ഏഴു പതിറ്റാണ്ടിലേറെയായ് അമ്മതൻ സ്വാതന്ത്ര്യ ദുഗ്ധം നുകർന്നിടുന്നു ജീവൻ വെടിഞ്ഞു നാം നേടിയോരീ മഹാ
സ്വാതന്ത്ര്യമെന്തിനായ് മാനവരേ?
ഉന്നത ജന്മങ്ങളെന്നുമെന്നും സുഖം പങ്കിട്ടു ജീവിതമാസ്വദിക്കാൻ
പാവങ്ങളെന്നും ദരിദ്രജന്മങ്ങളായ്
ജീവൻ പിടഞ്ഞു മരിക്കുവാനോ?
അമ്മതൻ മാനം ഹനിക്കുവാനോ?പിഞ്ചു മക്കൾ തൻ ജീവൻ കെടുത്തുവാനോ?
പാലൊളി തൂകുമീ കൗമാരമാകവേ
പാഴിലായ് തച്ചു തകർക്കുവാനോ?
ജാതി, മത, രാഷ്ട്ര ഭ്രാന്തിയിൽ തമ്മിലായ്
ക്രൂരമായ് വെട്ടിനുറുക്കുവാനോ?
നാടിന്നനുഗ്രഹമായിടും സമ്പത്തുകൃത്യമായ് പങ്കിട്ടെടുക്കുവാനോ?
ഏഴകളാവും ജനങ്ങളെ വഞ്ചിച്ചു
നിർദയം ചൂഷണം ചെയ്യുവാനോ?
ആലംബഹീനർ, അനാഥർ, നിരാശ്രയർ-
ക്കേറ്റം ദുരന്തങ്ങളേകുവാനോ?
വാഹന, സൗധങ്ങളാകവേ വാശിയിൽ
നിഷ്ടൂരം ചുട്ടു കരിക്കുവാനോ?
സ്വർഗ്ഗ സമാനമായ് തീർക്കേണ്ട ജീവിതം
സ്വാർത്ഥരായ് തല്ലിത്തകർക്കുവാനോ?
വൃദ്ധരാം മാതാപിതാക്കൾതൻ രോദനം
കേട്ടില്ലയെന്നു നടിക്കുവാനോ?
ആരോരുമില്ലാത്തൊരച്ഛനെ നിർദയം
ചങ്ങലയ്ക്കിട്ടു കിടത്തുവാനോ?
അമ്മ, പെങ്ങമ്മാരെ, പിഞ്ചുകിടാങ്ങളെ
ഭോഗവസ്തുക്കളായ് തീർക്കുവാനോ?
വിശ്വപൗരന്മാരായ് തീരേണ്ട മക്കളെ
മാഫിയ സംഘങ്ങളാക്കുവാനോ?
വാശിയും, വീറും, പകയുമായ് നാടിന്റെ
സ്വസ്ഥത വീണ്ടും തകർക്കുവാനോ?
നീതി ന്യായങ്ങൾ തൻ മൂല്യങ്ങളൊക്കെയും
നിഷ്പ്രഭം കാറ്റിൽ പറത്തുവാനോ?
ഭാരത മാതാവിൻ മക്കളാം നാമിന്നു
പൂർണ സ്വതന്ത്രരായ് വാണിടുന്നു
സ്വാതന്ത്ര്യമല്ലിതിൻ പേര് മാലോകരെ
പാരതന്ത്ര്യം കൊടും
പാരതന്ത്ര്യം.”
“പാരതന്ത്ര്യം മാനികൾക്ക്
മൃതിയെക്കാൾ ഭയാനകം ‘.
മഹാകവി കുമാരനാശാൻ.

അമ്മയുെടെ മാറിടത്തിൽ കിടന്ന് പരസ്പരം വെട്ടി മരിക്കുന്ന രാഷ്ട്രീയ പിശാചുക്കൾക്ക് പുനർവിചിന്തനം ചെയ്യുവാനുള്ള അവസരം.
ഇന്ന് സ്വാതന്ത്ര്യം കുരങ്ങൻ്റെ കൈയ്യിൽ പൂമാല പോലെ എന്ന സാഹചര്യം ആണ് ചിലർക്ക് എങ്കിൽ, മറ്റ് ചിലർക്ക് സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടി രാജ്യത്തെ മതവും ജാതിയും പറഞ്ഞു വെട്ടി മുറിക്കാൻ ഉള്ള തൻ്റേടവും.
നല്ല ഭാഷാവിഷ്ക്കാരം!
സ്നേഹപൂർവ്വം ദേവു ❤️