“ന്റെ വില്വാദ്രി നാഥാ, ന്റെ കുട്ടീടെ വെഷമങ്ങള് ഒക്കെ നീ കാണണുണ്ടല്ലോ ല്ലേ… ന്തെങ്കിലും ഒരു പരിഹാരം നീ തന്നെ ണ്ടാക്കണം. കുറേക്കാലായില്ലേ ഞാൻ ഇവിടെ എന്നും വന്നു കരയണു. ന്നിട്ടും ന്റെ വെഷമങ്ങൾക്കൊന്നും പരിഹാരല്യാലോ “
ശ്രീകോവിലിനു മുന്നിൽ നിന്ന് കൊണ്ട് പതിവുപോലെ ദേവകിയമ്മ പരിവേദനങ്ങളുടെ ഭാണ്ഡക്കെട്ട് അഴിച്ചു.
“ദാ, ഈ പ്രസാദം അങ്ങട് വാങ്ങിച്ചോള. വില്വാദ്രിനാഥൻ ഈ സങ്കടം കാണാണ്ടിരിക്കില്ല്യ “മേൽശാന്തി ദേവകിയമ്മയ്ക്കു പ്രസാദം വച്ച് നീട്ടി. നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ വേഷ്ടിയുടെ തലപ്പുകൊണ്ട് തുടച്ച് ദേവകിയമ്മ പ്രസാദം വാങ്ങിച്ചു.
ഭർത്താവ് നന്നേ ചെറുപ്പത്തിലേ നഷ്ടമായ ദേവകിയമ്മയ്ക്കു ഒരേയൊരു മകനാണ്, ഗോപൻ. പട്ടാളത്തിൽ ജോലിയുള്ള ഗോപനും ഒരേയൊരു മകളാണ്. ഈ കർക്കിടകത്തിൽ പതിനെട്ടു വയസ്സ് തികയാൻ പോകുന്ന ഗോപന്റെ മകൾ ആര്യയ്ക്ക് കണ്ണുകൾക്ക് കാഴ്ച ശക്തിയില്ല. കണ്ണ് കാണാത്ത മകളെയും ജോലിസംബന്ധമായി അകന്നു കഴിയേണ്ട ഭർത്താവിനെയും ഉപേക്ഷിച്ചു ഗോപന്റെ ഭാര്യ മറ്റൊരു വിവാഹം ചെയ്തിട്ട് പത്തു വർഷത്തോളമായി. അതിന് ശേഷം ദേവകിയമ്മയാണ് ആര്യയ്ക്ക് അച്ഛനും അമ്മയും.
അന്ധവിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആര്യ സംഗീതം പഠിച്ചിട്ടുണ്ട്. സംഗീതമാണ് അവൾക്കെല്ലാം. സ്വന്തം കുറവുകൾ മറക്കാൻ അവളെ സഹായിക്കുന്നത് അവളിലെ സംഗീതമാണ്. അടുത്തുള്ള കുറച്ചു കുട്ടികൾക്ക് അവൾ സംഗീതം പഠിപ്പിക്കുന്നുമുണ്ട്. നല്ല സ്വരമാധുരിയുള്ള ആര്യയെ സംഗീത കോളേജിൽ ഡിഗ്രിക്ക് പഠിക്കാൻ വിടണമെന്നാണ് ഗോപന്റെ ആഗ്രഹം. അവൾക്കും അതാണ് ആഗ്രഹം. പക്ഷെ കാഴ്ചശക്തി ഒട്ടുമില്ലാത്ത അവൾക്ക് അതിന് കഴിയുകയില്ല. ആ സങ്കടം ഗോപനെയും ദേവകിയമ്മയെയും തെല്ലൊന്നുമല്ല അലട്ടിയത്.
ദേവകിയമ്മ അമ്പലത്തിൽ നിന്ന് തിരികെ എത്തിയപ്പോൾ ആര്യ കുട്ടികൾക്ക് പാട്ട് പറഞ്ഞ് കൊടുക്കുന്ന തിരക്കിലായിരുന്നു. അവളുടെ സ്വരമാധുരിയിൽ ഒഴുകിയെത്തിയ പാട്ട് കേട്ടു കൊണ്ട് ദേവകിയമ്മ പൂമുഖത്തിരുന്നു… “സൗമ്യനിരാമയ! നീയുഴിഞ്ഞാൽ
നിളയും സരയുവായൊഴുകുന്നൂ…”
“ആര്യേച്ചി… ങ്ങള് ഒരു തവണ പോലും നിള കണ്ടിട്ടില്ല്യാലോ. ഇപ്പൊ നെറയെ വെള്ളണ്ട്. രണ്ടു കരയും മുട്ടിയൊഴുകണ നിള കാണാൻ ന്ത് രസാന്നറിയോ!”
“കണ്ണ് കൊണ്ട് കണ്ടില്ല്യാച്ചാലും നിളയും വില്വാദ്രി നാഥനും അമ്പലവും ഒക്കെ ന്റെ മനസ്സില് ണ്ടല്ലോ… പല രൂപത്തിലും ഭാവത്തിലും. പിന്നെന്താ? ” ഏതോ ഒരു കുട്ടിയുടെ ചോദ്യത്തിന് ആര്യ നൽകിയ മറുപടി ദേവകിയമ്മയുടെ ചിന്തകളെ പൊള്ളിച്ചു.
ക്ലാസ്സ് കഴിഞ്ഞ് ആര്യ പൂമുഖ കോലായിൽ മുത്തശ്ശിയുടെ അടുത്ത് വന്നിരുന്നു. ആ വീടിന്റെ മുക്കും മൂലയും അവൾക്ക് പരിചിതമായിരുന്നു. അതിനകത്തു നടക്കാൻ മാത്രം അവൾക്ക് മറ്റാരുടെയും സഹായം ആവശ്യമേയില്ല.
“ചാറ്റൽ മഴ ണ്ടല്ലേ മുത്തശ്ശി. എന്ത് രസാ മഴടെ ശബ്ദം കേൾക്കാൻ ലെ!”
“ന്റെ കുട്ട്യേ.. നിനക്ക് ഇതൊന്നും കാണാൻ പറ്റണില്ല്യലോ. ന്റെ മനസ്സ് പെടയ്ക്കാണ് ഓർക്കുമ്പോ “
“ന്റെ മുത്തശ്ശിടെ കണ്ണിക്കൂടെ ഞാൻ ഇതൊക്കെ കാണണുണ്ടല്ലോ…പിന്നെന്താ? മുത്തശ്ശി ഓരോന്ന് ആലോചിച്ചു മനസ്സ് വെഷമിപ്പിക്കണ്ട “
ഒരു നെടുവീർപ്പോടെ ദേവകിയമ്മ ആര്യയുടെ ഇടതൂർന്ന മുടിയിഴകളിൽ വിരലോടിച്ചു കൊണ്ടിരുന്നു.
അന്ന് രാത്രി അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന ദേവകിയമ്മ ഉറക്കമുണർന്നില്ല. വില്വാദ്രിനാഥന്റെ പാദങ്ങളിൽ എന്നെന്നേക്കുമായി ലയിച്ചു ചേരാൻ ആ ആത്മാവ് യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. തന്റെ മുത്തശ്ശി ഇനിയൊരിക്കലും ഉണർന്നെഴുന്നേൽക്കില്ലെന്നുള്ള തിരിച്ചറിവ് ആര്യയെ തകർത്തു കളഞ്ഞു. അമ്മയുടെ മരണവിവരം അറിഞ്ഞെത്തിയ ഗോപന് താങ്ങാവുന്നതിലും അപ്പുറമുള്ള കാഴ്ചയായിരുന്നു അമ്മയുടെ ജീവനറ്റ ശരീരവും ജീവച്ഛവം പോലെയിരിക്കുന്ന മകളും. പക്ഷെ ഗോപന് തളർന്നിരിക്കാനുള്ള നിർവാഹമില്ല. ജീവിച്ചിരിക്കുമ്പോൾ അമ്മ തന്നെയേല്പിച്ച ഒരു കാര്യം ചെയ്തു തീർക്കാനുണ്ട് അയാൾക്ക്. മരവിച്ചിരിക്കുന്ന മകളോടായി അയാൾ പറഞ്ഞു
“മോളെ, നമുക്കൊന്ന് ആശുപത്രിയിൽ പോണം. ജീവനുള്ളപ്പോൾ നിനക്ക് വെളിച്ചായത് പോലെത്തന്നെ മരണശേഷവും അമ്മയുടെ കണ്ണുകൾ നിനക്ക് വെളിച്ചാവണം ന്ന് അമ്മയ്ക്ക് ആഗ്രഹണ്ടായിരുന്നു. അതിനായി അമ്മെടെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മത പത്രവും എഴുതിയേൽപ്പിച്ചിരുന്നു. നമുക്ക് എത്രയും വേഗം ആ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് “
ഗോപന്റെ വാക്കുകൾ ആര്യയെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചു. ഒന്നും മിണ്ടാനാകാതെ അവൾ ഗോപന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു.
മാസങ്ങൾക്ക് ശേഷം…
വില്വാദ്രിനാഥന്റെ മുൻപിൽ മനം നിറഞ്ഞു തൊഴുതു നിൽക്കുന്ന ആര്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ജീവിതത്തിൽ എന്നെങ്കിലും ഇങ്ങനെ ഒരു അനുഭവം ലഭിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പക്ഷെ അപ്പോഴും അവളുടെ മനസ്സ് മുറിഞ്ഞു നീറുന്നുണ്ടായിരുന്നു.
“കുട്ട്യേ, ദാ പ്രസാദം വാങ്ങിച്ചോളൂ. കരയണ്ട. വെഷമം ണ്ടാവും ന്നറിയാം. ന്നാലും ഇതൊക്കെ തന്നെല്ല്യേ മനുഷ്യന്റെ ജീവിതം. ദേവകിയമ്മ ഭാഗ്യം ചെയ്ത ജന്മാണ്. എന്നും വില്വാദ്രിനാഥനെ മുടങ്ങാതെ കാണാൻ കുട്ടീടെ കണ്ണിക്കൂടി പുനർജ്ജനിച്ചില്ലേ അവര്? ഇതിൽപ്പരം മോക്ഷവും ശാന്തിയും ആ ആത്മാവിനു കിട്ടാനുണ്ടോ? “
മേൽശാന്തിയുടെ വാക്കുകൾ നാലമ്പലത്തിൽ പ്രതിദ്ധ്വനിച്ചു.
പ്രസാദം വാങ്ങി ആര്യ അമ്പലത്തിന്റെ പടവുകളിറങ്ങുമ്പോൾ ഒരു ചാറ്റൽ മഴ അവളെ വന്നു പൊതിഞ്ഞു. അവളുടെ കണ്ണുകൾ അവളോട് മന്ത്രിച്ചു “കുട്ട്യേ, ന്ത് ഭംഗ്യാലെ ഈ മഴ കാണാൻ !”
തന്റെ കണ്ണുകളിൽ മാത്രമല്ല, ആത്മാവിലും മുത്തശ്ശി പുനർജ്ജനിക്കുന്നുണ്ടെന്നു അവൾ തിരിച്ചറിഞ്ഞു.
ദിവ്യ എസ് മേനോൻ✍️
എന്ത് രസായിട്ട എഴുതീത് . ആശയം പുത്തൻ അല്ലങ്കിലും അത് അവതരിപ്പിച്ച രീതി ഏറെ ഇഷ്ടായി
Thank you so much madam 🙏
മനോഹരമായി കഥ.ആശംസകൾ
അവതരണഭംഗിയിൽ, ആര്യയും, ഗോപനും,അമ്മയും, വില്വാദ്രിനാഥനും തെളിഞ്ഞുവന്നു!!
മനസ്സിൽ തട്ടിയ കഥ, കൂടുകൂട്ടി ഇരിപ്പാണ്. കൊച്ചുകഥയിലെ കഥാപാത്രങ്ങൾ അനശ്വരരാണ്. നന്മകൾ നേരുന്നു.
Nalla രീതിയിൽ കഥ പറഞ്ഞു. നീട്ടി പരത്തി പറയാതെ കുറഞ്ഞ വരികളിൽ വൃത്തിയായി പറഞ്ഞു നിർത്തി. അഭിനന്ദനം 🙏🙏🌹🌹
മനോഹരം ആഖ്യാന ശൈലി
നല്ലൊരു കഥ.
മനോഹരം…..wow … മനോഹരം….
ഹൃദ്യമായ അവതരണം, 🌹🌹
ട്രാജഡിയാകുമോ എന്നൊരു തോന്നൽ ഉണ്ടായി ഇടയ്ക്ക് : കൊള്ളാം. മുത്തശ്ശിയുടെ കണ്ണൂകളിലൂടെ ല്ലാം കാണുന്നു എന്ന് പറഞ്ഞത് സാധൂകരിക്കപ്പെട്ടു; ആകസ്മികതയെ പുണർന്നിട്ടാണെങ്കിലും ?