രതീഷ് ചാമക്കാലയിൽ.
പെരുമ്പാവൂർ.
ആരഭി…!
രണ്ട് റോസപ്പൂക്കളാണ് പ്രൊഫൈൽ ചിത്രമായി കൊടുത്തിരിക്കുന്നത്.
സ്ക്രോൾ ചെയ്തുനോക്കി.
വിരലിലെണ്ണാവുന്ന പോസ്റ്റുകൾ മാത്രമേയുള്ളൂ.
ഒറ്റനോട്ടത്തിലറിയാം ആക്ടിവല്ലാത്ത
fb-അക്കൗണ്ടാണ്.
ചിത്രങ്ങളിൽ മിക്കവയും ചുവന്നപൂക്കളുടേതായിരുന്നു.
അതിൽനിന്ന് വ്യത്യസ്തമായി…
ഇരിക്കുന്ന യുവാവിന്റേതും ചേർന്നുനിൽക്കുന്ന യുവതിയുടേതുമായി രണ്ട് ചിത്രങ്ങളുണ്ട്.
യുവതി ആരഭിയായിരിക്കുമെന്നൂഹിച്ചു. കൂടെയുള്ളത് ഭർത്താവായിരിക്കാം.
യുവാവിന്റെ ക്ഷീണിച്ച മുഖത്ത് ചിരിയെ വിഴുങ്ങുന്ന തരത്തിലൊരു തളർച്ചയുള്ളതുപോലെ തോന്നി.
ആരഭിയെന്ന പേരിനപ്പുറം കൂടുതലൊന്നുമറിയില്ലെങ്കിലും മിനുട്ടുകളോളം അവരുടെ ചിത്രത്തിലേക്ക് നോക്കിയിരുന്ന
എന്റെ ഉള്ളിലെവിടെയോ അനുകമ്പയുറപൊട്ടി.
നോക്കിയിരിക്കവേ തെളിഞ്ഞുവരുന്ന ദൈന്യതയായിരുന്നു ആ ചിത്രത്തിന്റെ ആത്മാവ്…!
ആരഭിയെ കേൾക്കാമെന്ന് ഞാനുറപ്പിച്ചു.
ഒരുമാസം മുൻപാണ് ആരഭിയെന്റെ
fb-ഫ്രണ്ടാകുന്നതെങ്കിലും കഴിഞ്ഞ ദിവസം
fb-യിലെഴുതിയിട്ട കഥയ്ക്ക് ആരഭി നൽകിയ അസാധാരണമായ ഒറ്റവരിക്കമന്റാണ് അവളുടെ
ഐഡിയിൽക്കേറി നോക്കാനും അവളെ പഠിക്കാനുമെന്നെ പ്രേരിപ്പിച്ചത്.
അതിനുമുൻപ് ഞാനെഴുതിയ കഥകളിലോ കുറിപ്പുകളിലോ ആരഭിയുടെ
സാന്നിധ്യമുണ്ടായിരുന്നില്ല. എന്നിട്ടും
” ചേട്ടാ… എന്റെ കഥയെഴുതാമോ…”യെന്ന അപ്രതീക്ഷിത ചോദ്യത്തിലൂടെ എന്നിലൊരാകാംക്ഷയുണ്ടാക്കാൻ ആരഭിക്ക് കഴിഞ്ഞു.
ആദ്യനോട്ടത്തിൽ… മുഖപുസ്തകത്തിലുയരാറുള്ള അനേകം തമാശകളിലൊന്നായെടുത്ത ചോദ്യത്തെ എന്തോ അങ്ങനെ നിരാകരിക്കാൻ മനസ്സ് സമ്മതിച്ചില്ല.
എഴുതാൻ മാത്രമുള്ള കഥയെന്തായിരിക്കും ആരഭിയ്ക്കുള്ളത്…?
ആരഭിയുടെയും യുവാവിന്റെയും ചിത്രം
ഉള്ളിലുണ്ടാക്കിയ ജിജ്ഞാസയെത്തുടർന്ന്
ആ നിമിഷംവരെ ശൂന്യമായിക്കിടന്നിരുന്ന
ഇൻബോക്സിലേക്ക് ഞാനൊരു ഹായ് ടൈപ്പ് ചെയ്തു.
മണിക്കൂറുകൾക്കുശേഷമാണ് റിപ്ലൈ കിട്ടിയത്.
തുടർന്ന് ഹ്രസ്വമായ വാചകങ്ങളിൽ പരസ്പരം പരിചയപ്പെട്ടു.
ആ രാത്രിതന്നെ പഴയ ഡയറിയുടെ താളുകളിലേക്ക് തന്റെ ഇതുവരെയുള്ള ജീവിതം പകർത്തിയെഴുതിയ ആരഭി അതിന്റെ ഫോട്ടോകോപ്പി ഇൻബോക്സിലയച്ചുതന്നു.
പത്തുപതിനഞ്ച് ഡിജിറ്റൽ താളുകളിലായി ചിതറിക്കിടക്കുന്ന സ്വപ്നങ്ങളും കണ്ണീരും നിസ്സഹായതയും പ്രതീക്ഷയും സ്നേഹവുംമെല്ലാം എനിക്കുമുന്നിൽ പെൺരൂപമായി ഉടലാർന്നു.
അവളെന്നോട് പറഞ്ഞുതുടങ്ങി.
” അച്ഛനും അമ്മയും ഏട്ടനും അനിയത്തിയുമടങ്ങുന്ന ഒരു സാധാരണ കുടുംബമായിരുന്നു എന്റേതും.
സന്തോഷവും സങ്കടവുമിടകലർന്ന ജീവിതമായിരുന്നെങ്കിലും സങ്കടമായിരുന്നു കൂടുതലെന്ന് പറയാം. സാമ്പത്തികമായി
വളരെയേറെ ബുദ്ധിമുട്ടുകൾ ഞങ്ങൾക്കുണ്ടായിരുന്നു.
അങ്ങനെ ഉന്തിയുംതള്ളിയും മുന്നോട്ടുപോകുന്നതിനിടയിൽ ഞാൻ
പത്താംക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവിചാരിതമായി അച്ഛൻ മരിക്കുന്നത്.
അച്ഛനെമാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന നാട്ടിൻപുറത്തുകാരിയായ അമ്മയ്ക്ക് വീടിനുപുറത്തേക്ക് വേറൊരു ലോകമില്ലായിരുന്നു.
മനസ്സുറപ്പും ലോകപരിചയവുമില്ലാത്ത അമ്മ വീണുപോകല്ലേയെന്നായിരുന്നു ഞങ്ങൾ മക്കളുടെ പ്രാർത്ഥന.
അച്ഛന്റെ അഭാവത്തോടെ മൂന്നുമക്കളുടെ ആഹാരകാര്യങ്ങളടക്കമുള്ള ദൈനദിനചിലവുകളെല്ലാം
ബുദ്ധിമുട്ടിലായതോടെ എന്നെ അമ്മയുടെ വീട്ടിലാക്കി…”
സഹോദരങ്ങളും അമ്മയുമടങ്ങുന്ന
കൂട്ടിൽനിന്നടർത്തി വേറൊരു സാഹചര്യത്തിലേക്ക് പറിച്ചുനടപ്പെട്ട
പെൺകൗമാരത്തിന്റെ വിഹ്വലതകൾ വരികൾക്കുള്ളിലിരുന്ന് ഞെരിയുന്നതുപോലെ തോന്നി.
ബാല്യത്തിൽ അച്ഛനുമമ്മയേയും നഷ്ടമായി ബന്ധുവീടുകളിൽ വളരേണ്ടിവന്ന എനിക്ക്
മനസ്സിലായില്ലെങ്കിൽ വേറെയാർക്കാണ്
ഈ വേദനകൾ എളുപ്പത്തിൽ മനസ്സിലാകുക…!
ആ ഒറ്റപ്പെടലിന്റെ തുടർച്ചയായാണവൾ
ആദ്യപ്രണയത്തേക്കുറിച്ച് പറയുന്നത്.
അരക്ഷിതവും അശരണവുമായ പതിനാറുകാരിയുടെ മനസ്സിലേക്ക് ചിരിയും തമാശയും ആശ്വാസവുമായാണ് അവനെന്ന സൗഹൃദം കൂട്ടുകൂടുന്നത്.
കൂട്ടുകാരിയോടുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത് തുറന്നുപറയാതെ രണ്ടുവർഷത്തോളം മനസ്സിലൊളിപ്പിച്ച കൂട്ടുകാരനെയോർക്കുന്ന വരികളിൽ
അണയാത്ത സ്നേഹത്തിന്റെ പൊരികൾ മിന്നുന്നുണ്ടായിരുന്നു.
ആ കനൽത്തരികളേറ്റ് ചെറുതായൊന്ന് പൊള്ളിയ ഞാൻ മെറിൽജുവാനയെയോർത്തു.
അവൾക്ക് സുഖമായിരിക്കുമോ…?
ആർക്കെങ്കിലും കെട്ടിച്ചുകൊടുത്ത് ഭാരമൊഴിവാക്കാൻ ശ്രമിക്കുന്ന ബന്ധുവീട്ടുകാരുടെ സമ്മർദ്ധത്തിൽ തകർന്ന്… അധികം താമസിയാതെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കണമെന്നപേക്ഷിക്കുന്ന ആരഭിയുടെ വാക്കുകളിൽ അച്ഛനില്ലാത്ത പെൺകുട്ടിയുടെ നിസ്സഹായത മുഴുവനുമുണ്ട്.
എനിക്കൊരു ജോലിയാകുന്നതുവരെ മറ്റൊരു വിവാഹത്തിന് സമ്മതിക്കാതെ പിടിച്ചുനിൽക്കണമെന്നാവശ്യപ്പെടുന്ന സ്നേഹിതനോട്… നമ്മുടെ സ്നേഹം തുറന്നുപറയാനുള്ള സുരക്ഷിതാവസ്ഥയും
ധൈര്യവുമെനിക്കില്ലെന്ന് നിനക്കറിഞ്ഞുകൂടെയെന്ന് ആകുലപ്പെടുന്ന ആരഭി വീട്ടിൽ വന്ന് പെണ്ണുചോദിച്ചാൽ പിടിച്ചുനിൽക്കാമെന്ന് സ്നേഹിതന് വാക്കുനൽകുന്നു.
ആ വരികളെന്റെ മറവിപ്പുറ്റുകളെ കൂടുതൽ കുത്തിപ്പൊളിച്ചു.
അവിടെ മെറിൽജുവാനയുടെ ഈറനണിഞ്ഞ കണ്ണുകളുണ്ടായിരുന്നു…!
അനാഥന്റെ ഇല്ലായ്മകളിൽ പരിഹസിക്കപ്പെട്ട്… ചങ്കുപൊട്ടി അവളുടെ വീട്ടിൽനിന്ന് തലകുനിച്ചിറങ്ങിപ്പോന്നതോർത്തപ്പോൾ
ഉള്ളംകലങ്ങി.
മെറിൽജുവാന നീയെവിടെയാണ്…?
നിനക്ക് സുഖമാണോ…?
അച്ഛനില്ലാത്ത കുട്ടിയുടെ വിവാഹം തീരുമാനിക്കേണ്ടതും നടത്തിക്കൊടുക്കേണ്ടതും ബന്ധുക്കളാണല്ലോ…?
അവിടെ കുട്ടിയുടെ ആഗ്രഹവും അഭിപ്രായവുമൊക്കെ ആരുനോക്കാൻ.
പ്രാണനായി സ്നേഹിച്ചവളെ ഒപ്പം കൂട്ടാനുള്ള പ്രാപ്തിയും സാഹചര്യവുമില്ലാത്ത നിസ്സഹായതയിൽക്കുരുങ്ങി സ്നേഹിതൻ നിശ്ശബ്ദനാകുന്ന വരികളിൽ അവളുടെ സ്നേഹിതനെക്കൂടാതെ ഞാനും
എന്റെ മനസ്സും കണ്ണീരുമുണ്ടായിരുന്നു.
മിണ്ടാട്ടമില്ലാത്ത മകന്റെ അവസ്ഥയിൽ
വ്യാകുലപ്പെടുന്ന മാതാവ് ആരഭിയെ കാണാനെത്തുന്നു.
” എന്റെ മോനെ മറക്കണം മോളെ… അവനെ ചുറ്റിപ്പറ്റിയാണ് ഞങ്ങളുടെ ജീവിതത്തിന്റെ ഭാവിയെന്ന്
മോള് മനസ്സിലാക്കണം… ജോലിയും വരുമാനവുമില്ലാതെ വിവാഹിതരായാൽ
നിങ്ങൾ കരുതുന്നതുപോലെ ലളിതമല്ല ജീവിതം… മോളുതന്നെ അവനോട് പറയണം മറക്കാൻ…”
മൗനം വിഴുങ്ങിയ മകന്റെ അവസ്ഥയിൽ പിടഞ്ഞുപോയ അമ്മഹൃത്തിന്റെ നൊമ്പരത്തിൽമുങ്ങി ആരഭിയുടെ പ്രണയമവിടെ ആത്മാഹുതിചെയ്യുന്നു…!
ബാക്കിയുള്ള പേജുകളിൽ ആരഭിയുടെ
വിവാഹനന്തര ജീവിതമാണ്.
ശത്രുവിനെപ്പോലെ പെരുമാറുന്ന ജീവിതത്തോട് സന്ധിചെയ്യാതെ പൊരുതുന്ന ആരഭി…!
” കോളേജ് പഠനം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനുമുൻപ് ബന്ധുക്കളെല്ലാം കൂടിയാലോചിച്ച് എന്റെ മംഗലം നടത്തി.
അവരെ സംബന്ധിച്ച് എന്നെ വേഗം പറഞ്ഞയക്കേണ്ടതുണ്ട്.
എനിക്കുതാഴെ ഒരാളുംകൂടിയുണ്ടല്ലോ…”
ഏട്ടനെപ്പറ്റി ആരഭിപറയുന്നത്..,
” ഫ്രണ്ട്‌ലിയായ ആളാണ് ഏട്ടൻ.
അമ്മ നേരത്തെ മരിച്ചുപോയി.
രണ്ടാമത് വിവാഹം കഴിച്ച അച്ഛൻ ജോലി സംബന്ധമായി കുവൈറ്റിലേക്കുപോയതോടെ
രണ്ടാനമ്മയുടെ സ്വഭാവംമാറി… അമ്മയുടെ സ്നേഹം ലഭിക്കാതെ വളർന്ന മകന് രണ്ടാനമ്മയുടെ സ്നേഹരാഹിത്യം
സഹിക്കാവുന്നതിലുമപ്പുറമായിരുന്നു…” !
വഴക്കും പിണക്കവും വീടുവിട്ടുപോകലും
പതിവുള്ള വീട്ടിലേക്കാണ് ആരഭിയെ വിവാഹം കഴിച്ചുകൊണ്ടുവരുന്നത്.
വിവാഹം കഴിഞ്ഞ് ഒരാഴ്ച്ചകഴിഞ്ഞപ്പോൾ
അച്ഛൻ ജോലിചെയ്തിരുന്ന കമ്പനിയിലേക്ക് ഏട്ടനും പറന്നു.
രണ്ടാനമ്മയും ആരഭിയും മാത്രമായി വീട്ടിൽ.
” ഏട്ടൻ ദിവസവും വിളിക്കും.
ഏറെനേരം സംസാരിക്കും.
അങ്ങനെ ആറുമാസം കടന്നുപോയി.
ഒരുദിവസം ഏട്ടന്റെ ഫോൺ വന്നില്ല…
അങ്ങോട്ട് വിളിച്ചിട്ട് കിട്ടിയുമില്ല.
എന്താണ് പറ്റിയതെന്നറിയാതെ ആകെ വിഷമിച്ചു.
രണ്ടുദിവസം കഴിഞ്ഞ് അച്ഛൻ വിളിച്ചുപറഞ്ഞു ഏട്ടൻ ആക്സിഡന്റായി
ഹോസ്പിറ്റലിലാണ്… പേടിക്കാനൊന്നുമില്ല…” !
പതിനാറുവയസ്സിൽ അച്ഛനെ തട്ടിയെടുത്ത്… പെൺകൗമാരത്തിന്റെ ആശങ്കകളുയരുന്ന കാലയളവിൽ അമ്മയുടെ തണലില്ലാതാക്കി… സ്വന്തമാകാൻ കൊതിച്ചവനെ ജീവിതത്തിൽനിന്നടർത്തിമാറ്റി…
എപ്പോഴും ശത്രുവിനെപ്പോലെ പെരുമാറിയ വിധി ആരഭിയുടെ ജീവിതത്തെ വീണ്ടും
ശിക്ഷിക്കുന്നു… അത് ജീവപര്യന്തമായിരുന്നു…!
” എന്റെ കഥയെഴുതാമോ ചേട്ടാ…”യെന്നു
ചോദിച്ച പ്രിയമേ നിനക്കുവേണ്ടി ഞാനെന്താണെഴുതേണ്ടത്…?
എഴുതാൻവേണ്ടി നീയെന്നോടുപറഞ്ഞത് കഥയല്ലല്ലോ… നൊമ്പരങ്ങളും
നിസ്സഹായതയും മോഹഭഗംങ്ങളും കണ്ണീരുമല്ലേ…
ഒരു പാവം പെൺകുട്ടിയുടെ ജീവിതമല്ലേ…?
ഏട്ടനും നിനക്കുമവകാശപ്പെട്ട സ്വത്ത് സ്വന്തമാക്കാൻവേണ്ടി കരുക്കൾനീക്കുന്ന
രണ്ടാനമ്മയേയും.., ഭാര്യയുടെ സ്വാർത്ഥതയ്ക്കും പിടിവാശിക്കും മുന്നിൽ നിസ്സഹായനാകുന്ന അച്ഛനേയും..,
നീ ചെറുപ്പമല്ലേ… അവനെ ഒഴിവാക്കിയിട്ട് പോന്നാൽ മറ്റൊരു ബന്ധം കിട്ടാതിരിക്കില്ല മോളേയെന്ന് പറയുന്ന അമ്മയുൾപ്പെടെയുള്ള ബന്ധുക്കളേയും..,
എന്തിനുമേതിനും സഹായവുമായി കൂടെയുള്ള ഏട്ടന്റെ ചങ്ങായിമാരെയുമൊഴിവാക്കി ഞാനൊരു കഥ പറയാം.
അഭിരാമിയുടേയും നിരഞ്ജന്റേയും കഥ…!
വരികൾക്കിടയിൽ സ്വയമടയാളപ്പെടുമ്പോൾ കണ്ണുകൾ നിറയരുതേയെന്ന പ്രാർത്ഥനയോടെ…
കയ്യിലുള്ള പുസ്തകത്തിലൂടെ കണ്ണോടിച്ചുകൊണ്ട് മലർന്നു കിടക്കുകയായിരുന്നു നിരഞ്ജൻ.
അയാളുടെ കയ്യിൽനിന്ന് ബുക്ക് വാങ്ങി മേശപ്പുറത്ത് വെച്ചതിനുശേഷം കുഞ്ഞിനെയെന്നപോലെ… നിരഞ്ജനെ പൊക്കിയെടുത്ത് വീൽചെയറിലേക്കിരുത്തിയ അഭിരാമി വീൽചെയർ ഇളംവെയിലുവീഴുന്ന മുറ്റത്തേക്കുരുട്ടി.
വീൽചെയറിലിരിക്കുന്ന നിരഞ്ജന്റെ
ദേഹം മുഴുവനും കുഴമ്പ് തേച്ചു പിടിപ്പിച്ചു.
പറ്റെ വെട്ടിയൊതുക്കിയ തലയിലും മുഖത്തും കഴുത്തിലും ഒട്ടിയവയറിലുമെല്ലാം അണുവിട വിട്ടുപോകാതെ മസ്സാജ് ചെയ്തു.
കുവൈറ്റിലെ ജോലിസ്ഥലത്തുവെച്ചുണ്ടായ അപകടത്തിൽ അരയ്ക്ക് താഴേക്ക് തളർന്നുപോയ നിരഞ്ജന്റെ ശോഷിച്ച് ഞരമ്പുതെളിഞ്ഞകാലുകളിലും കുഴമ്പുപുരണ്ട കൈകൾ സാന്ത്വനമായി ഒഴുകിനടന്നു.
അനുസരണയുള്ള കുഞ്ഞിനെപ്പോലെ
അഭിരാമിയുടെ കൈകൾക്കുള്ളിലിരുന്ന നിരഞ്ജൻ അവളെനോക്കി പുഞ്ചിരിച്ചു.
കുഴമ്പിൽ കുതിർന്നു മിനുങ്ങുന്ന
നിരഞ്ജനെ ഇളംവെയിലേൽക്കാൻ വിട്ടശേഷം അഭിരാമി അകത്തേക്ക് കയറിപ്പോയി.
കുളിപ്പിക്കാനുള്ള വെള്ളം ചൂടാക്കി അയാളോടൊപ്പം കുളിക്കാൻ തയ്യാറെടുത്ത് അവൾ ഒറ്റവസ്ത്രത്തിലിറങ്ങിവന്നു.
നിരഞ്ജനെ പുറത്തെ കുളിമുറിയിലേക്ക് കൊണ്ടുപോയി വൃത്തിയായി കുളിപ്പിക്കാൻ തുടങ്ങി. നിരഞ്ജന്റെ ചലനശേഷിയുള്ള കൈകൾ തന്റെ ശരീരത്തിലെ മൃദുലതകളിൽ കാണിക്കുന്ന കുസൃതികളാസ്വദിച്ച് അവളും അയാളോടൊപ്പം കുളിച്ചു…!
നിരഞ്ജന്റെ ദേഹം തുവർത്തിയുണക്കിയതിനുശേഷം കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി
കട്ടിലിലേക്ക് മലർത്തിക്കിടത്തി. മുറിയുടെ വാതിൽ ചേർത്തടച്ച ഭാര്യ ഭർത്താവിന് മുന്നിൽ വസ്ത്രങ്ങളഴിച്ച് വിവസ്ത്രയായി.
ഭാര്യ ഭർത്താവിന്റെ നഗ്‌നതയുടെ മുകളിലേക്ക് കിടന്നു…!
കുഴമ്പ് തേച്ചുപിടിപ്പിച്ചു മസാജ് ചെയ്തത് അരയ്ക്കുതാഴെ തളർന്ന ദേഹത്തിനുള്ള
ചികിത്സയായിരുന്നെങ്കിൽ തളർന്നുപോകാതിരിക്കാൻ
മനസ്സിനുള്ള ഉത്തേജനമായിരുന്നു
ഒരു നൂലിഴയുടെ അകലംപോലുമില്ലാത്ത സ്നേഹപരിരംഭണം…!
ഒരു നിർവൃതിയിലേക്ക് ഊളിയിട്ടതിനുശേഷം അണയ്ക്കുന്ന നെഞ്ച് അവളിലേക്ക് പറ്റിച്ചുവെച്ച് നിരഞ്ജൻ ചോദിച്ചു..,
” ആമീ… ജീവിതത്തിന്റെ ലക്ഷ്യമെന്താണ്…”?
ഒരുമാത്ര ചിന്തിച്ചതിനുശേഷം അഭിരാമി പറഞ്ഞു..,
” തകർന്നുപോകാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുകയെന്നതാണ് ജീവിതത്തിന്റെ പ്രധാന ലക്ഷ്യം നിരഞ്ജൻ…” !
” അങ്ങനെയെങ്കിൽ… ജീവിക്കുന്നതിനുള്ള ഊർജ്ജമെവിടുന്നാണ് കിട്ടുന്നതാമി…” ?
” നമ്മെക്കൊണ്ട് ആവുന്നതുപോലെ ചുറ്റുമുള്ളവരെ സഹായിച്ച്… അവരുടെ സ്നേഹമേറ്റുവാങ്ങി… അവരോടൊപ്പം ചേർന്ന് ജീവിക്കുക… അതിൽനിന്നുമാണ് ജീവിക്കാനുള്ള ഊർജ്ജം കിട്ടുന്നത്…” !
അഭിരാമി മറുപടി നൽകി.
” ആമി അത് പൂർണ്ണമായും ശരിയല്ലല്ലോ…
ഞാനാരേയും സഹായിക്കുന്നില്ല… എന്നെയാരും സ്നേഹിക്കുന്നുമില്ല… ഇതിനുമപ്പുറത്ത്… പ്രതീക്ഷയ്ക്ക് വകയില്ല അല്ലേയെന്ന ഭാവങ്ങളും…
ബെഡ്‌സോറുപോലെ തൊലിപ്പുറത്തുവീഴുന്ന സഹതാപനോട്ടങ്ങളും…
എന്നിട്ടും മടുക്കാതെ… സന്തോഷിക്കാനെനിക്കുകഴിയുന്നു.
കാരണമെന്താണന്നറിയോ…” ?
” നിരഞ്ജൻ പറയൂ…”
നിരഞ്ജനെന്താണ് പറയാൻ പോകുന്നതെന്നൊരു കൗതുകം അഭിരാമിക്കുണ്ടായി.
” നീയാണ് കാരണം… നിന്റെ ചൂടും ചൂരും വിയർപ്പുമാണെന്റെ ഊർജ്ജം… മരിക്കുന്നതുവരെ നിന്റെ ചൂടേറ്റ്… വിയർപ്പിലൊട്ടി… നിന്റെ കൈകളാൽ പൊതിയപ്പെട്ടുകഴിയാനുള്ള ഭാഗ്യമെനിക്കുണ്ടാകുമോ ആമീ…”
നിരഞ്ജന്റെ ശബ്ദത്തിന് സംശയത്തിന്റെ ബലക്കുറവുള്ളതുപോലെ അഭിരാമിക്ക് തോന്നി.
അഭിരാമി നിരഞ്ജന്റെ നെഞ്ചിലുമ്മവെച്ച്
ഒരു കയ്യാലവനെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു.
ആരൊക്കെ ഇട്ടിട്ടുപോകാൻ പറഞ്ഞാലും മരണംവരെ ഞാനുണ്ടാകും കൂട്ടിനെന്ന ഉടമ്പടിപോലെ…!
നിരഞ്ജൻ അവളുടെ നഗ്നതയിലേക്ക് മുഖം പൂഴ്ത്തി പ്രാണൻ ശ്വസിച്ചു.
അവളവനിൽ മിടിച്ചു…!
മുലയുണ്ണുന്ന അരുമമകനെയെന്നപോലെ അഭിരാമി നിരഞ്ജനെയണച്ചുപിടിച്ചു.
സർവ്വപ്രപഞ്ചവും ചുരുങ്ങിച്ചെറുതായി
അവരിലലിഞ്ഞു…!
രതീഷ് ചാമക്കാലയിൽ.
പെരുമ്പാവൂർ.