞ്ഞു തീരും മുമ്പേ അടുത്തുള്ള ബാങ്കിൽ പുരുഷന്‌ ജോലി കിട്ടി. കൂടപ്പിറപ്പുകളായ സഹോദരിമാരെ നല്ല രീതിയിൽ കെട്ടിച്ചയക്കുന്നതിനിടയിൽ വിദൂര വിദ്യഭ്യാസത്തിലൂടെ നേടിയ ബിരുദം ബാങ്കിലേക്കൊരു ചവിട്ടു പടിയായി. അതിൻ്റെ സന്തോഷം ആസ്വദിച്ചു തീരും മുമ്പേ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ തന്നെ, പുരുഷന് സർവ്വ പിന്തുണയുമായി നിന്നിരുന്ന അമ്മ കല്യാണികുട്ടി വിട വാങ്ങിയത്….
തനിച്ചായ പുരുഷന്‌ ഒരു കൂട്ടുണ്ടാക്കാൻ കൂട്ടുകാരും ബന്ധുജനങ്ങളും പതുക്കെ നിർബന്ധിച്ചു തുടങ്ങി.
പുരുഷൻ പറഞ്ഞു- അമ്മയുടെയും ആഗ്രഹമായിരുന്നു…. അമ്മ കുറെ നോക്കിയതാ….ഒന്നും ശരിയായില്ല. സത്യം പറഞ്ഞാൽ എൻ്റെ ഈ പേര് തന്നെ പലർക്കും ഇഷ്ടമാകുന്നില്ല……
ആരാ നിനക്കീ പേരിട്ടത് ….
അതെന്റെ അമ്മാവൻ മൂത്തോർ കുട്ടി….
ഓ …വെറുതെയല്ല….. അല്ലെടോ…. ഈ പേരങ്കിട് മാറ്റിയാ പോരെ…. എന്നിട്ട് ഗസറ്റിൽ കൊടുക്കണം….
അതൊക്കെ പൊല്ലാപ്പാണ്….ഈ പേര് വെച്ച് ഇത്ര കാലം ജീവിച്ചില്ലേ. അല്ലെങ്കിലും ഞാനൊരു ഒത്ത പുരുഷനല്ലേ…. പുരുഷനെ പുരുഷൻ എന്നല്ലാതെ എന്താ പറയാ…. .. പുരുഷൻ തൻ്റെ പേരിനെ ന്യായികരിച്ചു.
അത് ശരിയാണ്…. എന്നാലും പേരിന്റെ പുറത്തു് കല്യാണം നടക്കാതിരിക്കരുത്….. കൂട്ടുകാർ ഒറ്റകെട്ടായി പറഞ്ഞു.
അല്ല…എനിക്ക് വയസ്സും മുപ്പത്തിയെട്ടു കഴിഞ്ഞുട്ടോ…..അതും പ്രശ്നാണ്…… പുരുഷൻ അടുത്ത തടസ്സം പറഞ്ഞു.
നീയിപ്പോ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിലാണെങ്കി യുവജന പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ നേതാവാകേണ്ട പ്രായമാണ്…. ഇനി പഠിച്ചോണ്ടേ ഇരിക്കാണെങ്കി വിദ്യാർത്ഥി സംഘടനയുടെ നേതാവാണ്… ഇതൊന്നും ഒരു പ്രായല്ല എന്റിഷ്ടാ….. മറ്റൊരാൾ ആവേശത്തോടെ പറഞ്ഞു.

ഈ പ്രായത്തിൽ പെണ്ണുങ്ങൾ വരെ കല്യാണം കഴിക്കുന്നു…..പിന്നല്ലേ ആണുങ്ങള്….ഞാൻ തന്നെ ഈ പ്രായത്തിനിടയിൽ രണ്ടു കെട്ടി….
അത് പറഞ്ഞ ആളെ പുരുഷൻ അതിർത്തിയിലെ ശത്രുവിനെ പോലെ നോക്കി…
അങ്ങിനെ മറ്റുള്ളവരുടെ നിർബന്ധത്തിലും പ്രോത്സാഹനത്തിലും പുരുഷൻ ആടിയുലഞ്ഞു. വാരാന്ത്യത്തിൽ വീട്ടിലേക്ക് വന്ന സഹോദരികളോടും, അളിയൻമാരോടും വിഷയം അവതരിപ്പിച്ചു. അവരുടെ മുഖം മ്ലാനമായി, പല പല തടസ്സം പറഞ്ഞു നിരുത്സാഹപ്പെടുത്താൻ തുടങ്ങി. പലതും നിശബ്ദനായി കേട്ടിരുക്കുമ്പോൾ, മൂത്ത അളിയൻ…
അളിയാ…ഒന്നാമത് പ്രായമിത്രയായി….ഈ പ്രായത്തിനനുസ്സരിച്ചു് ഒരു പെണ്ണിനെ കിട്ടണ്ടേ….. പോരാത്തതിന് ശുദ്ധ ജാതകം…..
ഒരു വിവാഹ ജീവിതം സ്വപ്നം കണ്ടു തുടങ്ങിയ പുരുഷന് ദേഷ്യം കയറി….വെടിയുണ്ട ഉതിർത്ത പോലെ ചോദിച്ചു ….. അപ്പോൾ ദുഷ്ട ജാതകമാണെങ്കിൽ എളുപ്പം പെണ്ണ് കിട്ടുമോ ?
ചോദ്യത്തിലടങ്ങിയ രോക്ഷം മനസ്സിലാക്കി സഹോദരി സരോജം മൊഴിഞ്ഞു…
ചേട്ടാ….ദുഷ്ട ജാതകം എന്നൊന്നില്ല…..ജാതക പൊരുത്തം നോക്കുമ്പോൾ…..
നീ മിണ്ടാതിരിക്ക്‌….ടൈപ്പും ഷോർട് ഹാൻഡും പഠിക്കാൻ വിട്ടപ്പോൾ ജാതകം നോക്കിയാണോ നീയിവനെ പ്രേമിച്ചത്…..ഇവനെ മാത്രമേ കെട്ടുള്ളു എന്ന് വാശി പിടിച്ചത്….. പുരുഷൻ ഗ്രാനേഡ് തന്നെ പൊട്ടിച്ചു. എന്നിട്ട് ഒന്നും പറയാതെ മുഖം വീർപ്പിച്ചു നിൽക്കുന്ന സ്വരസ്വതിയെ ഒന്ന് തറപ്പിച്ചു നോക്കി….നിനക്കെന്തെങ്കിലും തടസ്സം പറയാനുണ്ടോ എന്ന അർത്ഥത്തിൽ….
സ്വരസ്വതി ഒരു വിളറിയ ചിരി മറുപടിയായി സമ്മാനിച്ചു…..
അടുത്ത ദിവസ്സം മടങ്ങി പോകാമെന്ന് വിചാരിച്ചു വന്നവർ അന്ന് തന്നെ അവരവരുടെ വീട്ടിലേക്ക് മടങ്ങി. സാധാരണ ഗതിയിൽ രണ്ട് ദിവസത്തേക്കെങ്കിലും എന്തെങ്കിലുമൊക്കെ ഉണ്ടാക്കി വെക്കാറുള്ള സാഹോദരിമാർ പ്രതിഷേധ സൂചകമായി പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി കമിഴ്ത്തി വെച്ചു.

അളിയൻമാർ യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിൽ മന്ത്രം ചൊല്ലി….
വിമുക്ത ഭടനാം അളിയാ, ഭൊണ്ണ
അരുതരുത് ലൗകിക ചിന്തകൾ
മുക്തി നേടണം വിവാഹ ചിന്തയിൽ നിന്നും
പുര നിറഞ്ഞ പുരുഷനായി എന്നും വാഴണം ..

ആദ്യമായി അച്ചടക്കത്തോടെ, ഒരുമയോടെ ഒന്നിച്ചു നടന്നു നീങ്ങുന്ന തങ്ങളുടെ ഭർത്താക്കൻമാരെ നോക്കി സരോജവും സ്വരസ്വതിയും അത്ഭുതപ്പെട്ടു… സന്തോഷിച്ചു. ഇനി എപ്പഴാ അമ്മാവനെ കാണാൻ വരണേ… എന്ന് ചോദിച്ചു കൊണ്ടിരുന്ന കുട്ടികളെ ചെവിക്കു പിടിച്ചു മുന്നോട്ട് നടത്തി.
പുരുഷന് കാര്യങ്ങൾ പിടികിട്ടി. അമ്മ സൂചിപ്പിച്ചിരുന്നതാണ്…. അവർക്കൊക്കെ നിന്റെ കാശു൦ പണോം മതി… പോകുമ്പോ പോകുമ്പോ നീ ഓരോന്ന് കൊണ്ട് കൊടുക്കും….
ശരിയാണ്… വെറും കയ്യോടെ പോകാറില്ല…. നല്ല മീൻ കണ്ടാൽ വില നോക്കാതെ വാങ്ങിക്കും…. അല്ലെങ്കിൽ ആട്ടിറച്ചി…. പിന്നെ കുട്ട്യോള് ചോദിക്കണത് എന്താച്ചാ….. ചെറിയ മിട്ടായിയൊന്നും വേണ്ടാല്ലോ….. മൊബൈൽ ഫോണും, ബ്രാൻഡഡ് ഷൂസും …എന്തൊക്കെയാണ് … ഹും
ഓരോന്ന് ഓർത്തും സ്വയം പഴിച്ചും വർദ്ധിത വീര്യത്തോടേ ഒരു കുപ്പി റമ്മടിച്ചു തീർത്തു. അവനവന്റെ കാര്യം സമയാ സമയം നോക്കേണ്ടതായിരുന്നു. പിന്നെ ഒഴിഞ്ഞ കുപ്പി കയ്യിലെടുത്തു്, അതിനെ ഒന്ന് തലോടികൊണ്ട് മുനിഞ്ഞു … കാലം ഇങ്ങനെ കടന്നു പോകും…ആർക്കു വേണ്ടിയും കാത്തുനിൽക്കില്ല…
അത് കേട്ട് കുപ്പിയിലൊട്ടിയിരിക്കുന്ന മുനി ചിരിച്ചു. ആ ചിരിയിൽ മയങ്ങി പുരുഷനുറങ്ങി.
കലങ്ങിയ കണ്ണുകളും കലങ്ങി തെളിഞ്ഞ മനസ്സുമായാണ് പിറ്റേന്ന് രാവിലെ എഴുന്നേറ്റത്.
വയറിന്റെ കാളൽ തീർക്കാൻ ഗോപാലേട്ടന്റെ ചായക്കടയിലേക്ക് നടന്നു…. ചൂടുള്ള ആപ്പവും മുട്ടറോസ്റ്റും കഴിക്കുമ്പോൾ ഗോപാലേട്ടൻ ചോദിച്ചു…….
എന്തേയ്…. പതിവില്ലാത്തതാണല്ലോ….പെങ്ങൻമാരുടെ അടുത്തൊന്നും പോയില്ലേ….
തുടർ ചോദ്യമായി കേശവൻ ഇടപെട്ടു….ഇന്നലെ അവരെയൊക്കെ ഇവിടെ കണ്ടതാണല്ലോ… ഇന്നലെ തന്നെ പോയോ …
പുരുഷൻ എല്ലാത്തിനും മറുപടിയെന്നോണം…. ഗോപാലേട്ടാ…..എനിക്കോരു പെണ്ണ് കെട്ടണം… നിങ്ങൾക്ക് അറിയുന്ന ആരെങ്കിലുമുണ്ടോ? നിങ്ങൾ കുറെ പേരുടെ കല്യാണം നടത്തി കൊടുത്തതല്ലേ….
നമ്മളതൊക്ക നിർത്തിയ പരിപാടിയാണ്…… കാര്യം കഴിഞ്ഞാ ആർക്കും നന്ദിന്ന് പറഞ്ഞ ഒരു സാധനല്ല്യാ… കമ്മീഷൻ തരുമ്പോ വീട്ടുകാര് പ്രാകും…. പുതുമോടി കഴിഞ്ഞാ ചെക്കനും പെണ്ണും ആദ്യം പ്രാകുന്നത് എന്നെയാവും …..
അല്ലാ…..ഇവിടത്തെ ഭക്ഷണം കഴിച്ചിട്ട് ആരെങ്കിലും പ്രാകിയാലോ….. കേശവൻ ഒരു സംശയം ചോദിച്ചു….
അതിന് നീ ബേജാറാവണ്ട…. ഇവടെ ഇഷ്ടം പോലെ കടുകും മുളകും തലയുഴിഞ്ഞു അടുപ്പിലിടുന്നുണ്ട്….
അതോണ്ടാണ്, ഈ കറീലൊക്കെ കടുകില്ലാത്തത്…..കേശവൻ പുരുഷനെ നോക്കി കണ്ണിറുക്കി.
പുരുഷൻ നിരാശയോടെ എഴുന്നേൽക്കാൻ തുടങ്ങി. അപ്പോൾ ഗോപാലൻ ആശ്വസിപ്പിച്ചു….
നിനക്ക് വേണ്ടി ഞാൻ ഒരാളെ കണ്ടെത്തും. എന്തൊക്കെയാണ് നിന്റെ ഡിമാൻഡ്…
ഒരു ഡിമാൻഡും ഇല്ലാ ഗോപാലേട്ടാ…. എത്രയും പെട്ടെന്ന് കല്യാണം കഴിക്കണം….
ഞാനെറ്റ്‌ മോനെ…ഞാനെറ്റ്‌ …. ഗോപാലേട്ടൻ പുരുഷന്റെ തോളിൽ തട്ടി പറഞ്ഞു.
അത് കേട്ട ആശ്വാസത്തിൽ രണ്ട് ആപ്പവും കൂടി കഴിച്ചെ പുരുഷൻ എഴുന്നേറ്റുള്ളു.
തകൃതിയായി ഗോപാലേട്ടനെ പോലെ മറ്റു പലരും പുരുഷന് പെണ്ണന്ന്വേഷിച്ചു. പുറമെ ഞായറാഴ്ചകളിൽ പത്രങ്ങളിലെ വൈവാഹിക പംക്തിയിൽ പുരുഷനും തപസ്സിരുന്നു. തപസ്യ നീണ്ട് നീണ്ട് അഞ്ചോണവും നാല് വിഷുവും കടന്ന് പോയ ശേഷമാണ്, വിവാഹം ഉറപ്പിച്ചത്. അതിനിടയിൽ കുറെ പെണ്ണ് കണ്ട് കണ്ട് കുറെ കാശ്ശിനോടൊപ്പം ജാള്യതയും ഒഴുകി പോയിരുന്നു. ഭാവി വധുവിനെക്കാൾ വധുവിന്റെ പേര് പുരുഷന് ഇഷ്ടമായി. പെണ്ണ്കുട്ടി…. വലിയ പ്രാരാബ്ദമില്ല…..വീട്ടിൽ അധികം അംഗങ്ങളില്ല…. അമ്മയും മോളും മാത്രം…. അമ്മയെ തുന്നലിലും ശേഷമുള്ള എംബ്രോയിഡറി എന്ന കരവിരുതിലും പെണ്ണ്കുട്ടി വലംകൈ ആണ്…..
വീട് ഭരിക്കാനുള്ള വിരുത് ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ അറിയാം…. ഗോപാലേട്ടന്റെ ആ ഉറച്ച അഭിപ്രായത്തിൽ വിവാഹം ഉറപ്പിച്ചു.

വിവാഹ പന്തലിൽ പുരുഷൻ വെഡ്‌സ് പെണ്ണുകുട്ടി എന്ന് പൂക്കൾ കൊണ്ട് എഴുതിയവർ തൊട്ട് വിവാഹത്തിൽ പങ്കെടുത്തവരും കേട്ടറിഞ്ഞവരും ഏറെ ചിരിച്ചു. ഇത്രയധികം ചിരികൾ ഒപ്പിയെടുക്കാൻ കഴിഞ്ഞതിൽ ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറും കൃതാർത്ഥരായി. ചിരി എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണെന്ന് സൈദ്ധാന്തികർ പറയാറുണ്ട്. അത്കൊണ്ട് തന്നെ സദ്യ വട്ടങ്ങളിൽ സാധാരണ ഉയർന്നു വരാറുള്ള ന്യുനതകൾ ഒന്നും തന്നെ ആരും രേഖപെരുത്തിയില്ല. പക്ഷെ, സരോജത്തിന്റെയും സ്വരസ്വതിയുടെയും മുഖങ്ങൾ കറുത്ത് തന്നെയിരുന്നു. അളിയൻമാർ ആർക്കും മുഖം കൊടുത്തില്ല. പരീക്ഷ പരിചയാക്കി മരുമക്കൾ എത്തിയില്ല. കുട്ടികൾ തനിച്ചാണെന്ന അടിയന്തര നോട്ടീസ് സമർപ്പിച്ചു്, സദ്യ ഉണ്ടെന്ന് വരുത്തി സഹോദരിമാർ സ്ഥലം വിട്ടു.
ആരതിയും, നിലവിളക്കുമായി അമ്മായി ചമഞ്ഞത് അയൽക്കാരാണ്. പെണ്ണുകുട്ടിക്കും അതിലൊന്നും പോരായ്മ തോന്നിയില്ല. തൻ്റെ വീട്ടിലും എതാണ്ടിതു പോലെ തന്നെ….
ആളുകൾ പിരിഞ്ഞു…..സന്ധ്യ മയങ്ങി…..ഇരുളിന് കനം കൂടി കൂടി വന്നു. എല്ലാ കല്യാണ വീട്ടിലുമെന്ന പോലെ അത്താഴത്തിന് സദ്യ വട്ടത്തിന്റെ ബാക്കി പത്രമായിരുന്നു. തലക്കെട്ടായി ചോറും, ചെറുവാർത്തകളായി അവിയലും, തോരനും പരസ്യങ്ങൾ പോലെ രസവും….
അടുക്കളയിൽ നിന്നും പെണ്ണ്കുട്ടിയുടെ വരവും കാത്തിരിക്കുന്ന പുരുഷനിൽ കാൽ വിരൽ തൊട്ട് വിറയൽ അനുഭവപ്പെട്ടു തുടങ്ങി. ഭദ്രകാളി തെരുവ്, ബുധ്വാർ പേത്, രാജമുന്ത്രി, എഗ്മോർ എന്നിങ്ങനെ പലയിടങ്ങളിലായി കണ്ട ദുർദേവതകളെ ഓർത്തെടുത്തു….മനസ്സ് കൊണ്ട് വണങ്ങി.
പെണ്ണ്കുട്ടി അടുക്കളയിൽ നിന്നും മോഹിനി ആട്ടത്തിന്റെ ചുവട് വെപ്പോടെ അരങ്ങിലെത്തി. ദുർദേവതകൾ കനിയാത്തത് കൊണ്ടാണോ എന്നറിയില്ല, പുരുഷൻ ഒറ്റയടിക്ക് ലഡാക്ക് മലനിരകളിലേക്ക് പറന്നിറങ്ങിയ അവസ്ഥയിലായി. ഹൃദയം ഏറെ നേരം ആരോഹണ താളത്തിലായിരുന്നു… പുരുഷൻ കുഴഞ്ഞു, വിയർപ്പിൽ കുളിച്ചു….

പിറ്റേന്ന് നല്ല വെളിച്ചത്തിൽ പെണ്ണ്കുട്ടിയുടെ രൗദ്ര ഭാവം കണ്ട് ഉണർന്ന പുരുഷൻ ഭയചകിതനായി…. പുരുഷനെ ഞെട്ടിച്ചു കൊണ്ട് പെണ്ണ്കുട്ടി ചോദിച്ചു….

ഇങ്ങള് ഒരു പുരുഷൻ തന്ന്യാ…

അതെ… എൻ്റെ പേര് പുരുഷൻന്നാണ്…. മറന്നു പോയോ……. പുരുഷൻ വിക്കി വിക്കി ചോദിച്ചു.

ഞാനൊക്കെ ഒരുപാട് പേരെ കണ്ടീക്കണ്….. ഇങ്ങളെ മാതിരി ഒരാളെ …. പെണ്ണ്കുട്ടി കലി തുള്ളി.

ഏതൊരു പുരുഷനെയും പോലെ പുരുഷനും അത് സഹിക്കാൻ കഴിഞ്ഞില്ല. വലം കൈ വീശി പെണ്ണ്കുട്ടിയുടെ കവിളത്തടിച്ചു.

പെണ്ണ്കുട്ടി കൊണ്ടുവന്ന ബാഗുമായി അപ്പോൾ തന്നെ പടിയിറങ്ങി. ഒരു പിടി മണ്ണ് കയ്യിലെടുത്തു് എന്തൊക്കൊയോ പുലമ്പി പുരുഷനെ ശപിച്ചു.

കേസ്സും കൂട്ടവുമായി കാലം പിന്നെയും കടന്നു പോയി.

വർത്തമാന കാലത്തിൽ പുരുഷൻ എന്നുള്ളത് പൂർവ്വാശ്രമത്തിലെ പേരാണ്. സ്വാമി ഉന്മാദാനന്ദയുടെ ആശ്രമത്തിൽ ഭക്ത ജനങ്ങൾക്ക് ഒരു നുള്ള് ഗഞ്ചാവും, വേൽ ബ്രാൻഡ് മൂക്ക് പൊടിയും അന്വേഷണകൗതികൾക്ക് താലീസ പത്രാദി ചൂർണ്ണവും പ്രസാദമായി നൽകിവരുന്നു എന്നും ആശ്രമ കവാടത്തിൽ ‘സംഭവാമി യുഗേ യുഗേ’ എന്ന ഗീതാ വചനം സ്വർണ ലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും പ്രാദേശിക ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു.
—————————–

✍വി. കെ. അശോകൻ,
സാകേതം, കൊച്ചി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തലസ്ഥാന നഗരത്തിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.

തിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം...

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച...

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: