17.1 C
New York
Monday, November 29, 2021
Home Literature പിച്ചിപ്പൂ മണമുള്ള പ്രണയരാവുകൾ

പിച്ചിപ്പൂ മണമുള്ള പ്രണയരാവുകൾ

പി. ടി. പൗലോസ്, New York

എന്റെ പ്രിയേ, എഴുന്നേൽക്കൂ. എന്റെ സുന്ദരീ, നോക്കൂ. തണുപ്പുകാലം കഴിഞ്ഞു. മഴയും നിലച്ചു. ഭൂമിയിൽ പൂവുകൾ പ്രത്യക്ഷപ്പെടുന്നു. പാട്ടുകാലം വന്നെത്തി. മാടപ്രാവുകൾ കുറുകിത്തുടങ്ങി. അത്തിക്കായ്കള്‍
പഴുക്കുന്നു. മുന്തിരിവള്ളികൾ തളിർക്കുന്നു. പ്രിയേ, വന്നാലും. പാറയുടെ പിളർപ്പുകളിലും ചെങ്കല്‍മലയുടെ മറവിലും ഇരിക്കുന്ന
എന്റെ വെള്ളരിപ്രാവേ ഞാൻ നിന്റെ മുഖമൊന്നു കാണട്ടെ. നിന്റെ സ്വരമൊന്നു കേൾക്കട്ടെ. നിന്റെ സ്വരം മധുരവും മുഖം മനോജ്ഞവും അല്ലോ. നിന്റെ കവിൾത്തടങ്ങൾ രത്‌നാവലികൊണ്ടും
നിന്റെ കഴുത്ത് മുത്തുമാലകൊണ്ടും
ശോഭിച്ചിരിക്കുന്നു. സരളവൃക്ഷത്തിന്റെ കഴുക്കോൽകൊണ്ടും ദേവദാരുവിന്റെ ഉത്തരംകൊണ്ടും നമുക്ക് വീട് പണിയാം….

പ്രണയരചനക്കു വേണ്ടിയുള്ള ക്ഷണം എന്നെ പ്രേമം വീഞ്ഞിനേക്കാൾ രസം പകരുന്ന ഉത്തമഗീതങ്ങളുടെ ആഴങ്ങളിലേക്കെത്തിച്ചു. പ്രണയം ആഘോഷമാക്കിയ എന്റെ ബാല്യകൗമാരയൗവ്വനത്തിന്റെ ഇരുൾമൂടിയ നാൾവഴികളിൽ അരണ്ട വെളിച്ചം പരത്തി ഓർമ്മകളുടെ തൂക്കുവിളക്കുകൾ തൂങ്ങിയാടുന്നു . അവിടെ ഞാൻ കാണാൻ ശ്രമിക്കട്ടെ എന്റെ ഗതകാലപ്രണയത്തിന്റെ വര്‍ണ്ണപ്പകിട്ട്.

ഞാൻ പറഞ്ഞിട്ടുണ്ട് പലയിടങ്ങളിലും. മിക്ക സാഹിത്യരചനകളുടേയും അടിസ്ഥാനം തന്നെ പ്രണയമാണ്. അത് മഴയോടാകാം, പുഴയോടാകാം, പക്ഷിമൃഗാദികളോടാകാം, നീലാകാശത്തിലെ നക്ഷത്രങ്ങളോടാകാം, പ്രകൃതിയുടെ നിറപ്പകിട്ടിനോടാകാം, ചക്രവാളങ്ങൾക്കപ്പുറത്തെ അനന്തമായ കാണാപ്പുറങ്ങളോടാകാം. സ്ത്രീക്കും പുരുഷനും പ്രണയിക്കാം, പുരുഷനും പുരുഷനും പ്രണയിക്കാം, സ്ത്രീക്കും സ്ത്രീക്കും പ്രണയിക്കാം, സ്വയം ആത്മാവിനെത്തന്നെയും പ്രണയിക്കാം. പ്രണയിനിക്കുവേണ്ടി കടൽക്കരയിലെ മണൽത്തരിയോളം ചെറുതാകാം ഇസ്രായേലിന്റെ അഭിഷിക്തനും ഹൃദയങ്ങളുടെ ചക്രവർത്തിയുമായ ദാവീദുരാജാവിനെപോലെ.

എന്റെ ആദ്യത്തെ പ്രണയനായിക വാഴപ്പിള്ളി കുഞ്ഞേലി ആയിരുന്നു. കുഞ്ഞേലി എന്റെ വീടിന്റെ തൊട്ടടുത്തുള്ള ഒരു പുതുക്രിസ്ത്യാനി പെൺകുട്ടി. അവള്‍ക്കന്ന് 8 വയസ്സ്. എനിക്ക് 10 വയസ്സ്. അവൾക്ക്‌ നല്ല കറുപ്പ്. എനിക്ക് നല്ല വെളുപ്പ്. ഒരുദിവസം തോട്ടിന്‍കരയിലെ മണൽപ്പരപ്പിൽ മലർന്നുകിടന്ന എന്റെ നെഞ്ചത്തിരുന്നു മണ്ണുവാരിക്കളിച്ചുകൊണ്ട് കുഞ്ഞേലി എന്നോട് പറഞ്ഞു.

”എടാ, താഴത്തു മഠത്തിലെ അന്നമ്മചേച്ചിയെ കെട്ടിച്ചിട്ടു കൊറേയായിട്ടും ഇതുവരെ കൊച്ചുണ്ടായില്ല”

”അതിന്‌ കൊച്ചുണ്ടാകാൻ കെട്ടിക്കണോ കുഞ്ഞേലി ?”

”നീയൊരു പൊട്ടനാ. നിനക്ക് ഒന്നുമറിയില്ല”

അല്പം കഴിഞ്ഞ് അവൾ എന്നോട് ചോദിച്ചു.

”എടാ, നിന്നെ ഞാനങ്ങു കെട്ടട്ടെ ?”

ഞാൻ മറുപടി കൊടുത്തു.

”ആയിക്കോ കുഞ്ഞേലി”

ഇത് കേട്ടതോടെ അവൾ തോട്ടിറമ്പിലെ പുല്ലാന്തിവള്ളി പറിച്ച് എന്റെ കഴുത്തിൽകെട്ടി ആൺ പെൺ പ്രണയത്തിന്റെ ആദ്യാക്ഷരം കുറിച്ചു . നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ ക്ലാസ്സ്ടീച്ചർ രാധാമണി ടീച്ചർക്ക് പ്രണയലേഖനമെഴുതിപ്പിച്ച ഒരു വില്ലൻ കൂട്ടുകാരനും എനിക്കുണ്ടായിരുന്നു. സത്യമറിഞ്ഞപ്പോൾ എന്നോട് ക്ഷമിച്ച രാധാമണിടീച്ചറിന്റെ ഹൃദയവിശാലതയെ ഞാനിവിടെ ആദരവോടെ സ്മരിക്കുന്നു.

കൗമാരത്തിൽ പ്രണയപ്രകടനത്തിന്റെ രീതിശാസ്ത്രത്തിന്‌ മാറ്റം വന്നു. സ്കൂൾ
വാർഷികദിനത്തിലെ ഡാൻസ് പരിപാടിയിൽ ”ചെപ്പു കിലുക്കണ ചങ്ങാതി……” സ്ഥിരം പാടുന്ന ഇടത്തെ കവിളിൽ കറുത്ത മറുകുള്ള വെളുത്ത മേരിക്കുട്ടി, ലബോറട്ടറി ക്‌ളാസ്സിലേക്കു പോകുമ്പോൾ പിറകിൽ നിന്നും കാലിൽ ചവിട്ടിയാൽ ഇടതുവശത്തേക്ക് കിറികോട്ടി കൊഞ്ഞനം കുത്തുന്ന സി. വി. ഏലിയാമ്മ, ഡ്രില്ലിന് വിടുമ്പോൾ 9 ബി യിൽനിന്നും എന്റെ ചലനങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്ന ചന്ദ്രമണി കെ. നായർ, വെള്ളിയാഴ്ചകളിൽ ആകാശനീലനിറമുള്ള ഓയിൽ നീണ്ടപാവാടയും വെള്ളയിൽ കറുത്ത പുള്ളികളുള്ള നീളൻബ്ലൗസുമിടുന്ന 10 സി യിലെ ഇരുനിറക്കാരി ലീലാമ്മ ഐസക്. ഇവർക്കെല്ലാം ഞാനെഴുതിയ പ്രണയലേഖനങ്ങൾ മുട്ടത്തുവർക്കിയുടെ പ്രണയസാന്ദ്രമായ നോവലുകളുടെ കൊച്ചു കൊച്ചു പതിപ്പുകളായിരുന്നു.

പഠനത്തിന്റെ ഉയർന്ന തലത്തിൽ എത്തിയപ്പോൾ മോളി എബ്രാഹവും ഞാനും അസ്ഥിയിൽ പിടിച്ച പ്രേമവുമായി വിദ്യാലയ ക്യാമ്പസ് പ്രണയത്തിന്റെ പൂരപ്പറമ്പാക്കി. അത് ഏറെ നാൾ നീണ്ടുനിന്നില്ല. ആ കൊല്ലത്തെ മദ്ധ്യവേനലവധിക്കാലത്ത് അവളെ ഒരു വടക്കൻ പറവൂർക്കാരൻ അവറാച്ചൻ കെട്ടി ബോംബേക്കു കൊണ്ടുപോയി. അവളുടെ അപ്പൻ അവൾക്കിട്ട പേര് ഏതായാലും മാറ്റേണ്ടി വന്നില്ല. ഇപ്പോഴും മോളി എബ്രാഹം തന്നെ. മുപ്പത് വർഷങ്ങൾക്കുശേഷം മുംബെയിൽ അവളുടെ വീട്ടിൽ ഒരു ദിവസം ഗസ്റ്റ് ആയി തങ്ങേണ്ടി വന്നത് യാദൃഛികം ആണെങ്കിലും കാലം കരുതിവച്ച തേനിൽ പുരട്ടിയ കാവ്യനീതിയാകാം.

പ്രണയം മകരമാസമനസ്സിന്റെ കുളിരാണ്. മീനച്ചിലാറിന്റെ തീരത്ത് ഞാനീയിടെ കണ്ട സ്വപ്നസുന്ദരി എന്നെ ചെറുപ്പമാക്കുന്നു. അഴകിന്റെ റാണിയാണവൾ. ദേവദാരുവിന്റെ തണലിൽ മയങ്ങാൻ കൊതിക്കുന്ന ദേവകന്യക. സങ്കൽപ്പങ്ങളുടെ വർണ്ണചിറകുകളിലേറി അധരങ്ങളിൽ തേൻതുള്ളികളും അരക്കെട്ടിൽ പിച്ചിപ്പൂവിന്റെ സുഗന്ധവുമൊളിപ്പിച്ച് നിശയുടെ നിശബ്ദയാമങ്ങളിൽ എന്റെ ആത്മാവിന്റെ ജാലകം തുറന്ന്‌ അവളെത്താറുണ്ട് – എന്റെ വിരസതയുടെ രാവുകളെ പ്രണയസാന്ദ്രമാക്കാൻ, അടച്ചുവയ്‌ക്കപ്പെട്ട രതിസങ്കല്പങ്ങളുടെ അടപ്പുകൾ വ്യവസ്ഥകളില്ലാതെ തുറക്കാൻ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം.

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകൾ സഭയിൽ വരും. സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന...

രാജവംശത്തിന്റെ അവസാന കണ്ണി അറക്കൽ ബീവി അന്തരിച്ചു.

കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കല്‍ രാജകുടുംബത്തിന്റെ 39ാമത് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂര്‍ സിറ്റി അറയ്ക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം. മദ്രാസ്...

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നു. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെൽലോ...

കാസര്‍കോട്-കർണാടക അതിര്‍ത്തികളിൽ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണം.

കാസര്‍കോട്-കർണാടക അതിര്‍ത്തികളിൽ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം. മുഴുവന്‍ യാത്രക്കാരും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് റിപ്പോർട്ട് കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം. ആശുപത്രി ആവശ്യങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവു നൽകും. വൈറസിന്‍റെ പുതിയ വകഭേദം റിപ്പോര്‍ട്ട്...
WP2Social Auto Publish Powered By : XYZScripts.com
error: