രാജേഷ് മാടക്കൽ, ഖത്തർ
കഥ
പുനര്‍ജ്ജനി
🌹🌹🌹🌹🌹
ആശുപത്രിയുടെ നീളന്‍ വരാന്തയിലെ ഇരിപ്പിടങ്ങളിലൊന്നിലിരിക്കുമ്പോള്‍ വിധിയുടെ കുരുക്ഷേത്ര ഭൂമിയിലെ ഇരയായ കൂട്ടുകാരിയുടെ മുഖം ഒരു കനലായി നെഞ്ചില്‍ നീറുന്നുണ്ടായിരുന്നു..ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കണ്ടുമുട്ടല്‍..വര്‍ഷങ്ങള്‍ക്കു ശേഷം ഈ ഒരവസ്ഥയില്‍ അവളെ കണ്ടു മുട്ടുമെന്ന് ഒരിക്കല്‍ പോലും കരുതിയതല്ല..കൂട്ടുകാരന്‍റെ അമ്മയുടെ ചെക്കപ്പിനായ് കാത്തിരിക്കുന്ന സമയം വെറുതെ ക്യാന്‍സര്‍ വാര്‍ഡിലേക്കൊന്നെത്തി നോക്കിയതും അവളുടെ അമ്മയെ കാണുന്നതും..അടുത്ത് ചെന്ന് പരിചയപ്പെട്ടപ്പോളാണ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള എന്നെ അവര്‍ ഓര്‍ത്തെടുത്തത്..ഗദ്ഗദം കൊണ്ട് ഇടറിയ വാക്കുകളില്‍ അവളുടെ രോഗവിവരം അറിയുന്നത്..ഒന്നു കാണാന്‍ പറ്റിയില്ല..കീമോ ചെയ്യാന്‍ വേണ്ടി കൊണ്ടുപോയിരിക്കുവായിരുന്നു..കാണണം..ഒരിക്കല്‍ തന്‍റെ പ്രാണനായവളെ..രോഗമറിഞ്ഞതോടെ ഭര്‍ത്താവുപേക്ഷിച്ചു പോയെന്നു അവളുടെ അമ്മയില്‍ നിന്നറിഞ്ഞു..പ്രതീക്ഷയ്ക്കു വകയില്ലെന്നു ഡോക്ടര്‍ പറഞ്ഞെന്നും പറഞ്ഞ് ആ അമ്മയുടെ കണ്ണീര്‍ കാണാനാവാതെ പുറത്തേക്ക് നടന്നു.ഓര്‍മ്മകള്‍ ഒരു മലവെള്ള പാച്ചില്‍ പോലെ കുത്തിയൊഴുകുന്ന മനസ്സുമായി കസേരയില്‍ കണ്ണടച്ചിരുന്നു.
××××××××× ×××××××××
+2 വിനു പഠിക്കുന്ന സമയം..സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിന് മുന്നോടി ആയുള്ള സ്റ്റേജിതര പ്രോഗ്രാമുകള്‍ നടക്കുന്നു..ചെറുതായി എഴുതുന്നതുകൊണ്ട് കഥാ കവിതാ ഉപന്യാസങ്ങളില്‍ എന്‍റെ പേരും കൊടുത്തിരുന്നു.കഥയെഴുതാനുള്ള വിഷയത്തെ കുറിച്ച് ആലോചിച്ച് ജനലിലൂടെ പുറത്തേക്കു നോക്കി കൊണ്ടിരിക്കുമ്പോളായിരുന്നു ആദ്യമായി അവളെ കാണുന്നത്.അവള്‍ കാര്‍ത്തിക. തുളസി കതിരിന്‍റെ പരിശുദ്ധിയും മഞ്ഞുതുള്ളിയുടെ നൈര്‍മ്മല്ല്യതയുമുള്ള പെണ്‍കുട്ടി..അവളുടെ നെറ്റിയിലെ ചന്ദനകുറിയും മുടികെട്ടില്‍ തിരുകിയ തുളസികതിരും ഗ്രാമീണസൗന്ദര്യം തുളുമ്പി നില്‍ക്കുന്ന ദാവണിയും..അവളുടെ നോട്ടത്തിന്‍റെ തീക്ഷ്ണതയിലെവിടെയോ ഒരു മൗനരാഗത്തിന്‍റെ സൗരഭ്യമുണ്ടായിരുന്നു..അവളെ സങ്കല്‍പ്പിച്ചെഴുതിയ കഥാരചനയ്ക്ക് ഫസ്റ്റ് പ്രൈസ് വാങ്ങുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ കൈയ്യടിക്കുന്നുണ്ടായിരുന്നു..പിന്നീട് ഞാന്‍ കഥകളും കവിതകളും എഴുതാറുള്ള ഡയറി ഞാന്‍ പോലുമറിയാതെ അവളുടെ കൂട്ടുകാരിയിലൂടെ എടുത്തു കൊണ്ടുപോയി വായിച്ച് ഓരോന്നിനും അഭിപ്രായം എഴുതി അവളുടെ പേര് വെളിപ്പെടുത്താതെ അഭ്യുദയകാംക്ഷി എന്ന രീതിയില്‍ എന്നെ വട്ടു കളിപ്പിച്ചതും പതിയെ ഞങ്ങള്‍ പരിചയത്തിലേക്കെത്തിയതും അതു പിന്നെ പ്രണയത്തിലേക്കു വഴി മാറിയതും ഇന്നലെ കഴിഞ്ഞ പോലെ കണ്‍മുന്നില്‍ തെളിയുന്നുണ്ടായിരുന്നു.
ആദ്യം രഹസ്യമായെങ്കിലും പിന്നീട് കമ്പ്യൂട്ടര്‍ ക്ളാസ്സിലും ക്യാമ്പസ്സിന്‍റെ ഇടനാഴികളിലും ഞങ്ങളുടെ പ്രണയം പരസ്യമാക്കിയ കൂട്ടുകാരുടെ പിന്തുണ ഞങ്ങള്‍ ആവോളം മുതലാക്കി..അമ്പല പറമ്പുകളില്‍ ഉല്‍സവത്തിന് ചന്തയില്‍ നിന്നും വാങ്ങികൊടുത്ത കുപ്പിവളകളും കല്ലുവച്ച മോതിരവും അവള്‍ക്കു നിധി കിട്ടിയപോലെ ആയിരുന്നു..മൊബൈല്‍ ഫോണില്ലാത്ത അന്നു അവളുടെ വീട്ടിനടുത്തുള്ള ലാന്‍ഡ്ഫോണിലേക്ക് വിളിച്ച് മണിക്കൂറുകള്‍ ഞങ്ങളുടെ പ്രണയം പൂത്തിരുന്നു..ഒഴിവു ദിവസങ്ങളില്‍ സ്പെഷ്യല്‍ ക്ളാസ്സെന്നും പറഞ്ഞ് ഒഴിഞ്ഞ ക്ളാസ്സ്മുറികളില്‍ അടുത്ത കൂട്ടുകാരോടൊപ്പം ഞങ്ങള്‍ക്കുള്ള വേദിയായി മാറ്റുമ്പോള്‍ ഈ ലോകത്ത് ഏറ്റവും ഭാഗ്യമുള്ള രണ്ടു വ്യക്തികള്‍ ഞങ്ങളെന്നു പറയാതെ പറയുന്നുണ്ടായിരുന്നു..ക്ളാസ്സ് തീരാറായി അടുത്ത വര്‍ഷം ഡിഗ്രീക്ക് ഒരേ കോളേജില്‍ വരാമെന്ന് ഉറപ്പു പറഞ്ഞിരിക്കുമ്പോളാണ് അവള്‍ക്ക് കല്ല്യാണാലോചന വരുന്നത്..വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഇഷ്ടമില്ലാത്ത കല്ല്യാണത്തിനു തലകുനിച്ചു കൊടുക്കുമ്പോള്‍ നിസ്സഹായനായി നിന്നു പൊട്ടികരയാനല്ലാതെ മറ്റൊന്നിനും എനിക്കാകുമായിരുന്നില്ല..ദരിദ്ര കുടുംബത്തില്‍ അവളെ കൂട്ടികൊണ്ടുപോകാന്‍ അന്നത്തെ സാഹചര്യം അനുവദിച്ചില്ലെന്നു മാത്രമല്ല മുതിര്‍ന്ന സഹോദരങ്ങള്‍ കല്ല്യാണം കഴിക്കാതെ ഒരു പണി പോലുമില്ലാത്ത ഞാനൊരു പെണ്ണിനെ കൂട്ടികൊണ്ടു പോയാലുള്ള വരും വരായ്കകള്‍ എന്‍റെ മുന്നില്‍ വില്ലനായി നില്പുണ്ടായിരുന്നു..പിന്നീട് കാലത്തിന്‍റെ പ്രയാണത്തില്‍ പ്രായത്തിന്‍റെ ചാപല്ല്യമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു മെല്ലെ മെല്ലെ അവളെ മറന്നു കൊണ്ടിരുന്നു..വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിനൊടുവിലാണ് ഇപ്പോള്‍ നാട്ടില്‍ വന്നതും ഈ ഒരവസ്ഥയില്‍ അവളെപറ്റി അറിയുന്നതും..തോളില്‍ ആരുടേയോ കൈത്തലം തട്ടിയപ്പോഴാണ് ഓര്‍മ്മകളില്‍ നിന്നുണര്‍ന്നത്.അവളുടെ അമ്മയായിരുന്നു.
” മോനേ..അവളെ കൊണ്ടുവന്നിട്ടുണ്ട്..നിന്നെ കാണണമെന്നു പറയുന്നു”
എഴുന്നേറ്റു മെല്ലെ അവള്‍ കിടക്കുന്നിടത്തേക്കു ചെന്നു..പാടെ വെട്ടിയ തലമുടിയും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണുകളും അവള്‍ക്ക് പ്രായമേറെ തോന്നിച്ചു..എന്‍റെ നിറഞ്ഞ കണ്ണുകള്‍ കണ്ടിട്ട് അവളൊന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു..പക്ഷേ അതൊരു പരാജയമായിരുന്നുന്ന് അവള്‍ക്കും എനിക്കും മനസ്സിലായി..ഞാനവളുടെ അരികിലായിരുന്നു മെല്ലെ ആ കൈകള്‍ ചേര്‍ത്തുപിടിച്ചു..ഒന്നും മിണ്ടാന്‍ വാക്കുകള്‍ കിട്ടുന്നില്ലെങ്കിലും ഞങ്ങളുടെ കണ്ണുകള്‍ സംസാരിച്ചു കൊണ്ടേയിരുന്നു..
”ഒരിക്കല്‍ വിധി തട്ടിതെറിപ്പിച്ച ജീവിതം നമുക്ക് ഒന്നുമുതല്‍ തുടങ്ങിയാലോ കാര്‍ത്തൂ….”
എന്‍റെ വാക്കുകള്‍ കേട്ട് അവളുടെ കണ്ണില്‍ നിന്നും ധാരയായി കണ്ണീരൊഴുകികൊണ്ടിരുന്നു.
” ഇനി എത്ര നാള്‍ ഡാ ഞാന്‍…”അവള്‍ പറഞ്ഞു തീരുംമുമ്പ് ഞാനവളുടെ ചുണ്ടുകളില്‍ കൈ വച്ചു പറഞ്ഞു.
” നമുക്കൊരുപാടുകാലം മുമ്പിലുണ്ട്..അസുഖമൊക്കെ മാറും..മാറ്റിയെടുക്കാം നമുക്ക്..ഞാനില്ലേ കൂടേ..പ്രതീക്ഷ കൈവെടിയാതിരുന്നാ മതി നീയ്”..അവളെന്‍റെ കൈകളില്‍ മുറുകെ പിടിച്ചു..ആത്മവിശ്വാസം വീണ്ടും വന്നപോലെ.
ഡോക്ടറോട് ഞാന്‍ വിശദമായി കാര്യങ്ങള്‍ തിരക്കി..മൂന്നിലൊന്നുപോലും ചാന്‍സില്ലെന്നും പിന്നെ എന്തെങ്കിലും മിറാക്കിള്‍ സംഭവിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു..എന്‍റെ തീരുമാനം ഉറച്ചതായതുകൊണ്ടും ഞങ്ങളുടെ ആത്മവിശ്വാസം മനസ്സിലാക്കിയതു കൊണ്ടും അവളെ എന്നോടൊപ്പം വിടാന്‍ ഡോക്ടര്‍ അനുവദിച്ചു..ആവശ്യമുള്ള മരുന്നുംവാങ്ങി എന്‍റെ വണ്ടിയില്‍ അവളെ താങ്ങിയിരുത്തി ആശുപത്രിയോട് വിട പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ അതിജീവനത്തിന്‍റെ മന്ദഹാസം കണ്ടിരുന്നു..അമ്മയെ വീട്ടിലിറക്കി ഞങ്ങള്‍ നേരെ പോയത് പഴയ ആ സ്കൂളിലേക്കായിരുന്നു..ഞങ്ങളുടെ പ്രണയത്തിന്‍റെ അവശേഷിപ്പുകള്‍ മാത്രമുള്ള ആ ഓര്‍മ്മകളില്‍ ഞങ്ങളെന്നും ഇരിക്കാറുള്ള ഒഴിഞ്ഞ ക്ളാസ്സ് മുറികളിലൊന്നില്‍ അവളെന്‍റെ നെഞ്ചില്‍ ചേര്‍ന്നിരുന്ന് പുതിയൊരു ജീവിതം സ്വപ്നം കാണുവായിരുന്നു..ഞാനും.
നല്ലെഴുത്ത്..നഷ്ടപ്രണയത്തിന്റെ അവശേഷിപ്പുകൾ ..