17.1 C
New York
Tuesday, May 17, 2022
Home Literature "പാരയായ പരസഹായം" (നർമ്മകഥ)

“പാരയായ പരസഹായം” (നർമ്മകഥ)

അനിൽ മാത്യു കടുമ്പിശ്ശേരിൽ തിരുവല്ല, പത്തനംതിട്ട

വീട്ടിലേക്ക് അത്യാവശ്യം സാധനം വാങ്ങാനാണ് ഞാൻ രാവിലെ ടൗണിലെത്തിയത്.

വണ്ടി ഒരു സൈഡിൽ ഒതുക്കിയിട്ട് ഷോപ്പിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പാർക്കിംഗ് ഏരിയയിലെ ചെറിയ ആൾക്കൂട്ടം ശ്രദ്ധിച്ചത്.

കാര്യം എന്താണെന്ന് അറിയാൻ ഞാൻ അങ്ങോട്ട്‌ നടന്നു.

അവിടെ ഒരു സ്ത്രീയും പുരുഷനും തമ്മിൽ വഴക്ക്‌ നടക്കുന്നു.

എന്താ ചേട്ടാ പ്രശ്നം? കാഴ്ചക്കാരിൽ ഒരാളോട് ഞാൻ ചോദിച്ചു.

അവര് ഭാര്യയും ഭർത്താവുമാണെന്ന് തോന്നുന്നു മോനെ… ഇവർക്ക് വീട്ടിൽ പോയി വഴക്ക് പിടിയ്ക്കരുതോ ഈ വഴിയിൽ കിടന്ന് തല്ലാതെ.. പറഞ്ഞിട്ട് അയാൾ തിരിച്ചു നടന്നു.

പ്രശ്നം രൂക്ഷമാക്കുമെന്ന് മനസ്സിലായ ഞാൻ ഇടപെടാൻ തീരുമാനിച്ചു.

എന്താ ചേട്ടാ നിങ്ങളുടെ പ്രശ്നം? എന്തിനാ ഈ റോഡിൽ കിടന്ന് വഴക്ക് കൂടുന്നത്?

എന്റെ പൊന്ന് ചേട്ടാ, രാവിലെ വീട്ടിൽ നിന്ന് ഇവളെക്കൊണ്ട് ഇറങ്ങിയപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ബൈക്ക് കൊടുത്തിട്ട് ഒരു കാർ വാങ്ങണമെന്ന് പറഞ്ഞു ശല്യം ചെയ്യാൻ.

ഞാൻ ആ സ്ത്രീയെ ഒന്ന് നോക്കി. അവൾ അതൊന്നും ശ്രദ്ധിക്കാതെ മറ്റെവിടെയോ നോക്കി നിൽക്കുവായിരുന്നു.

ചേച്ചി, കാറൊക്കെ പിന്നെ വാങ്ങാം.. തല്ക്കാലം ചേച്ചി ചേട്ടന്റെ കൂടെ ഈ ബൈക്കിൽ വീട്ടിലേക്ക് പോ.. ഞാൻ ആ സ്ത്രീയോട് പറഞ്ഞു.

നിങ്ങളാരാ? ഞങ്ങളുടെ കാര്യം ഞങ്ങള് തീർത്തോളാം.. അവർ ദേഷ്യപ്പെട്ടു.

ഇങ്ങനെ വഴിയിലൊക്കെ കിടന്ന് വഴക്കുണ്ടാക്കുന്നത് മോശമല്ലേ? ഞാൻ വീണ്ടും ചോദിച്ചു.

നിങ്ങൾക്ക് അറിയുമോ? കഴിഞ്ഞ മൂന്ന് വർഷമായി ഇന്ന് കാർ വാങ്ങാം, നാളെ വാങ്ങാം എന്ന് പറഞ്ഞ് ഇയാള് എന്നെ പറ്റിക്കുവാ. ഇന്ന് എന്റെ ബർത്ത് ഡേ ആണ്. ഇന്ന് വാങ്ങാം ന്ന് പറഞ്ഞിട്ട് ഇപ്പൊ പറയുക പൈസ ഇല്ലെന്ന്.

ഞാൻ തിരിഞ്ഞു ആ ചേട്ടന്റ അടുത്തെത്തി.

എടോ ഒരു കാർ വാങ്ങാനുള്ള പണമൊന്നും എന്റെ കയ്യിൽ ഇപ്പൊ ഇല്ല.. ഇവൾക്ക് അത് പറഞ്ഞാലും മനസ്സിലാവില്ല. അയാൾ തന്റെ നിസ്സഹായാവസ്ഥ അറിയിച്ചു.

ശെടാ, ഇത് വലിയൊരു കുരിശ് ആയല്ലോയെന്ന് ഞാൻ ചിന്തിച്ചു.

നീ വണ്ടിയുടെ താക്കോൽ ഇങ്ങ് താ.. ഞാൻ പോകുവാ..നീ ഓട്ടോ പിടിച്ചു വന്നാൽ മതി. അയാൾ അവരോട് പറഞ്ഞു.

തരില്ല, അങ്ങനെ എന്നെ പറ്റിക്കാമെന്ന് കരുതണ്ട. അവർ വീണ്ടും അയാളോട് കയർത്തു.

ആരെങ്കിലും ഈ ബൈക്കിന്റെ ലോക്ക് ഒന്നെടുത്തു തരാമോ? ഞാൻ പോയാൽ അവൾക്ക് സമാധാനം ആവും. അയാൾ കൂടി നിന്നവരോട് ചോദിച്ചു.

ഇതിൽ ഒരാൾ ഇവിടുന്ന് പോയാലെ ഈ വഴക്ക് അവസാനിക്കൂ… ഞാൻ മനസ്സിൽ കരുതി.

ചേച്ചി താക്കോൽ കൊടുക്കുന്നോ അതോ ലോക്ക് പൊളിച്ചു വണ്ടി എടുക്കുന്നോ? ഞാൻ അവരോട് ചോദിച്ചു.

നിങ്ങൾ എന്ത് ചെയ്താലും ശരി.. താക്കോൽ തരുന്ന പ്രശ്നം ഇല്ല.

ശരി ചേട്ടാ.. നമുക്ക് ലോക്ക് പൊട്ടിക്കാം.. പിന്നീട് ശരിയാക്കിയാൽ മതി. പെണ്ണുങ്ങളായാൽ അത്ര അഹങ്കാരം പാടില്ലാലോ എന്ന് പറഞ്ഞ് ഞാൻ അവിടെ കൂടി നിന്നവരിൽ രണ്ട് മൂന്ന് പേരെക്കൂടി വിളിച്ചു ലോക്ക് പൊട്ടിച്ചു.

ഹാവൂ.. ലോക്ക് പൊട്ടി.. ഇനിയെങ്ങനെ സ്റ്റാർട്ട്‌ ചെയ്യും.. ഞാൻ ചോദിച്ചു.

അതൊക്കെ ഞാൻ ചെയ്തോളാം എന്ന് പറഞ്ഞ് അയാൾ എന്തൊക്കെയോ അതിൽ കാണിച്ചു കൂട്ടിയിട്ട് സെൽഫ് അടിച്ചു.. വണ്ടി സ്റ്റാർട്ട്‌ ആയി.

അയാൾ പെട്ടന്ന് തന്നെ വണ്ടിയിൽ കയറി.. എന്നിട്ട് തിരിഞ്ഞ് ഭാര്യയെ നോക്കി.

ഒന്നൂടെ ചോദിക്കുവാ.. നീ വരുന്നോ ഇല്ലയോ?

അവർ ഒന്നും മിണ്ടാതെ നിന്നു.

അടുത്ത ആഴ്ച ഉറപ്പായും കാർ വാങ്ങാം.. വാ വന്നു വണ്ടിയിൽ കയറ്.. അയാൾ പറഞ്ഞു.

ചേച്ചി, സന്തോഷം ആയല്ലോ.. അടുത്താഴ്ച കാർ വാങ്ങാമെന്ന് പറഞ്ഞില്ലേ.. ഇനി ചേട്ടന്റ കൂടെ ചെല്ല്. ഞാൻ അവരെ സമാധാനിപ്പിച്ചു.

അവർ മെല്ലെ നടന്ന് അയാളുടെ പിറകിൽ കയറി.. അവർ പോകുമ്പോൾ ഒരു വലിയ കുടുംബ പ്രശ്നം തീർത്ത ഫീലിംഗ് ആയിരുന്നു എനിക്ക്.

ഞാൻ സാധനം വാങ്ങാനായി ഷോപ്പിലേക്കും കയറി.

നല്ല കഥ അല്ലെ? 😊

എങ്കിൽ തീർന്നില്ല.. ബാക്കി കൂടെ വായിക്ക്… 👇

ആ ഷോപ്പിൽ നിന്ന് സാധനം വാങ്ങി വേറെ ഒന്ന് രണ്ടു കടയിലും കേറി വന്നപ്പോഴേക്കും ഏകദേശം ഒന്നൊന്നര മണിക്കൂർ കഴിഞ്ഞു.

വണ്ടി എടുക്കാനായി വന്നപ്പോൾ നേരത്തെ പ്രശ്നം നടന്നിടത്തു വീണ്ടും ഒരാൾക്കൂട്ടം.

ങേ, ഇതെന്താ.. വീണ്ടും? ആലോചിച്ചു കൊണ്ട് ഞാൻ അങ്ങോട്ട്‌ നടന്നു.

ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി മുന്നോട്ട് ചെന്നപ്പോൾ ഒരു മധ്യവയസ്‌കൻ താഴെ ഇരുന്ന് പൊട്ടിക്കരയുകയാണ്.

ഞാൻ അടുത്ത് നിന്നയാളോട് കാര്യം തിരക്കി.

ഇയാള് രാവിലെ വണ്ടി ഇവിടെ വച്ചിട്ട് പോയതാ.. ഇപ്പൊ വന്നപ്പോൾ വണ്ടിയില്ല. ആരോ അടിച്ചു കൊണ്ട് പോയി.

എന്റെ തലയിലൂടെ ഒരു മിന്നല് പാഞ്ഞു.

ഏത് വണ്ടിയായിരുന്നു ചേട്ടാ? ഞാൻ മെല്ലെ അയാളോട് ചോദിച്ചു.

പൾസർ,

എന്റെ തലയിലൂടെ രണ്ടാമത്തെ മിന്നലും പാഞ്ഞു.

അപ്പൊ അവർ? വണ്ടി മോഷ്ടിക്കാൻ രണ്ടാളും കൂടെ ചെയ്ത നാടകമായിരുന്നു അതെന്ന് മനസ്സിലാക്കാൻ അധികം സമയം എടുത്തില്ല.

അപ്പോഴേക്കും പോലീസ് എത്തി.

ഞാൻ ചുറ്റിനും നോക്കി..അടുത്തുള്ള ഭിത്തിയിൽ ഒരു cctv എന്നെ നോക്കി ചിരിക്കുന്നു. ഞാൻ ഇവിടുന്ന് പോയാലും ഒരുപക്ഷെ അത് ചെക്ക് ചെയ്താൽ തനിക്ക് നേരെയും അന്വേഷണം വരും. അതുറപ്പാണ്.

പോലീസ് വന്ന് ഓരോരുത്തരോടും ഓരോന്ന് ചോദിക്കുന്നുണ്ട്.

സാർ, ഞാൻ വിളിച്ചു.

ഉം?? ഒരു പോലീസ്‌കാരൻ എന്റെ അടുക്കൽ വന്നു.

ഞാൻ സംഭവിച്ചതെല്ലാം അവരോട് പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞ് ഒന്ന് തല്ലാൻ വേണ്ടി ആണെന്ന് തോന്നുന്നു എസ് ഐ കയ്യൊന്ന് പൊക്കി.. പിന്നെ ശാന്തനായി.

എന്റെ അഡ്രസ്സും കാര്യങ്ങളും വാങ്ങിയ ശേഷം എപ്പോ വിളിച്ചാലും വന്നേക്കണം എന്ന് പറഞ്ഞു വിട്ടു.

ചിലപ്പോൾ വണ്ടി തിരിച്ചു കിട്ടിയിട്ടുണ്ടാവും.. ഒരിയ്ക്കൽ പോലും പോലീസ് പിന്നെ വിളിച്ചിട്ടില്ല.

അനിൽ മാത്യു കടുമ്പിശ്ശേരിൽ
തിരുവല്ല, പത്തനംതിട്ട

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തൽ; സമീപവാസികളുടെ ആശങ്കയകറ്റണമെന്ന് വളാഞ്ചേരി നഗരസഭ

വളാഞ്ചേരി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി വട്ടപ്പാറ മുതൽ ഓണിയം പാലം വരെയുള്ളവയൽ മണ്ണിട്ട് നികത്തിയ അവസ്ഥയിലാണ്.വളാഞ്ചേരി നഗരസഭയിലെ 20, 23, 26, 27, 28, 29, 30, 31,32 വാർഡുകളിലുൾപ്പെട്ട ഭാഗം...

തൃശൂർ പൂരം : വെടിക്കെട്ട് നടക്കാത്തതിൽ പൂര പ്രേമികൾക്കു നിരാശ.

തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വലിയ ആവേശത്തോടെയാണ് പൂരപ്രേമികള്‍ തൃശൂര്‍ നഗരിയില്‍ എത്തിയത്. എന്നാല്‍ പൂരത്തിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊള്ളുന്ന വെടിക്കെട്ട് നടത്താന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് പൂരപ്രേമികള്‍ അവര്‍ മടങ്ങിയത്. മഴ...

‘അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും’; ഭീഷണിയുമായി എട്ടാം ക്ലാസുകാരൻ

വടക്കാഞ്ചേരി: ‘ആരെങ്കിലും അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും..’ വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ടു മണ്ണെണ്ണയൊഴിച്ച ശേഷം തീപ്പെട്ടി തിരഞ്ഞു നടന്നു കൊണ്ട് എട്ടാം ക്ലാസുകാരൻ കുട്ടി മുഴക്കിയ ഭീഷണി കേട്ട് പൊലീസ് സ്തബ്ധരായി. ഓൺലൈൻ...

കോട്ടയ്ക്കലിലെ താൽക്കാലിക സ്‌റ്റാൻഡ് ചെളിക്കുളം

കോട്ടയ്ക്കൽ. നിറയെ ചെളി നിറഞ്ഞ കുഴികൾ. ബസ് കാത്തു നിൽക്കാൻ ഒരിടം പോലുമില്ല. നഗരസഭ ഒരുക്കിയ താൽക്കാലിക സ്റ്റാൻഡിന്റെ അവസ്ഥ ഏറെ പരിതാപകരമാണെന്ന് യാത്രക്കാർ പറയുന്നു. രണ്ടര വർഷം മുൻപ് നിലവിലുണ്ടായിരുന്ന ബസ് സ്റ്റാൻഡ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: