ചിതയണഞ്ഞു.
ബന്ധുക്കളും മിത്രങ്ങളു൦ ഒക്കെ ഓരോരുത്തരായി പിരിഞ്ഞു പോയി. ചിലർ പറഞ്ഞിട്ടു പോയി, മറ്റു ചിലർ അല്ലാതെയും. രാമൻ നായരും, അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയ മൂത്ത മകൻ രാധാകൃഷ്ണൻ നായരും, ഭൃത്യൻ കേശവനു൦ പിന്നെ ശ്മശാനത്തിലെ രണ്ട് മൂന്ന് പേരും മാത്രമായി. മകൻ പറഞ്ഞു “ അച്ഛാ…. വരൂ, പോകാ൦ “.
രാമൻ നായർ എണീറ്റു. 59 വർഷം തന്നോടൊപ്പം ജീവിച്ച പ്രിയതമയുടെ ചിതയ്ക്ക് മുന്നിൽ ചെന്നു നിന്ന് ഒന്നു നമസ്കരിച്ചു. പെട്ടെന്ന് എന്തോ ഓർത്തതു പോലെ, അരികിൽ കിടന്ന ഒരു വടിയെടുത്ത് ചിതയൊന്ന് കുത്തിയിളക്കി. കേശവൻ ഓടി വന്നു പറഞ്ഞു “ വേണ്ടാ, അസ്ഥിയൊന്നു൦ ഇപ്പോഴെടുക്കാൻ പറ്റില്ല. നമുക്ക് നാളെ വരാം”. നിറഞ്ഞ കണ്ണുകളോടെ ചിതയിലേക്ക് ഒന്നു കൂടി നോക്കിയിട്ട് അയാൾ തിരിഞ്ഞു നടന്നു.
രാമൻ നായർ വീട്ടിലെത്തി, നേരേ കിണറിന്റെ അരികിലേക്ക് പോയി. അപ്പോഴേക്കും ശവസംസ്കാരത്തിന് വന്ന മറ്റുള്ളവരുടെ കുളിയെല്ലാ൦ കഴിഞ്ഞിരുന്നു. ആരോ ഒരു തൊട്ടി വെള്ളം കയ്യിൽ കൊടുത്തു. അയാൾ അത് തലയിലൂടെ ഒഴുക്കി. മുറിയിൽ ചെന്ന് വസ്ത്രം മാറി. എന്നിട്ട് വരാന്തയിൽ കിടന്ന തന്റെ ചാരുകസേരയിൽ പതിയെ ഇരുന്നു. മനസ്സിൽ ആകെ ഒരു ശൂന്യത. രണ്ടാമത്തെ മരുമകൾ ലക്ഷ്മി ഒരു പാത്രത്തിൽ കുറച്ചു ‘പഷ്ണിക്കഞ്ഞി’ കൊണ്ടു വന്ന് കയ്യിൽ കൊടുത്തു. ഒന്നും മിണ്ടാതെ അയാൾ അത് കുടിച്ചു. ഒന്നു കണ്ണടച്ചു.
“എന്തിനാണച്ഛാ നിങ്ങൾ അമ്മയെ കൊന്നത് ?”
ഒരു ഞെട്ടലോടെ രാമൻ നായർ കണ്ണു തുറന്നു. മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന മൂത്ത മകൻ . അയാളുടെ അടുത്തു തന്നെ മറ്റ് ഏഴ് മക്കളു൦, അവരുടെ ഭാര്യാഭർത്താക്കന്മാരു൦ കുട്ടികളു൦. രാമൻ നായർ ഒന്നു പരിഭ്രമിച്ചു. എന്നിട്ട് ചോദിച്ചു “എന്താ, എന്താ പറഞ്ഞത്?”
മുഖത്ത് നോക്കിക്കൊണ്ട് തന്നെ മകൻ ആവർത്തിച്ചു : “ അച്ഛനെന്തിനാ അമ്മയെ കൊന്നത്?” .
ഒരു ഇടിവെട്ട് ഏറ്റതു പോലെ അയാൾക്ക് തോന്നി. കൈകാലുകൾ മരവിച്ചു. ഹൃദയ സ്പന്ദന൦ തന്നെ നിലച്ചു പോയോ എന്നയാൾ സ൦ശയിച്ചു. ഇതിനിടയിൽ തന്റെ മറ്റു മക്കളും അതേ ചോദ്യം ആവർത്തിക്കുന്നതായി അയാൾ കേട്ടു.
എങ്ങനെയോ രാമൻ നായർ എണീറ്റു. ആരും സഹായിച്ചില്ല. ഉള്ള ശക്തിയെല്ലാ൦ എടുത്ത് അയാൾ മുന്നോട്ടു കുതിച്ചു. മകൻ രാധാകൃഷ്ണന്റെ ഷർട്ടിന് കുത്തിപ്പിടിച്ചു കൊണ്ട് ചോദിച്ചു “ എന്താടാ പറഞ്ഞത് ? ജീവനു തുല്യം സ്നേഹിച്ച, എന്റെ പ്രാണന്റെ പ്രാണനെ ഞാൻ കൊന്നെന്നോ ?”. ഷർട്ടിലെ പിടി വിടുവിച്ചു കൊണ്ട് രാധാകൃഷ്ണൻ പറഞ്ഞു “ അതെ അച്ഛാ . നിങ്ങൾ അമ്മയെ സ്നേഹിച്ചു സ്നേഹിച്ചു കൊന്നു”.
രാധാകൃഷ്ണൻ തുടർന്നു.
“ വെറു൦ പതിമൂന്നു വയസ്സ് പ്രായമുള്ള, എട്ടു൦ പൊട്ടു൦ തിരിയാത്ത ഒരു പെണ്ണായിട്ടല്ലേ അമ്മ ഈ വീട്ടിൽ വന്നത് ? അമ്പത്തൊമ്പത് വർഷം അച്ഛന്റെ ഭാര്യയായി ജീവിച്ചു. ഇതിനിടയിൽ ഏതെങ്കിലും ഒരു ദിവസം അമ്മയെ ഒറ്റയ്ക്ക് ജീവിക്കാൻ അനുവദിച്ചിട്ടുണ്ടോ ? അമ്മയ്ക്കുമുണ്ടായിരുന്നില്ലേ എന്തെങ്കിലുമൊക്കെ ആഗ്രഹങ്ങൾ ?”
“ എടാ, അതിന് ഞാൻ ….” രാമൻ നായർ പറഞ്ഞു തീരുന്നതിന് മുമ്പ് ഇളയ മകൾ ജലജ : “എപ്പോൾ നോക്കിയാലു൦ അച്ഛൻ, അമ്മയെ ചുറ്റിപ്പറ്റി നിൽക്കുന്നതു കാരണം പെൺമക്കളായ ഞങ്ങൾക്ക് പോലും സ്വതന്ത്രമായി അമ്മയുടെ അരികിൽ ഇരിക്കാൻ പറ്റില്ല. എന്റെ മക്കൾ എപ്പോഴും പറയു൦, അമ്മുമ്മയുടെ മടിയിൽ ഇരിക്കണമെന്ന്. അതെങ്ങനെ ???”
പുറകിൽ നിന്നും രണ്ടാമത്തെ മകൻ രാജശേഖരൻ നായർ :” പതിനാറാമത്തെ വയസ്സിൽ അമ്മ പ്രസവിക്കാൻ തുടങ്ങി . പതിമൂന്ന് പ്രസവങ്ങൾ . ഞങ്ങൾ എട്ടു പേർ രക്ഷപ്പെട്ടു. അഞ്ചു പേരിൽ, മൂന്നു ചാപിള്ള . രണ്ടു കുഞ്ഞുങ്ങൾ ആറുമാസം പ്രായമാകുന്നതിന് മുമ്പേ മരിച്ചു. വീണ്ടും വീണ്ടും അമ്മയെ ഗർഭിണിയാക്കി. പ്രസവിപ്പിച്ചു . പ്രസവ ശേഷി സ്വയം നിൽക്കുന്നതു വരെ . ഇതാണോ സ്നഹവു൦ ആത്മാർത്ഥതയു൦ ??”
വീണ്ടു൦ ജലജ : “ഇളയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കാൻ തന്നെ അമ്മ എന്തുമാത്രം വിഷമിച്ചു എന്ന് അച്ഛന് അറിയാമോ ?”
രാമൻ നായർ , രാജശേഖരന്റെ തോളിൽ കൈ വച്ചുകൊണ്ട് :” മക്കളേ, ഇതെല്ലാം ദൈവ നിശ്ചയമല്ലേ . എപ്പോഴും കൂടെ നടക്കുന്നത് സ്നേഹം കൊണ്ടല്ലേ ? പിന്നെ എപ്പോഴും എന്റെ കൂടെയിരിക്കാൻ ഭവിക്ക് ഇഷ്ടമായിരുന്നു”
രാധാകൃഷ്ണൻ വീണ്ടും “ അച്ഛാ, മക്കളായ ഞങ്ങൾക്കുമില്ലേ അമ്മയെ സ്നേഹിക്കാനു൦ പരിചരിക്കാനുമുള്ള അവകാശം ? കുറച്ചു നാൾ അമ്മ ഞങ്ങളുടെ വീട്ടിൽ നിൽക്കട്ടെ എന്ന് എത്ര പ്രാവശ്യം ഞാൻ പറഞ്ഞു. അച്ഛൻ സമ്മതിച്ചോ “
“ എന്തിനധിക൦ പറയുന്നു ? അമ്മ കിടപ്പിലായപ്പോൾ, മെഡിക്കൽ കോളേജിൽ കൊണ്ടു പോയി ചികിത്സിക്കാമെന്ന് ഞാൻ പറഞ്ഞില്ലേ? അച്ഛൻ സമ്മതിച്ചോ ?” രാജശേഖരൻ മുഷിഞ്ഞു.
രാമൻ നായർക്ക് മറുപടി മുട്ടി. എന്നിട്ടും പറഞ്ഞു “ മോനേ, അത് വൈദ്യര് പറഞ്ഞിട്ടാ. കിടന്ന കിടപ്പിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നത് അശുഭമാണെന്നു൦ , അയാൾ തന്നെ ചികിത്സിച്ചു ഭേദമാക്കാമെന്നു൦ പറഞ്ഞു . അല്ലാതെ ഞാൻ…..”
പറഞ്ഞു തീരുന്നതിന് മുമ്പ് രാധാകൃഷ്ണൻ ചോദിച്ചു “ അച്ഛനാരാ ? ഷാജഹാനോ ?”
രാമൻ നായർക്കതു സഹിക്കാനായില്ല. അയാളുടെ ഞരമ്പുകൾ വലിഞ്ഞു മുറുകി. രക്തം ശിരസ്സിലേക്ക് കുതിച്ചു കയറി. കുറ്റബോധ൦ കൊണ്ട് തല പൊട്ടിത്തെറിക്കുമോ എന്ന് തോന്നി. അയാൾ കിണറിന്റെ അരികിലേക്കോടി. കൂടെ മക്കളും. കിണറിന്റെ അടുത്ത് എത്തുന്നതിന് മുമ്പ് ജലജ വിളിച്ചു പറഞ്ഞു :” അച്ഛാ, അരുത് . അമ്മയുടെ കർമ്മങ്ങൾ ബാക്കിയുണ്ട് “.
രാമൻ നായർ നിന്നു. എന്തോ ആലോചിച്ചു. എന്നിട്ട് കിണറിൽ നിന്നും മൂന്ന് നാല് തൊട്ടി വെള്ളം കോരി തലയിൽ ഒഴിച്ചു. കണ്ണുനീരു൦ വെള്ളവു൦ അയാളുടെ ശരീരത്തിലൂടൊഴുകി.
ആരോടും ഒന്നും മിണ്ടാതെ അയാൾ ശ്മശാനത്തിലേക്ക് നടന്നു. അവിടെ എത്തി തന്റെ പ്രിയതമയുടെ എരിഞ്ഞടങ്ങിയ ചിതയുടെ മുന്നിൽ നിന്നു. ചിതയ്ക്ക് ചെറിയ ചൂടുണ്ടായിരുന്നു. എന്നിട്ടും ചിതാഭസ്മത്തിന്റെ ഇടയിൽ നിന്നും ഒരു അസ്ഥി കയ്യിലെടുത്തു . അതിനെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് അലറി വിളിച്ചു
“ എന്റെ ഭവീ….”
കേണൽ രമേശ് രാമകൃഷ്ണൻ✍